യഹോവയായ ദൈവം … വിളിച്ചു: നീ എവിടെ – ഉൽപത്തി 3:9
എ ൻ്റെ ഇളയ മകന് എൻ്റെ ശബ്ദം കേൾക്കാൻ ഇഷ്ടമാണ്, “നീ എവിടെയാണ്?” എന്ന് ഞാൻ അവനെ ഉച്ചത്തിലും കർശനമായും വിളിക്കുമ്പോൾ ഒഴികെ. അവൻ എന്തെങ്കിലും കുസൃതി കാണിച്ച് എന്നിൽ നിന്ന് മറഞ്ഞിരിക്കാൻ ശ്രമിക്കുമ്പോഴാണ് ഞാൻ സാധാരണയായി അങ്ങനെ വിളിക്കാറുള്ളത്. എൻ്റെ മകൻ എൻ്റെ ശബ്ദം കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അവൻ്റെ ക്ഷേമത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, അവൻ വേദനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ആദാമും ഹവ്വായും തോട്ടത്തിൽ ദൈവത്തിൻ്റെ ശബ്ദം കേൾക്കുന്നത് പതിവായിരുന്നു. എന്നിട്ടും, അവനെ അനുസരിക്കാതെ നിഷിദ്ധമായ ഫലം ഭക്ഷിച്ചതിനു ശേഷം, “നീ എവിടെ?” (ഉൽപത്തി 3:9) എന്ന അവൻ്റെ വിളി കേട്ട് അവർ അവനിൽ നിന്ന് മറഞ്ഞു നിന്നു. ദൈവത്തെ അഭിമുഖീകരിക്കാൻ അവർ ആഗ്രഹിച്ചില്ല, കാരണം അവർ എന്തോ തെറ്റ് ചെയ്തുവെന്ന് അവർക്കറിയാമായിരുന്നു – ചെയ്യരുതെന്ന് അവൻ അവരോട് പറഞ്ഞ ഒന്ന് (വാ. 11).
ദൈവം ആദാമിനെയും ഹവ്വായെയും വിളിച്ച് അവരെ തോട്ടത്തിൽ കണ്ടെത്തിയപ്പോൾ, അവൻ്റെ വാക്കുകളിൽ തിരുത്തലും അനന്തരഫലവും ഉൾപ്പെട്ടിരുന്നു (വാ.13-19). എന്നാൽ ദൈവം അവരോട് ദയ കാണിക്കുകയും രക്ഷകൻ്റെ വാഗ്ദത്തത്തിൽ മനുഷ്യവർഗത്തിന് പ്രത്യാശ നൽകുകയും ചെയ്തു (വാ.15).
ദൈവത്തിന് നമ്മെ അന്വേഷിക്കേണ്ടതില്ല. നാം എവിടെയാണെന്നും എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്നും അവനറിയാം. എന്നാൽ സ്നേഹവാനായ പിതാവെന്ന നിലയിൽ, നമ്മുടെ ഹൃദയത്തോട് സംസാരിക്കാനും നമുക്ക് പാപമോചനവും പുനഃസ്ഥാപനവും നൽകാനും അവൻ ആഗ്രഹിക്കുന്നു. നാം അവൻ്റെ ശബ്ദം കേൾക്കാനും ശ്രദ്ധിക്കാനും അവൻ തീക്ഷണമായി ആഗ്രഹിക്കുന്നു.
എൻ്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എൻ്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു. സങ്കീർത്തനം 62:5
ദൈവഹിതം പിന്തുടരാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്. ശരിയായ കാര്യങ്ങൾ ചെയ്യാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു. പിറുപിറുക്കാതെ കഷ്ടത സഹിക്കാൻ അവൻ നമ്മെ വിളിക്കുന്നു; വിഷമകരമായ മനുഷ്യരെ സ്നേഹിക്കാൻ; “ചെയ്യരുത്” എന്ന് പറയുന്ന മനസ്സാക്ഷിയുടെ ശബ്ദത്തിന് കീഴടങ്ങാൻ; താൽപര്യമില്ലാത്ത വഴികൾ സ്വീകരിക്കാൻ. അതിനാൽ, ദിവസം മുഴുവൻ നാം നമ്മുടെ ആത്മാവിനോട് പറയണം: “ഹേ ആത്മാവേ, മിണ്ടാതിരുന്ന് ശ്രദ്ധിക്കുക: യേശു നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക.”
“എൻ്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു” (സങ്കീർത്തനം 62:1). “എൻ്റെ ഉളളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക” (62:5). വാക്യങ്ങൾ സമാനമാണ്, പക്ഷേ വ്യത്യസ്തമാണ്. ദാവീദ് തൻ്റെ ആത്മാവിനെക്കുറിച്ച് ചിലത് പറയുന്നു; എന്നിട്ട് തൻ്റെ ആത്മാവിനോട് എന്തോ പറയുന്നു. “ദൈവത്തെ നോക്കി മൗനമായിരിക്കുന്നു” എന്നത് ഒരു തീരുമാനത്തെ അഭിസംബോധന ചെയ്യുന്നു, ഒരു സ്വസ്ഥമായ മാനസികാവസ്ഥ. ആ തീരുമാനം ഓർക്കാൻ ദാവീദ് തൻ്റെ ആത്മാവിനെ ഉത്തേജിപ്പിക്കുന്നതാണ് “ദൈവത്തെ നോക്കി മൗനമായിരിക്ക” എന്നത്.
നിശ്ശബ്ദമായി ജീവിക്കാൻ ദാവീദ് തീരുമാനിക്കുന്നു – മിണ്ടാതെ ദൈവഹിതത്തിന് കീഴടങ്ങുന്നു. അതാണ് നമ്മുടെ വിളിയും, അതിനു വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടതും. “എങ്കിലും എൻ്റെ ഇഷ്ടം അല്ല നിൻ്റെ ഇഷ്ടംതന്നെ ആകട്ടെ” (ലൂക്കൊസ് 22:42) എന്ന് സമ്മതിക്കുമ്പോൾ നാം സമാധാനം അനുഭവിക്കും. നാം അവനെ കർത്താവും നമ്മുടെ അഗാധമായ ആനന്ദത്തിൻ്റെ ഉറവിടവുമാക്കുമ്പോൾ ഇതാണ് നമ്മുടെ ആദ്യത്തേതും പരമോന്നതുമായ വിളി. സങ്കീർത്തനക്കാരൻ പറഞ്ഞു, “നിൻ്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു” (സങ്കീർത്തനം 40:8).
നാം എപ്പോഴും ദൈവത്തിൻ്റെ സഹായം തേടണം, തീർച്ചയായും, നമ്മുടെ “പ്രത്യാശ അവങ്കൽനിന്നു വരുന്നു” (62:5). നാം അവൻ്റെ സഹായം ചോദിക്കുമ്പോൾ, അവൻ അത് നൽകുന്നു. താൻ ചെയ്യാത്തതോ തനിക്കു ചെയ്യാൻ കഴിയാത്തതോ ആയ ഒന്നും നമ്മോട് ചെയ്യുവാൻ ദൈവം ആവശ്യപ്പെടുന്നില്ല.
ആദ്യമായി, ദൈവത്തിൽ നിന്ന് നമുക്ക് കേൾക്കണമെങ്കിൽ, അവനു വേണ്ടി ശ്രദ്ധയോടെ കാത്തിരിക്കണം.
യേശുവിനെക്കാൾ നന്നായി മറ്റാരും ഈ മാതൃക കാണിച്ചിട്ടില്ല.
ദൈവത്തിൽ നിന്ന് കേൾക്കാനുള്ള ഉപാധിയായി നിശ്ശബ്ദതയും ഏകാന്തതയും നിശ്ചലതയും യേശു കാണിച്ചു തന്നു. തൻ്റെ പിതാവിൻ്റെ ശക്തിയും പ്രോത്സാഹനവും പ്രാപ്തിയും ലഭിക്കാൻ അവൻ പലപ്പോഴും ജനകൂട്ടത്തിൽ നിന്ന് അകന്ന് മലമുകളിൽ കയറിപ്പോയി. നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ കേൾക്കാൻ പ്രയാസമാണ്; യേശു പോലും ശിഷ്യൻമാരുടെ പ്രശ്നങ്ങളിൽ നിന്നും അദ്ഭുതങ്ങളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും മാറിനിന്ന്, തൻ്റെ പിതാവിൽ നിന്നും ശ്രദ്ധയോടെ കേൾക്കാൻ സമയം കണ്ടെത്തി.
ശബ്ദങ്ങളുടെ ലോകത്ത് നാമും അതുതന്നെ ചെയ്യേണ്ടതുണ്ട്. സഭാ പാരമ്പര്യം “നിശ്ശബ്ദതയും ഏകാന്തതയും” ഒരു ക്രിസ്ത്യൻ ആചാരമായി പ്രദാനം ചെയ്യുന്നു, അത് നമ്മെ പ്രോത്സാഹിപ്പിക്കുകയും ദൈവത്തിൽ നിന്ന് കേൾക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എന്നെ സംബന്ധിച്ചിടത്തോളം, ഇത് പലപ്പോഴും എൻ്റെ ഹൃദയവും മനസ്സും ആത്മാവും പിന്നെ ഒരു ജേർണലും മാത്രമായി കുറച്ച് മണിക്കൂറുകൾ മരങ്ങൾക്കിടയിൽ ഇരിക്കുന്നതാണ്. അൽപം പ്രാർഥിച്ച് ഞാൻ ചിന്തിക്കുകയും എൻ്റെ ചിന്തകളെ അൽപം അലഞ്ഞുതിരിയാൻ അനുവദിക്കുകയും ചെയ്യുന്നു. പക്ഷികളുടെ ശബ്ദവും തമ്മിൽ ഉരസുന്ന മരങ്ങളെയും ഞാൻ കേൾക്കുന്നു. എൻ്റെ ഹൃദയത്തിൻ്റെ സ്വസ്ഥതയിൽ ദൈവം വികസിപ്പിക്കുന്നതായി തോന്നുന്ന വാചകങ്ങൾ ഞാൻ കുറിച്ചിടുന്നു. വളരെ തണുപ്പുള്ളപ്പോൾ, ഞാൻ എൻ്റെ കിടപ്പുമുറിയിലെ കസേരയിലിരുന്ന്, ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി, ഇതേ പതിവ് പിന്തുടരുന്നു.
എന്നാൽ നിശ്ശബ്ദതയും ഏകാന്തതയും അനുഭവിക്കാൻ നാം പൂർണ്ണമായും നിശ്ശബ്ദമായ ഒരു സ്ഥലം കണ്ടെത്തണമെന്നില്ല (പലർക്കും – വീട്ടിൽ 12 വയസ്സും അതിൽ താഴെയുമുള്ള മൂന്ന് കുട്ടികളുള്ള എന്നെ പോലുള്ളവർക്ക് – ഇത് അസാദ്ധ്യമാണ്). പരിമിതമായതോ ശ്രദ്ധ വ്യതിചലിക്കുന്ന ഉപകരണങ്ങൾ ഇല്ലാത്തതോ ആയ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് അർഥമാക്കാം.
നമുക്ക് കണ്ണുകൾ അടച്ച്, ദീർഘനിശ്വാസം ചെയ്ത് വെറുതേ അവനെ ശ്രദ്ധിച്ച് ഇരിക്കുവാനുള്ള സ്ഥലം കണ്ടെത്താനാകും.
രണ്ടാമതായി, ചിലപ്പോൾ കാത്തിരിക്കുന്നതാണ് ബുദ്ധി.
ചിലപ്പോൾ ദൈവം അതുവരെ സംസാരിച്ചിട്ടില്ലെങ്കിൽ, അതിനർഥം നാം കാത്തിരിക്കണം എന്നാണ്.
ഏകദേശം 12 വർഷം മുമ്പ്, ഒരു കമ്പനി എന്നെ ഒരു സ്ഥാനത്തേക്ക് സ്വീകരിച്ചു, പക്ഷേ എനിക്ക് എൻ്റെ ശമ്പളത്തിന് ധനസമാഹരണം നടത്തേണ്ടി വന്നു. ധനസമാഹരണത്തിന് കുറച്ച് സമയം എടുക്കും, എന്നാൽ ദൈവത്തിനായി പോകാനുള്ള എൻ്റെ വ്യഗ്രതയിൽ, – നിങ്ങൾക്കറിയാമോ, ശമ്പളം ലഭിച്ചുകൊണ്ടിരുന്ന എൻ്റെ മറ്റൊരു ജോലി ഞാൻ ഉപേക്ഷിച്ചു. ഞാൻ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്! ആവശ്യത്തിന് പണം വരാൻ 8 മാസം കൂടി വേണ്ടി വന്നു. ഞാനും എൻ്റെ കുടുംബവും കഷ്ടിച്ചാണ് കഴിഞ്ഞു കൂടിയത്, അതെല്ലാം അനാവശ്യമായിരുന്നു.
തിരിഞ്ഞു നോക്കുമ്പോൾ, എൻ്റെ ജോലി ഉപേക്ഷിക്കാൻ ദൈവം എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. ദൈവം എന്നെ ഒരു പുതിയ സ്ഥാനത്തേക്ക് നയിച്ചുവെന്ന് ഞാൻ കരുതുന്നു, പക്ഷേ സമയത്തിൻ്റെ പ്രശ്നം വന്നപ്പോൾ അവൻ നിശ്ശബ്ദനായിരുന്നു. അവൻ പണം നൽകാനോ അല്ലെങ്കിൽ “ശരി, ഇപ്പോൾ സമയമായി” എന്ന് പറയുന്നതു വരെയോ കാത്തിരിക്കുന്നതിനു പകരം ഞാൻ എടുത്തു ചാടി, എന്നാൽ അത് നിലയില്ലാക്കയമായിരുന്നു.
നിങ്ങൾ ഒരു തീരുമാനമെടുക്കുന്ന നിമിഷത്തിൽ എത്തുകയും എന്നാൽ അതിനെക്കുറിച്ച് “വ്യക്തത” അനുഭവപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, ദൈവവും നിങ്ങളോടൊപ്പം തീരുമാനമെടുക്കുന്നതിൽ പങ്കാളിയാണെന്ന് ഓർക്കുക. എന്നാൽ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, ലോർഡ് ഓഫ് ദ റിംഗ്സിലെ എൻറ്റ്സിൻ്റെ ഉപദേശം പിന്തുടരുക, “തിടുക്കപ്പെടരുത്.”
ഒരു ബുദ്ധിമാനായ ഉപദേഷ്ടാവ് ഒരിക്കൽ എന്നോട് പറഞ്ഞതുപോലെ, “നിങ്ങൾക്ക് മുന്നിലുള്ള വിവരങ്ങൾ ഉപയോഗിച്ച് മികച്ച തീരുമാനം എടുക്കുക മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുക, പിന്നീട് നിങ്ങൾക്ക് കൂടുതൽ വിവരങ്ങളുമായി തിരിഞ്ഞു നോക്കുകയും അത് ശരിയായ ഒന്നല്ലെന്ന് കാണുകയും ചെയ്യാം.” അവിടെയാണ് യേശുവിനെ അനുഗമിക്കുന്നത് വളരെ സന്തോഷകരമാകുന്നത്! നാം ഒരു തെറ്റ് ചെയ്താലും, നമ്മുടെ തെറ്റുകൾ വീണ്ടെടുക്കാൻ കഴിയുന്ന ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്. ആ നിർഭാഗ്യകരമായ നിമിഷങ്ങൾ അവൻ്റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കുമായി ഉപയോഗിക്കുകയും ചെയ്യുന്നു (ഞാൻ ജോലി ഉപേക്ഷിച്ചപ്പോഴും അവൻ എൻ്റെ കുടുംബത്തെ പരിപാലിച്ചതു പോലെ).
ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് അന്നുവരെ വെളിപ്പെട്ടതുമില്ല — 1 ശമൂവേൽ 3:7
ശമൂവേൽ തൻ്റെ പേർ വിളിക്കുന്ന ഒരു ശബ്ദം കേട്ടു, എന്നാൽ ദൈവമാണ് സംസാരിക്കുന്നതെന്ന് അവൻ അറിഞ്ഞില്ല. അത് യഹോവയാണെന്ന് ഏലി അവനോട് പറയേണ്ടതായി വന്നു (1 ശമൂവേൽ 3:9). അതുപോലെ, ദൈവം നമ്മോടു സംസാരിക്കുന്നുണ്ടെങ്കിലും, അത് അവൻ്റെ ശബ്ദമാണെന്ന് നാം അറിഞ്ഞെന്നു വരില്ല. അതുകൊണ്ട് ആ ശബ്ദം തിരിച്ചറിയാൻ നാം പഠിക്കേണ്ടതുണ്ട്. അവൻ എങ്ങനെ സംസാരിക്കുന്നുവെന്ന് അറിയില്ലെങ്കിൽ നമുക്കത് സാധിക്കില്ല. ദൈവം ആരാണെന്നും അവൻ എങ്ങനെയുള്ളവനാണെന്നും അറിയില്ലെങ്കിൽ അവൻ എങ്ങനെ സംസാരിക്കുന്നുവെന്ന് നമുക്കെങ്ങനെ അറിയാൻ കഴിയും?
യഹോവയുടെ വചനം അവന് അന്നുവരെ വെളിപ്പെടാത്തതിനാൽ ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല എന്ന് ഈ ഭാഗം പറയുന്നു. ദൈവത്തെ അറിയുന്നതിന് ദൈവവചനം അറിയുന്നത് നിർണായകമാണെന്ന് അത് നമ്മോട് പറയുന്നു.
ബൈബിൾ പറയുന്നു, “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ…” (2 തിമൊഥെയൊസ് 3:16). രേഖാമൂലമുള്ള ദൈവത്തിൻ്റെ സ്വയവെളിപ്പെടുത്തലാണ് ബൈബിൾ, തന്നെയും തൻ്റെ വഴികളും നമുക്ക് കാണിച്ചു തരാനുള്ള അവൻ്റെ പ്രാഥമിക മാർഗം. അതിനാൽ നാം അവനെ നന്നായി മനസ്സിലാക്കാനും അറിയാനും ആഗ്രഹിക്കുന്നുവെങ്കിൽ (യിരെമ്യാവ് 9:24), നാം തിരുവെഴുത്തുകൾ നന്നായി മനസ്സിലാക്കുകയും അറിയുകയും വേണം.
അവൻ്റെ സ്വഭാവവും വഴികളും എങ്ങനെയുള്ളതാണെന്ന് അറിയാൻ- ഞാൻ എത്രയധികം ദൈവവചനത്തിലേക്ക് പ്രവേശിക്കുന്നുവോ അത്രയധികം ദൈവത്തെ നന്നായി അറിയാൻ അത് എന്നെ സഹായിക്കുന്നു. അവൻ ആരാണെന്നതിൻ്റെ കൂടുതൽ പൂർണ്ണമായ ചിത്രം എനിക്ക് ലഭിക്കുന്നു, അത് അവൻ്റെ ശബ്ദം കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ എന്നെ അനുവദിക്കുന്നു.
അതുകൊണ്ട്, മോഹാസക്തി, അസൂയ, അഹങ്കാരം, സ്വാർത്ഥത, വിദ്വേഷം എന്നിവയിൽ മുഴുകാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം ഞാൻ കേൾക്കുകയാണെങ്കിൽ അത് തീർച്ചയായും അവനല്ല സംസാരിക്കുന്നതെന്ന് എനിക്കറിയാം, കാരണം യഹോവ ദയ, ന്യായം, നീതി എന്നിവയിൽ പ്രവർത്തിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു (യിരെമ്യാവ് 9:24). അത് ദൈവത്തിൻ്റെ ശബ്ദമാകാൻ ഇടയില്ല, കാരണം അത് കരുണയും കൃപയുമുള്ള, ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ള, ക്ഷമിക്കുന്നവനും നീതിമാനും ആയ തൻ്റെ സ്വഭാവത്തിന് വിരുദ്ധമായിരിക്കും (പുറപ്പാട് 34:5-7).
പിതാവിൻ്റെ കൽപനകൾ അനുസരിക്കാനും അവൻ്റെ ഹൃദയം മറ്റുള്ളവർക്ക് വെളിപ്പെടുത്താനും (യോഹന്നാൻ 15:10, മത്തായി 5:16), പുത്രനെ സ്നേഹിക്കുവാനും അവനെ പോലെ നടക്കുവാനും (യോഹന്നാൻ 14:15, 1 യോഹന്നാൻ 1:7), ആത്മാവിൻ്റെ ഫലത്തിലും ദാനങ്ങളിലും വളരാനും (ഗലാത്യർ 5:22-23, റോമർ 12:6-8; 1 കൊരിന്ത്യർ 12:8-10) എന്നോട് പറയുന്ന ഒരു ശബ്ദം ഞാൻ കേൾക്കുമ്പോൾ, അത് ദൈവം തന്നെയാണ് എന്നോട് സംസാരിക്കുന്നതെന്ന് വ്യക്തമായി ഞാൻ തിരിച്ചറിയുന്നു, കാരണം അത് അവൻ വചനത്തിൽ താൻ ആരാണെന്ന് പറയുന്നതുമായി പൊരുത്തപ്പെടുന്നു. അവൻ എങ്ങനെ സംസാരിക്കുന്നുവെന്ന് തിരിച്ചറിയാനുള്ള പ്ലംബ് ലൈനാണ് ബൈബിൾ.
ദൈവത്തിന് മറ്റ് പല വിധത്തിലും സംസാരിക്കാൻ കഴിയും. ഉദാഹരണമായി, കേൾക്കാവുന്ന ശബ്ദത്തിൽ അവൻ നമ്മോട് സംസാരിക്കുന്നു; തൻ്റെ ശാന്തമായ സൗമ്യസ്വരത്തിൽ നമ്മുടെ ഹൃദയത്തിൽ മൃദുവായി മന്ത്രിച്ചു കൊണ്ട് (1 രാജാക്കന്മാർ 19:11-13); നമുക്ക് ചുറ്റുമുള്ള ആളുകളിലൂടെ (അപ്പൊ. പ്രവൃത്തികൾ 21:11); സ്വപ്നങ്ങളിലൂടെ (ഉൽപത്തി 40); പ്രകൃതിയിലൂടെ (റോമർ 1:20); ദർശനങ്ങളിലൂടെ (അപ്പൊ. പ്രവൃത്തികൾ 9:10-18); പ്രവചനങ്ങളിലൂടെ (അപ്പൊ. പ്രവൃത്തികൾ 11:27-28); മറ്റു പലതിനും ഇടയിൽ സാഹചര്യങ്ങളിലൂടെയും (അപ്പൊ. പ്രവൃത്തികൾ 16:6-7) അദ്ഭുതകരമായ സംഭവങ്ങളിലൂടെയും.
എന്നിരുന്നാലും, ബൈബിൾ വായിച്ച് ദൈവവും അവൻ്റെ വഴികളും എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കുന്നതിൽ നാം അടിയുറച്ചിരിക്കുന്നില്ലെങ്കിൽ, അവൻ നമ്മോട് സംസാരിക്കാൻ ഇടയുള്ള ഈ മറ്റു രൂപങ്ങളെ കൃത്യമായി വ്യാഖ്യാനിക്കാൻ നമുക്ക് കഴിയില്ല. ഒരു വ്യക്തിയുടെ സ്വഭാവം യഥാർത്ഥത്തിൽ മനസ്സിലാകാത്തപ്പോൾ അവൻ ചെയ്യുന്നതോ പറയുന്നതോ നാം തെറ്റായി വ്യാഖ്യാനിക്കുന്നതുപോലെ, ദൈവം യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് നമുക്ക് അറിയില്ലെങ്കിൽ അവൻ്റെ സ്വരത്തെയും പ്രവൃത്തികളെയും തെറ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യത കൂടുതലാണ്.
യേശു പറഞ്ഞു, “എൻ്റെ ആടുകൾ എന്നെ അറിയുന്നു” (യോഹന്നാൻ 10:14). ഇടയനെ നാം അറിയേണ്ടതുണ്ട്, അതുവഴി അവൻ്റെ ശബ്ദം എങ്ങനെയാണെന്ന് നമുക്ക് അറിയാൻ കഴിയും. ദൈവത്തിൻ്റെ വചനമായ യേശുവിനെ അറിയാൻ (വെളിപ്പാട് 19:13), നാം ബൈബിൾ, ദൈവവചനം അറിയണം.
എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. യോഹന്നാൻ 10:27
എനിക്ക് കേൾക്കാൻ പ്രയാസമാണ് – “ഒരു ചെവിയിൽ ബധിരനാണ്, മറ്റൊന്നിൽ നിന്ന് കേൾക്കാൻ കഴിയില്ല” എന്ന് അച്ഛൻ പറയാറുള്ളതുപോലെ. അതുകൊണ്ട് ഒരു കൂട്ടം ശ്രവണസഹായികളെ ആശ്രയിക്കുന്നു.
ചുറ്റും ധാരാളം ശബ്ദമുള്ള പരിതസ്ഥിതികളിൽ ഒഴികെ മിക്ക സമയത്തും ഉപകരണങ്ങൾ നന്നായി പ്രവർത്തിക്കുന്നു. അത്തരം സ്ഥലങ്ങളിൽ എൻ്റെ ശ്രവണസഹായികൾ മുറിയിലെ എല്ലാ ശബ്ദങ്ങളും എടുക്കുന്നു. എൻ്റെ മുന്നിലുള്ള വ്യക്തിയെ എനിക്ക് കേൾക്കാൻ കഴിയുകയുമില്ല.
നമ്മുടെ സംസ്കാരത്തിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ: ശബ്ദകോലാഹങ്ങൾക്കിടയിൽ ദൈവത്തിൻ്റെ ശാന്തമായ ശബ്ദം കേൾക്കാതെ ആകുന്നു. “വചനം എവിടെ കണ്ടെത്തും, വചനം എവിടെ മുഴങ്ങും?” കവി ടി.എസ്. എലിയറ്റ് ചോദിക്കുന്നു. “ഇവിടെയില്ല, വേണ്ടത്ര നിശ്ശബ്ദതയില്ല.”
ഭാഗ്യവശാൽ, എൻ്റെ ശ്രവണ സഹായികൾക്ക് ചുറ്റുമുള്ള ശബ്ദങ്ങളെ ഇല്ലാതാക്കി ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദങ്ങൾ മാത്രം കേൾക്കാൻ എന്നെ പ്രാപ്തമാക്കുന്ന ഒരു ക്രമീകരണമുണ്ട്. അതുപോലെ, നമുക്ക് ചുറ്റും അനവധി ശബ്ദങ്ങൾ ഉണ്ടെങ്കിലും, നാം നമ്മുടെ ആത്മാവിനെ നിശ്ശബ്ദമാക്കി ശ്രദ്ധിച്ചാൽ, നാം ദൈവത്തിൻ്റെ “ശാന്തമായ മൃദു ശബ്ദം” കേൾക്കും. (1 രാജാക്കന്മാർ 19:11-13).
അവൻ എല്ലാ ദിവസവും നമ്മോടു സംസാരിക്കുന്നു, നമ്മുടെ അസ്വസ്ഥതയിലും വാഞ്ഛയിലും നമ്മെ വിളിക്കുന്നു. നമ്മുടെ അഗാധമായ ദുഃഖത്തിലും നമ്മുടെ ഏറ്റവും വലിയ സന്തോഷങ്ങളുടെ അപൂർണ്ണതയിലും അസംതൃപ്തിയിലും അവൻ നമ്മെ വിളിക്കുന്നു.
എന്നാൽ പ്രഥമമായി ദൈവം തൻ്റെ വചനത്തിലൂടെ നമ്മോട് സംസാരിക്കുന്നു (1 തെസ്സലൊനീക്യർ 2:13). നിങ്ങൾ അവൻ്റെ പുസ്തകം എടുത്ത് വായിക്കുമ്പോൾ നിങ്ങളും അവൻ്റെ ശബ്ദം കേൾക്കും. നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ അധികം അവൻ നിങ്ങളെ സ്നേഹിക്കുന്നു. അവന് പറയാനുള്ളത് നിങ്ങൾ കേൾക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.
ഞാൻ നല്ല ഇടയൻ… ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. യോഹന്നാൻ 10:14
ഒരു വർഷത്തെ അവധിക്കാല ബൈബിൾ സ്കൂളിനായി, തിരുവെഴുത്തുകൾ ചിത്രീകരിക്കാൻ ജീവനുള്ള മൃഗങ്ങളെ കൊണ്ടുവരാൻ കെന്നിൻ്റെ സഭ തീരുമാനിച്ചു. സഹായിക്കാൻ എത്തിയ കെന്നിനോട് ഒരു ചെമ്മരിയാടിനെ അകത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വളരെ കഷ്ടപ്പെട്ടാണ് പള്ളി ജിംനേഷ്യത്തിലേക്ക് ആ മൃഗത്തെ കയറിൽ വലിച്ചു കയറ്റിയത്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും അതിന് അവനെ അനുഗമിക്കാനുള്ള വിമുഖത കുറഞ്ഞു. ആഴ്ചാവസാനത്തോടെ, കെന്നിന് പിന്നെ കയർ പിടിക്കേണ്ടി വന്നില്ല; അവൻ ആടുകളെ വിളിച്ചു, അവനെ വിശ്വസിച്ച് അവ പിന്തുടർന്നു.
പുതിയ നിയമത്തിൽ, യേശു തന്നെത്തന്നെ ഒരു ഇടയനോട് ഉപമിക്കുന്നു. തൻ്റെ ജനം – തൻ്റെ ആടുകൾ – അവൻ്റെ ശബ്ദം അറിയുന്നതിനാൽ തന്നെ അനുഗമിക്കുന്നുവെന്ന് പ്രസ്താവിക്കുന്നു (യോഹന്നാൻ 10:4). എന്നാൽ അതേ ആടുകൾ ഒരു അപരിചിതനിൽ നിന്നോ കള്ളനിൽ നിന്നോ ഓടിപ്പോകും (വാ.5). ആടുകളെപ്പോലെ, അവനുമായുള്ള ബന്ധത്തിലൂടെ നാം (ദൈവത്തിൻ്റെ മക്കൾ) നമ്മുടെ ഇടയൻ്റെ ശബ്ദം അറിയുന്നു. അങ്ങനെ ചെയ്യുമ്പോൾ, നാം അവൻ്റെ സ്വഭാവം കാണുകയും അവനെ വിശ്വസിക്കാൻ പഠിക്കുകയും ചെയ്യുന്നു.
ദൈവത്തെ അറിഞ്ഞും സ്നേഹിച്ചും നാം വളരുമ്പോൾ, നാം അവൻ്റെ ശബ്ദം വിവേചിച്ചറിയുകയും, “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും” (വാ.10) വരുന്ന – നമ്മെ വഞ്ചിച്ച് അവനിൽ നിന്ന് അകറ്റുന്ന – കള്ളനിൽ നിന്ന് ഓടിപ്പോകാനും നമുക്ക് കഴിയും. ആ വ്യാജ ഉപദേഷ്ടാക്കൻമാരിൽ നിന്ന് വ്യത്യസ്തമായി, നമ്മെ സുരക്ഷിതത്വത്തിലേക്കു നയിക്കാൻ ഇടയൻ്റെ ശബ്ദം ആശ്രയിക്കാൻ നമുക്ക് കഴിയും.
നിങ്ങൾക്ക് ആത്മികവർധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവൻ്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. അപ്പൊ. പ്രവൃത്തികൾ 20:32
ചെന്നായ്ക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ അവർക്ക് വ്യത്യസ്ത വിധത്തിലുള്ള ശബ്ദങ്ങളുണ്ടെന്ന് വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷം, ശാസ്ത്രജ്ഞർ മനസ്സിലാക്കി. ഒരു പ്രത്യേക ശബ്ദ വിശകലന കോഡ് ഉപയോഗിച്ച്, ഒരു ചെന്നായയുടെ നിലവിളിയിലെ വിവിധ വോള്യങ്ങളും പിച്ചുകളും കണക്കാക്കി നിർദ്ദിഷ്ട ചെന്നായ്ക്കളെ 100 ശതമാനം കൃത്യതയോടെ തിരിച്ചറിയാൻ സാധിക്കുമെന്ന് ഒരു ശാസ്ത്രജ്ഞ മനസ്സിലാക്കി.
ദൈവം തൻ്റെ പ്രിയപ്പെട്ട സൃഷ്ടികളുടെ വ്യതിരിക്തമായ ശബ്ദങ്ങൾ തിരിച്ചറിയുന്നതിൻ്റെ നിരവധി ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. അവൻ മോശെയെ പേരെടുത്ത് വിളിച്ച് നേരിട്ട് സംസാരിച്ചു (പുറപ്പാട് 3:4-6). സങ്കീർത്തനക്കാരൻ ദാവീദ് ഉറക്കെ പ്രഖ്യാപിച്ചു, “ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തൻ്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു” (സങ്കീർത്തനം 3:4). ദൈവജനം അവൻ്റെ ശബ്ദം തിരിച്ചറിയുന്നതിൻ്റെ മൂല്യവും അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു.
എഫെസൊസിലെ മൂപ്പന്മാരോട് വിടപറയുമ്പോൾ, യെരൂശലേമിലേക്കു പോകാൻ ആത്മാവ് തന്നെ “നിർബന്ധിച്ചു” എന്ന് പൗലൊസ് പറഞ്ഞു. ദൈവശബ്ദം അനുസരിക്കാനുള്ള തൻ്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം സ്ഥിരീകരിച്ചു. എന്നിരുന്നാലും താൻ എത്തുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു (അപ്പൊ. പ്രവൃത്തികൾ 20:22). സത്യത്തെ വളച്ചൊടിക്കുന്ന “കൊടിയ ചെന്നായ്ക്കൾ” സഭയ്ക്കുള്ളിൽ നിന്നു പോലും എഴുന്നേല്ക്കുമെന്ന് അപ്പൊസ്തലൻ മുന്നറിയിപ്പ് നൽകി (വാ.29-30). തുടർന്ന്, ദൈവസത്യം വിവേചിച്ചറിയുന്നതിൽ ഉത്സാഹത്തോടെ നിലകൊള്ളാൻ അവൻ മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചു (വാ. 31).
ദൈവം നമ്മെ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നുവെന്ന് അറിയാനുള്ള പദവി യേശുവിലുള്ള എല്ലാ വിശ്വാസികൾക്കും ഉണ്ട്. തിരുവെഴുത്തുകളുടെ വചനങ്ങളുമായി എപ്പോഴും യോജിക്കുന്ന ദൈവശബ്ദം തിരിച്ചറിയാൻ സഹായിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ശക്തിയും നമുക്കുണ്ട്.
അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. 1 ശമൂവേൽ 3:10
ഞാൻ വെള്ളത്തിനടിയിൽ അകപ്പെട്ടതുപോലെ എനിക്കു തോന്നി, ജലദോഷവും അലർജിയും എന്നെ നിശ്ശബ്ദനാക്കിയിരുന്നു. ആഴ്ചകളോളം വ്യക്തമായി കേൾക്കാൻ ഞാൻ പാടുപെട്ടു. എൻ്റെ കേൾവിശക്തിയെ ഞാൻ എത്രമാത്രം നിസ്സാരമായി കാണുന്നുവെന്ന് എൻ്റെ അവസ്ഥ എന്നെ ബോധ്യപ്പെടുത്തി.
തൻ്റെ പേർ വിളിക്കുന്നത് കേട്ട് ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ താൻ എന്താണ് കേൾക്കുന്നതെന്ന് ബാലനായ ശമൂവേൽ ആശ്ചര്യപ്പെട്ടിരിക്കണം (1 ശമൂവേൽ 3:4). മൂന്നു തവണ അവൻ മഹാപുരോഹിതനായ ഏലിയുടെ അടുക്കൽ ചെന്നു. യഹോവയാണ് ശമൂവേലിനോട് സംസാരിക്കുന്നതെന്ന് മൂന്നാം പ്രാവശ്യം മാത്രമാണ് ഏലി തിരിച്ചറിഞ്ഞത്. ആ കാലത്ത് യഹോവയുടെ വചനം ദുർലഭമായിരുന്നു (വാ.1). ജനം അവൻ്റെ ശബ്ദവുമായി സമ്പർക്കത്തിലല്ലായിരുന്നു. എന്നാൽ എങ്ങനെ പ്രതികരിക്കണമെന്ന് ഏലി ശമൂവേലിനെ ഉപദേശിച്ചു (വാ.9).
ശമൂവേലിൻ്റെ കാലത്തെക്കാൾ കർത്താവ് ഇപ്പോൾ സംസാരിക്കുന്നുണ്ട്. എബ്രായർക്ക് എഴുതിയ ലേഖനം ഇങ്ങനെ നമ്മോട് പറയുന്നു, “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട് ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു” (1:1-2). ക്രിസ്തു പഠിപ്പിച്ച കാര്യങ്ങളിലേക്ക് നമ്മെ നയിക്കുന്ന (യോഹന്നാൻ 16:13) പെന്തെക്കൊസ്തനാളിലെ പരിശുദ്ധാത്മാവിൻ്റെ വരവിനെക്കുറിച്ച് അപ്പൊ. പ്രവൃത്തികൾ 2ൽ നാം വായിക്കുന്നു (വാ.1-4). എന്നാൽ നാം അവൻ്റെ ശബ്ദം കേൾക്കാനും അനുസരണത്തോടെ പ്രതികരിക്കാനും പഠിക്കേണ്ടതുണ്ട്. എനിക്ക് ജലദോഷമുണ്ടായിരുന്ന സമയത്തെ പോലെ, അല്ലെങ്കിൽ വെള്ളത്തിനടിയിൽ എന്ന പോലെ നാം അത് കേട്ടേക്കാം. ബൈബിളിലൂടെയും പക്വതയുള്ള മറ്റു വിശ്വാസികളുമായി ചർച്ച ചെയ്തും കർത്താവിൻ്റെ മാർഗനിർദേശമായി നാം കരുതുന്നത് എന്തോ അത് പരിശോധിക്കേണ്ടതുണ്ട്. ദൈവത്തിൻ്റെ പ്രിയ മക്കൾ എന്ന നിലയിൽ നാം അവൻ്റെ ശബ്ദം കേൾക്കുന്നു. നമ്മിലേക്ക് ജീവൻ പകർന്നു നൽകാൻ അവൻ ഇഷ്ടപ്പെടുന്നു.
അനന്തരം ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിൻ്റെ ശബ്ദം കേട്ടു. യെശയ്യാവ് 6:8
1890-കളുടെ അവസാനത്തിൽ സ്വീഡിഷ് മിഷനറി എറിക് ലണ്ടിന് സ്പെയിനിലേയ്ക്ക് മിഷനറി പ്രവർത്തനത്തിന് പോകാൻ ദൈവം വിളിച്ചതായി അനുഭവപ്പെട്ടപ്പോൾ അദ്ദേഹം ആ ഉടനടി അനുസരിച്ചു. അദ്ദേഹം അവിടെ കാര്യമായ വിജയം കണ്ടില്ല, പക്ഷേ ദൈവത്തിൻ്റെ വിളിയെക്കുറിച്ചുള്ള തൻ്റെ ബോധ്യത്തിൽ ഉറച്ചുനിന്നു. ഒരു ദിവസം അദ്ദേഹം ബ്രൗലിയോ മണിക്കൻ എന്ന ഒരു ഫിലിപ്പിനോ മനുഷ്യനെ കണ്ടുമുട്ടി, അയാളുമായി സുവിശേഷം പങ്കുവച്ചു. ലണ്ടും മണിക്കനും ചേർന്ന് ഒരു പ്രാദേശിക ഫിലിപ്പൈൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്തു, പിന്നീട് അവർ ഫിലിപ്പൈൻസിൽ ആദ്യത്തെ ബാപ്റ്റിസ്റ്റ് മിഷൻ സ്റ്റേഷൻ ആരംഭിച്ചു. അനേകർ യേശുവിലേക്കു തിരിഞ്ഞു – കാരണം പ്രവാചകനായ യെശയ്യാവിനെ പോലെ ലണ്ടും ദൈവത്തിൻ്റെ ആഹ്വാനത്തോട് പ്രതികരിച്ചു.
യെശയ്യാവ് 6:8 ൽ, വർത്തമാനകാലത്തെ തൻ്റെ ന്യായവിധിയെക്കുറിച്ചും ഭാവിയിലെ പ്രത്യാശയെക്കുറിച്ചും പ്രഖ്യാപിക്കാൻ യിസ്രായേലിലേക്ക് പോകാൻ തയ്യാറുള്ള ഒരു വ്യക്തിയെ ദൈവം ആവശ്യപ്പെടുന്നു. യെശയ്യാവ് ധൈര്യപൂർവം പറഞ്ഞു: “അടിയൻ ഇതാ അടിയനെ അയയ്ക്കണമേ!” താൻ യോഗ്യനാണെന്ന് അവൻ കരുതിയില്ല. “ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ” (വാ.5) എന്നു നേരത്തെ തന്നെ താൻ സമ്മതിച്ചിരുന്നു. എന്നിട്ടും അവൻ മനസ്സോടെ പ്രതികരിച്ചു. കാരണം ദൈവത്തിൻ്റെ വിശുദ്ധിയ്ക്ക് അവൻ സാക്ഷ്യം വഹിച്ചിരുന്നു, സ്വന്തം പാപം തിരിച്ചറിയുകയും ദൈവത്തിൻ്റെ ശുദ്ധീകരണം സ്വീകരിക്കുകയും ചെയ്തു (വാ. 1-7).
അവനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ? നീ പോകാതെ മടിച്ചു നിൽക്കുകയാണോ? അങ്ങനെയെങ്കിൽ, യേശുവിൻ്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം ചെയ്തതെല്ലാം ഓർക്കുക. നമ്മെ സഹായിക്കാനും വഴിനടത്താനും പരിശുദ്ധാത്മാവിനെ അവൻ നമുക്ക് നൽകിയിട്ടുണ്ട് (യോഹന്നാൻ 14:26; 15:26-27), തൻ്റെ വിളിക്ക് ഉത്തരം നൽകാൻ അവൻ നമ്മെ ഒരുക്കും. യെശയ്യാവിനെ പോലെ, നമുക്കും പ്രതികരിക്കാം, “അടിയനെ അയയ്ക്കേണമേ!”