പ്രിയ ഡാഡി,
ഒക്ടോബർ കഴിയാറായി. എനിക്ക് 7 വയസ്സും ഏതാണ്ട് 90 സെൻ്റിമീറ്റർ ഉയരവും ആയി. ഡാഡി എനിക്കൊരു ഭീമനായി തോന്നുന്നു. ഞാൻ ഡാഡിയെ പിടിക്കാനായി കൈ നീട്ടുമ്പോൾ മാർദ്ദവമാർന്ന ശക്തിയുള്ള കൈത്തലങ്ങൾ എൻ്റെ ചെറിയ കൈകളെ പൊതിഞ്ഞു പിടിക്കുന്നു.
ഇപ്പോൾ ഒക്ടോബർ കഴിയാറായി, എനിക്ക് 17 വയസ്സായി. ഞാൻ വാതിലടച്ചിട്ട് അവ്യക്തമായി ഒരു ഗുഡ്ബൈ പറയുന്നു; പണ്ടത്തെപ്പോലെ ഒരു ഗുഡ്മോണിങ്ങ് പറയാൻ മനസ്സില്ലാതെ. അങ്ങും വളരെ പെട്ടെന്ന് ഒരു ഗുഡ് ബൈ പറഞ്ഞിട്ട് ആ തിങ്കളാഴ്ച രാവിലെ കമ്പ്യൂട്ടറിൽ തിരക്കിട്ട് ടൈപ്പ് ചെയ്യുന്നു; 3650 ദിവസങ്ങൾ നമുക്കിടയിൽ സൃഷ്ടിച്ച അകൽച്ച പരിഹരിക്കണമെന്ന് രണ്ടു പേരും ചിന്തിക്കുന്നില്ല. ഞാൻ ഓരോ ദിവസവും പോകുകയും ഏഴാം നിലയിലുള്ള ആ ഫ്ലാറ്റിലേക്ക് തിരികെ വരികയും ചെയ്യുന്നു; വീട് ഒരു ഹോട്ടൽ പോലെ തോന്നിപ്പിക്കുന്നു. നിങ്ങളുടെ അലോസരപ്പെടുത്തലും നിശബ്ദതയും എന്നെ വല്ലാതെ മടുപ്പിച്ചു.
ഇപ്പോൾ ഒക്ടോബർ കഴിയാറായി, എനിക്ക് 19 വയസ്സായി. എൻ്റെ രണ്ട് സുഹൃത്തുക്കളുടെ ഡാഡിമാരുടെ ശവസംസ്കാരത്തിന് ഞാൻ പങ്കെടുത്തു. എനിക്കറിയില്ല ഞാൻ ചിന്തിക്കുന്നത് അവിവേകമാണോയെന്ന്, ഡാഡിയും മരിച്ചു പോകാറായി എന്ന് എനിക്ക് തോന്നുന്നു. ഒരു ദിവസം ഡാഡി പോയിക്കഴിയുമ്പോൾ ജീവിതം എങ്ങനെ മാറി വരും എന്ന് എനിക്കറിയില്ല. ഞാൻ എങ്ങനെ മാറിപ്പോകും എന്നും. ആളുകൾ പറയുന്നു, ആരെങ്കിലും ഇല്ലാതാക്കുമ്പോൾ മാത്രമാണ് നാം അവരുടെ സാന്നിധ്യം അനുസ്മരിക്കുന്നത് എന്ന്.
ഇടക്കിടെ ഞാൻ ഡാഡിയുടെ നിഴൽ നോക്കിയിരിക്കും. ചിലപ്പോൾ കമ്പ്യൂട്ടർ സ്ക്രീനിൻ്റെ പിന്നിൽ നിന്ന്, ചിലപ്പോൾ സോഫയിൽ ഇരുന്ന് വിശ്രമിക്കുമ്പോൾ. ആ നരച്ച മുടികളും ത്വക്കിലെ പാടുകളും കാണുമ്പോൾ ഡാഡിക്ക് പ്രായമാകുന്നു എന്ന ചിന്ത എന്നിലുണ്ടാകുന്നു.
അങ്ങയെ എൻ്റെ കൂടെ കളിക്കളത്തിലേക്ക് കൊണ്ടു പോകാനും ക്ലാസ് കഴിയുമ്പോൾ സിനിമക്ക് കൊണ്ടു പോകാനും ശ്രമിക്കുമ്പോഴേക്കും , എൻ്റെ പാർട്ട് ടൈം ജോലിയുടെ കാര്യത്തിനും യൂണിവേഴ്സിറ്റി പഠനത്തിൻ്റെ കാര്യത്തിനും കൂടെ വരാനും ആഗ്രഹിക്കുമ്പോഴേക്കും ഡാഡിക്ക് പ്രായമായിരിക്കുന്നു. അങ്ങ് ഇപ്പോഴും ചായക്കപ്പ് കഴുകാതെ മേശപ്പുറത്ത് വെച്ചിട്ട് പോകുന്നു, സ്വിച്ച് ഓഫ് ചെയ്യാത്തതിന് മമ്മയോട് ദേഷ്യപ്പെടുന്നു, വൈകി വരുന്നതിന് എന്നോട് കലഹിച്ച് പ്രകോപിപ്പിക്കുന്നു. എന്നാലും അങ്ങ് എൻ്റെ ഡാഡിയാണ് – നിശബ്ദതയോ അലോസരപ്പെടുത്തലോ ഒന്നും ആ യാഥാർത്ഥ്യത്തെ മാറ്റുകയില്ല.
കുറെക്കാലം എടുത്തു എനിക്ക് അങ്ങ് ആരാണെന്ന് തിരിച്ചറിയാൻ: ശക്തിയും മൃദുത്വവും നിശബ്ദതയും ഒരു മനുഷ്യനിൽ കുടി കൊള്ളുന്ന ആകാരം. അതിലും അധികം വർഷങ്ങൾ എടുത്തു അങ്ങയുടെ താല്പര്യങ്ങൾ ഞാൻ തിരിച്ചറിയാൻ – ഒരുമിച്ച് ആഹാരം കഴിക്കുന്നതും പറയുന്ന കാര്യങ്ങൾ ഞങ്ങൾ അനുസരിക്കുന്നതും ഒക്കെ അങ്ങേക്ക് എത്ര വിലയുള്ള കാര്യങ്ങൾ ആയിരുന്നു എന്ന്. ഞങ്ങളെ പരിപാലിച്ച് വളർത്താൻ അങ്ങ് വിശ്രമരഹിതനായി അദ്ധ്വാനിച്ചു. വാക്കുകളിൽ പിശുക്കനായിരുന്നുവെങ്കിലും പിതാവിൻ്റെ സ്നേഹം ഉള്ള ഒരു മനുഷ്യനായിരുന്നു അങ്ങ്.
നന്ദി, ഡാഡി. അപൂർണ്ണ വ്യക്തികളായ നമുക്ക് ചെറുതും വലുതുമായ കാര്യങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കാനാകും എന്ന് പഠിപ്പിച്ചതിന്. എനിക്ക് അങ്ങയെ ഇഷ്ടമാണെന്നോ, നന്ദിയുണ്ട് എന്നോ ഞാൻ എപ്പോഴും പറയുന്നില്ല എങ്കിലും എന്നെ ഞാനാക്കിയതിൽ വലിയ പങ്ക് അങ്ങേക്കുണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു.
സന്തോഷകരമായ പിതൃദിനം ആശംസിക്കുന്നു!