പതിവായി വ്യായാമം ചെയ്യാനും ശരിയായി ഭക്ഷണം കഴിക്കാനും സാമാന്യബുദ്ധിയോടെ സമ്മർദ നിയന്ത്രണം പരിശീലിക്കാനും ഫിറ്റ്നെസ് ഗുരുക്കൻമാരും മെഡിക്കൽ പ്രൊഫഷനലുകളും നമ്മെ പ്രേരിപ്പിക്കുന്നു. അതൊരു നല്ല കാര്യമാണ്. എല്ലാത്തിനുമുപരി, നമ്മുടെ ശരീരങ്ങളെ പരിപാലിക്കുന്നതിൽ യാതൊരു മൂല്യവുമില്ലെന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിട്ടുമില്ല. അദ്ദേഹം പറഞ്ഞു, “ശരീരാഭ്യാസത്തിന് അല്പം പ്രയോജനമുണ്ട്” (ഊന്നൽ ചേർത്തിരിക്കുന്നു).

എന്നാൽ അതേ സാഹിത്യ ശ്വാസത്തിൽ പൗലൊസ് കൂട്ടിച്ചേർത്തു, “ദൈവഭക്തിയോ… സകലത്തിനും പ്രയോജനകരമാകുന്നു”(1 തിമൊഥെയൊസ് 4:8). അങ്ങനെയെങ്കിൽ ദൈവഭക്തിക്കായി നാം നമ്മെത്തന്നെ എങ്ങനെ പരിശീലിപ്പിക്കും?

ശാരീരികവും ആത്മീയവുമായ ആരോഗ്യം തമ്മിൽ നമുക്ക് ചില ബന്ധങ്ങൾ വരച്ചെടുക്കാൻ കഴിയും. നിങ്ങൾ ഒരു വ്യായാമക്രമം ആരംഭിച്ചതോ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത ഒരു സമയത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ എത്രമാത്രം വിജയിച്ചു? ഇന്നും നിങ്ങൾ അതിൽ ഏർപ്പെട്ടിരിക്കുകയാണോ? എന്താണ് നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നത്? നിങ്ങളുടെ ശാരീരിക ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു യാഥാർത്ഥ്യബോധമുള്ള പദ്ധതി തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നിങ്ങൾ പുരോഗതി ദർശിക്കും.

നമ്മുടെ ആത്മീയ ജീവിതത്തിലും സ്ഥിതി വ്യത്യസ്തമല്ല. നമ്മുടെ ആത്മീയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നല്ല മാർഗം, അവനുമായും പരസ്പരവുമുള്ള ബന്ധത്തിനായി നമ്മെ രൂപകൽപന ചെയ്ത പിതാവിൻ്റെ ഹൃദയത്തോട് നമ്മെ അടുപ്പിക്കുന്ന യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുക എന്നതാണ്. ഈ ലഘുലേഖയിൽ, സുവിശേഷകനും എഴുത്തുകാരനുമായ ലൂയിസ് പലാവു, ക്രിസ്തുവുമായുള്ള അടുത്ത ബന്ധം എന്ന ലക്ഷ്യത്തോടെ നിങ്ങളുടെ ജീവിതത്തിൽ ആത്മീയ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു സംക്ഷിപ്ത അവലോകനം വാഗ്ദാനം ചെയ്യുന്നു. ജീവിതകാലം മുഴുവനുള്ള ആരോഗ്യകരമായ ശീലങ്ങൾ തുടരാനോ – ആരംഭിക്കാനോ – ഇത് നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

banner image

 

banner image

ചെ യ്ത് പഠിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് പ്രാർത്ഥന. പ്രാർത്ഥനയെക്കുറിച്ചുള്ള ബൈബിൾ വാഗ്ദാനങ്ങൾ പങ്കിടാനും പ്രാർത്ഥനയ്ക്കൊപ്പമുള്ള എൻ്റെ സ്വന്തം അനുഭവങ്ങളിൽ ചിലത് നിങ്ങളുമായി പങ്കിടാനും എനിക്ക് കഴിയും, എന്നാൽ നിങ്ങൾക്കു വേണ്ടി നിങ്ങളുടെ പ്രാർത്ഥന ചെയ്യാൻ എനിക്ക് കഴിയില്ല. സ്വയം പ്രാർത്ഥിക്കാൻ തുടങ്ങുന്നതു വരെ, നിങ്ങൾക്ക് ഒരിക്കലും പ്രാർത്ഥന മനസ്സിലാകില്ല.

മാർട്ടിൻ ലൂഥർ പറഞ്ഞു, “തയ്യൽക്കാരൻ വസ്ത്രം ഉണ്ടാക്കുന്നതും ചെരുപ്പുകുത്തി ചെരുപ്പ് നന്നാക്കുന്നതും പോലെ ക്രിസ്ത്യാനിയുടെ ജോലി പ്രാർത്ഥനയാണ്.”

എല്ലാ ദിവസവും ദൈവത്തോടൊപ്പം ഒറ്റയ്ക്ക് സമയം ചിലവഴിക്കാനുള്ള പ്രതിജ്ഞാബദ്ധതയായിരുന്നു ലൂഥറിൻ്റെ വിപ്ലവകരമായ ജീവിതത്തിൻ്റെ രഹസ്യം. എല്ലാ ദിവസവും ദൈവത്തോടു സംസാരിക്കാൻ സമയം കണ്ടെത്താൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. രാവിലത്തെ തിരക്കിൽ നൽകുന്ന 30 സെക്കൻഡുകൾ മാത്രം പോരാ: “കർത്താവേ, ഈ ദിവസം അനുഗ്രഹിക്കണമേ, പ്രത്യേകിച്ച് തിങ്കളാഴ്ച്ച ആയതിനാൽ.” വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി ഓരോ ദിവസവും ഒരു പ്രത്യേക സമയം നീക്കി വയ്ക്കുക.

സ്വയം പ്രാർത്ഥിക്കാൻ തുടങ്ങുന്നതു വരെ, നിങ്ങൾക്ക് ഒരിക്കലും പ്രാർത്ഥന മനസ്സിലാകില്ല.

നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ക്രമത്തിനും വിശ്വസ്തതയ്ക്കും വേണ്ടി പരിശ്രമിക്കുക (“പ്രാർത്ഥനയിലുള്ള അഭ്യാസം” കാണുക). ഇത് പ്രാർത്ഥിക്കാൻ ഒരു നിശ്ചിത സമയം സ്ഥാപിക്കാൻ സഹായിക്കുന്നു, പക്ഷേ നിയമവാദം ഒഴിവാക്കുക. നിങ്ങൾ ഉദ്ദേശിച്ച സമയമോ ഒരു ദിവസം മുഴുവനോ നഷ്ടമായാൽ പോലും കുറ്റബോധം തോന്നരുത്. ശ്രമം തുടരുക. ചില സന്ദർഭങ്ങളിൽ പിതാവിനോട് സംസാരിക്കാൻ നിങ്ങളുടെ സമയക്രമം ക്രമീകരിക്കേണ്ടി വന്നേക്കാം. അതിൽ തെറ്റൊന്നുമില്ല. സ്ഥിരത ലക്ഷ്യമിടുക. നിങ്ങളുടെ ലിസ്റ്റിൽ നിന്ന് “ചെക്ക് ഓഫ്” ചെയ്യേണ്ട ഒരു കടമയായി പ്രാർത്ഥനയെ കാണരുത്. നമ്മെ സ്നേഹിക്കുന്ന നമ്മുടെ സ്വർഗീയ പിതാവുമായുള്ള സത്യസന്ധമായ സംഭാഷണം മാത്രമാണ് പ്രാർത്ഥന.

അതിരാവിലെയാണ് പ്രാർത്ഥിക്കാൻ ഏറ്റവും നല്ല സമയമെന്ന് ഞാൻ കരുതുന്നു. സുവിശേഷകൻ ഡി.എൽ. മൂഡി പറഞ്ഞു, “എല്ലാം ദിവസവും രാവിലെ നാം മനുഷ്യൻ്റെ മുഖം കാണുന്നതിനു മുമ്പ് ദൈവത്തിൻ്റെ മുഖം കാണണം. നിങ്ങൾക്ക് പ്രാർത്ഥിക്കാൻ സമയമില്ലാത്ത വിധം ജോലി ഉണ്ടെങ്കിൽ, ദൈവം ഉദ്ദേശിച്ചതിലും കൂടുതൽ ജോലി നിങ്ങൾക്ക് ഉണ്ടെന്നതിൽ സംശയം വേണ്ട.” ഓരോ ദിവസവും തനിച്ച് ദൈവത്തോടൊപ്പം പ്രാർത്ഥനയിൽ ആരംഭിക്കാൻ നിങ്ങളുടെ സമയം ക്രമപ്പെടുത്തുക.

banner image

അതേസമയം, പ്രാർത്ഥന ദിവസമുടനീളം ഉണ്ടാകേണ്ട ഒന്നാണ്. “ഇടവിടാതെ പ്രാർഥിപ്പിൻ” (1 തെസ്സലൊനീക്യർ 5:17). ഏത് നിമിഷവും, ഏത് അവസരത്തിലും, നമുക്ക് നമ്മുടെ പിതാവിനോട് സംസാരിക്കാൻ സ്വതന്ത്ര്യമുണ്ട്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ജീവനുള്ള ദൈവുമായുള്ള കൂട്ടായ്മ നാം പ്രാർത്ഥനയിലൂടെ ആസ്വദിക്കുന്നു.

യേശു പ്രാർത്ഥനയ്ക്കായി എത്ര സമയം സമർപ്പിച്ചു എന്നത് എപ്പോഴും ആശ്ചര്യകരമാണ്. പ്രാർത്ഥിക്കാൻ കഴിയാത്തത്ര തിരക്കിലാണെന്ന് അവൻ ഒരിക്കലും കരുതിയില്ല. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയും വലിയ തീരുമാനങ്ങൾ നേരിടുകയും ചെയ്തപ്പോൾ അവൻ പ്രാർത്ഥിക്കാനായി ഒറ്റയ്ക്ക് പോയി (ലൂക്കൊ. 5:15-16). നിങ്ങളും സമാനമായ ഒരു ശീലം ഉണ്ടാക്കുമോ?

പ്രാർത്ഥനയിൽ ഉള്ള ഉറപ്പ്

“അവൻ്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു” (1 യോഹ. 5:14-15)..

കാണുക! അവൻ്റെ ഇഷ്ടപ്രകാരം നാം ആവശ്യപ്പെടുന്നതെന്തും അവൻ നമുക്ക് നൽകുമെന്ന് ദൈവം രേഖപ്പെടുത്തിയിട്ടുണ്ട്! എന്നാൽ ദൈവഹിതം അറിയില്ലെങ്കിൽ നാം എന്തു ചെയ്യും? സഹായകരമെന്ന് പറയട്ടെ, ദൈവം ബൈബിളിൽ തൻ്റെ ഹിതത്തിൻ്റെ ഭൂരിഭാഗവും വെളിപ്പെടുത്തിയിരിക്കുന്നു. ദൈവവചനം കൂടുതൽ അടുത്തറിയുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തെ പറ്റിയുള്ള അവൻ്റെ ഇഷ്ടത്തെക്കുറിച്ച് നിങ്ങൾ അനവധി കാര്യങ്ങൾ പഠിക്കും.

1 യോഹന്നാൻ 5:14-15 വീണ്ടും വായിക്കുക. ഒരു പ്രാർത്ഥന ദൈവഹിതമനുസരിച്ചുള്ളതാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അതിനെപ്പറ്റി അവനോട് ചോദിക്കുക; അവൻ പറഞ്ഞു തരും. പ്രാർത്ഥിക്കുമ്പോൾ തെറ്റുകൾ വരുത്തുന്നതിനെക്കുറിച്ച് വിഷമിക്കരുത്. തൻ്റെ മക്കളിലൊരാൾ തെറ്റ് വരുത്തിയാൽ ദൈവത്തിൻ്റെ പരമാധികാരം തകരുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? പ്രാർത്ഥിക്കാതിരിക്കുന്നത് അതിലും വലിയ തെറ്റല്ലേ?

നിങ്ങളുടെ അപേക്ഷയ്ക്കുള്ള ഉത്തരം “ഇല്ല” എന്നാണെങ്കിൽ, പരിശുദ്ധാത്മാവിൻ്റെ ആന്തരിക സാക്ഷ്യത്താൽ കർത്താവ് നിങ്ങളുമായി ആശയവിനിമയം നടത്തും. എന്നാൽ ഉത്തരം ഉടനടി ലഭിക്കണമെന്നില്ല. തൻ്റെ പൂർണ ഹിതത്തിൽ ക്ഷമയോടെ ആശ്രയിക്കാൻ ദൈവം നിങ്ങളെ വളർത്തിയെടുക്കുകയാകാം. ദൈവത്തോടൊപ്പമുള്ള നിങ്ങളുടെ ഗമനത്തിൽ സ്ഥിരതയുള്ള പ്രാർത്ഥനാ ജീവിതം നിങ്ങൾക്കും നിങ്ങളുടെ സ്വർഗീയ പിതാവിനുമിടയിൽ ഒരു സംവേദനക്ഷമത വളർത്തിയെടുക്കാൻ സഹായിക്കും.

നിങ്ങളുടെ ഒരു അപേക്ഷയ്ക്ക് ദൈവം “ഇല്ല” എന്ന് പറയുമ്പോൾ, അവൻ്റെ നന്മയിൽ വിശ്വസിക്കുക. മക്കൾ എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ മാതാപിതാക്കൾ വിലയില്ലാത്തതോ മോശമായതോ ആയ സമ്മാനങ്ങൾ നൽകില്ലെന്ന് യേശു വ്യക്തമാക്കി. എങ്കിൽ എപ്പോഴും നന്മ നൽകുന്ന സ്വർഗീയ പിതാവിനെ നമുക്ക് എത്രയധികം വിശ്വസിക്കാൻ കഴിയും (മത്തായി 7:7-11). എന്നാൽ അവൻ്റെ ഹിതപ്രകാരം നാം ചോദിക്കേണ്ടതുണ്ട്.

പ്രാർത്ഥനയിലുള്ള അഭ്യാസം
ഒരു പ്രാർത്ഥനാ നോട്ട്ബുക്ക് തയ്യാറാക്കുക

  1. നിങ്ങളുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ശരിക്കും ഉത്തരം ആവശ്യമുള്ള ഒരു മേഖലയെപ്പറ്റി ചിന്തിക്കുക.
  2. അത് എഴുതി തീയതി രേഖപ്പെടുത്തുക. നിങ്ങളുടെ പ്രാർത്ഥനാ നോട്ട്ബുക്കിലെ ആദ്യ എൻട്രിയാണിത്.
  3. നിങ്ങളുടെ ബൈബിളിൽ പ്രാർത്ഥനയെ പറ്റി ഇനി പറയുന്ന ഭാഗങ്ങൾ പഠിക്കുക: മത്തായി 7:7-11; 18:19-20; മർക്കൊസ് 10:46-52; യോഹന്നാൻ 16:24; റോമർ 8:26-27; എഫെസ്യർ 6:10-20; യാക്കോബ് 5:16-18.
  4. ലളിതമായും കൃത്യമായും നിങ്ങളുടെ അപേക്ഷ കർത്താവിനോട് പറയുക.
  5. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാൻ പോകുന്നതിന് കർത്താവിന് നന്ദി പറയുക (ഫിലിപ്പിയർ 4:6).
  6. ഉത്തരം വരുമ്പോൾ അത് രേഖപ്പെടുത്തി അതിനായി ദൈവത്തെ സ്തുതിക്കുകയും ചെയ്യുക (കൊലൊസ്സ്യർ 4:2).
  7. ആവർത്തിക്കുക! നിങ്ങളുടെ നോട്ട്ബുക്കിനുള്ളിൽ പ്രാർത്ഥനകൾ കുറിച്ച് വയ്ക്കുക, കാലക്രമേണ ദൈവം അവയ്ക്ക് ഉത്തരം നൽകുന്നതെങ്ങനെയെന്ന് കണ്ട് ആശ്ചര്യപ്പെടുക.

banner image

ധികാരികവും വിജയകരവുമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാൻ തിരുവെഴുത്തിൻ്റെ സമ്പൂർണ അധികാരത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതം ആണ്. അത്തരം വിശ്വാസത്തിലൂടെ മാത്രമേ ദൈവമക്കളായിരിക്കുന്നതിൻ്റെ സന്തോഷം അനുഭവിക്കാൻ കഴിയൂ.

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്” (2 തിമൊഥെയൊസ് 3:16) എന്ന് ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. തിരുവെഴുത്തിലെ വാക്കുകൾ ദൈവത്താൽ പ്രേരിതമാണ്.God.

ദൈവമക്കൾ എന്ന നിലയിൽ നാം അവനു കീഴ്പ്പെടണം. തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നത് അവൻ്റെ അധികാരമാണ്. സങ്കീർത്തനം 119:137-138 ലെ വാക്കുകൾ പരിഗണിക്കുക: “യഹോവേ, നീ നീതിമാനാകുന്നു; നിൻ്റെ വിധികൾ നേരുള്ളവതന്നെ. നീ നീതിയോടും അത്യന്ത വിശ്വസ്തതയോടുംകൂടെ നിൻ്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.” തിരുവെഴുത്ത് ദൈവത്തിൻ്റെ പൂർണ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ, മറ്റെല്ലാറ്റിനെയും അളക്കുന്ന മാനദണ്ഡമാണിത്.

banner image

തിരുവെഴുത്ത് വായിക്കുകയും മനഃപാഠമാക്കുകയും ചെയ്യുക

ജോലിക്കു പോകുന്നതിനു മുമ്പ് എൻ്റെ പിതാവ് മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും ബൈബിൾ വായിക്കുന്നതും കാണാൻ അതിരാവിലെ കിടക്കയിൽ നിന്ന് പതുങ്ങി എഴുന്നേറ്റ് വരുന്നത് എന്ന് ആദ്യകാല ഓർമകളിൽ ഒന്നാണ്. കുട്ടിക്കാലത്ത് അത് എന്നെ ആഴത്തിൽ ആകർഷിച്ചിരുന്നു.

എല്ലാ ദിവസവും എൻ്റെ പിതാവ് സദൃശവാക്യങ്ങളിൽ നിന്ന് ഒരു അധ്യായം വായിക്കുന്നു. അതിൽ 31 അധ്യായങ്ങളുണ്ട്, മിക്ക മാസങ്ങൾക്കും 31 ദിവസങ്ങളുമുണ്ട്. ഇപ്പോഴും ഓരോ ദിവസവും അത് സ്വയം ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. മറ്റ് ബൈബിൾ പഠനത്തിനും വായനയ്ക്കും മുറമേ, സദൃശവാക്യങ്ങളിൽ നിന്നുള്ള ഒരു അധ്യായത്തോടെയാണ് ഞാൻ ദിവസം ആരംഭിക്കുന്നത്. മുട്ടിൻമേൽ നിന്ന് അത് ചെയ്യാൻ ഞാൻ പഠിച്ചു.

“ആത്മാവു നിറഞ്ഞവരാകാൻ” (എഫെസ്യർ 5:18) തിരുവെഴുത്ത് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആത്മാവിനാൽ നിറയുക എന്നത് ക്രിസ്ത്യാനിക്ക് ഒരു കല്പനയും കടമയും പദവിയും ആണ്. ആത്മാവിനാൽ നിറയുക എന്നാൽ അവൻ്റെ വെളിച്ചത്തിൽ നടക്കുകയും അവൻ്റെ സാന്നിധ്യം നമ്മുടെ മനസ്സുകളെ നയിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നാണ്. ഇതിനായി ഓരോ ദിവസവും ബൈബിൾ വായിക്കാനും ധ്യാനിക്കാനും സമയം ചെലവഴിക്കണം, ബൈബിളിൻ്റെ ജീവിതത്തെ മാറ്റിമറിക്കുന്ന ജ്ഞാനത്താൽ നമ്മുടെ മനസ്സും ഹൃദയവും നിറയ്ക്കണം (കൊലൊസ്സ്യർ 3:16).

നിങ്ങളുടെ കാര്യമോ? എല്ലാ ദിവസവും ബൈബിൾ വായിക്കാൻ നിങ്ങൾ സ്വയം അച്ചടക്കം പാലിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇന്ന് തന്നെ തുടങ്ങുക! എൻ്റെ പിതാവിനെപ്പോലെ സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ ആരംഭിക്കുക, പിന്നീട് ക്രമാനുഗതമായി ഓരോ ദിവസവും വായിക്കുക. ചെറുതായി തുടങ്ങുക, ശീലം ആഴത്തിലാകുമ്പോൾ കെട്ടിപ്പടുക്കുക. ദൈവപരിജ്ഞാനം കൈവരുത്തുന്ന വാക്കുകളാൽ മനസ്സ് നിറയ്ക്കാതെ മറ്റൊരു ദിവസം കടന്നു പോകാൻ അനുവദിക്കുന്നത് എന്തിന്?

ദൈനംദിനം അശുദ്ധിയെ അഭിമുഖീകരിക്കുമ്പോൾ ശുദ്ധമായത് നമുക്ക് എങ്ങനെ ചിന്തിക്കാനാകും? തിരുവെഴുത്ത് ബോധപൂർവം ധ്യാനിക്കുന്നതിലൂടെ.

വേദഭാഗങ്ങൾ മനഃപാഠമാക്കുന്നത് ദൈവത്തോട് കൂടുതൽ അടുക്കാനുള്ള മറ്റൊരു മാർഗമാണ്. ബൈബിൾ പറയുന്നു, “സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിര്‍മ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സല്‍ക്കീര്‍ത്തിയായത് ഒക്കെയും സല്‍ഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍”(ഫിലിപ്പിയർ 4:8).

ദിവസം മുഴുവൻ നമുക്ക് ബൈബിൾ വായിക്കാൻ കഴിയില്ല, എന്നാൽ തിരുവെഴുത്തുകളുടെ ഭാഗങ്ങൾ മനഃപാഠമാക്കിയിട്ടുണ്ടെങ്കിൽ നമുക്ക് എപ്പോഴും ധ്യാനിക്കാൻ കഴിയും. 24 മണിക്കൂറിനുശേഷം, നാം കേൾക്കുന്നതിൻ്റെ 5 ശതമാനവും വായിക്കുന്നതിൻ്റെ 15 ശതമാനവും പഠിക്കുന്നതിൻ്റെ 35 ശതമാനവും, എന്നാൽ മനഃപാഠമാക്കുന്നതിൻ്റെ 100 ശതമാനവും കൃത്യമായി ഓർക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

ദൈനംദിനം അശുദ്ധിയെ അഭിമുഖീകരിക്കുമ്പോൾ ശുദ്ധമായത് നമുക്ക് എങ്ങനെ ചിന്തിക്കാനാകും? തിരുവെഴുത്ത് ബോധപൂർവം ധ്യാനിക്കുന്നതിലൂടെ.

തിരുവെഴുത്ത് മനഃപാഠമാക്കുന്നതിനുള്ള അഞ്ച് നുറുങ്ങുകൾ ഞാൻ നിർദ്ദേശിക്കാം. അവ നിങ്ങൾക്ക് സഹായകരമാകുമെന്ന് ഞാൻ കരുതുന്നു.

  1. കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും ഉച്ചത്തിൽ വാക്യം വായിക്കുക.
  2. ഓരോ വാക്കിനെക്കുറിച്ചും ചിന്തിച്ച് 3×5 കാർഡിൽ എഴുതുക.
  3. അത് ഉദ്ധരിക്കുന്നത് പരിശീലിക്കുക (ഇപ്പോൾ അത് എളുപ്പമായിരിക്കണം).
  4. ദിവസം മുഴുവൻ അത് ധ്യാനിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ അത് അവലോകനം ചെയ്യുകയും ചെയ്യുക.
  5. നിങ്ങളുടെ സംഭാഷണ വേളകളിൽ വാക്യം മറ്റുള്ളവരുമായി പങ്കിടുക.

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന 12 വേദഭാഗങ്ങൾ

നിങ്ങൾക്ക് ഒരു സ്ഥാപിത തിരുവെഴുത്ത് മനഃപാഠ പദ്ധതി ഇല്ലെങ്കിൽ, ഈ 12 ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുക. ഓരോന്നും ഞാൻ മനഃപാഠമാക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുണ്ട്, അവ എൻ്റെ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തി. അവ നിങ്ങളുടെ ജീവിതത്തെയും മാറ്റിമറിക്കും!

പുതു ജനനം

1. രക്ഷ: യോഹന്നാൻ 3:16

2. ദൈവത്തിൻ്റെ മക്കൾ എന്ന സ്വത്വബോധം: 1 യോഹന്നാൻ 3:1-2

ദൈവം

3. Cവചനമായ ക്രിസ്തു: യോഹന്നാൻ 1:1-2

4. ദൈവശക്തി: എഫെസ്യർ 6:10-11

കുടുംബം

5. ഭാര്യമാരും ഭർത്താക്കൻമാരും: എഫെസ്യർ 5:21-33

6. മക്കൾ: എഫെസ്യർ 6:1-3

7. മാതാപിതാക്കൾ: എഫെസ്യർ 6:4

ക്രിസ്ത്രീയ ജീവിതം

8. പരീക്ഷകൾ: 1 കൊരിന്ത്യർ 10:13

9. കുറ്റസമ്മതവും ക്ഷമയും: 1 യോഹന്നാൻ 1:9

10. സഭായോഗങ്ങൾ: എബ്രായർ 10:24-25

11. ആത്മാവിൽ നടക്കുക: ഗലാത്യർ 5:16-18

12. മഹാനിയോഗം: മത്തായി 28:18-20

banner image

ബൈ ബിളിലെ വിവിധ ഭാഗങ്ങൾ നിങ്ങൾ വായിക്കുകയും മനഃപാഠമാക്കുകയും ചെയ്തപ്പോൾ, വിശ്വസിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതായി തോന്നിയ ഭാഗങ്ങൾ ഏതാണ്?

പ്രവചനം? ആഖ്യാന ഭാഗങ്ങൾ? ഉപദേശപരമായ ഭാഗങ്ങൾ? ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ?

ക്രിസ്ത്യാനികൾക്കും ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അവ മനോഹരമായി അനുഭവപ്പെടുന്നു, ചിലപ്പോൾ അവ നമ്മെ സന്തോഷിപ്പിക്കുന്നു. എന്നാൽ നാം ആശ്ചര്യപ്പെടുന്നു: അവ ശരിക്കും സത്യമാണോ? ഉപബോധ മനസ്സിലെങ്കിലും ദൈവം തൻ്റെ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് നാം ചോദ്യം ചെയ്യുന്നു.

banner image

പഴയ നിയമത്തിൽ നാം വായിക്കുന്നു, “യഹോവ യിസ്രായേൽഗൃഹത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി” (യോശുവ 21:45; 23:14-15 താരതമ്യം ചെയ്യുക). ശലോമോൻ പിന്നീട് പ്രഖ്യാപിച്ചു, “താന്‍ വാഗ്ദാനം ചെയ്തതുപോലെയൊക്കെയും തന്‍റെ ജനമായ യിസ്രായേലിനു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ തന്‍റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്ത അവന്‍റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വച്ച് ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ” (1 രാജാക്കന്മാർ 8:56‭). ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ ഒന്നുപോലും നിഷ്ഫലമായിട്ടില്ല!‬‬‬‬‬

ഈ ലോകത്തിലൂടെ കടന്നുപോകുന്ന തൻ്റെ തീർത്ഥാടകർക്കായി ദൈവം തൻ്റെ “വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങൾ” (2 പത്രൊസ് 1:4), തൻ്റെ ആധികാരിക വചനത്തിലുടനീളം നിരവധി തവണ രേഖപ്പെടുത്തിയിട്ടുണ്ട്.

അവൻ്റെ വാഗ്ദാനങ്ങളിൽ ചിലത് ഒരു വ്യക്തിക്ക് (യോശുവ 14:9), ഒരു വിഭാഗത്തിന് (ദിനവൃത്താന്തം 15:18), അല്ലെങ്കിൽ ഒരു ജനതയ്ക്ക് (ഹഗ്ഗായി 1:3) പ്രത്യേകമായി നൽകിയതാണ്. മറ്റൊരാൾക്കുള്ള വാഗ്ദത്തങ്ങൾ ഏതെങ്കിലും വിധത്തിൽ അവകാശപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കണം!

പഴയ നിയമത്തിലെ പല വാഗ്ദാനങ്ങളും പുതിയ നിയമത്തിൽ ആവർത്തിച്ചിട്ടുണ്ട്, അവ ഇന്ന് നമ്മുടേതാണ്. “ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല” (യോശുവ 1:5) എന്ന് ദൈവം യോശുവയോട് വാഗ്ദാനം ചെയ്തു. എബ്രായർ 13:5 ൽ ആ വാഗ്ദത്തം ക്രിസ്ത്യാനികളായ നമുക്ക് ദൈവം കൈമാറുന്നു.

banner image

ചാൾസ് സ്പർജൻ പ്രസ്താവിച്ചു, “ദൈവത്തിൻ്റെ വാഗ്ദാനങ്ങളെ ഒരു മ്യൂസിയത്തിലെ കൗതുകവസ്തു പോലെ കരുതരുത്; പകരം അവ വിശ്വസിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.” ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ വായിച്ചും മനഃപാഠമാക്കിയും പഠിക്കുന്നതിലൂടെയും ധ്യാനാത്മക പ്രാർത്ഥനയിലൂടെ അവയുടെ ആവശ്യം മനസ്സിലാക്കുന്നതിലൂടെയും നമ്മുടെ ദൈനംദിന അനുഭവത്തിൽ അവ പ്രാവർത്തികമാക്കാൻ ദൈവത്തിന് സമയം നൽകുന്നതിലൂടെയും നാം അവയെ ഉചിതമാക്കുന്നു.

യേശുവിൻ്റെ നാമത്തിൽ നമുക്ക് അവകാശപ്പെടാൻ കഴിയുന്ന ദൈവത്തിൻ്റെ ഏതൊരു വാഗ്ദത്തവും ഉറപ്പുള്ളതും തൻ്റെ മഹത്വത്തിനായി ദൈവം നമുക്കായി നിവർത്തിച്ചു നൽകുന്നതുമാണ് (യോഹന്നാൻ 14:13-14; 2 കൊരിന്ത്യർ 1:20). ഇന്ന് നിങ്ങളുടെ ഹൃദയത്തിൻ്റെ ആവശ്യം എന്താണ്? ആ ആവശ്യം നിറവേറ്റുമെന്ന് കർത്താവ് വാഗ്ദത്തം ചെയ്തിരിക്കുന്നു! വെറുതേ അവനെ വിശ്വസിക്കുക മാത്രം ചെയ്യുക.

നാം വേദനിക്കുമ്പോൾ ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ അവകാശപ്പെടുക

എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിലോ? അത്തരം സമയങ്ങളിൽ റോമർ 8:28 നാം ഓർക്കാറുണ്ട്: “എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.” ജീവിതത്തിൻ്റെ കൊടുങ്കാറ്റുകൾ നമുക്കെതിരെ ശക്തമായി ആഞ്ഞടിക്കുമ്പോൾ ആ വാഗ്ദാനം ഉറച്ച നങ്കൂരമാണ്.

റോമർക്കുള്ള തൻ്റെ പ്രസിദ്ധമായ ലേഖനം എഴുതുന്നതിന് മുമ്പ് അപ്പൊസ്തലനായ പൗലൊസ് നിരവധി തവണ ആ വാഗ്ദത്തം അവകാശപ്പെട്ടു. ഈ ലോകത്തിലൂടെ കടന്നുപോകുന്ന ദൈവത്തിൻ്റെ സഞ്ചാരികളിൽ ഒരാളെന്ന നിലയിൽ, കഷ്ടത, പീഡനം, നിസ്സംഗത, വഞ്ചന, ഏകാന്തത, കല്ലേറ്, മർദനം, കപ്പൽ തകർച്ച, നഗ്നത, ദാരിദ്ര്യം, ഉറക്കമില്ലായ്മ, കടുത്ത സമ്മർദം എന്നിവ അനുഭവിക്കേണ്ടി വരുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

എന്താണ് പൗലൊസിനെ വീഴാതെ പിടിച്ചു നിർത്തിയത്? നമ്മെ പുലർത്തും എന്ന് വാഗ്ദത്തം ചെയ്യുന്ന ദൈവത്തിലുള്ള തികഞ്ഞ വിശ്വാസമായിരുന്നു അത് എന്ന് ഞാൻ വിശ്വസിക്കുന്നു. തൻ്റെ ജീവിതാവസാനത്തിൽ അദ്ദേഹത്തിന് ഇങ്ങനെ പറയാൻ കഴിഞ്ഞു, “ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്‍റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ ശക്തന്‍ എന്ന് ഉറച്ചുമിരിക്കുന്നു” (2 തിമൊഥെയൊസ് 1:12)..

പഴയ നിയമത്തിൽ നാം വായിക്കുന്നു, “സ്ഥിരമാനസന്‍ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3). പുതിയ നിയമം ആവർത്തിച്ച് സ്ഥിരീകരിക്കുന്നതു പോലെ ആ വാഗ്ദത്തം ഇന്നും നമുക്ക് ബാധകമാണ്.

സുഹൃത്തേ, നിങ്ങൾ ഒരു പ്രയാസമുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുന്നുണ്ടോ? നിങ്ങളെ നിരുത്സാഹപ്പെടുത്താനോ പരാജയപ്പെടുത്താനോ അല്ല ദൈവം ഈ സാഹചര്യം ജീവിതത്തിൽ കടന്നു വരാൻ അനുവദിച്ചിട്ടുള്ളത്. ഞാനും നിങ്ങളും അഭിമുഖീകരിക്കുന്ന ഓരോ പരീക്ഷണങ്ങളും, എന്തുതന്നെ സംഭവിച്ചാലും, നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്നത് ദൈവമാണെന്ന് ബോധ്യപ്പെടുത്തുന്ന അവസരങ്ങളാണ്.

ദൈവം തന്നോടുള്ള കരുതൽ നാടകീയമായ വിധത്തിൽ പ്രകടമാക്കുന്നത് ഹിസ്കീയാ രാജാവ് ദർശിച്ചു. യെശയ്യാവ് 37 വായിക്കുക, ഗുരുതരമായ പ്രശ്നം അഭിമുഖീകരിച്ചപ്പോൾ ഹിസ്കീയാ രാജാവ് സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തുക.

    1. തനിക്കൊരു പ്രശ്നമുണ്ടെന്ന് ഹിസ്കീയാവ് സമ്മതിച്ചു (37:1).
    2. ദൈവവചനം തൻ്റെ പ്രശ്നത്തെക്കുറിച്ച് എന്ത് പറയുന്നു എന്ന് അവൻ അന്വേഷിച്ചു (37:2-7).
    3. തൻ്റെ വീക്ഷണത്തെ വികലമാക്കാൻ അവൻ യാതൊന്നിനെയും അനുവദിച്ചില്ല (37:8-13).
    4. അവൻ ദൈവത്തോട് പ്രാർത്ഥിച്ചു – ആദ്യം അവനെ ആരാധിച്ചു, തുടർന്ന് തൻ്റെ അപേക്ഷ സമർപ്പിച്ചു, ഒടുവിൽ ദൈവം മഹത്വപ്പെടണമെന്ന് അപേക്ഷിക്കുകയും ചെയ്തു (37:14-20).

നിങ്ങൾ ഒരു ബുദ്ധിമുട്ടോ പരീക്ഷണമോ നേരിടുമ്പോൾ ഇതേ മാർഗങ്ങൾ ഉപയോഗിക്കുക. കഠിനമായ ഇടങ്ങളിലാണ് നാം അവനെ നന്നായി അറിയുന്നത് എന്ന് ഓർക്കുക.

banner image

ദൈ വത്തോടുള്ള അനുസരണം ശീലമാക്കുന്നതിനുള്ള ആദ്യപടി അവൻ്റെ പാപക്ഷമ അനുഭവിക്കുക എന്നതാണ്. രക്ഷയ്ക്കോ ദൈനംദിന കൂട്ടായ്മയ്ക്കോ വേണ്ടിയുള്ള പാപക്ഷമയ്ക്ക് കുറ്റസമ്മതം അനിവാര്യമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. ഈ ഏറ്റു പറച്ചിലിൽ മാനസാന്തരവും ആവശ്യമെങ്കിൽ നഷ്ടപരിഹാരവും ഉൾപ്പെടുന്നു.

മാനസാന്തരമില്ലാത്ത കുറ്റസമ്മതം വഞ്ചനയാണ്. “തൻ്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും” എന്ന് സദൃശവാക്യങ്ങൾ 28:13 ൽ നാം വായിക്കുന്നു.

കുറ്റസമ്മതത്തിൽ ചിലപ്പോൾ നഷ്ടപരിഹാരവും ഉൾപ്പെടുന്നു (പുറപ്പാട് 22:1-15). സാധാരണയായി ഇത് ഏറ്റുപറച്ചിലിൻ്റെ മറന്നുപോകുന്ന വശമാണ്. എന്നാൽ നമ്മുടെ പാപം ആരുടെയെങ്കിലും അവകാശമായ എന്തെകിലും (ചരക്കുകളോ പണമോ സത്യസന്ധമായ പ്രയത്‌നമോ ആകട്ടെ) നഷ്ടപ്പെടുത്തിയാൽ, നാം നീരസപ്പെട്ട വ്യക്തിയോട് ക്ഷമാപണം നടത്തുക മാത്രമല്ല, എത്രയും വേഗം അയാൾക്ക് പണം തിരികെ നൽകാനും ശ്രമിക്കണം.

തങ്ങളുടെ പാപങ്ങൾ യഥാർത്ഥത്തിൽ ഏറ്റുപറയുന്നവരോട് ദൈവം സൗജന്യമായി ക്ഷമിക്കുന്നു എന്നുള്ള സുവാർത്തയാണ് തിരുവെഴുത്തിൻ്റെ ഭംഗി. യെഹൂദാരാജാവായി സേവിച്ചവരിൽ ഏറ്റവും ദുഷ്ടനായ ഒരാളായിരുന്നു മനശ്ശെ. അവൻ ഹിസ്കീയാവിൻ്റെ പരിഷ്കാരങ്ങളെ അട്ടിമറിച്ച്, ദൈവം നശിപ്പിച്ച ജനതകളെക്കാൾ തീക്ഷ്ണതയോടെ വ്യാജദൈവങ്ങളെ സേവിച്ചു (2 ദിനവൃത്താന്തം 33:1-9). എന്നാൽ അശ്ശൂർ തന്നെ കീഴടക്കിയതിനു ശേഷം, മനശ്ശെ യഹോവയുടെ മുമ്പാകെ തന്നെത്തന്നെ താഴ്ത്തി, ദൈവം അവനോട് ക്ഷമിച്ചു!

banner image

തന്നെത്താൻ താഴ്ത്തിയ ഒരു ദുഷ്ടനായ രാജാവിനോട് ക്ഷമിക്കാൻ ദൈവത്തിന് കഴിയുമെങ്കിൽ, നാം നമ്മുടെ പാപങ്ങളെ സത്യസന്ധമായി ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുമ്പോൾ അവൻ തീർച്ചയായും നമ്മോട് ക്ഷമിക്കും. ഏറ്റുപറച്ചിൽ എളിമപ്പെടുത്തുന്നതാണ്, എന്നാൽ “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9). ഈ വാക്യം പഠിക്കുകയും ഇടയ്ക്കിടെ ഉപയോഗിക്കുകയും ചെയ്യുക.

മനഃപാഠമാക്കേണ്ട വാക്യങ്ങളുടെ പട്ടികയിലേക്ക് ചേർക്കാവുന്ന മറ്റൊരു നല്ല വചനം ഇതാ: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” (എബ്രായർ 10:17). സർവജ്ഞനായ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, അവ എന്നേക്കും മറക്കുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു എന്നത് എത്ര സവിശേഷമാണ്!

സ്വാതന്ത്ര്യത്തിനായുള്ള ദൈവത്തിൻ്റെ അതിരുകൾ

അർജൻ്റീനയിലെ കുട്ടിക്കാലത്ത്, ദൈവത്തിൻ്റെ കല്പനകൾ, പ്രത്യേകിച്ച് പത്ത് കല്പനകൾ, നിയമവാദപരമായി പഠിപ്പിക്കപ്പെട്ടിരുന്നു, അതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബിരുദതല ബൈബിൾ പഠനം പൂർത്തിയാക്കുന്നതു വരെ അവയെക്കുറിച്ച് ഗൗരവമായ പഠനം ഞാൻ ഒഴിവാക്കി. എത്ര കുറച്ച് മാത്രമേ അവയെ പറ്റി എഴുതപ്പെട്ടിട്ടുള്ളു എന്ന് ഞാൻ അക്കാലത്ത് കണ്ടെത്തി.

നമ്മുടെ പാപസ്വഭാവം മനോഹരമായതിനെ ദുഷിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. “വിശുദ്ധവും ന്യായവും നല്ലതും” (റോമർ 7:12) എന്ന് അപ്പൊസ്തലനായ പൗലൊസ് വിളിച്ച ദൈവത്തിൻ്റെ ധാർമിക നിയമത്തെ നാം അടിച്ചമർത്തുന്ന നിയമവാദമാക്കി മാറ്റുന്നു. അതു കൊണ്ടായിരിക്കാം പത്തു കൽപനകളുടെ കേവല പരാമർശത്തിൽ ചിലർ നെറ്റി ചുളിക്കുന്നത്.

banner image

“ഞായറാഴ്ചകളിൽ എപ്പോഴെങ്കിലും ഞാൻ പുറത്ത് കളിക്കാൻ ആഗ്രഹിച്ചാൽ ബഹളം വച്ചിരുന്ന മുത്തശിയെ അവ ഓർമിപ്പിക്കുന്നു,” ഒരാൾ സമ്മതിച്ചു.

ദൈവത്തിൻ്റെ വാക്കുകൾക്ക് ഒരിക്കലും ഇത്തരം പ്രതികരണങ്ങൾ ഉളവാകാൻ ഇടയാകരുത്. നമുക്ക് ദൈവത്തിൻ്റെ ധാർമിക നിയമത്തിലേക്ക് മടങ്ങി പോകാം, ദൈവകൽപനകളുടെ ഭംഗി വളച്ചൊടിച്ച ആത്മാർത്ഥതയുള്ള എന്നാൽ പാപികളായ മനുഷ്യരുടെ ചങ്ങലകളെ കുടഞ്ഞ് കളയാം.

banner image

യഹോവ യിസ്രായേലിന് പത്ത് കൽപനകൾ നൽകിയപ്പോൾ, ചുരുക്കത്തിൽ അവൻ പറയുന്നത്, “കേൾക്ക, യിസ്രായേലേ! ഞാൻ നിങ്ങളെ അടിമത്തത്തിൽ നിന്ന് പുറത്തു കൊണ്ടുവന്നത് നിങ്ങൾക്ക് മറ്റൊരു അടിമത്തം ഉണ്ടാക്കാനല്ല, നിങ്ങളെ മോചിപ്പിക്കാനാണ്. ഞാൻ നിങ്ങൾക്ക് നൽകാൻ പോകുന്ന അതിരുകൾക്കുള്ളിൽ നിങ്ങൾ തുടരുകയാണെങ്കിൽ, നിങ്ങൾ സ്വതന്ത്രരാകും. നിങ്ങൾക്ക് ആവിഷ്ക്കരിക്കാൻ ധാരാളം ഇടമുണ്ടാകും. അതിനാൽ ഞാൻ നിങ്ങൾക്ക് നൽകിയതെല്ലാം ആസ്വദിക്കുക.”

ദൈവത്തിൻ്റെ പ്രസ്താവനയിൽ ഒരു മുന്നറിയിപ്പ് ഉൾപ്പെടുന്നു. ഫലത്തിൽ അത് പറയുന്നു: “നിങ്ങൾ അതിരിനുള്ളിൽ കഴിയുന്നിടത്തോളം സ്വതന്ത്രരായിരിക്കും, എന്നാൽ ഒരിക്കൽ അതിരുകൾ നീട്ടാനോ അവ മറികടക്കാനോ ശ്രമിച്ചാൽ, ഒരിക്കൽ കൂടി അടിമത്തത്തിലായി പോകും.”

തൻ്റെ എല്ലാ കൽപനകളും വീക്ഷിക്കപ്പെടാൻ ദൈവം ഉദ്ദേശിക്കുന്നത് ഈ വിധത്തിലാണെന്ന് എനിക്ക് ബോധ്യമുണ്ട്. അപ്പൊസ്തലനായ യോഹന്നാൻ നമ്മെ ഓർമിപ്പിക്കുന്നു, “അവൻ്റെ കല്പനകൾ ഭാരമുള്ളവയല്ല” (1 യോഹന്നാൻ 5:3). അവ ജീവനാണ്!

എന്നാൽ ഉറപ്പായും പത്ത് കൽപനകൾ അനുസരിച്ച് ജീവിക്കുന്നത് നമുക്ക് രക്ഷ നൽകുന്നില്ല. നാമെല്ലാവരും പാപികളും (റോമർ 3:23) ഒരു രക്ഷകനെ ആവശ്യമുള്ളവരുമാണ് (റോമർ 5:8). നാം എത്ര പരിശ്രമിച്ചാലും പത്ത് കൽപനകൾ പൂർണമായി പാലിക്കാൻ കഴിയില്ല എന്നാണ് ബൈബിളും അനുഭവവും നമ്മെ പഠിപ്പിക്കുന്നത് (റോമർ 7:1-8:4).

സ്നേഹവും സ്വാതന്ത്ര്യവും അനുസരണവും ഉള്ള ഒരു ജീവിതം പണിയുന്നതിന് അടിത്തറയിടുക എന്നതാണ് ദൈവകൽപനകളുടെ ഉദ്ദേശ്യം.

ദൈവത്തിൽ നിന്നുള്ള ഒരു കൽപനയെക്കുറിച്ച് ധ്യാനിക്കാൻ കുറച്ച് സമയം ചെലവഴിക്കുക. പുറപ്പാട് 20:1-17 ലെ പത്ത് കൽപനകളിൽ നിന്ന് ആരംഭിക്കുക. നിങ്ങൾ പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക: ഒന്നാമതായി, ഓരോ കൽപനയും ദൈവത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? രണ്ടാമതായി, ഓരോ കൽപനയും എന്തിൽ നിന്നാണ് എന്നെ മോചിപ്പിക്കുന്നത്? മൂന്നാമതായി, ഓരോ കൽപനയും എന്നെ എങ്ങനെ സംരക്ഷിക്കുന്നു? അവസാനമായി, സ്നേഹം ന്യായപ്രമാണത്തിൻ്റെ നിവൃത്തിയാണെങ്കിൽ (ഗലാത്യർ 5:14), പിന്നെ ഓരോ കൽപനയും സ്നേഹത്തെക്കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത്?

ഈ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകി കഴിഞ്ഞാൽ, നിങ്ങൾ ദൈവത്തിൻ്റെ കൽപനകളെ ഒരു പുതിയ വീക്ഷണത്തോടെ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു. സങ്കീർത്തനക്കാരൻ പറയുന്നതുപോലെ, “നിൻ്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ” (സങ്കീർത്തനം 119:35).

banner image

“ഇത് ഏറ്റവും നല്ല സമയമോ മോശം സമയമോ ആകട്ടെ, നമുക്ക് ലഭിച്ച ഒരേയൊരു സമയം ഇതാണ്” എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ദൈവത്തിൻ്റെ സ്ഥാനാപതികൾ എന്ന നിലയിൽ നമുക്കത് ഒരു നല്ല ഓർമപ്പെടുത്തലാണ്. ചരിത്രത്തിലെ നമ്മുടെ നിമിഷമാണത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന സമയത്ത് ദിവസവും നാം കർത്താവിനെ ശുശ്രൂഷിക്കണം. എന്നാൽ നമുക്കെങ്ങനെ അത് ചെയ്യാം? ക്രിസ്തുവിൻ്റെ യഥാർത്ഥമായ വിജയം വരിക്കുന്ന ഒരു സ്ഥാനാപതിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?

വേണ്ടത്ര കഠിനാധ്വാനം ചെയ്യുകയും ദീർഘനേരം പ്രാർത്ഥിക്കുകയും ചെയ്താൽ തങ്ങൾ വിജയിക്കുമെന്ന് അനവധി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നുണ്ട്. എന്നാൽ നിയമവാദത്തിൻ്റെ സത്തയാണിത്. ഒരു എബ്രായ അടിമ അടിച്ച ഈജിപ്തുകാരനെ മോശെ കൊന്നപ്പോൾ ഇതു തന്നെയായിരുന്നു അവസ്ഥ. മോശെ തൻ്റെ സ്വന്തം ശക്തിയിൽ – മനുഷ്യശക്തിയുടെ ആയുധങ്ങളിൽ – ആശ്രയിച്ചു.

1960 ൽ ബൈബിൾ പഠനത്തിനായി അമേരിക്കയിൽ വന്നപ്പോൾ എൻ്റെ അവസ്ഥ ഇതായിരുന്നു. പെട്ടെന്ന് പൂർത്തീകരിച്ച് കാണാൻ ഞാൻ ആഗ്രഹിച്ച വലിയ സ്വപ്നങ്ങൾ എനിക്ക് ഉണ്ടായിരുന്നു. എൻ്റെ അക്ഷമ കർത്താവിൻ്റെ ശക്തിയിലല്ല, സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ എന്നെ പ്രേരിപ്പിച്ചു.

ക്രിസ്മസ് അവധിക്ക് മുമ്പുള്ള അവസാന ചാപ്പൽ ശുശ്രൂഷകളിൽ ഒന്നിൽ, ഇംഗ്ലണ്ടിലെ ടോർച്ച് ബെയറേഴ്സിൻ്റെ സ്ഥാപകനായ മേജർ ഇയാൻ തോമസായിരുന്നു ഞങ്ങളുടെ സ്പീക്കർ. “ദൈവം മുൾപ്പടർപ്പിൽ ഉള്ളിടത്തോളം ഏതൊരു മുൾപ്പടർപ്പും ഗുണം ചെയ്യും” എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വിഷയം. അദ്ദേഹത്തിൻ്റെ പരാമർശം, തീർച്ചയായും, മോശെയോട് സംസാരിക്കാൻ കത്തുന്ന ഒരു മുൾപ്പടർപ്പ് ദൈവം തിരഞ്ഞെടുത്തതിനെ സൂചിപ്പിച്ചു.

താൻ ഒന്നുമല്ലെന്ന് തിരിച്ചറിയാൻ മോശെയ്ക്ക് മരുഭൂമിയിലെ 40 വർഷങ്ങൾ വേണ്ടിവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എനിക്ക് മനോഹരമായതോ വിദ്യാഭ്യാസമുള്ളതോ വാഗ്സാമർത്ഥ്യമുള്ളതോ ആയ മുൾപ്പടർപ്പ് ആവശ്യമില്ല. നിന്നെ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ നിന്നെ ഉപയോഗിക്കുന്നു. നീ എനിക്കായി എന്തെങ്കിലും ചെയ്യുന്നതല്ല, ഞാൻ നിന്നിലൂടെ എന്തെങ്കിലും ചെയ്യുന്നതായിരിക്കും അത്,” ദൈവം മോശെയോട് പറയാൻ ശ്രമിച്ചു.

മരുഭൂമിയിലെ മുൾപ്പടർപ്പ് ഇലകളില്ലാത്ത ഒരു കൂട്ടം ഉണങ്ങിയ വിറകുകളാണെന്ന് മേജർ തോമസ് നിർദ്ദേശിച്ചു, എന്നിട്ടും ദൈവം അതിൽ ഉണ്ടായിരുന്നതിനാൽ മോശെയ്ക്ക് ചെരിപ്പ് അഴിച്ചുമറ്റേണ്ടിവന്നു.

ഞാൻ ആ സാധാ മുൾപ്പടർപ്പു പോലെയായിരുന്നു. ദൈവത്തിന് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. എൻ്റെ വായന, പഠനം, ചോദ്യങ്ങൾ ആരായൽ, മറ്റുള്ളവരെ മാതൃകയാക്കാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം വിലയില്ലാത്തതായിരുന്നു. ദൈവം എന്നിൽ ഇല്ലെങ്കിൽ എൻ്റെ ശുശ്രൂഷയിലെ എല്ലാം വിലയില്ലാത്തതായിരുന്നു. എനിക്ക് വളരെ നിരാശ തോന്നിയതിൽ അതിശയക്കാനില്ല: അമാനുഷികമായ എന്തെങ്കിലും സംഭവിപ്പിക്കാൻ അവനു മാത്രമേ കഴിയൂ.

ദൈവം എന്നിൽ ഇല്ലെങ്കിൽ എൻ്റെ ശുശ്രൂഷയിലെ എല്ലാം വിലയില്ലാത്തതായിരുന്നു. എനിക്ക് വളരെ നിരാശ തോന്നിയതിൽ അതിശയക്കാനില്ല: അമാനുഷികമായ എന്തെങ്കിലും സംഭവിപ്പിക്കാൻ അവനു മാത്രമേ കഴിയൂ.

മേജർ തോമസ് ഗലാത്യർ 2:20 പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ, വ്യക്തത വന്നു: “ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.”

എന്നിലല്ല, ഉയിർത്തെഴുന്നേറ്റ സർവശക്തനായ യേശുക്രിസ്തുവിനെ ആശ്രയിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. കൂടുതൽ പോരാടേണ്ട ആവശ്യം ഇല്ലാതിരുന്നതിനാൽ എനിക്ക് വളരെയധികം സമാധാനം ഉണ്ടായിരുന്നു. ഒടുവിൽ ദൈവം ഈ മുൾപ്പടർപ്പിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

ഒരു പക്ഷേ, ഇന്നത്തെ നിങ്ങളുടെ അവസ്ഥ അങ്ങനെയായിരിക്കാം. യേശുക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം നിമിത്തം നമ്മുടെ ആന്തരിക ആശ്രയം ദൈവം തന്നെയാണ് എന്ന് ഓർക്കുക (കൊലൊസ്സ്യർ 2:15). ഈ ധാരണയിൽ നിന്നാണ് സ്വന്തം മൂല്യത്തെ പറ്റിയുള്ള ഒരു ദൈവിക ബോധം വരുന്നത്. നാം ദൈവത്തിൻ്റെ മക്കളാണ്, അവൻ്റെ ദാസരാണ്!

വലിയ സ്വപ്നങ്ങൾ കാണുക

എനിക്ക് 17 വയസ്സുള്ളപ്പോൾ, ബൈബിളിനെ ഗൗരവമായി എടുക്കാൻ തുടങ്ങിയ സമയത്ത്, ഒരു പ്രത്യേക വാക്യം എന്നെ അലട്ടി. ആ വാക്യത്തിൽ പറഞ്ഞിരിക്കുന്നത് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. മെച്ചപ്പെട്ട ഒരു അവതരണം കണ്ടെത്താൻ കഴിയുമോ എന്നറിയാൻ നിരവധി പരിഭാഷകൾ ഞാൻ പരിശോധിച്ചു. എന്നാൽ ഓരോ പരിഭാഷയിലും ആ വചനം അടിസ്ഥാനപരമായി ഒരു പോലെയാണ്: “ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട് അതില്‍ വലിയതും അവന്‍ ചെയ്യും”(യോഹന്നാൻ 14:12).

banner image

കർത്താവായ യേശുവിൻ്റെ അധരങ്ങളിൽ നിന്നുള്ള അതിശയകരവും അവിശ്വസനീയവുമായ ഒരു വാഗ്ദാനമാണത്. പല തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിൽ അത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ടോ?

അർജൻ്റീനയിലെ കൗമാരക്കാലത്ത് ക്രിസ്തുവിനെ അറിയാത്തവരോട് സുവിശേഷം പങ്കിടുന്നതിൽ ഞാൻ നൈരാശ്യം അനുഭവിച്ചു. കർത്താവേ, ക്രിസ്തുവില്ലാത്ത ദശലക്ഷക്കണക്കിന് ആളുകൾ ഈ രാജ്യത്ത് ഉണ്ട്, ഞാൻ കരുതി. എന്നിട്ടും ഞായറാഴ്ച തോറും നാം ഇവിടെ ഇരുന്ന്, അതേ ആളുകൾ ഒരേ കാര്യം ചെയ്ത് ഒരേ തുച്ഛമായ ഫലങ്ങൾ കാണുന്നു. നാം ഇറങ്ങി ചെല്ലേണ്ടതുണ്ട്.

ഞങ്ങളിൽ പലരും ഒരുമിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി, “കർത്താവേ, ഞങ്ങളെ ഇവിടെ നിന്ന് പുറത്തു കൊണ്ടു പോകൂ. എന്തെങ്കിലും ചെയ്ത് ഞങ്ങളെ ഉപയോഗിക്കണമേ.”

അതിനാൽ ഞങ്ങളിൽ പലരും ഒരുമിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി, “കർത്താവേ, ഞങ്ങളെ ഇവിടെ നിന്ന് പുറത്തു കൊണ്ടു പോകൂ. എന്തെങ്കിലും ചെയ്ത് ഞങ്ങളെ ഉപയോഗിക്കണമേ.” പതുക്കെ, എൻ്റെ ഹൃദയത്തിലും മറ്റുള്ളവരുടെ ഹൃദയത്തിലും ഒരു ദർശനം വളരാൻ തുടങ്ങി – ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാനുള്ള ഒരു ദർശനം.

എൻ്റെ ചില സ്വപ്നങ്ങൾ വളരെ വന്യമായിരുന്നു. ഞാൻ അവയെക്കുറിച്ച് അമ്മയോടല്ലാതെ ആരോടും പറഞ്ഞില്ല, അവരോട് പോലും ഞാൻ എല്ലാം പറഞ്ഞിട്ടില്ല. അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു, “കർത്താവിൽ നിന്നുള്ള ഒരു പ്രത്യേക സന്ദേശം നിങ്ങൾക്ക് ആവശ്യമില്ല. എല്ലാവരോടും സുവാർത്ത പ്രസംഗിക്കാൻ അവൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്തരവിട്ടു. അതിനാൽ പോകുക. കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കരുത്.”

അങ്ങനെ സാവധാനം ചെറിയ രീതിയിൽ ഞങ്ങൾ സുവിശേഷം പറയാൻ തുടങ്ങി. സുവിശേഷം പങ്കിടാനുള്ള ഞങ്ങളുടെ മഹത്തായ സ്വപ്നങ്ങളെ കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കർത്താവ് എങ്ങനെ നിറവേറ്റിയെന്ന് ഞാൻ ഇപ്പോൾ നിരന്തരം ആശ്ചര്യപ്പെടുന്നു. “ദൈവത്തിനു സ്തുതി!” ഞങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. “അത് സംഭവിക്കുന്നു! സുവിശേഷം പ്രചരിപ്പിക്കപ്പെടുന്നു!”

വിശ്വാസം ഉണ്ടായിരിക്കാൻ കർത്താവ് നമ്മെ വെല്ലുവിളിക്കുന്നു – കൂടുതൽ വിശ്വാസം ഉണ്ടായിരിക്കണമെന്നില്ല, മറിച്ച് അവനിൽ വിശ്വസിക്കുക. അത് തുടർന്ന് കൊണ്ടിരിക്കുന്ന വിശ്വാസമാണ്.

ഇന്ന് ക്രിസ്തു നിങ്ങളെയും എന്നെയും തൻ്റെ സ്ഥാനാപതികളായി വലിയ സ്വപ്നങ്ങൾ കാണാൻ വിളിക്കുന്നു. കാരണം അവനിൽ വിശ്വസിക്കുന്ന ആർക്കും അവൻ ചെയ്ത മഹത്തായ പ്രവൃത്തികൾ ചെയ്യാൻ കഴിയും, മനുഷ്യരെ ദൈവവുമായി നിരപ്പാക്കാൻ കഴിയും.

അതെങ്ങനെ സാധിക്കും? ഈ വാഗ്ദത്തിൻ്റെ താക്കോൽ രണ്ട് രീതിയിലാണ്.

ഒന്നാമതായി, ക്രിസ്തു പിതാവിൻ്റെ അടുക്കൽ പോയതിനാൽ, നമ്മിൽ വസിക്കാൻ അവൻ പരിശുദ്ധാത്മാവിനെ അയച്ചു. ഇപ്പോൾ ആത്മാവ് വിശ്വാസികളായ നമ്മിൽ വസിക്കുന്നു, ക്രിസ്തു നമ്മിലൂടെ അവൻ്റെ പ്രവൃത്തികൾ ചെയ്യുന്നു!

രണ്ടാമത്, ക്രിസ്തു തൻ്റെ വാഗ്ദാനത്തോട് ഒരു വ്യവസ്ഥ കൂട്ടിച്ചേർക്കുന്നു: “ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും.” വിശ്വാസം ഉണ്ടായിരിക്കാൻ കർത്താവ് നമ്മെ വെല്ലുവിളിക്കുന്നു – കൂടുതൽ വിശ്വാസം ഉണ്ടായിരിക്കണമെന്നില്ല, മറിച്ച് അവനിൽ വിശ്വസിക്കുക.

അത് തുടർന്ന് കൊണ്ടിരിക്കുന്ന വിശ്വാസമാണ്. മറ്റൊരു പരിഭാഷ ഇപ്രകാരം പറയുന്നു: “എന്നിൽ വിശ്വസിക്കുന്നത് തുടരുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തി ചെയ്യും.”

ജീവിതത്തിൽ വലിയ കാര്യങ്ങൾ സംഭവിക്കുന്നത് കാണുന്നത് നിങ്ങൾ നിർത്തിയോ? ദൈവത്തോടൊപ്പം, “ഏത് പഴയ മുൾപ്പടർപ്പും ഫലപ്രദമാണ്” എന്ന് തിരിച്ചറിയുക. ക്രിസ്തുവിൻ്റെ വേല തുടർന്ന് കൊണ്ട് അവൻ നിങ്ങളിലൂടെ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുക.

banner image

നി ങ്ങളുടെ ദർശനം എത്ര വലുതാണ്? നമ്മുടെ തലമുറയിലെ ലോകത്തെ യേശുക്രിസ്തുവിനായി നേടാൻ സഹായിക്കുന്നതിന് നിങ്ങളിലൂടെ ദൈവത്തിന് എന്തു ചെയ്യാനാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? ഓസ്വാൾഡ് സ്മിത്ത് പറഞ്ഞതുപോലെ, ഈ തലമുറയിലേക്കിറങ്ങാൻ കഴിയുന്ന ഒരേയൊരു തലമുറ നമ്മുടെ തലമുറയാണ്.

യഹൂദ്യ മുതൽ ഫിനീഷ്യ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തേക്ക് കർത്താവ് തൻ്റെ പരസ്യ ശുശ്രൂഷ പരിമിതപ്പെടുത്തിയെങ്കിലും, അവൻ സകല ലോകത്തിനും വേണ്ടിയാണ് വരികയും ജീവിക്കുകയും മരിക്കുകയും ചെയ്തത്. തൻ്റെ പുനരുത്ഥാനത്തിനു ശേഷം, “സകല ജാതികളെയും ശിഷ്യരാക്കാൻ” അവൻ തൻ്റെ ശിഷ്യൻമാരെ നിയോഗിച്ചു (മത്തായി 28:19). അവൻ അവരെ ആദ്യം യെരുശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഒടുവിൽ ഭൂമിയുടെ അറ്റത്തോളവും തൻ്റെ സ്ഥാനാപതികളായി അയച്ചു (അപ്പൊ. പ്രവൃത്തികൾ 1:8).

ക്രിസ്തുവിൻ്റെ അവസാനത്തെ കൽപനകൾ ദൈവം എങ്ങനെ നിറവേറുമെന്ന് സ്വപ്നം കാണാൻ ആ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ മടിച്ചു. അപ്പൊസ്തലനായ പൗലൊസ് തൻ്റെ ജീവിതം യാത്രയ്ക്കും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുമായി സമർപ്പിച്ചു കൊണ്ട് അവരുടെ അലംഭാവത്തെ വെല്ലുവിളിച്ചു.

ക്രിസ്തീയ ജീവിതത്തിൽ സുവിശേഷീകരണം ഇച്ഛാനുസരണം തിരഞ്ഞെടുക്കേണ്ട ഒന്നല്ല.

റോമർ 15 ൽ സുവിശേഷീകരണത്തിനുള്ള തൻ്റെ ദർശനം പൗലൊസ് വിശദീകരിച്ചു. “അങ്ങനെ ഞാന്‍ യെരൂശലേംമുതല്‍ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്‍റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു” (റോമർ 15:19) എന്ന് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. പൗലൊസ് മുഴുവൻ പ്രവിശ്യകളെയും സുവിശേഷത്താൽ പൂരിതമാക്കിയെന്ന് അദ്ദേഹത്തിൻ്റെ ശത്രുക്കൾ പോലും സമ്മതിച്ചു (അപ്പൊ. പ്രവൃത്തികൾ 19:26).

ലോകത്തിലെ മറ്റ് ഭാഗങ്ങളെ അവഗണിച്ച് ഒരു ചെറിയ പ്രദേശത്ത് മാത്രം സുവിശേഷം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പൗലൊസ് തൃപ്തനായില്ല. റോമൻ സാമ്രാജ്യം മുഴുവൻ എത്താനുള്ള ഉപായം അദ്ദേഹത്തിനുണ്ടായിരുന്നു. “ഇപ്പോഴോ എനിക്ക് ഈ ദിക്കുകളില്‍ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന്‍ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്‍മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു” (റോമർ 15:23‭-‬24).‬‬

പൗലൊസ് തൻ്റെ യാത്ര വിശദീകരിച്ചു. റോമിലേക്കുള്ള യാത്രാമധ്യേ താൻ നിർത്തുന്ന എല്ലാ പ്രധാന നഗരങ്ങളെയും അദ്ദേഹം ഭാവനയിൽ കണ്ടു. സ്വാധീനമുള്ള ഈ തലസ്ഥാന നഗരത്തെ ജനങ്ങളെ ക്രിസ്തുവിലേക്ക് നേടുവാൻ അദ്ദേഹം ആഗ്രഹിച്ചു (ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങൾ ദൈവത്തിൻ്റെ ശബ്ദം കേൾക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നതു പോലെ). എന്നാൽ റോമിന് പുറത്ത് അറിയപ്പെടുന്ന ലോകം മുഴുവൻ യേശുക്രിസ്തുവിൻ്റെ സുവിശേഷവുമായി എത്തിച്ചേരാൻ പൗലൊസ് ആത്യന്തികമായി ആഗ്രഹിച്ചു.

ദൈവത്തിൻ്റെ സ്ഥാനാപതികൾ എന്ന നിലയിൽ ലോകമെമ്പാടും കഴിയുന്നത്ര മനുഷ്യരെ യേശുക്രിസ്തുവിനായി നേടുക എന്നതായിരിക്കണം നമ്മുടെ ദർശനം. ക്രിസ്തീയ ജീവിതത്തിൽ സുവിശേഷീകരണം ഇച്ഛാനുസരണം തിരഞ്ഞെടുക്കേണ്ട ഒന്നല്ല. പൗലൊസ് സമ്മതിക്കുന്നു, “ഞാന്‍ സുവിശേഷം അറിയിക്കുന്നു എങ്കില്‍ എനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല. നിര്‍ബന്ധം എന്‍റെമേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം!” (1 കൊരിന്ത്യർ 9:16). പ്രസംഗിച്ചു കൊണ്ടോ പ്രാർത്ഥിച്ചു കൊണ്ടോ ലോകമെമ്പാടും യാത്രചെയ്തോ അയൽക്കാരോട് സംസാരിച്ചോ യേശുക്രിസ്തുവിലേക്ക് ലോകത്തെ നേടുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ടായിരിക്കണം.

മഹത്തായ പദ്ധതികൾ ആവിഷ്ക്കരിക്കുക

പുതിയ വിശ്വാസികൾ എന്ന നിലയിൽ നാം ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ ആവേശഭരിതരാണ്. പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമ്പോൾ നാം ആഹ്ലാദിക്കുന്നു. ദൈവത്തിൻ്റെ മഹത്തായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവചരിത്രങ്ങളും പുസ്തകങ്ങളും നമ്മുടെ വിശ്വാസത്തിൽ പ്രവർത്തിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു. എന്നാൽ കാലക്രമേണ, ക്രിസ്തീയ ജീവിതത്തിൻ്റെ സന്തോഷം നഷ്ടപ്പെടുകയും അത് വിരസമാവുകയും ചെയ്യുന്നു.

ചിലപ്പോൾ നാം കഠിനരും നിന്ദിക്കുന്നവരും ആയിത്തീരും. ദൈവം ചെയ്യുന്ന അദ്ഭുതകരമായ കാര്യങ്ങൾ നിസ്സാരമായി നമുക്ക് തോന്നുന്നു. “ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട് അതില്‍ വലിയതും അവന്‍ ചെയ്യും” (യോഹന്നാൻ 14:12) എന്ന് പറയുമ്പോൾ കർത്താവായ യേശുക്രിസ്തു അലംഭാവം ഉപേക്ഷിക്കാൻ നമ്മെ വെല്ലുവിളിക്കുകയാണ്.

ഈ വർഷം നിങ്ങളുടെ പ്രദേശത്തുള്ള ഓരോ പുരുഷനും സ്ത്രീയും കുഞ്ഞും യേശുക്രിസ്തുവിൻ്റെ സുവിശേഷം വ്യക്തമായി പ്രഘോഷിക്കുന്നത് കേട്ട് അവരുടെ ജീവിതം അവനിൽ സമർപ്പിച്ചാൽ എന്ത് സംഭവിക്കും?

നാം അവൻ്റെ മഹത്വത്തെക്കുറിച്ച് സ്വപ്നം മാത്രം കണ്ടിരിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നില്ല. ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ നാം വലിയ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് അവൻ ആഗ്രഹിക്കുന്നു.

ആരോ പറഞ്ഞതുപോലെ, “കർത്താവിന് എന്തും ചെയ്യാൻ കഴിയുമെന്ന് നാം വിശ്വസിക്കുന്നു, പക്ഷേ അവൻ ഒന്നും ചെയ്യില്ലെന്ന് നാം പ്രതീക്ഷിക്കുന്നു.” നമ്മുടെ ജീവിതം യേശുക്രിസ്തുവിന് സമർപ്പിച്ചതിനു ശേഷം, വലിയ കാര്യങ്ങൾക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് തുടരുന്നതിനു പകരം നാം അവനെ സംശയിക്കുന്നു. വലിയ പദ്ധതികൾ ഒന്നും ഉണ്ടാക്കുന്നില്ല.

ദൈവം നമ്മെ വീണ്ടും ഉപയോഗിക്കുന്നതിന്, ഈ അവിശ്വാസം സമ്മതിച്ച് നാം ഏറ്റുപറയണം, “കർത്താവായ യേശുവേ, നിൻ്റെ ശക്തിയെക്കുറിച്ചുള്ള എൻ്റെ ദർശനം പുതുക്കണമേ. നിൻ്റെ കഴിവിൽ എനിക്കുള്ള വിശ്വാസം പുതുക്കണമേ. നിൻ്റെ വിഭവങ്ങളിലുള്ള എൻ്റെ വിശ്വാസം പുതുക്കണമേ.” എന്നിട്ട് വീണ്ടും സ്വപ്നം കാണുകയും പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്യുക.

അപൂർണമായ ദൗത്യം പൂർത്തിയാക്കുക

ഈ വർഷം നിങ്ങളുടെ പ്രദേശത്തുള്ള ഓരോ പുരുഷനും സ്ത്രീയും കുഞ്ഞും യേശുക്രിസ്തുവിൻ്റെ സുവിശേഷം വ്യക്തമായി പ്രഘോഷിക്കുന്നത് കേട്ട് അവരുടെ ജീവിതം അവനിൽ സമർപ്പിച്ചാൽ എന്ത് സംഭവിക്കുമെന്ന് സങ്കൽപിക്കുക. ലോകമെമ്പാടുമുള്ള എല്ലാ മാധ്യമങ്ങളും ഈ “എക്കാലത്തെയും മഹത്തായ ഉണർവിനെക്കുറിച്ച്” റിപ്പോർട്ട് ചെയ്യും.

പക്ഷേ, നമ്മുടെ ജോലി തീരില്ല. പുതിയ കുഞ്ഞുങ്ങളുടെ കാര്യമോ? ഭാവി കുടിയേറ്റക്കാരുടെ കാര്യമോ? സുവിശേഷത്തിൻ്റെ വ്യക്തമായ അവതരണം ഒരിക്കലും കേട്ടിട്ടില്ലാത്ത കോടിക്കണക്കിന് ആളുകളുടെ കാര്യമോ? സ്ഥിതിവിവരകണക്കുകൾ നമ്മെ ഉലയ്ക്കാൻ തുടങ്ങും.

യേശു “പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു” (മത്തായി 9:36), എന്ന് തിരുവെഴുത്ത് പറയുന്നു. അവൻ്റെ ഹൃദയത്തെ ചലിപ്പിക്കുന്ന അതേ അനുകമ്പയോടെ നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കാൻ നാം ദൈവത്തോട് പ്രാർത്ഥിക്കണം.

ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടങ്ങൾ ഹൃദയശൂന്യതയും തണുപ്പൻ നിസ്സംഗതയും ആണ്. “അതെ, കോടിക്കണക്കിന് ആളുകൾ ക്രിസ്തുവിനെ അറിയുന്നില്ല. അത് വളരെ മോശമാണ്.” “പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും” (എഫെസ്യർ 2:12) ആയവരുടെ അവ്യക്തമായ സംഖ്യയിൽ, നാം അറിയുന്നവരും സ്നേഹിക്കുന്നവരും കൂടെ ഉൾപ്പെട്ടിരിക്കുന്നു എന്ന് നാം മറക്കരുത്.

കർത്താവ് തൻ്റെ ശിഷ്യൻമാരെ “കൊയ്ത്ത് വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം” (മത്തായി 9:37) എന്ന് ഓർമിച്ചു കൊണ്ട് നമ്മുടെ ദൗത്യത്തിൻ്റെ അടിയന്തരമായ ആവശ്യകത ചൂണ്ടി കാട്ടി. നമ്മുടെ സമയത്തിൻ്റെ അടിയന്തരാവശ്യം നാം തിരിച്ചറിയണം.

നമുക്ക് അവൻ്റെ സ്ഥാനാപതികളായി മുന്നോട്ട് പോയി, അവനെ അനുസരിക്കുകയും അവൻ്റെ രാജ്യത്തിലേക്ക് വരാൻ ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നതിൻ്റെ ആവേശം ആസ്വദിക്കാം.

യേശുക്രിസ്തു തൻ്റെ ശിഷ്യൻമാരോട് “ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കേണ്ടതിനു യാചിപ്പിന്‍” (മത്തായി 9:38) എന്ന് കൽപിച്ചു. ബൈബിളിൽ ആ അദ്ധ്യായം അവിടെ അവസാനിക്കുന്നു, പക്ഷേ ആ പശ്ചാത്തലം തുടരുന്നു. തുടർന്നുള്ള വാക്യങ്ങളിൽ കർത്താവ് തൻ്റെ ശിഷ്യൻമാർക്ക് അധികാരം നൽകി അവരെ കൊയ്ത്തിന് അയച്ചു (10:1-5). പന്ത്രണ്ടു പേരും അവരുടെ സ്വന്തം പ്രാർത്ഥനയ്ക്കുള്ള ഉത്തരമായിത്തീർന്നു.

സ്വർഗാരോഹണത്തിനു മുമ്പുള്ള യേശുവിൻ്റെ അവസാനത്തെ വാക്കുകൾ വീണ്ടും ശ്രദ്ധിക്കുക: “സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” അവൻ കർത്താധികർത്തൻ ആകുന്നു. “ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു” (മത്തായി 28:18‭-‬20).‬

    നിഷ്ക്രിയരായിരിക്കാൻ കർത്താവ് നമ്മെ വിളിച്ചിട്ടില്ല. അവൻ നമ്മെ പ്രവൃത്തിയിലേക്ക് വിളിച്ചിരിക്കുന്നു! നമുക്ക് അവൻ്റെ സ്ഥാനാപതികളായി മുന്നോട്ട് പോയി, അവനെ അനുസരിക്കുകയും അവൻ്റെ രാജ്യത്തിലേക്ക് വരാൻ ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നതിൻ്റെ ആവേശം ആസ്വദിക്കാം.   

 

banner image