2004-ൽ ശ്രീലങ്കയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും സുനാമി ആഞ്ഞടിച്ചപ്പോൾ, “യൂത്ത് ഫോർ ക്രൈസ്റ്റ്” പ്രസ്ഥാനത്തിന്റെ അന്നത്തെ നാഷണൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ച അജിത് ഫെർണാൻഡോ താൻ നേരിൽ കണ്ട കഷ്ടതയെ ആധാരമാക്കി രചിച്ച ലഘുലേഖ ആയിരുന്നു “സുനാമിക്ക് ശേഷം.” പിന്നീട് അമേരിക്കയിലെ ഗൾഫ് തീരത്ത് ശക്തമായി ആഞ്ഞടിച്ച കത്രീന, റീത്താ ചുഴലിക്കാറ്റുകൾക്ക് ശേഷം ഇതേ പുസ്തകം പരിഷ്കരിച്ച് ഉപയോഗിക്കുകയുണ്ടായി.

വിവരിക്കാനാകാത്ത വിപത്തുകളും ദുരന്തങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നവർക്ക് ഈ പുസ്തകം കാലാതീതമായ സന്ദേശം നൽകുന്നു. അതിനാൽ കോവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ പുസ്തകം ഒരിക്കൽക്കൂടി നിങ്ങളുടെ കൈകളിൽ എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നു.

ലോകമൊട്ടാകെ അനേകായിരം പേർക്ക് അനുഗ്രഹമായി തീർന്നതു പോലെ ഈ പുസ്തകം നിങ്ങൾക്കും അനുഗ്രഹമായിരിക്കട്ടെ.

~നോയൽ ബെർമൻ

രചയിതാവിൽ നിന്നുമൊരു വാക്ക്

നഗരങ്ങളും, രാജ്യങ്ങളും, ആഗോള ദുരന്തങ്ങളും നമ്മെ പിടിച്ചുലയ്ക്കുന്ന ഈ സാഹചര്യത്തിൽ, പുതുശക്തിക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ക്രിസ്ത്യാനികൾ വേദപുസ്തകത്തിലേക്ക് ഉറ്റുനോക്കേണം. കഷ്ടപ്പാടിലും, പ്രതിസന്ധിയിലും പെട്ടുഴലുന്ന ദുരന്തമുഖത്തുള്ളവർക്ക് ക്രിസ്തുവിന്റെ സ്നേഹത്തിലേക്കുള്ള വഴികാട്ടിയാവണം നമ്മൾ. കഷ്ടതകളിലും, പ്രതിസന്ധികളിലും ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് ബൈബിൾ അധിഷ്ഠിത മൂല്യങ്ങൾ അനുസരിച്ച് എങ്ങനെയെല്ലാം പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ ഉത്തരമാണ് ഈ ലഘു പുസ്തകം. ദുരിതമനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം പ്രചോദനമാകും എന്ന് ഞാൻ ആഗ്രഹിക്കുന്നു.

~അജിത് ഫെർണാൻഡോ

പുതുശക്തിക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി നാം വേദപുസ്തകത്തിലേക്ക് ഉറ്റുനോക്കേണം

banner image

കരയുവാൻ ഒരു കാലം, ചിരിക്കുവാൻ ഒരു കാലം, വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം”(സഭാ. 3:4) എന്നു വചനം പ്രസ്താവിക്കുന്നു. ദുരന്തങ്ങൾ നേരിടുന്ന സമയം തീർച്ചയായും വിലപിക്കുവാനും കരയുവാനും ഉള്ള കാലമാണ്.

വേദപുസ്തകത്തിൽ, വിലാപങ്ങൾ എന്ന് വിളിക്കപ്പെടുന്ന പുസ്തകത്തിൽ, ദൈവത്തിന്റെ വിശ്വസ്തരായ ആളുകൾ, അവർ അനുഭവിക്കുന്ന കഷ്ടങ്ങളെക്കുറിച്ച് ദു:ഖിക്കുകയും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അനർത്ഥങ്ങൾ അനുവദിക്കുന്നത് എന്ന് ദൈവത്തോട് ചോദിക്കുകയും ചെയ്യുന്നു. അതിൽ ചില വിലാപങ്ങൾ, കഷ്ടത അനുഭവിക്കുന്ന വ്യക്തികളിൽ aവ്യക്തികളിൽ നിന്നാണ്. വിലാപങ്ങൾ എന്ന ഈ പുസ്തകം മുഴുവൻ, കഷ്ടം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപത്തിനായി ബൈബിളിൽ നീക്കിവച്ചിരിക്കുന്ന പുസ്തകമാണ്.

“അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവയും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!” (യിരെ. 9:1) എന്ന് യിരെമ്യാവ് വിലപിച്ചു കരയുന്നു. ആത്മഭാരത്തോടെ വേദന നിറഞ്ഞ മനസ്സുമായി അവൻ വിലപിക്കുന്നു. ഈ പ്രസ്താവനയെ തുടർന്നുള്ള യിരെമ്യാവിന്റെ വാക്കുകൾ, വിലാപങ്ങൾ നമ്മുടെ ആത്മാവിനെ സുഖപ്പെടുത്താൻ സഹായിക്കും എന്നു കാട്ടിത്തരുന്നു.

നാം നമ്മുടെ കുടുംബത്തിനായി, സമൂഹത്തിനായി, രാജ്യത്തിനായി വേദനയോടെ പോരാടുമ്പോൾ, നമ്മുടെ ദുഖം പ്രകടിപ്പിക്കുന്നതു വഴി, നമ്മുടെ സമ്മർദ്ദം കുറയുന്നു, നാം മറ്റുള്ളവർക്ക് പ്രയോജനം ആയിത്തീരുന്നു.

നെഹമ്യാവിനു സംഭവിച്ചതും ഇതുതന്നെയായിരുന്നു. യെരൂശലേമിന്റെ കഷ്ടതയും നിസ്സഹായാവസ്ഥയും അറിഞ്ഞപ്പോൾ അവൻ വിലപിച്ചു കരഞ്ഞു, തന്റെ മുഖത്ത് നിഴലിട്ട വിഷാദം രാജാവ് കാണുവോളം, അനേകം ദിവസങ്ങൾ ഉപവാസത്തോടെ പ്രാർത്ഥനാനിരതനായിരുന്നു. എന്നാൽ വിലാപകാലങ്ങൾക്കു ശേഷം അവൻ കർമ്മനിരതനായി. തന്റെ സമർത്ഥമായ നേതൃത്വപാടവം കൊണ്ട് ദേശത്തിനു നായകനായി മാറിയ നെഹമ്യാവ് 2500 വർഷങ്ങൾക്കിപ്പുറവും ഉദാത്തമായ മാതൃക കാട്ടിത്തരുന്നു.

ബൈബിളിൽ, ആളുകൾ അവരുടെ സങ്കടങ്ങൾ പലതരത്തിൽ പ്രകടിപ്പിച്ചിരുന്നതായി നാം കാണുന്നു: ഉപവാസം അനുഷ്ഠിച്ച് (2 ശമു.1:12), ചാക്കുശീലയുടുത്ത് (ഉല്പ.37:34; 2 ശമു.3:31), വെണ്ണീർ വാരിയിട്ടും കൊണ്ട് (എസ്തേ.4:1-3; യിരെ.6:26; 25:34), ഇങ്ങനെ പല വിധത്തിൽ. ഇപ്രകാരം നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ ദുഃഖം പ്രകടിപ്പിക്കാനുള്ള വഴികൾ നാം കണ്ടെത്തുന്നതു നന്നായിരിക്കും.

തീർച്ചയായും ദുരന്തങ്ങൾക്ക് നടുവിൽപെട്ട കുടുംബത്തിനായി, സമൂഹത്തിനായി, രാജ്യത്തിനായി നാം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതു ഏറ്റവും നല്ല കാര്യമാണ്. ശ്രീലങ്കയിൽ ആഞ്ഞടിച്ച സുനാമിക്ക് ശേഷം അവിടുത്തെ ജനങ്ങൾ ദുഃഖാചരണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിൽ വെള്ള നിറമാർന്ന പതാകകൾ ഉയർത്തിയിരുന്നു. ഓരോ സംസ്കാരങ്ങളും അവരുടെ തനതായ ശൈലിയിൽ ദുഃഖം പ്രകടിപ്പിക്കുന്നു.

ബാലയായ തബീഥാ മരിച്ചശേഷം പത്രോസ് അവളുടെ വീട്ടിൽ ചെന്നപ്പോൾ, “അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു” (അപ്പൊ.9:39). ഇത്തരം സംഭവങ്ങൾ തിരുവെഴുത്തിൽ വളരെ സാധാരണമാണ്.

വിലാപത്തെക്കുറിച്ചുള്ള വേദപുസ്തക ധാരണയ്ക്ക് അനുസൃതമായി സാംസ്കാരികമായി ഉചിതമായ ദുഃഖാചരണങ്ങൾ നമ്മുടെ സഭകളിൽ എങ്ങനെ നടത്താം എന്നതിനെ കുറിച്ച് നാം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.

നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ ദുഃഖം പ്രകടിപ്പിക്കാനുള്ള വഴികൾ നാം കണ്ടെത്തുന്നതു നന്നായിരിക്കും.

banner image

ദൈവത്തിന്റെ പരമാധികാരത്തെ മുറുകെപ്പിടിക്കുക

എന്തുകൊണ്ട് ഇത്തരം അനർത്ഥങ്ങൾ സംഭവിക്കുന്നു’ എന്നു ചോദിക്കുന്നത് വേദപുസ്തക വിലാപത്തിന്റെ ഒരു ഭാഗമാണ്. ഇയ്യോബ്, യിരെമ്യാവ്, സങ്കീർത്തനകർത്താവ് എന്നിങ്ങനെയുള്ള വിശുദ്ധന്മാരുടെ ജീവിതാനുഭവങ്ങൾ ഈ ചോദ്യത്തെ നേരിടാൻ ബൈബിൾ നമുക്ക് ധൈര്യം നല്കുന്നു. തന്റെ ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇയ്യോബ് വളരെ നാളുകൾ കഷ്ടം അനുഭവികേണ്ടി വന്നു. മിക്കപ്പോഴും, ഇങ്ങനെയുള്ള പരിശോധനാവേളകളുടെ അവസാനത്തിങ്കൽ, ദൈവത്തിന് എല്ലാത്തിനും മേൽ അധികാരമുണ്ടെന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നും, അവനിൽ അന്ത്യത്തോളം ആശ്രയിക്കുക മാത്രമേ വേണ്ടൂ എന്ന തിരിച്ചറിവു ദൈവമക്കൾക്ക് ലഭിക്കുന്നു. ഈ വസ്തുത സങ്കീർത്തനങ്ങളിൽ ഉടനീളം നാം കാണുന്നു (ഉദാ. സങ്കീ. 73).

കഷ്ടതയുടെ നടുവിലും ദൈവത്തിന്റെ പരമാധികാരത്തിലുള്ള വിശ്വാസം നിരാശയുടെ പടുകുഴിയിൽ നിന്നും നമ്മെ കരകയറ്റുന്നു. ഏതു ഭയങ്കര ദുരന്തങ്ങളിൽ പോലും ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവൻ നല്ലത് വരുത്തുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ നാം ആശ്രയിക്കണം (റോമ. 8:28). എന്നാൽ ദൈവിക പദ്ധതിയെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകൾ നമുക്ക് പെട്ടെന്ന് തന്നെ ലഭിക്കണമെന്നില്ല. ഇതിന്റെ പേരിൽ പലപ്പോഴും നാം ദൈവവുമായി മൽപ്പിടുത്തത്തിൽ ഏർപ്പെടുന്നു. പ്രാർത്ഥനയും വചനധ്യാനവും നമുക്ക് സഹായകമായിത്തീരുന്നത് അത്തരം സന്ദർഭങ്ങളിലാണ് (സങ്കീ. 27). ഒരുപക്ഷേ, നാം സങ്കടച്ചുഴിയുടെ മദ്ധ്യ ആയിരിക്കാം, അല്ലെങ്കിൽ കഷ്ടത അനുഭവിക്കുന്നവരെ സേവിക്കുന്ന തിരക്കിലാവാം; എങ്കിലും ദൈവത്തിനായി, അവന്റെ വചനം കേൾക്കാനായി, നാം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.

കഷ്ടതയുടെ നടുവിലും ദൈവത്തിന്റെ പരമാധികാരത്തിലുള്ള വിശ്വാസം നിരാശയുടെ പടുകുഴിയിൽ നിന്നും നമ്മെ കരകയറ്റുന്നു.

ഇതുകൊണ്ടാണ് എത്ര കഠിനമായ പ്രതികൂലങ്ങൾ നിറഞ്ഞ സാഹചര്യത്തിലും, ദൈവമക്കൾ ഓൺലൈൻ വഴിയാണെങ്കിൽ കൂടിയും എല്ലായ്പ്പോഴും ഒരുമയോടെ ആരാധിക്കേണ്ടത് ആവശ്യമായിരിക്കുന്നത്. നാം ഒരു മനസ്സോടെ ആരാധിക്കുമ്പോൾ, ശാശ്വതമായ ദൈവത്തിന്റെ പരമാധികാരത്തെ ഓർമ്മിപ്പിക്കുന്ന നിത്യമായ യാഥാർത്ഥ്യങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇപ്രകാരമുള്ള സത്യത്തിലേക്ക് നാം എത്തിച്ചേരുമ്പോൾ നമ്മുടെ ചുറ്റുമുള്ള ഇരുൾ നീങ്ങുന്നു, ദൈവത്തെ ആശ്രയിക്കാൻ വേണ്ടതായ ശക്തി അവ പ്രദാനം ചെയ്യുന്നു. ദൈവത്താലും ദൈവവചനത്താലും ശക്തി പ്രാപിച്ചവരായ നമുക്ക് ത്യാഗപൂർവ്വം മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു.

സൃഷ്ടിയുടെ ഞരക്കം

ദൈവത്തിനെതിരെ ആദാമും ഹവ്വായും ചെയ്ത പാപം മൂലം ലോകത്തിൽ പാപം കടക്കുകയും, പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ചെയ്തു. സൃഷ്ടി ശാപത്തിൻ കീഴിൽ ആയി എന്ന് ബൈബിൾ വരച്ചുകാട്ടുന്നു (ഉല്പ. 3:17; റോമ. 8:20). അതിനാൽ തന്നെ പുതിയ ആകാശവും പുതിയ ഭൂമിയും ദൈവം കൊണ്ടു വരുന്നത് വരെ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും (2 പത്രൊ. 3:13; വെളി.21:1). “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ” എന്ന് പൗലോസ് പറയുന്നു (റോമ.8:22). ക്രിസ്തുവിനെ അറിയുന്നവരായ നാമെല്ലാവരും ഈ ഞരക്കത്തിൽ പങ്കാളികളായി തീരും എന്ന് പൗലോസ് നിഷ്കർഷിക്കുന്നു. (വാ. 23). 2004-ലെ സുനാമിയടക്കം വിവിധ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സൃഷ്ടിയോടൊപ്പം ദൈവമക്കൾ ഞരങ്ങുന്നതായി നാം കണ്ടിട്ടുണ്ട്. ക്രിസ്ത്യാനികൾ ഞരക്കം പഠിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ദൈവം നമ്മെ വിളിച്ച വഴിയിൽ നിന്നും വഴുതി മാറി സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്തേക്കു പോകുവാൻ നാം ആഗ്രഹിച്ചേക്കാം. കഠിനമായ സാഹചര്യങ്ങളിൽ ചെറുത്തുനിൽകാൻ ഞരക്കം നമ്മെ സഹായിക്കുന്നു.

റോമർ എട്ടാം അധ്യായത്തിൽ കുറിച്ചിരിക്കുന്ന ഞരക്കം ഈറ്റുനോവിന്റേതാണ് (വാ. 22). ഏറ്റവും കഠിനമായ പ്രസവവേദന പോലും സ്ത്രീകൾക്ക് അതിജീവിക്കാൻ കഴിയുന്നത് കുഞ്ഞിന് ജന്മം നൽകുന്ന ആ അതുല്യനിമിഷത്തേക്ക് ഉറ്റുനോക്കുന്നത് കൊണ്ടാണ്.

വരാനിരിക്കുന്ന ശോഭാപൂർണമായ പര്യവസാനത്തെയാണ് ഞരക്കങ്ങൾ ഓർമ്മപ്പെടുത്തുന്നത് (2 കൊരി. 5:2-4 കാണുക). ദൈവേഷ്ടപ്രകാരം നാമായിരിക്കുന്ന ദുർഘട നിമിഷങ്ങളിൽ നിന്നും ഓടി പോകാതിരിക്കാൻ നമ്മെ ഇത് സഹായിക്കുന്നു. ശാശ്വതമായ, നിത്യമായ വിടുതൽ നമുക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്നു എന്ന അറിവിന്റെ വെളിച്ചത്തിൽ, ഏതു കഷ്ടങ്ങളെയും നമുക്ക് സഹിക്കാൻ കഴിയുന്നു.

നമ്മുടെ ഞരക്കങ്ങൾ നമ്മുടെ ഉള്ളിൽ ക്കൂട്ടി വെയ്ക്കുന്നതിനു പകരം ദൈവത്തിന്റെയും ദൈവമക്കളുടെയും മുമ്പിൽ അതു പകരുവാൻ നാം ശ്രമിക്കണം.

നാം അനുഭവിച്ച വേദനയുടെ കയ്പ്പുനീർ ഇല്ലായ്മ ചെയ്യാൻ ഞരക്കത്തിലൂടെ കഴിയുന്നു. നമ്മുടെ ഞരക്കങ്ങൾ നമ്മുടെ ഉള്ളിൽ കൂട്ടി വെയ്ക്കുന്നതിനു പകരം ദൈവത്തിന്റെയും ദൈവമക്കളുടെയും മുമ്പിൽ അതു പകരുവാൻ നാം ശ്രമിക്കണം. നാം അങ്ങനെ ചെയ്യുമ്പോൾ, കഠിന വ്യഥകളിലൂടെ നമ്മിൽ രൂപപ്പെട്ട ആന്തരിക സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നു. കയ്പ്പിന്റെ അനുഭവങ്ങൾ വളരാൻ ഇവ അനുവദിക്കുകയില്ല. നമ്മുടെ ഞരക്കങ്ങളിൽ ദൈവം നേരിട്ടോ, മറ്റുള്ളവരിൽ കൂടിയോ നമുക്ക് ആശ്വാസം പകർന്നു തരുന്നു. അതിനാൽ നമ്മൾ ഒറ്റയ്ക്കോ, കൂട്ടമായോ ഞരങ്ങുമ്പോൾ, ഇവയെല്ലാം എന്തുകൊണ്ട് സംഭവിച്ചു എന്ന് ഒരു വശത്ത് ചോദിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ, എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണെന്ന ആത്മവിശ്വാസം നമുക്കുണ്ടാവും.
യഥാർത്ഥമായ ആശ്വാസം ലഭിക്കുമ്പോൾ കയ്പ്പോടെ ഇരിക്കുക സാധ്യമല്ല, എന്തെന്നാൽ കയ്പുനീർ നിറഞ്ഞ ഹൃദയത്തിൽ, അടിഞ്ഞു കൂടിയ ദേഷ്യം നീക്കാൻ തക്കവണ്ണം സ്നേഹം നമ്മുടെ ഉള്ളിൽ വന്നുനിറയുന്നു.

ഞരങ്ങുന്ന ദൈവം

ഏറ്റവും മഹത്തായ തിരുവചന ചിന്തകളിൽ ഒന്നാണ്, നാം ഞരങ്ങുമ്പോൾ അവൻ നമ്മോടൊപ്പം ഞരങ്ങുന്നു എന്നുള്ളത് (റോമ. 8:26). നാം കടന്നുപോകുന്ന പ്രയാസങ്ങൾ ദൈവം അറിയുന്നു, നമ്മുടെ വേദനകൾ അവൻ മനസ്സിലാക്കുന്നു.

യിസ്രായേലിന്റെ കഷ്ടതയിൽ ഒക്കെയും അവനും കഷ്ടപ്പെട്ടു എന്ന് ബൈബിൾ പറയുന്നു (യെശ. 63:9). സത്യത്തിൽ, അവനെ തിരിച്ചറിയാത്ത, അംഗീകരിക്കാത്ത മനുഷ്യരെ ഓർത്ത് അവൻ വിലപിച്ചു കരയുന്നു (യെശ. 16:11; യിരെ. 48:31). ദൈവം ദൂരെയാണെന്നും നമ്മുടെ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നില്ലെന്നുമുള്ള പൊതുവായ ധാരണകളിൽ നിന്നും വ്യത്യസ്തമാണിത്.

ദൈവത്തിന്റെ ഞരക്കം നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല. ദൈവമായ കർത്താവ് ഭൂമിയിൽ ആയിരുന്നപ്പോൾ ലോകത്തിന്റെ വ്യഥകൾ ഓർത്ത് അവൻ ഞരങ്ങിയിരുന്നു, അവരുടെ ഹൃദയ കാഠിന്യം നിമിത്തം വരാനിരിക്കുന്ന ശിക്ഷകളെ ഓർത്തു അവൻ യെരൂശലേമിനെ ചൊല്ലി വിലപിക്കുന്നു. (ലൂക്കൊ. 19:41-44).

ലാസർ മരണപ്പെട്ടപ്പോൾ അവന്റെ കല്ലറയിങ്കൽ നിന്ന കൂട്ടത്തോട് കൂടി യേശുവും വിലപിച്ചു കരയുന്നു. (യോഹ. 11:33-35) അതിനാൽ തന്നെ, മഹാമാരി മൂലം വിവിധ നഷ്ടങ്ങൾ നേരിട്ട ജനങ്ങളോടൊപ്പം ദൈവം വിലപിക്കുന്നു എന്നു നമ്മുക്ക് മനസ്സില്ലാക്കാം .
വിലപിക്കുന്നതിനുള്ള വിമുഖതയിൽ നിന്നും നമ്മെ പിന്തിരി