ഴിഞ്ഞ കുറച്ച് വർഷങ്ങൾ സഭയെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. ബാഹ്യഭീഷണി കൊണ്ടല്ല, മറിച്ച് നമ്മുടെ അണികൾക്കിടയിലെ വ്യാപകമായ ധാർമ്മികവും ആത്മീയവുമായ കൂറുമാറ്റം മൂലമായിരുന്നു. സംഭ്രാന്തരോ മോഹഭംഗത്തിലോ നിരാശയിലുമോ അകപ്പെട്ടവരെ ഉയർത്താൻ ഇതിലും നല്ല സമയം ഉണ്ടായിട്ടില്ല. നന്നായി അവസാനിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഇതിലും മികച്ച സമയം ഒരിക്കലും ഉണ്ടായിട്ടില്ല.

മാർട്ടിൻ ആർ. ഡി ഹാൻ II

ന്നായി അവസാനിപ്പിക്കുക എന്നതാണ് ജീവിതമെന്ന പുസ്തകത്തിന്റെ അവസാന അധ്യായം ശരിയായി എഴുതാൻ ചെയ്യേണ്ടത്. അത് നമ്മുടെ യാഥാർത്ഥ വിശ്വാസത്തിന്റെ സാക്ഷ്യമായിരിക്കും. പ്രചോദനമേകുന്ന ഓർമ്മകളുടെ ഒരു പൈതൃകവും ജീവി ച്ചിരിക്കുന്ന വർക്കുവേണ്ടി അവശേഷിപ്പിക്കാനാകും.

ഒരു ദൈവഭക്തനായ വിശ്വാസി ശാന്തമായും കുലീനമായും കൃപയോടു കൂടിയും ജീവിതം അവസാനിപ്പിക്കുന്നത്, കാണുന്നവരെ ആഴത്തിൽ സ്വാധീനിക്കും. തന്റെ ജീവിതം അവസാനിക്കാൻ ആഴ്ചകളേ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞ ശ്രീമതി റിച്ചാർഡ് നീസ് ഞങ്ങളിൽ അനേകരുടെ ജീവിതങ്ങളെ ചലിപ്പിച്ചത് ഞാൻ ഓർക്കുന്നു. അവൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് സ്വാഗതം ചെയ്ത്, താൻ യേശുവിന്റെ അടുക്കലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് എല്ലാവരോടും ആനന്ദത്തോടെ യാത്ര പറഞ്ഞു. അവർ ജീവിതം നന്നായി അവസാനിപ്പിച്ചു.

നന്നായി അവസാനിപ്പിക്കുക എന്നത് വൃദ്ധരായവരുടെ കാര്യം മാത്രമല്ല. ജ്ഞാനിയായ ഏതൊരാളും അന്ത്യയാത്രക്ക് ഏറെ മുമ്പേ തന്നെ ഇക്കാര്യം ചിന്തിച്ചു തുടങ്ങും. ജീവിതം മോശമായി അവസാനിപ്പിക്കണമെന്ന് സുബോധമുള്ള ആരും ആഗ്രഹിക്കില്ല. ഭാവിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ജീവിതം കളിച്ചു തുലച്ച ഒരു വിഡ്ഢിയായി ഓർമ്മിക്കപ്പെടാനും ആരും ആഗ്രഹിക്കില്ല.

ഇന്ന് നാം ചെയ്യുന്ന തെരഞ്ഞെടുപ്പുകളാണ് ജീവിതം നന്നായി അവസാനിപ്പിക്കാമെന്നതിനുള്ള ഗാരണ്ടി . ഒരോ ദിവസവും നമ്മുടെ അവസാന ദിവസമാണ് എന്ന നിലയിൽ നാം ജീവിക്കണം – അങ്ങനെയാകാൻ സാധ്യതയുണ്ടല്ലോ. ഈയിടെ ഞാൻ, ഏതാണ്ട് 30 മണിക്കൂറുകൾക്കിടയിൽ മരിച്ച രണ്ട് ചെറുപ്പക്കാരുടെ ശവസംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കുകയുണ്ടായി. മൂന്ന് കുട്ടികളുടെ പിതാവായ 39 വയസ്സുള്ള ജാക്ക് വാൻ ഡൈക്ക് ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പം ഒരു ഹോട്ടൽ മുറിയിൽ താമസിക്കുമ്പോൾ ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നു. അദ്ദേഹത്തെ അറിയാവുന്ന ഞങ്ങൾക്കെല്ലാം ദൈവം വിളിച്ച ഈ മനുഷ്യനെ നന്ദിയോടെ മാത്രമേ സ്മരിക്കാൻ കഴിയുമായിരുന്നുള്ളൂ. അദ്ദേഹം സ്നേഹധനനായ ഒരു ഭർത്താവും, ദയയുള്ള പിതാവും വിശ്വസ്തനായ ക്രിസ്ത്യാനിയും ബഹുമാന്യനായ ജോലിക്കാരനും ഉല്ലാസഭരിതനായ സുഹൃത്തും ആയിരുന്നു.

19 കാരനായ കെവിൻ റോട്ട്മാൻ ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. അവനും മരിച്ചപ്പോൾ ഒരു ഭക്തനായ വിശ്വാസിയും പ്രിയങ്കരനായ മകനും ചെറുമകനും സൗമ്യനായ ജ്യേഷ്ഠസഹോദരനും വിവാഹം കഴിക്കാൻ നിശ്ചയിച്ച പെൺകുട്ടിയുടെ കാമുകനും ആയിരുന്നു. ഈ രണ്ട് ചെറുപ്പക്കാരും ജീവിതം നന്നായി അവസാനിപ്പിച്ചത് നന്നായി ജീവിച്ചതുകൊണ്ടാണ്.

അതുകൊണ്ട്, നന്നായി അവസാനിപ്പിക്കുക എന്നത് ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ജീവിതം അപ്രതീക്ഷിതമായി അവസാനിക്കാം. നല്ല വ്യക്തികളായി കണക്കാക്കപ്പെടണം എന്നത് യേശുവിൽ വിശ്വസിക്കുന്നവരായ നമുക്ക് കുഞ്ഞായിരിക്കുമ്പോൾ മുതൽ ഉള്ള ആഗ്രഹമാണ്. നാം അങ്ങനെ സ്മരിക്കപ്പെടും എന്ന കാര്യം ഉറപ്പാക്കുന്നതിന് ചെയ്യാവുന്ന ഏക കാര്യം ഇപ്പോൾ നല്ലവരായി ജീവിക്കുക എന്നതാണ്.

നന്നായി അവസാനിപ്പിച്ച അനേക വിശ്വാസികളും തങ്ങളുടെ ക്രിസ്തീയ ജീവിതത്തിന്റെ ആരംഭം മുതൽ നന്നായി ജീവിച്ചവരാണ്. അവർ നല്ല ദാമ്പത്യജീവിതം നയിച്ചു, മാതാപിതാക്കൾ എന്ന ദൗത്യം ഗൗരവമായി കണ്ടു, കർത്താവിനെ വിശ്വസ്തതയോടെ സേവിച്ചു, ആത്മീയ വളർച്ച നിലനിർത്തി. അവർ മരിച്ചത് നേരത്തെയാണെങ്കിലും പ്രായമേറിയിട്ടാണെങ്കിലും നന്നായി അവസാനിപ്പിച്ചു.

ഓരോ ക്രിസ്ത്യാനിയും ഇങ്ങനെ ജീവിച്ചെങ്കിൽ എത്ര വലിയ കാര്യമായേനെ! പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല. ചിലർ ജീവിത വഴിയിൽ വലിയ അധാർമ്മിക പ്രവൃത്തിയിൽ വീണു പോകുന്നു. ചിലർ പ്രയാസകരമായ വിവാഹമോചനത്തിൽ ചെന്നെത്തുന്നു. ചിലർ മദ്യപാനത്തോടും സ്വവർഗാനുരാഗത്തോടും മല്ലടിച്ച് പരാജയപ്പെടുന്നു. ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ എന്തു പറയാനാകും? ജീവിതം തീർന്നു എന്ന് കരുതണോ? അവരുടെ പഴയ കാലം മായ്ച്ച് കളയാനാകില്ലേ? അവർക്കും നന്നായി അവസാനിപ്പിക്കാൻ കഴിയില്ലെന്നുണ്ടോ? ഒരിക്കലുമല്ല. ബൈബിളും ചരിത്രവും കാണിച്ചു തരുന്നത് നിരാശാജനകമായ പരാജയമുണ്ടായാലും ആളുകൾക്ക് അവരുടെ അവസാനം നന്നാക്കി മാറ്റാനാകും എന്നാണ്.

മനശ്ശെയുടെ ചരിത്രം നോക്കുക (2 രാജാക്കന്മാർ 21 ; 2 ദിന. 33). യഹൂദാരാജാവായിരുന്ന തന്റെ പിതാവായ ഹിസ്കീയാവിന് ശേഷം രാജാവായ ഇദ്ദേഹം മന്ത്രവാദം ചെയ്യിച്ചു , അനിഷ്ടരായവരെ കൊന്നു കളഞ്ഞു, മക്കളെ മോളേക്കിന് ബലി കൊടുത്തു. എന്നാൽ 55 വർഷം നീണ്ട ഭരണത്തിന്റെ അവസാനം അയാൾ മാനസാന്തരപ്പെട്ടു. താൻ ചെയ്തു കൂട്ടിയ വഷളത്തങ്ങളെ പരിഹരിക്കാനാകുന്നിടത്തോളം കാര്യങ്ങൾ ചെയ്ത് ദൈവത്തോട് നിരപ്പ് പ്രാപിച്ച് മരിച്ചു. അദ്ദേഹം നന്നായി അവസാനിപ്പിച്ചു.

അധാർമ്മികതയിൽ ജീവിതം നശിപ്പിച്ചശേഷം പിന്നീട് നന്നായി അവസാനിപ്പിച്ച ഒരാളെ എനിക്കറിയാം. ഏതാണ്ട് 60 വയസ്സുവരെ മാതൃകാപരമായ ക്രിസ്തീയ ജീവിതം നയിച്ച ശേഷം അയാൾക്ക് പുതിയ ഒരു പ്രേമബന്ധം ഉണ്ടായി. ഭാര്യയെ ഉപേക്ഷിച്ച് ഒരു ചെറുപ്പക്കാരിയെ വിവാഹം ചെയ്തു. ഇത് അനേകരുടെ ഹൃദയം തകർത്തു , മക്കൾക്ക് വലിയ നാണക്കേടായി , പേരക്കുട്ടികൾ ബന്ധം വിഛേദിച്ചു. തന്റെ പുതിയ ജീവിതം അയാൾ പ്രതീക്ഷിച്ചതുപോലെ ആനന്ദകരമായിരുന്നില്ല. ക്രമേണ അയാൾ മാനസാന്തരപ്പെട്ടു. താൻ അവിശ്വസ്തത കാണിച്ച ഭാര്യയെ പുനർവിവാഹം ചെയ്യാൻ അയാൾക്ക് സാധിച്ചില്ല , എന്നാൽ മരണത്തിനു മുമ്പ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബഹുമാനം ആർജ്ജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മരണവിധിയുമായി ജയിലിൽ കഴിഞ്ഞിരുന്ന റസ്റ്റി വൂമേഴ്സ് എന്നയാളോട് തന്റെ അവസാന നാളുകളിൽ ചക്ക് കോൾസൻ സംഭാഷണം നടത്തി. താൻ ചെയ്തെ തെറ്റിനെക്കുറിച്ച് കഠിനമായ കുറ്റബോധം ഉണ്ടായിട്ട് , അയാൾ കൊന്നു കളഞ്ഞ ആളുകളുടെ കുടുംബാംഗങ്ങളെ കണ്ട് തന്റെ ദുഃഖം പ്രകടിപ്പിക്കുകയും ക്ഷമ യാചിക്കുകയും ചെയ്തു. തന്റെ പ്രിയപ്പെട്ടവരോടും ഹൃദയാവർജ്ജകമായവിധം യാത്ര പറഞ്ഞിട്ട് സമാധാനത്തോടെ വൈദ്യുതിക്കസേരയിലേക്ക് നീങ്ങി.

മനശ്ശെയും ആ പിതാവും റസ്റ്റിയുമൊന്നും അപരാധമൊന്നും ചെയ്യാത്തവർ എന്ന പേര് സമ്പാദിച്ചില്ലെങ്കിലും ഈ മൂന്നുപേരും തങ്ങളുടെ ജീവിതത്തിന്റെ അവസാനകാലം ദൈവവുമായുള്ള സംസർഗ്ഗത്തിൽ ചെലവഴിച്ച് സമാധാനത്തോടെ മരിച്ചു. മാനസാന്തരത്തിനും യഥാസ്ഥാനത്വത്തിനും അവസരം എപ്പോഴുമുണ്ട്.

എങ്ങനെയെങ്കിലും ജീവിക്കാനുള്ള ഒരു സാധ്യതയായി ഇതിനെ കാണരുത്. പിന്നീട് മാനസാന്തരപ്പെടാം എന്ന് കരുതി ജീവിക്കുന്ന ക്രിസ്ത്യാനികൾ, അതിനുള്ള സൗഭാഗ്യം അവർക്ക് ലഭിക്കണമെന്നതിന് യാതൊരു ഉറപ്പുമില്ല എന്ന് ഓർക്കേണ്ടതാണ്. അതു കൂടാതെ, ദൈവത്തോടുകൂടെ നടക്കുന്നതിന്റെ ആനന്ദം നഷ്ടമാകും , മറ്റുള്ളവർക്ക് പ്രചോദനകരമായ ഒരു സ്മരണയും അവശേഷിപ്പിക്കില്ല , ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പിൽ നില്ക്കുമ്പോൾ വലിയ നഷ്ടങ്ങളുമുണ്ടാകും.

ജീവിതയാത്രയിൽ നിങ്ങൾ എവിടെയാണെങ്കിലും, നന്നായി ജീവിച്ച് നന്നായി അവസാനിപ്പിക്കാനുള്ള സമയം ഇതാണ്.

banner image

നാം നാം ജീവിതം എത്രത്തോളം നന്നായി അവസാനിപ്പിക്കുന്നു എന്നത് ജീവിതത്തിൽ അനിവാര്യമായി വന്നു ചേരുന്ന മാറ്റങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനോടും ബന്ധപ്പെട്ടിരിക്കുന്നു.

നാം ശൈശവം വിട്ട് ബാല്യത്തിലേക്കും കൗമാരത്തിലേക്കും പ്രായപൂർത്തിയിലേക്കും നീങ്ങുന്നു. പ്രായപൂർത്തിയായവർ എന്ന നിലയിലും നമ്മുടെ ജീവിതത്തിൽ അതിവേഗമാണ് മാറ്റങ്ങൾ സംഭവിക്കുന്നത്; ഒറ്റക്കായവർ വിവാഹിതരാകുന്നു , മാതാപിതാക്കൾ മുത്തച്ഛനും മുത്തശ്ശിയുമാകുന്നു , തൊഴിൽ മേഖലയിൽ പുരോഗതിയുടെ പടവുകൾ കയറിയ ശേഷം താഴേക്കിറങ്ങുന്നു. നമ്മുടെ ബന്ധങ്ങൾ മാറുന്നു. മാതാപിതാക്കൾ, അമ്മാവന്മാരും അമ്മായിമാരും, ആ തലമുറയിലെ മറ്റുള്ളവർ ഒക്കെ പ്രായമായി മരിച്ചു പോകുന്നു. മക്കൾ വളർച്ച പ്രാപിച്ച് പുറത്തേക്ക് പോകുന്നു. നമ്മുടെ തലമുറയിലുള്ളവർ ഒന്നൊന്നായി നമ്മെ വിട്ടുപിരിയുന്നു. നമ്മുടെ തന്നെ മരണവും വിദൂരമല്ല എന്ന് നാം അറിയുന്നു.

ആത്മീയ ഗാനരചയിതാവായ ഹെൻട്രി എഫ് ലൈറ്റ് ഉൾക്കാഴ്ചയോടെ എഴുതി, ” മാറ്റവും ദ്രവത്വവും ചുറ്റുപാടും ഞാൻ കാണുന്നു – ഓ , മാറ്റമില്ലാത്തവനെ, എന്നോടു കൂടെ വസിക്കണമെ.” നന്നായി അവസാനിപ്പിക്കണമെങ്കിൽ, ഈ മാറ്റങ്ങളോട് രമ്യമായും ദൈവാശ്രയത്തിലും നാം പൊരുത്തപ്പെടണം. തുടർന്നുള്ള പേജുകളിൽ, ജീവിത വഴിയിൽ സഞ്ചരിക്കുമ്പോൾ മാനസികവും ആത്മീയവുമായ പൊരുത്തപ്പെടലുകൾ നടത്തേണ്ട എട്ട് മേഖലകളെക്കുറിച്ച് നമുക്ക് കാണാം:

1. ശാരീരിക അവശതകൾ കൈകാര്യം ചെയ്യുന്നത്
2. തൊഴിൽപരമായ പ്രതിസന്ധിയോട് പൊരുത്തപ്പെടുന്നത്
3. കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടുന്നത്
4. റിട്ടയർമെന്റിനോട് സമരസപ്പെടുന്നത്
5. പങ്കാളിയുടെ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നത്
6. സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ
7. പൈതൃകം നിർണ്ണയിക്കുന്നത്
8. നേട്ടങ്ങളെ വിലയിരുത്തുന്നത്

ശാരീരിക അവശതകൾ കൈകാര്യം ചെയ്യുന്നത്

ഞാനും ഭാര്യയും ഞങ്ങളുടെ 50-ാം വിവാഹ വാർഷികം ആഘോഷിച്ചപ്പോൾ വീട്ടിൽ വന്ന അനേകരും പറഞ്ഞു, ” നിങ്ങൾക്ക് രണ്ടു പേർക്കും ഒരു മാറ്റവുമില്ല ” എന്ന്. കേൾക്കാൻ സുഖമുണ്ടായിരുന്നെങ്കിലും ഇത് ശരിയല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്റെ വിവാഹേ ഫോട്ടോയിൽ എനിക്ക് നല്ല കട്ടിയുള്ള മുടിയാണുള്ളത്, തൂക്കം 138 പൗണ്ടും. എന്നാൽ ഇന്നോ ! 1950 ൽ എടുത്ത ഫോട്ടോയിൽ ഞങ്ങൾക്ക് ചെറുപ്പം തോന്നുന്നുണ്ടെങ്കിലും 1941 ൽ എടുത്ത ഫോട്ടോയിൽ തോന്നുന്ന അത്രയുമില്ല. വർഷങ്ങൾ അതിന്റെ ജോലി ചെയ്യുന്നു. എന്നാൽ ഞങ്ങളിൽ മാത്രമല്ല. ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരൊക്കെ ഇപ്പോൾ പ്രായം തോന്നിക്കുന്നവരാണ്.

എഴുപതുകളിലും എൺപതുകളിലും ഒക്കെ ജീവിക്കുന്ന പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ” എനിക്ക് പ്രായമായെന്ന് തോന്നുന്നേയില്ല” എന്ന്. ഞാനും പറഞ്ഞിട്ടുണ്ട്. എന്നാൽ നമുക്ക് ശാരീരിക അവശതകൾ ബാധിച്ചു തുടങ്ങി എന്നത് നിഷേധിക്കാനാകാത്ത യാഥാർത്ഥ്യമാണ്; എത്ര ആരോഗ്യം ഉള്ളവരായാലും. സോഫ്റ്റ്ബോൾ കളിക്കുമ്പോൾ എത്രയൊക്കെ ഞാൻ ഓടിയാലും, പന്ത് അടിക്കുമ്പോൾ , പഴയതു പോലെ നീങ്ങുന്നില്ല. മുഴുവൻ ശക്തിയിലും പന്ത് എറിഞ്ഞാലും അത് അധികം പോകാതെ വളഞ്ഞ് വീഴുന്നു. രാവിലെ വ്യായാമം ചെയ്താലുടനെ ആസ്പിരിൻ കഴിക്കാനായി ഞാൻ മരുന്ന് പെട്ടി എടുക്കും. എന്നാലും ഇത്രയൊക്കെ നന്നായി എനിക്ക് ചെയ്യാൻ കഴിയുന്നു എന്നതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവനാണ്. എന്റെ പ്രായക്കാരായ പല സുഹൃത്തുക്കളും തീരെ അവശരാണ്.

30 വയസ്സുമുതൽ നമ്മുടെ ആരോഗ്യം ക്ഷയിച്ച് വരുന്നു എന്നത് നിഷേധിക്കാനാവാത്തതാണ്. എന്റെ ജീവിതത്തിൽ പ്രയോജനപ്പെട്ടതും ശാരീരിക അവശതയെ അഭിമുഖീകരിക്കാനുള്ളതുമായ, 3 ബൈബിൾ നിർദ്ദേശങ്ങൾ ഞാൻ പറയാം : 1. നന്ദിയോടെയും ഉത്തരവാദിത്തപൂർവ്വവും സമ്മതിക്കുക. 2. ഒരു ദിവസം അന്നത്തെ ജീവിതം മാത്രം ജീവിക്കുക. 3. പറ്റുന്നത്രയും സജീവമായിരിക്കുക.

1. ശാരീരിക അവശതയെ നന്ദിയോടെയും ഉത്തരവാദിത്വപൂർവ്വവും സമ്മതിക്കുക. പ്രായമാകുക എന്നത് ഒരു നാണക്കേടല്ല. വയസ്സായി കാണപ്പെടുന്നത് അപമാനമല്ല. പരിമിതികൾ അനുഭവപ്പെടുന്നത് ലജ്ജാകരമായ ഒന്നായി കാണരുത്. ബൈബിൾ പറയുന്നത് പ്രായമാകുക എന്നത് ഒരു അനുഗ്രഹമാണെന്നാണ്. 175 വയസ്സായ അബ്രാഹമിനെക്കുറിച്ച് പറയുന്നത് , ” അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു , തന്റെ ജനത്തോടു ചേർന്നു” ( ഉല്പത്തി 25:8). ഇസ്രയേൽ രാജാവായിരുന്ന രെഹബെയാം മുതിർന്നവരായ ഉപദേഷ്ടാക്കന്മാരുടെ വാക്ക് കേൾക്കാതിരുന്നത് വലിയെ തെറ്റായിത്തീർന്നു (1 രാജാക്കന്മാർ 12). ഇസ്രായേലിൽ ” മൂപ്പന്മാർ” എന്ന് വിളിക്കപ്പെട്ടത് പ്രായമായവരായിരുന്നു (യോശുവ 24:31). അവർ ബഹുമാനിക്കപ്പെട്ടിരുന്നു ( ലേവ്യർ 19:32) ജ്ഞാനികളായി കണക്കാക്കപ്പെട്ടിരുന്നു (ഇയ്യോബ് 12:12). നരച്ച മുടി വൃദ്ധരായവരുടെ “ഭൂഷണം” (സദൃ. 20:29). അതുകൊണ്ട് ജീവിതത്തിൽ നീട്ടിക്കിട്ടുന്ന ഓരോ വർഷവും ദൈവത്തിന്റെ സമ്മാനമായി കണ്ട് നന്ദിയുള്ളവരായിരിക്കണം.

വർഷങ്ങൾ കൂടുതൽ ലഭിക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്വവും കൂടുകയാണ്. ശാരീരിക അവശത കർത്താവിനെ സേവിക്കുന്നതിനുള്ള ശേഷി കുറക്കുന്നില്ല. പൗലോസ് തന്റെ യുവാവായ സ്നേഹിതൻ തിത്തൊസിന് എഴുതിയപ്പോൾ പറഞ്ഞത് പ്രായമായ സ്ത്രീപുരുഷന്മാരെ സഭയിലെ ചെറുപ്പക്കാർക്ക് ആത്മീയ തുണയായിരിക്കാൻ പഠിപ്പിക്കണമെന്നാണ് (തിത്തൊസ് 2:1-4).

വൃദ്ധരായ പുരുഷന്മാർ (1) സമചിത്തതയുള്ളവരായിരിക്കണം – നേരായി ചിന്തിക്കുന്നവരും മിതത്വമുളളവരും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സുബോധമുള്ളവരും; (2) ബഹുമാന്യരായിരിക്കണം – പെരുമാറ്റത്തിൽ കുലീനരും ആത്മീയ വിഷയങ്ങളിൽ ഗൗരവക്കാരും; (3) ആത്മനിയന്ത്രണം ഉള്ളവരാകണം – കോപത്തെയും താല്പര്യങ്ങളെയും ബലഹീനകളെയും നിയന്ത്രിക്കുന്നവർ; (4) ശക്തരാകണം – ആത്മീയമായി ആരോഗ്യമുള്ളവരും വിശ്വാസം, സ്നേഹം, സഹിഷ്ണുത എന്നീ കാര്യങ്ങളിൽ ചെറുപ്പക്കാർക്ക് മാതൃകയായവർ.

വൃദ്ധമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “വൃദ്ധമാരും അങ്ങനെ തന്നെ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരുമായിരിക്കണം എന്നും ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന് യൗവനക്കാരികളെ ഭർതൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവൃത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്ക് കീഴ്‌പ്പെടുന്നവരും ആയിരിക്കുവാൻ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കണം എന്നും പ്രബോധിപ്പിക്കുക” (തിത്തൊസ് 2: 3-5).

പ്രായമായ സ്ത്രീകൾ (1) ബഹുമാന്യരായിരിക്കണം – ദൈവത്തോടും ആത്മീയ യാഥാർത്ഥ്യങ്ങളോടും ബഹുമാനമുള്ളവരായി ലഹരിക്കോ പരദൂഷണത്തിനോ ഒന്നും അടിമകളാകാതിരിക്കുന്നു; (2) നല്ലത് പഠിപ്പിക്കുന്നവരാകണം – ഭർത്താവിനെയും കുഞ്ഞുങ്ങളെയം സ്നേഹിക്കുകയെന്നത് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നത് ചെറുപ്പക്കാരികളെ പഠിപ്പിക്കണം.

പ്രായമാകുക എന്നത് ദൈവത്തിൽ നിന്ന് പ്രാപിക്കുന്ന അനുഗ്രഹമാണ്. അധികം ആളുകളും ചെറുപ്പത്തിലല്ല, പ്രായമായാണ് മരിക്കുന്നത്. എന്നാൽ പ്രായമാകുന്നതിനോട് നമുക്ക് അനിഷ്ടം തോന്നരുത്, ശീലങ്ങളിൽ പിടിവാശി പാടില്ല, അരോചകത്വം പ്രകടിപ്പിക്കരുത്. വിശ്വാസികൾ എന്ന നിലയിൽ നാം പൗലോസ് മുകളിൽ പറഞ്ഞതുപോലെയുള്ളവരായിരിക്കണം. ആത്മീയ വളർച്ച ആരംഭിക്കാനുള്ള സമയം ഇപ്പോഴാണ്. ആരോഗ്യത്തിൽ താഴോട്ട് പോകുമ്പോൾ ആത്മീയതയിൽ മുകളിലേക്ക് പോയി , “വൃദ്ധരും” “പ്രായമായവർ”ക്കുമായി തിത്തൊസ് 2:1-5 ൽ പറയുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് കഴിയണം.

2. ഒരു ദിവസം അന്നത്തെ ജീവിതം മാത്രം ജീവിക്കുക. ശാരീരിക അവശതയെ കൈകാര്യം ചെയ്യുന്നതിന് രണ്ടാമതായി വേണ്ടത് ഓരോ ദിവസവും അന്നന്നത്തെ ജീവിതം മാത്രം ജീവിക്കുക എന്നതാണ്. യേശു ഇത് എല്ലാവരെയും ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നത് ശരിയാണ്, പക്ഷെ പ്രായമായി ആരോഗ്യം ക്ഷയിക്കുന്നവരെ സംബന്ധിച്ച് ഇത് പ്രത്യേകം പ്രസക്തമാണ്. നാളയെ ഓർത്ത് ആകുലപ്പെടരുത് എന്ന് പറഞ്ഞിട്ട് അവസാനം ” അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി” (മത്തായി 6:34) എന്ന് കൂടി പറഞ്ഞു. പലരും ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഇത് ശീലിക്കുന്നവരാണ്. മൾട്ടിപ്പിൾ സ്ക്ളിറോസിസ് എന്ന ഗൗരവമായ രോഗം ബാധിച്ച ഒരു നഴ്സിനെ എനിക്കറിയാം. നാളുകൾ പോകുന്തോറും ശരീരം ബലഹീനമായിക്കൊണ്ടേയിരിക്കുന്നതുകൊണ്ട് തനിക്ക് മുമ്പിൽ സംഭവിക്കാനുള്ളതെന്താണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു, എങ്കിലും അവർ സന്തോഷവതിയായിരുന്നു. ഒരിക്കൽ അവർ എന്നോട് പറഞ്ഞു, ” ഈ അസുഖത്തിന്റെ പ്രശ്നം മരണം പതിയെ മാത്രമേ സംഭവിക്കുകയുളളു എന്നതാണ്. ഇപ്പോൾ തന്നെ പോകാൻ ഞാൻ തയ്യാറാണ്. അതോടൊപ്പം തന്നെ ഓരോ ദിവസവും അനുഭവിക്കാവുന്ന പരമാവധി ആനന്ദവും ഞാൻ അനുഭവിക്കുവാൻ ശ്രമിക്കുകയാണ്.” ഒരു വീൽ ചെയറിൽ സംസാരിക്കാനും ഭക്ഷണം ഇറക്കാനും പ്രയാസപ്പെട്ട് കഴിയുകയാണെങ്കിലും അവൾക്ക് ഒരു നല്ല ഹൃദയമുണ്ട് , ജീവിതത്തെ ഓരോ ദിവസത്തെയും അനുഭവമായി കണക്കാക്കുന്നു.

മൾട്ടിപ്പിൾ മൈലോമ ബാധിച്ച് 12 വർഷത്തോളം കഠിനമായ വേദനയിലൂടെ കടന്നുപോയ ഒരു സ്ത്രീയെയും എനിക്കറിയാം. വേദന അല്പം ശമിക്കുന്ന ദിവസങ്ങളിൽ അവർ വളരെ ഉല്ലാസവതിയും സൗഹൃദ ഭാവമുള്ളവളുമായിരുന്നു. അവർക്ക് വേണമെങ്കിൽ ഇന്ന് നാളത്തെ വേദനയേയും മരണത്തെയും ഓർത്ത് വിഷമിക്കാമായിരുന്നു , എന്നാലവളത് ചെയ്തില്ല. അവൾ ഓരോ ദിവസവും ദൈവത്തിൽ ശരണപ്പെട്ടു, മനോഹരമായ ശാന്തതയോടെ അവസാനിപ്പിച്ചു.

ന്യായമായും നാം മുൻകൂട്ടി ചിന്തിക്കേണ്ട പ്രശ്നങ്ങൾ ഇല്ലെന്നല്ല. എന്നാൽ കേവലം ആ പ്രശ്നങ്ങളുടെ സുഖകരമല്ലാത്ത സാധ്യതകളിൽ മാത്രം മുഴുകിയിരിക്കാതെ, ഇന്നത്തെ ദിവസത്തിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇന്ന് ചെയ്യാൻ പറ്റുന്നവ ആസ്വദിച്ച് ചെയ്തു കൊണ്ട് ഭാവിക്കായി അവനിൽ ശരണപ്പെടുക. ബൈബിൾ ഉറപ്പു തരുന്ന ഒരു കാര്യം ദൈവം അനുവദിക്കുന്നതൊക്കെ ചെയ്യുവാൻ ആവശ്യമായത് അവൻ നല്കും എന്നാണ്. അതിജീവിക്കാനുള്ള കൃപ പ്രദാനം ചെയ്യാതെ ഒരു പരീക്ഷയും ദൈവം അനുവദിക്കുകയില്ല ( 1 കൊരിന്ത്യർ 10:13). യേശുവും എല്ലാ നാളും കൂടെ നില്ക്കാം എന്ന് പറഞ്ഞിട്ടുണ്ട് (മത്തായി 28:20). നമുക്ക് ദൈവത്തെ മാനിക്കാം, നല്ല സാക്ഷ്യമുള്ളവരായിരിക്കാം, ഓരോ ദിവസത്തെയും ജീവിതം മാത്രം ജീവിക്കാനുള്ള ക്രിസ്തുവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് നമ്മുടെ അവസാനനാളുകളിൽ ആനന്ദം നിറക്കാം, നാളത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നാളെയെത്തന്നെ ഏല്പിക്കാം.

3. പറ്റുന്നത്രയും സജീവമായിരിക്കുക. ശാരീരിക അവശതകളെ കൈകാര്യം ചെയ്യുന്നതിൽ പ്രായോഗികമായി ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം നാം പറ്റുന്നത്രയും സജീവമായ ജീവിത ശൈലി സ്വീകരിക്കുക എന്നതാണ്. പ്രായമേറി വരുന്തോറും പ്രതിസന്ധികളെല്ലാം ഒഴിവാക്കി വെറുതെയിരിക്കാനുള്ള പ്രവണത കൂടി വരാം. അത് ഗൗരവമായ ഒരു തെറ്റാണ്. അതിന്റെ അങ്ങേയറ്റത്തേക്കും പോകുന്നതും ശരിയല്ല. ചിലർ പ്രായമാകുന്നു എന്നതിന്റെ ലക്ഷണങ്ങളെപ്പോലും ഇല്ലാതാക്കാനായി ധാരാളം വൈറ്റമിനും ടോണിക്കും കഴിച്ച്, വ്യായാമമുറകളിൽ അമിത ശ്രദ്ധ പുലർത്തി, ചെറുപ്പമാണെന്ന് കാണിക്കാൻ ധാരാളം പണം മുടക്കുന്നു. കഠിനാധ്വാനം ചെയ്ത് പ്രായമാകുന്ന പ്രക്രിയയെ തടയാം എന്നവർ വ്യാമോഹിക്കുന്നു.

പൗലോസ് തിമൊഥെയോസിനോട് പറയുന്നത് കായിക വ്യായാമം “അല്പപ്രയോജനം ഉള്ളതാണ്” എന്നാണ് (1 തിമൊ. 4:8). എന്നിരുന്നാലും, അദ്ദേഹം തുടർന്ന് വ്യക്തമാക്കുന്നത് നമ്മുടെ ഊന്നൽ ജീവിതത്തിന്റെ ആത്മീയ വശങ്ങളിൽ ആയിരിക്കണമെന്നും അത് ശാശ്വത പ്രയോജനം ഉള്ളതാണ് എന്നുമാണ്. വ്യായാമവും ഭക്ഷണ ക്രമീകരണവും ഒക്കെ നല്ലതാണ്. കുറച്ചു കൂടി ശാരീരിക ക്ഷമത ലഭിക്കുകയും നമ്മുടെ ഭൗമിക ജീവിതത്തിന് കുറച്ച് ഗുണമുള്ള വർഷങ്ങൾ പ്രദാനം ചെയ്യുകകയും ചെയ്യാം, അത്രമാത്രം. ജീവിതത്തിൽ സജീവമായിരിക്കാൻ ശ്രമിക്കുമ്പോൾ ആത്മീയമായ ഒരുക്കത്തിന് മുൻതൂക്കം നല്കണം.

തൊഴിൽപരമായ പ്രതിസന്ധിയോട് പൊരുത്തപ്പെടുന്നത്

നമ്മളെല്ലാം അംഗീകാരം ഇഷ്ടപ്പെടുന്നു. നമ്മിൽ അനേകരും ജോലിയിൽ സംതൃപ്തി കണ്ടെത്തുന്നവരാണ്. ജോലിയുടെ പുരോഗതിയോടൊപ്പം പ്രാപിക്കുന്ന സാമ്പത്തിക നേട്ടവും നമുക്ക് സന്തോഷം നല്കുന്നു. എന്നാൽ അതി സങ്കീർണ്ണവും അതിദ്രുതം മാറുന്നതുമായ സാങ്കേതിക ലോകത്തിൽ പലരുടെയും കാര്യത്തിൽ തൊഴിലിലുള്ള പുരോഗതി പെട്ടെന്ന് നിലച്ചു പോകാൻ ഇടയുണ്ട്. തനിക്ക് ജോലിയിൽ എക്കാലത്തേക്കുമുള്ള വൈദഗ്‌ദ്യം ഉണ്ടെന്ന് ഒരാൾ കരുതിയിരിക്കുമ്പോഴാകും കേവലം നാല്പതുകളിൽ ആയിരിക്കുന്ന തന്നെ പുതുതായി പരീശീലനം ലഭിച്ച ചെറുപ്പക്കാർ നിഷ്പ്രഭനാക്കുന്നത്. ചിലപ്പോൾ ജോലി തന്നെ നഷ്ടപ്പെടും , നിലവിലുള്ള നൈപുണ്യം വെച്ച് പുതിയൊരു ജോലി കണ്ടെത്താനും കഴിഞ്ഞെന്ന് വരില്ല.

എന്റെ ഒരു മകന് ഇങ്ങനെ സംഭവിച്ചു. അവന് 50 വയസ്സായി. ഒരു റിട്ടയർമെന്റിന് പ്രായമായില്ല. അതുകൊണ്ട് തന്റെ മുമ്പിൽ ഉണ്ടായിരുന്ന ഏക വഴി ഒരു തൊഴിൽ പരിശീലനത്തിന് ചേർന്ന് അതുപ്രകാരം പുതിയ സ്ഥലത്ത് ജോലിക്ക് പരിശ്രമിക്കുക എന്നത് മാത്രയിരുന്നു.

നല്ല ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന അനേകർക്കും ഒരു 50 വയസ് ഒക്കെ ആകുമ്പോൾ ജീവിതം ഒരു പരാജയം ആയിപ്പോയി എന്ന തോന്നൽ വരാറുണ്ട്. ” ഞാൻ ആകെ ചെയ്തത് കുറെ കാറ് വിറ്റതാണ് ! എന്റെ സേവനകാലം കഴിയുമ്പോൾ ഞാൻ എന്താണ് നേടുക?”

ജീവിതത്തെ അല്പമെങ്കിലും ഗൗരവമായി കണക്കാക്കുന്നവർ – പരിശീലനമൊന്നും ലഭിക്കാത്തെ തൊഴിലാളികളായാലും സാങ്കേതിക പരിശീലനമുള്ളവരായാലും പ്രൊഫക്ഷണലുകളോ എക്സിക്യൂട്ടിവുകളോ ആയാലും – അവരുടെ ചെറുപ്പത്തിന്റെ ആകർഷകത്വവും ആദർശങ്ങളും പ്രതീക്ഷകളും ഒക്കെ പതിയെ സ്വയം വിലയിരുത്തലിന്റെ മ്ലാനതയിലേക്ക് നീങ്ങുന്നതായി കാണും. 52 വയസ്സുകാരനായ വിദഗ്ദനായ ഒരു സർജൻ ഒരു ടെലവിഷൻ ഇന്റർവ്യൂവിൽ പറഞ്ഞത് ജോലിയിൽ തനിക്ക് സംതൃപ്തിയോ സാക്ഷാത്കാരമോ ലഭിക്കുന്നില്ലെന്നും അതുകൊണ്ട് കുറച്ച് വിനോദത്തിലൊക്കെ ഏർപ്പെടാൻ പോകുന്നു എന്നുമാണ്. അദ്ദേഹം ആകെ ചെയ്തത് ഒഴിവാക്കാനാകാത്ത കാര്യങ്ങളെ അല്പമൊന്ന് നീട്ടിവെക്കുകയാണ്.

3 വലിയ കമ്പനികളിൽ ഉന്നത സ്ഥാനത്ത് എത്തിയ ഒരാൾ പറഞ്ഞത് ആ വിജയം അയാൾക്ക് സന്തോഷം നല്കുന്നില്ലെന്നാണ്. എന്നാൽ മധ്യവയസിലും വാർദ്ധക്യത്തിലും നിന്ന് തിരിഞ്ഞു നോക്കിയിട്ട്, പണമുണ്ടാക്കാത്തതുകൊണ്ടും ഭൗതികമായ നേട്ടങ്ങൾ ഉണ്ടാക്കാത്തതുകൊണ്ടും, ജീവിതത്തെ പഴിക്കുന്നവർ മറുവശത്തുമുണ്ട്.

“വിജയിച്ചിട്ടും സംതൃപ്തിയില്ലാത്തവരും,” ” വിജയിക്കാത്തതിൽ നിരാശപ്പെട്ടിരിക്കുന്നവരും” മനസ്സിലാക്കേണ്ട കാര്യം നമ്മുടെ യഥാർത്ഥ മൂല്യം ഇരിക്കുന്നത് നമ്മൾ സമ്പാദിച്ചു കൂട്ടിയതിലും ചെയ്ത് തീർത്തതിലും അല്ല എന്നതാണ്. ആക്ടിവിസം, മെറ്റീരിയലിസം എന്നീ രണ്ട് വലിയ ” ഡ്രാഗണുകളെ” ക്കുറിച്ച് യുവതിയുവാക്കൾ തിരിച്ചറിവുള്ളവരായിരിക്കണം. ആക്ടിവിസം പറയുന്നത് “നിങ്ങൾ എന്ത് നിർവഹിച്ചുവോ അതാണ് നിങ്ങൾ” എന്നാണ്. മെറ്റീരിയലിസം പറയുന്നത് ” നിങ്ങൾ ആർജ്ജിച്ചതോ സമ്പാദിച്ചതോ എന്താണോ അതാണ് നിങ്ങൾ” എന്നാണ്. ഇത് രണ്ടും പരാധീനത സൃഷ്ടിച്ച് ജീവിതം നശിപ്പിക്കും.

ബൈബിൾ പറയുന്നത്, ദൈവത്തിന്റെ ദൃഷ്ടിയിൽ നമ്മുടെ വില നിർണ്ണയിക്കുന്നതിൽ ലോകപ്രകാരമുള്ള വിജയങ്ങൾക്കോ സമ്പാദ്യങ്ങൾക്കോ ഒരു സ്ഥാനവുമില്ല എന്നാണ്. ദൈവത്തിന്റെ പ്രതിനിധികളായി ഈ ഭൂമിയിൽ വാഴുവാനുള്ള അധികാരത്തോടെ ദൈവം തന്റെ സ്വരൂപത്തിൽ നമ്മെ സൃഷ്ടിച്ചിരിക്കുന്നു എന്നതിലാണ് നമ്മുടെ ശ്രേഷ്ടത (ഉല്പത്തി 1: 27-30; സങ്കീർത്തനങ്ങൾ 8). അതുകൊണ്ട്, നാമോരോരുത്തർക്കും അനന്യമായ അന്തസ്സും ഭൂമിയുടെ മേലുള്ള അധികാരവും ഉണ്ട്.

ദൈവം വിഭാവന ചെയ്തത് എല്ലാം അനുഭവിക്കുന്നതിൽ നിന്ന് പാപം നമ്മെ തടയുന്നു എങ്കിലും ദൈവം നമ്മെ കൈവിട്ടില്ല. ത്രിത്വത്തിൽ രണ്ടാമനായവൻ, കാലത്തിന്റെ തികവിൽ, മനുഷ്യകുലത്തിൽ ഒരുവനായി ജനിച്ച്, പാപരഹിതനായി ജീവിച്ച്, നമ്മുടെ പാപത്തിന്റെ ശിക്ഷ ഏറ്റെടുത്ത് കുരിശിൽ മരിച്ച് (യോഹന്നാൻ 3:16; 2 കൊരിന്ത്യർ 5:21), മരണം വിട്ട് ഉയിർത്തെഴുന്നേല്ക്കണമെന്ന് (1 കൊരി.15:25 – 58) കാലത്തിനു മുമ്പേ നിത്യതയിൽ ദൈവം തീരുമാനിച്ചിരുന്നു. ഇങ്ങനെ പാപക്ഷമയും നിത്യജീവനും അവകാശമാക്കുവാൻ ,ഓരോ വിശ്വാസിയേയും ദൈവം പ്രത്യേകം തെരഞ്ഞെടുത്തു (എഫേസ്യർ 1:3-6). ഇതാണ് നമുക്ക് ദൈവമുമ്പിലുള്ള അമൂല്യ സ്ഥാനം.

ഒരു നാൾ ദൂതന്മാരുടെയും ബുദ്ധിയുള്ള എല്ലാ ജീവികളുടെയും മുമ്പിൽ ദൈവകൃപയുടെയും സ്നേഹത്തിന്റെയും പ്രദർശനമായി വിശ്വാസികൾ വെളിപ്പെടേണ്ടവരായതുകൊണ്ട് (എഫേസ്യർ 2:6,7 ; 3:10, 11), നാമോരുരുത്തരും – ജീവിച്ചിരുന്നാലും മരിച്ചാലും – എത്ര പ്രാധാന്യമുള്ളവരാണെന്നതിൽ നമുക്ക് ഉറപ്പുള്ളവരായിരിക്കാം.

ഈ ആശയം സങ്കീ. 116: 15 ൽ മനോഹരമായി പ്രതിപാദിക്കുന്നു : “തന്റെ ഭക്തന്മാരുടെ മരണം യഹോവക്ക് വിലയേറിയതാകുന്നു.” ‘വിലയേറിയത് ‘ എന്ന് തർജ്ജമ ചെയ്തിരിക്കുന്ന ഹീബ്രു വാക്കിന് 2 ശമുവേൽ 12:30 ൽ വിലയേറിയ കല്ലായ രത്നം എന്ന് പറഞ്ഞ അർത്ഥവും സദൃശ്യവാക്യം 12:27 ൽ സൂചിപ്പിക്കുന്നതുപോലെ, വളരെ കഷ്ടതയും വേദനയും ചെലവിട്ട് നേടുന്നത് ( costly) എന്ന അർത്ഥവും ഒക്കെയുണ്ട്. സങ്കീർത്തനക്കാരൻ മരണത്തിൽ നിന്ന് തന്നെ രക്ഷിച്ചതോർത്ത് ദൈവത്തെ സ്തുതിക്കുന്ന പശ്ചാത്തലത്തിൽ ഇവിടെ വളരെ” ചെലവേറിയത് ” എന്ന ആശയമാണ് ചേരുക എന്ന് ഞാൻ കരുതുന്നു. ഒരു ഭക്തനായ വിശ്വാസിയുടെ മരണം ദൈവത്തെ സംബന്ധിച്ച് വളരെ ചെലവേറിയതാകുന്നത് , കാലത്തിനു മുമ്പേ താൻ തെരഞ്ഞെടുത്ത്, തന്റെ പുത്രന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ പാപം ക്ഷമിച്ച് , പുതുജനനത്തിലൂടെ വ്യത്യസ്തനാക്കി, പരിശുദ്ധാത്മാവിന്റെ അധിവാസത്താൽ സജ്ജനാക്കി , ഈ ഭൂമിയിലെ തന്റെ വിശിഷ്ടമായ സേവനത്തിനായി താൻ ഉദ്ദേശിച്ച ഒരു വ്യക്തിയെ ആ കാര്യത്തിന് നഷ്ടമാകുന്നു എന്ന നിലയിലാണ്. അതുകൊണ്ട് ദൈവം തന്റെ മക്കളുടെ മരണത്തെ ലാഘവത്തോടെ അനുവദിക്കുന്നില്ല.

ഈ കാര്യത്തെക്കുറിച്ച് ഞാൻ കൂടുതലായി ചിന്തിച്ചത് കാൻസർ ബാധിച്ച് മരിച്ചു കൊണ്ടിരുന്ന ഒരു 32 കാരിയായ മാതാവ്, സിൻഡിയെ, ശുശ്രൂഷിച്ചപ്പോഴാണ്. അവരുടെ അവസ്ഥയിൽ എനിക്ക് വലിയ ദുഖമുണ്ടായിരുന്നു. ദൈവത്തിനും ഇതേ വികാരമായിരിക്കും എന്ന് ഞാൻ ചിന്തിച്ചു. ഒരു കുരുവിയുടെ വീഴ്ചയിൽ പോലും ശ്രദ്ധയുള്ള ദൈവം (മത്തായി 10:29 – 31) ഈ യുവതിയും അവരുടെ പ്രിയപ്പെട്ടവരും അനുഭവിക്കുന്ന നൊമ്പരം പങ്കുവെക്കാതിരിക്കുമോ? ദൈവം സിൻഡിയെ വളരെയധികം വിലയുള്ളവളായി കാണുന്നു. നിങ്ങളെയും എന്നെയും അങ്ങനെ വിലമതിക്കുന്നു. എന്നാൽ അവൻ നമുക്ക് കല്പിക്കുന്ന മൂല്യത്തിന് നാം എത്ര ധനികരോ പ്രസിദ്ധരോ ആണെന്നതുമായി യാതൊരു ബന്ധവുമില്ല.

കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടുന്നത്

നമ്മൾ പൊരുത്തപ്പെടേണ്ട മറ്റൊരു മേഖല കുടുംബമാണ്. ഒരു പരമ്പരാഗത കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച് കുടുംബം എന്നത് മാതാവ്, പിതാവ്, സഹോദരങ്ങൾ, ചിലപ്പോൾ ഒരു ഓമന മൃഗം – ഇത്രയുമാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ അവർ ഇപ്പോൾ ജീവിച്ചു വരുന്ന ഈ സ്ഥാനങ്ങളിൽ മറ്റാരെയെങ്കിലും കാണാൻ ചെറുപ്പക്കാർക്ക് പ്രയാസമാണ്. മാതാവും പിതാവും മക്കളും ഒരു മേശക്കു ചുററും ഇരിക്കുന്ന ചിത്രം എപ്പോഴും വികാരം ഉണർന്നതാണ്.

എന്നാൽ എത്ര നല്ല കൂടുംബമായാലും ബന്ധങ്ങൾ മാറിക്കൊണ്ടേയിരിക്കും. കുട്ടികൾ പതിയെ കൂടുതൽ കൂടുതൽ സ്വയം പര്യാപ്തരും സ്വതന്ത്രരുമായി മാറും. അവർക്ക് അതിന് കൂടുതൽ സ്വാതന്ത്ര്യം നല്കാൻ മാതാപിതാക്കൾക്ക് കഴിയുകയും വേണം. ഒത്തിരി വൈകാതെ കുട്ടികൾ അമ്മയെയും അപ്പനെയും വിട്ട് അവരുടെ പുതിയ കുടുംബം സ്ഥാപിക്കും. അപ്പനും അമ്മയും , വല്യപ്പനും വല്യമ്മയുമാകും. മധ്യവയ്സ്കരായി എന്നതിനോട് പൊരുത്തപ്പെട്ടു വരുമ്പോഴേക്കും അവർ തനിയെ ആകുന്നു. അവർക്ക് സമ്മിശ്ര വികാരമാണുണ്ടാകുക. ഒരു വശത്ത് അവർക്ക് കുട്ടികളെ വളർത്തുന്നതിന്റെ ക്ലേശപീഢകളിൽ നിന്നുള്ള വിടുതലിന്റെ സന്തോഷം. മറുവശത്ത് മക്കൾ വീട്ടിലുണ്ടായിരുന്നതിന്റെ ആവേശവും ആരവവും അവർക്ക് നഷ്ടപ്പെടുന്നു. സങ്കടകരമായ ഒരു കാര്യം പറയട്ടെ, ഈ ഘട്ടത്തിലാണ് പല വിവാഹങ്ങളും അരുചിയുള്ളതായി മാറുന്നതും മാതാപിതാക്കൾ – മക്കൾ ബന്ധം തകരാറിലാകുന്നതും. ഈ സാഹചര്യം മുൻകൂട്ടി കണ്ട് തയ്യാറായിരിക്കുക എന്നതാണ് ജ്ഞാനത്തിന്റെ മാർഗ്ഗം.

വിവാഹബന്ധം. ഭാര്യയും ഭർത്താവും, മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ പോലും, തങ്ങളുടെ അന്യോന്യമുളള ഉത്തരവാദിത്യങ്ങൾക്ക് മുന്തിയ പരിഗണന നല്കാറുണ്ട്. വിവാഹത്തിലൂടെ, ആജീവനാന്ത കാലത്തേക്ക് ദൈവം വിഭാവന ചെയ്ത “ഏകശരീര” മെന്ന ബന്ധത്തിലേക്ക് അവർ പ്രവേശിച്ചതാണ്. മക്കളും ഇതു തന്നെ ഒരു നാളിൽ ചെയ്യും – അപ്പനെയും അമ്മയെയും പിരിഞ്ഞ് പുതിയ ഭവനം ആകും. തങ്ങളുടെ അന്യോന്യ ബന്ധത്തിന് വിഘാതമാകാൻ മക്കളെയും അനുവദിക്കരുത്.

ചെറുപ്പക്കാരായ മാതാപിതാക്കളായിരിക്കുമ്പോഴാണ് എഫേസ്യർ 5:22 – 33 ൽ പ്രതിപാദിക്കുന്ന സ്വയത്തെ ത്യജിക്കുന്ന സ്നേഹവും അന്യോന്യ സമർപ്പണവും ഒക്കെ കൂടുതൽ പ്രസക്തമായിരിക്കുന്നത്. പല ദമ്പതികളുടെ ജീവിതത്തിലും , പങ്കാളിയുടെ സ്ഥാനം മക്കൾക്ക് പിന്നിലേക്ക് മാറ്റി നിശ്ചയിക്കുന്നതു വഴി, അവർ തമ്മിലുള്ള ഇഴയടുപ്പം കുറയുന്നതായി , ഒരു പാസ്റ്റർ എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ചിലപ്പോൾ അമ്മമാർ മക്കളുടെ സ്നേഹം പിടിച്ചു പറ്റാനുള്ള വ്യഗ്രതയിൽ ഭർത്താക്കന്മാരോട് പരസ്യമായി ബഹുമാനക്കുറവ് പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോൾ അപ്പന്മാർ ആൺമക്കളുമായി ഒരു ” ഞങ്ങൾ” ബന്ധം ഉണ്ടാക്കി, അമ്മയെയും പെൺമക്കളെയും ” നിങ്ങൾ” ആയി കാണുന്നത് സംഘർഷമുണ്ടാക്കും. ഈ സാഹചര്യമുള്ളയിടങ്ങളിൽ മക്കൾ വീട് വിട്ട് പോകുമ്പോൾ വിവാഹബന്ധം പ്രയാസത്തിലാകും.

ചില നാളുകൾക്ക് മുമ്പ്, പല ചെറുപ്പക്കാരായ ദമ്പതികളും അവരുടെ കുഞ്ഞുങ്ങളുമൊരുമിച്ച് ഷോപ്പിങ്ങ് നടത്തുന്നതു കണ്ട് ഭാര്യയും ഞാനും വളരെ ആവേശത്തിലായി. ഞങ്ങളുടെ ചുറ്റുമുള്ള യുവ ദമ്പതികൾ അവരുടെ ഒരുമയും കുഞ്ഞുങ്ങളെ കരുതുന്നതിലുള്ള കൂട്ടുത്തരവാദിത്വവും പ്രകടിപ്പിക്കുകയായിരുന്നു. എന്റെ ഭാര്യ പറഞ്ഞു: “ഈ ആളുകൾ നമ്മുടെ പ്രായമായാലും അന്യോന്യം സ്‌നേഹിക്കുന്നവരായിരിക്കും.”

വർഷങ്ങൾ ഏതു വിവാഹത്തിലും വ്യത്യാസങ്ങൾ കൊണ്ടുവരും. ലൈംഗിക ബന്ധം ആദ്യത്തേതു പോലെ ആയിരിക്കില്ല. എന്നാൽ ഇത് സ്വാഭാവികമാണെന്ന് കരുതി അംഗീകരിക്കേണ്ടതാണ്. ലൈംഗീക പ്രസിദ്ധീകരണങ്ങളോ അശ്ലീലവീഡിയോകളോ ഉപയോഗിച്ച് ലൈംഗിക താല്പര്യത്തെ ഉണർത്താൻ ശ്രമിക്കുന്നത് അതീവ ഗൗരവമായ തെറ്റാണ്. ചെയ്യേണ്ടത് പ്രായമാകുമ്പോൾ സംഭവിക്കുന്ന ലൈംഗീക ബലഹീനതയെന്ന യാഥാർത്ഥ്യത്തിൽ അസ്വസ്ഥരാകാതിരിക്കുക എന്നതാണ്. ഭാര്യയും ഭർത്താവും തമ്മിൽ നല്ല ആശയവിനിമയവും ദയാപൂർവമായ കരുതലും പൊതുവായ താല്പര്യങ്ങളുടെ ഇടം കണ്ടെത്തലും കൂട്ടായ പ്രാർത്ഥനയും ഉണ്ടായാൽ അവരുടെ ലൈംഗികജീവിതം എന്നും സംതൃപ്തമായിരിക്കും – എത്ര പ്രായമായാലും!

മാതാപിതാക്കൾ – മക്കൾ ബന്ധം. വാഹനങ്ങളുടെ ബമ്പറുകളിൽ പ്രായമായ മാതാപിതാക്കളും സന്തതിപരമ്പരയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ സ്റ്റിക്കറുകൾ കാണാറുണ്ട്. “ഞാൻ ഒരു മുത്തച്ഛനാണെന്നതിൽ അഭിമാനിക്കുന്നു” , “ആനന്ദമെന്നത് മുത്തച്ഛനായിരക്കുന്നതാണ്” ,”ഞാൻ ചെലവഴിക്കുന്നത് മക്കളുടെ പാരമ്പര്യാവകാശമാണ്” എന്നിങ്ങനെ. പ്രായമായ പല മാതാപിതാക്കളും തങ്ങളുടെ മുതിർന്ന മക്കളോടും കൊച്ചുമക്കളോടുമൊത്തുള്ള ജീവിതമാണ് തങ്ങളുടെ മാതാപിതാക്കൾ എന്ന നിലയിലുള്ള തുടക്കകാലത്തേക്കാൾ ആസ്വദിക്കുന്നത്. ഒരു സുന്ദരിയായ 65 കാരിയോട് ഒരിക്കൽ ഞാൻ നർമ്മമെന്ന നിലയിൽ ഒരു പുതിയ ഭർത്താവിനെ അന്വേക്ഷിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അവർ ഗൗരവത്തോടെ പ്രതികരിച്ചു “നന്ദി, പക്ഷെ ഞാൻ ഇനിയൊരു ഭർത്താവിനെ അന്വേക്ഷിക്കുന്നില്ല. എനിക്ക് എന്റെ മക്കളും കൊച്ചുമക്കളുമായുള്ള മനോഹര ബന്ധം നഷ്ടപ്പെടുത്താൻ താല്പര്യമില്ല.” എന്നാൽ ഒരു 80 വയസ്സുകാരൻ ഒരിക്കൽ എന്നോടു വ്യസനത്തോടെ പറഞ്ഞു, “എന്റെ കുട്ടികൾ എന്നെ ശ്രദ്ധിക്കുന്നേയില്ല. അവർ എന്റെ സമ്പത്ത് സ്വന്തമാക്കാനായി എന്റെ മരണം കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്.”

ക്രിസ്ത്യാനികളുടെയിടയിൽ ഈ ബന്ധം മനോഹരമായിരിക്കും. മാതാപിതാക്കളെ ബഹുമാനിക്കണം എന്ന കല്പനയെ ഗൗനിക്കുന്നവരെന്ന നിലയിൽ അവർ മാതാപിതാക്കളോട് നല്ല ബന്ധം സൂക്ഷിക്കും. വിവേകമുള്ള മാതാപിതാക്കൾ മക്കളുടെ സ്നേഹം നേടിയെടുക്കുന്ന വിധത്തിൽ, അനാവശ്യമായി ഇടപെടാതെയും തന്നിഷ്ടം നടത്താതെയും ജീവിക്കും. അവർ കൊച്ചുമക്കളെ സ്നേഹിക്കുമ്പോൾ തന്നെ, മാതാപിതാക്കളുടെ അധികാരത്തിൽ അതിക്രമിച്ച് കയറാതെയും നോക്കും.

പ്രായമായ പല വിധവമാരെയും വൃദ്ധസദനങ്ങളിലാക്കിയിട്ട് മക്കൾ തിരിഞ്ഞു നോക്കാത്ത പല സംഭവങ്ങളും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോൾ മക്കൾക്ക് സന്ദർശിക്കാൻ കൂടുതൽ താല്പര്യം ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന മാതാപിതാക്കളെയായിരിക്കും. അവരുടെ ന്യായം വൃദ്ധസദനത്തിൽ അമ്മക്ക് കൂട്ടിന് ഒരുപാട് പേരുണ്ടല്ലോ എന്നതാകും. എന്ത് ന്യായം പറഞ്ഞാലും അത് തെറ്റാണ്. അമ്മമാരും വല്യമ്മമാരും എപ്പോഴും മക്കളോട് കൂടെ ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരെ അവഗണിക്കുകയെന്നത് തിരുവെഴുത്തുകളെ അവഗണിക്കുന്നതും വരും തലമുറക്ക് തെറ്റായ ഒരു കീഴ് വഴക്കം സൃഷ്ടിക്കുന്നതുമാകും. മാതാപിതാക്കൾ അവരുടെ മാതാപിതാക്കളെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും കാണുന്ന മക്കളും വലുതാകുമ്പോൾ അങ്ങനെ തന്നെ പെരുമാറും.

പരസ്പര സമർപ്പണവും ഊഷ്മളസ്നേഹവും ആഴമേറിയ ബഹുമാനവും ഉള്ള കുടുംബങ്ങളുടെ മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. കുടുംബത്തെക്കുറിച്ചുള്ള തന്റെ അത്യുൽകൃഷ്ടമായ വേദഭാഗത്ത് (എഫേസ്യർ 5:22- 6:3) പൗലോസ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഭർത്താക്കന്മാരോടും ഭാര്യമാരോടുമുള്ള ആഹ്വാനങ്ങൾ കഴിഞ്ഞയുടനെ അദ്ദേഹം മക്കളോട് മാതാപിതാക്കളെ കർത്താവിൻ നിമിത്തം അനുസരിക്കണമെന്ന് കല്പിക്കുന്നു; പുറപ്പാട് 20:12 ലെ വാഗ്ദത്തം ഓർമ്മിപ്പിച്ചുകൊണ്ട്.

വാർദ്ധക്യകാലം സന്തോഷകരമാക്കുന്നതിന് സുദൃഢമായ കുടുംബബന്ധം പോലെ സഹായകരമായ മറ്റൊരു കാര്യവുമില്ല. തണുപ്പുകാലം സുഖകരമായി താമസിക്കാൻ വീടുള്ള , പ്രായമായ ദമ്പതികൾ ഈയിടെ എന്നോടു പറഞ്ഞത് അവർക്ക് മക്കളുടെയും കൊച്ചുമക്കളുടെയും അടുത്ത് പോയി താമസിക്കുന്നതാണ് കൂടുതൽ ആനന്ദകരം എന്ന്. വൃദ്ധസദനത്തിൽ കഴിയുന്ന ഒരു വിധവ എന്റെ ഭാര്യയോട് പറഞ്ഞത് അവർക്ക് ഭർത്താവും താമസിച്ചുവന്ന വീടും ഒക്കെ നഷ്ടപ്പെട്ടുവെങ്കിലും അവർക്ക് പൂർണ്ണ സംതൃപ്തിയുണ്ട് , കാരണം, അവർക്ക് കർത്താവും മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളും ഉള്ളതിനാൽ.

ഞാനൊരു പ്രവാചകനോ പ്രവാചക പുത്രനോ അല്ല, എന്നാൽ ഞാൻ മുൻകൂട്ടി പറയുന്നു, ഈ സൃദൃഢ കുടുംബബന്ധം സൂക്ഷിക്കുന്ന ഇവരും പ്രായമാകുമ്പോൾ ഈ സ്നേഹം അനുഭവിക്കും എന്ന്. ഇപ്പോൾ നല്ല കുടുംബബന്ധങ്ങൾ സ്ഥാപിക്കുന്നത് ഭാവിയിലേക്കുള്ള ഒരു നല്ല മുതൽമുടക്കായിരിക്കും.

റിട്ടയർമെന്റിനോട് സമരസപ്പെടുന്നത്

ഒരാൾ ജീവിതത്തിൽ പൊരുത്തപ്പെടേണ്ട മറ്റൊരു മാറ്റം റിട്ടയർമെന്റ് വഴി വന്നു ചേരുന്ന അധിക സമയമാണ്. നാം തിരക്കിൽ നെട്ടോട്ടേമോടുമ്പോൾ റിട്ടയർ ചെയ്തവരെ അസൂയയോടെ നോക്കിപ്പോകും. അവർക്ക് എപ്പോൾ വേണമെങ്കിലും ഗോൾഫ് കളിക്കുകയോ മീൻ പിടിക്കുകയോ ആകാം. രാവിലെ കിടന്നുറങ്ങാം. എന്തൊരു രസകരമായ ജീവിതം! എന്നാൽ യഥാർത്ഥത്തിൽ വിരമിച്ചവർ അധികസമയം കിടന്നുറങ്ങുന്നതിൽ ഒന്നും സുഖം കണ്ടെത്തുന്നില്ല. കളികളും വിനോദവുമൊക്കെ ജോലി ചെയ്യുന്നവർക്കാണ് യഥാർത്ഥത്തിൽ കൂടുതൽ ആസ്വാദ്യകരമാകുന്നത് , അല്ലാതെ കൂടുതൽ മണിക്കൂറുകൾ അതിൽ ഏർപ്പെടുന്നത് വഴിയല്ല. ഫലമോ, വിരമിച്ച അനേകർക്കും ജീവിതം വിരസമാണ്, പങ്കാളിയോടൊപ്പം ചേർന്നു പോകുന്നില്ല, ഏതാണ്ട് മരണം കാത്ത് ഇരിക്കുന്നതു പോലെയാണ്.

എന്നാൽ വിരമിച്ച മറ്റ് ചിലർ ഈ സാഹചര്യത്തെ സന്തോഷത്തോടെ പുതിയൊരു അവസരമാക്കി മാറ്റുന്നു. അവർ അനുദിനധ്യാനത്തിന് കൂടുതൽ സമയം കണ്ടെത്തുന്നു. വീട്ടിൽ പല പദ്ധതികളുമായി തിരക്കിലാകുന്നു. ചുറ്റുപാടും തങ്ങൾക്ക് ചെയ്യാവുന്നതൊക്കെ ചെയ്യുന്നു. സഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം വഹിക്കുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. ബൈബിൾ പഠനം ഗൗരവമാകുന്നു. ജോലി ചെയ്യാൻ എങ്ങനെയായിരുന്നു സമയം കണ്ടെത്തിയിരുന്നത് എന്നവർ അതിശയിക്കുന്നു.

സന്തോഷകരമായ റിട്ടയർമെന്റിന് താഴെപ്പറയുന്ന 4 ഘടകങ്ങൾ പ്രധാനമാണ്:
(1) അർത്ഥവത്തായ പ്രാർത്ഥനാസമയം
(2) ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ
(3) സേവന പ്രവർത്തനങ്ങൾ
(4) സജീവവും പഠനം നടക്കുന്നതുമായ മനസ്സ്

1. അർത്ഥവത്തായ പ്രാർത്ഥനാ സമയം. ഓരോ ദിവസവും, ഒറ്റക്കും പങ്കാളിയോട് ചേർന്നും, നിങ്ങളുടെ ആത്മാവിനെ പോഷിപ്പിക്കാനും പ്രാർത്ഥിക്കാനും സമയം എടുക്കണം. എത്ര സമയം, എപ്പോൾ, എങ്ങനെ എന്നതൊക്കെ അവരവർക്ക് തീരുമാനിക്കാം. ആയിരക്കണക്കിന് വിരമിച്ചവർ OUR DAILY BREAD നെ അവരുടെ ഒരുമിച്ചുള്ള ധ്യാനത്തിനും കൂടുതൽ വ്യക്തിപരമായ വായനക്കും ഉപയോഗിക്കുന്നുണ്ട്. ചിലർ ഒരു പ്രാർത്ഥനാ ലിസ്റ്റ് തയ്യാറാക്കി ക്രമമായി പ്രാർത്ഥിക്കുന്നു. ചിലർ ഓർമ്മയിൽ നിന്ന് പരിശുദ്ധാത്മ പ്രേരണയിൽ മധ്യസ്ഥ പ്രാർത്ഥന ചെയ്യുന്നു.

“യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവൻ” (സങ്കീ. 1:2) ആണ് ദൈവഭക്തൻ. “യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ” (സങ്കീ.5:3) എന്നാണ് അവൻ പ്രാർത്ഥിക്കുന്നത്. സ്വന്ത ജനത്തിന്റെയിടയിൽ നിന്നും ദീർഘകാലമായി മാറ്റപ്പെട്ട് കഴിഞ്ഞ , വൃദ്ധനായ ദാനിയേൽ തന്റെ മാളിക മുറിയിൽ കയറി, ദിവസം മൂന്ന് പ്രാവശ്യം യരുശലെമിന് നേരെ ജനൽ തുറന്ന് മുട്ടുകുത്തി,” തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (ദാനിയേൽ 6: 10). പ്രാർത്ഥനയിൽ “ചോദിക്കുവാനും അന്വേക്ഷിക്കുവാനും” ” മുട്ടുവാനും” യേശു പറഞ്ഞു (മത്തായി 7:7). പ്രാർത്ഥിക്കണമെന്ന് പൗലോസ് നമ്മോട് ആവർത്തിച്ച് പ്രബോധിപ്പിക്കുന്നു (റോമർ 12:12; എഫേസ്യർ 6:17 – 18 ; ഫിലി. 4:6 ; കൊലോ. 4:2 ; 1 തെസ. 5:17; 1 തിമൊ. 2:1). ധ്യാനാത്മകമായ – ബൈബിൾ വായനയും പ്രാർത്ഥനയും ഉള്ള – ഒരു ജീവിതം ഭക്തിയോടെ വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനിവാര്യമാണ്.

2. ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ. വിരമിച്ച ഒരാൾ ആസ്വാദ്യകരമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ബൈബിൾ ഇങ്ങനെ പറയുന്നില്ലെങ്കിലും നമ്മുടെ മനുഷ്യർ എന്ന നിലയിലുള്ള ഒരു അടിസ്ഥാന ആവശ്യമാണ് പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ആനന്ദം എന്നത്. പ്രവർത്തനോന്മുഖനായ ഒരാൾക്കേ വിശ്രമം ആസ്വദിക്കാനാകൂ. ദൈവം ഇസ്രായേലിന് ശബ്ബത്ത് നല്കിയത് ധനികനും ദരിദ്രനും ആണിനും പെണ്ണിനും തങ്ങളുടെ നിരന്തര അദ്ധ്വാനത്തിനിടയിൽ വിശ്രമിക്കാനാണ്. അദ്ധ്വാനശേഷം ഉള്ള വിശ്രമം എന്നത് അലസതയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

സദൃശ്യവാക്യങ്ങളുടെ എഴുത്തുകാരൻ അലസതക്കെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നല്കുന്നുണ്ട് (സദൃ. 6:6, 9; 12:24). പൗലോസും അലസരായിരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്കുന്നുണ്ട് (1 തെസ. 4:11; 1 തിമൊ. 5:13). ആനന്ദം കണ്ടെത്തുന്നത് നല്ലതാണ്; അലസത തെറ്റും. ആനന്ദം കണ്ടെത്താനുള്ള യഥാർത്ഥ വഴി സർവ്വതോന്മുഖമായ പ്രവർത്തനങ്ങളാണ്. ചിലയാളുകൾ വീടിന്റെ അറ്റകുറ്റപ്പണികളിലും മോടി പിടിപ്പിക്കലിലും മുഴുകും. വിരമിച്ച ഒരാൾ പറഞ്ഞത് ഭാര്യ ഒരു പൈപ്പിന്റെ ലീക്ക് ശരിയാക്കാനോ അതേ പോലെ കേടുപറ്റിയ എന്തെങ്കിലും നന്നാക്കാനോ പറയുന്നത് അയാൾക്ക് വലിയ സന്തോഷമാണെന്നാണ്. ചിലർ എന്തെങ്കിലും ഹോബിയിൽ മുഴുകും. ചിലർ ഗോൾഫ് കളിയോ മീൻപിടുത്തമോ സ്പോർട്സ് മത്സരം കാണുന്നതോ ഇഷ്ടപ്പെടും. വീട്ടിനകത്ത് ഇരിക്കുന്നവർക്ക് പോലും ചെയ്യാവുന്ന നിരവധി ഹോബികളുണ്ട്. നിങ്ങൾക്ക് ആസ്വദിക്കാവുന്ന എന്തെങ്കിലും കണ്ടെത്തി അതിന് സമയം മാറ്റിവെക്കുക. സദൃ.17:22 പറയുന്നു,” സുഷ്ട ഹൃദയം നല്ലൊരു ഔഷധമാകുന്നു.”

3. സേവന പ്രവർത്തനങ്ങൾ. വിരമിച്ചവർക്ക് ധാരാളമായുള്ള സമയം കൈകാര്യം ചെയ്യുന്നതിനുള്ള മൂന്നാമത്തെ കാര്യം മറ്റുള്ളവർക്ക് സേവനം നല്കുക എന്നതാണ്. ക്രിസ്ത്യാനികൾക്ക് സാക്ഷ്യം വഹിക്കാനുള്ള ഒരു നല്ല മാർഗ്ഗവുമാണിത്.

നല്ല പാചകവിദഗ്ദയായ, പ്രായമുള്ള ഒരു സ്ത്രീയെ എനിക്കറിയാം. അമ്മമാർ ആശുപത്രിയിൽ ചികിത്സയിലാകുന്ന വീടുകളിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടു പോകാൻ അവസരം കാത്തിരിക്കും ഇവർ. കൂടുതൽ നാൾ വേണ്ടി വരുമ്പോൾ അവർ മറ്റ് സ്ത്രീകളുടെയും സേവനം ലഭ്യമാക്കും. റിപ്പയർ ജോലികൾ ഇഷ്ടമായ വിരമിച്ച ഒരാൾ ചെറിയ റിപ്പയർ ജോലി പോലും സ്വന്തമായി ചെയ്യാനാകാത്ത പ്രായമായവർക്ക് സഹായം ചെയ്യാറുണ്ട്. സഭാശുശ്രൂഷയിൽ നിന്ന് വിരമിച്ച ഒരാൾ പത്രത്തിലെ ചരമക്കോളം നോക്കി , മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിച്ചു കൊണ്ട് കത്തെഴുതുകയും സൗജന്യമായ കൗൺസിലിംഗ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എൺപതുകളിലായിരിക്കുന്ന ഒരു സ്ത്രീ പഠനത്തിന്റെ സമ്മർദത്തിലും ഏകാന്തതയിലും ദുഃഖത്തിലും രോഗത്തിലും ഒക്കെ ആയിരിക്കുന്ന ചെറുപ്പക്കാർക്ക് ആശ്വാസത്തിന്റെ സന്ദേശങ്ങൾ കൈമാറുന്നു. പ്രായമായ മറ്റൊരു സ്ത്രീ ഏകാന്തതയനുഭവിക്കുന്നവരെ ടെലഫോണിൽ വിളിച്ച് സംസാരിക്കുന്നു.

ഇങ്ങനെ നമ്മുടെ സമയം വിനിയോഗിച്ച് അങ്ങേയറ്റം സഹായകരവും ഉപയോഗപ്രദവുമായി ജീവിതത്തെ മാറ്റാം. ദൈവത്തെ സ്നേഹിക്കുന്ന ഒരു വൃതനായ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗ്യകരവും സഫലവുമായ സ്ഥിതിയെ സങ്കീർത്തനക്കാരൻ വർണ്ണിക്കുന്നുണ്ട്:

“നീതിമാൻ പന പോലെ തഴക്കും; ലെബാനോനിലെ ദേവദാരു പോലെ വളരും. യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും. വാർദ്ധക്യത്തിലും അവർ ഫലം കായിച്ചു കൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും”(സങ്കീ.92: 1 1 – 14) .

4. സജീവമായ മനസ്സ്. നമ്മുടെ റിട്ടയർമെന്റ് വർഷങ്ങളെ പരമാവധി പ്രയോജനകരമാക്കാനുള്ള മറ്റൊരു പ്രധാന കാര്യമാണ് സജീവമായ ഒരു മനസ്സ് നിലനിർത്തുക എന്നത്. ചുരുക്കം ചിലരെ ഓർമ്മക്കുറവോ മറവിരോഗമോ ബാധിച്ചേക്കാമെങ്കിലും, നല്ല പങ്ക് ആളുകൾക്കും ഇനിയും പഠിക്കാനും മനപ്പാഠമാക്കാനും കഴിയും. പ്രായമായിട്ടും തെളിഞ്ഞ ബുദ്ധിയും ഊർജ്ജസ്വലതയുമുള്ള അനേകരെ ബൈബിളിൽ കാണാം എന്നത് ശ്രദ്ധേയമാണ്.

150 വയസ്സായ യാക്കോബ് തന്റെ മരണക്കിടക്കക്കരികിലേക്ക് പുത്രന്മാരെ വിളിച്ച് വിദൂര ഭാവിയിലേക്കുവരെയുള്ള ദൈവശ്വാസീയ പ്രവചനങ്ങൾ എത്ര ഗാംഭീര്യത്തോടെ പ്രസ്താവിച്ചു!(ഉല്പത്തി 48 – 49) 120 വയസ്സായപ്പോൾ, താൻ മരിക്കാനുള്ള പർവ്വതത്തിലേക്ക് മോശെ കയറിയത് നല്ല സുബോധമുള്ള മനസ്സോടെയാണ് (ആവ. 34). 85 വയസ്സുള്ളപ്പോഴാണ് കാലേബ് ഹെബ്രോൻ മലമ്പ്രദേശം കീഴടക്കാനുള്ള യുദ്ധം നയിക്കാനുള്ള അവകാശം ചോദിച്ച് വാങ്ങിയത് (യോശുവ 14). സിംഹക്കുഴിയിൽ നിന്ന് വിടുവിക്കപ്പെട്ട ശേഷം ഏകദേശം 90 വയസ്സുള്ള ദാനിയേലാണ് ” ദാര്യാവേശിന്റെ വാഴ്ചയിലും പാർസി രാജാവായ കോരശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു” എന്ന് കാണുന്നത് (ദാനി . 6:28). യേശുവിന്റെ ജനന കാലത്ത്, വയോധികനായ ശിമയോനും 84 കാരിയായ വിധവയായ ഹന്നയും യേശുവിനെ വാഗ്ദത്ത മശീഹ ആയി കാണുകയും അവൻ ഈ ലോകത്തിൽ അവതരിച്ചതിന്റെ പ്രാധാന്യം ഹൃദയ സ്പർശിയായി വിവരിക്കുകയും ചെയ്തു (ലൂക്കൊസ് 2:25 – 38).

പ്രായമായവർ മനസ്സും തളർന്നു പോയവരാണ് എന്ന ചിന്താഗതിയെ ബൈബിളോ കഴിഞ്ഞ 30 വർഷത്തിനിടയിൽ ശേഖരിക്കപ്പെട്ട പഠന വിവരങ്ങളോ പിന്താങ്ങുന്നില്ല. ജരാനരയുടെ നിഷ്ക്രിയത്വം ആരോപിക്കപ്പെട്ട അനേകരും അങ്ങനെ കാണപ്പെട്ടതിന് കാരണം അവരെയെല്ലാം ഒന്നും പ്രതീക്ഷിക്കാനില്ലാത്തവരായി കണക്കാക്കി , മാറ്റി നിർത്തിയതുകൊണ്ടാണ്. അപ്രകാരമുള്ള പലരുടെയും പ്രശ്നം പഠിച്ച പ്രസിദ്ധനായ ഡോ. വില്യം ഗേസർ പറയുന്നത് , ഇങ്ങനെ ” ജരാനരക്കാരായി” മാറിയ പലരും ക്രിയാത്മക ചിന്തക്ക് ഇടമുള്ള ചില ഉത്തരവാദിത്വങ്ങൾ ഏല്പിക്കപ്പെട്ടപ്പോൾ സ്ഥിതിമാറ്റപ്പെട്ടു എന്നാണു്.

പ്രായമേറുന്തോറും ചില മാനസിക പ്രക്രിയകൾ മന്ദഗതിയിലാകാം. പ്രായമായവർ എന്തെങ്കിലും സാധനം എവിടെയാണ് വെച്ചത് എന്ന് മറക്കാൻ സാധ്യത കൂടുതലാണ്. പെട്ടെന്ന് ഓർത്തെടുക്കാനും കഴിയില്ല. അത് മിക്കവാറും നിസ്സാരമെന്ന് കണക്കാക്കി പലതിലും മനസ്സ് കേന്ദ്രീകരിക്കാൻ ശ്രമിക്കാത്തതുകൊണ്ടാകാം. ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ തന്നെ, മാറ്റിവെക്കാൻ കഴിയാത്ത പല ആകുലചിന്തകളും അവരുടെ മനസ്സിൽ തിങ്ങുന്നതു കൊണ്ടുമാകാം. ഇങ്ങനെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുമ്പോൾ പ്രായമായവർ അസ്വസ്ഥരാകരുത്. അപ്പനും അമ്മക്കും മനസ്സിന് ക്ഷീണം ബാധിച്ചു എന്നോ അൾഷിമേഴ്സ് ബാധിച്ചു എന്നോ മക്കളും പെട്ടെന്ന് ചിന്തിച്ചു പോകരുത്.

പ്രായമായെങ്കിലും , ഇനിയും പഠിക്കാനും മനപ്പാഠമാക്കാനും പരിശ്രമിക്കുന്നവർ തീക്ഷ്ണമായ മനസ്സുള്ളവരായിരിക്കാൻ സാധ്യത കൂടുതലാണ്. ബൈബിൾ പഠനവും പ്രാർത്ഥനയും ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റുന്നവർ ആത്മീയമായി വളരും. പുതിയ ഉൾക്കാഴ്ചകളും പഴയ തിരിച്ചറിവുകളും സമന്വയിപ്പിക്കുമ്പോൾ ജീവിതത്തിന്റെ എല്ലാ മേഖലകളും സമ്പുഷ്ടമാകുകയും ചെറിയ സന്തോഷങ്ങൾ പോലും ആസ്വാദനമായി മാറ്റാനുള്ള ശേഷി ഉന്നതമാകുകയും ചെയ്യും. ദീർഘനിശ്വാസമോ, ശബ്ദമോ, ഗന്ധങ്ങളോ, കുഞ്ഞുങ്ങളുടെ കലപിലയോ ചിരിയോ , പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യമോ എന്നും ആസ്വദിക്കാൻ കഴിയും. വലിയ വേദനയിലൂടെയും സഹനത്തിലൂടെയും കടന്നു പോകുന്നവരായാൽപ്പോലും പ്രായമായ വിശ്വാസികൾക്ക് അവരുടെ അവസാന വർഷങ്ങൾ ഇങ്ങനെ ആനന്ദകരമാക്കാൻ കഴിയും. റിട്ടയർമെന്റ് കാലം സമ്പുഷ്ടവും സഫലവും ദൈവത്തെ മഹത്വപ്പെടുത്തുന്നതും ആക്കിത്തീർക്കാനാകും.

പങ്കാളിയുടെ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നത്

ജീവിതത്തെ ഏറ്റവും വ്രണിതമാക്കുന്ന മാറ്റം ജീവിതപങ്കാളിയെ മരണം കൊണ്ടു പോകുമ്പോൾ സംഭവിക്കുന്നതാണ്. ഇത് നമ്മുടെ യുവത്വകാലത്തും സംഭവിക്കാമെങ്കിലും പ്രായമേറുന്തോറും ഇതിനുള്ള സാധ്യത കൂടുകയാണ്. ഈ നിശ്ചിതമായ കാര്യത്തെ നമുക്ക് രണ്ട് കോണുകളിലൂടെ വീക്ഷിക്കാം: സംഭവിക്കുന്നതിനു മുമ്പ് , സംഭവിച്ചതിനു ശേഷം.

സംഭവിക്കുന്നതിന് മുമ്പ്. ഒരാൾ മറ്റെയാൾക്കു മുമ്പേ മരിക്കും എന്ന യാഥാർത്ഥ്യം ദമ്പതികൾ അഭിമുഖീകരിക്കണം. ഒരാൾ മരിച്ച ശേഷമുള്ള പ്രായോഗിക പ്രതിസന്ധികൾ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് ഒരുമിച്ച് ചർച്ച ചെയ്യണം. ജീവൻ നിലനിർത്താൻ പ്രയോജനകരമായ ചികിത്സയെക്കുറിച്ചും മറ്റ് സംവിധാനങ്ങളെക്കുറിച്ചും ഒരു മുൻധാരണയിൽ എത്തണം. ജീവിച്ചിരിക്കുന്നയാൾ വീട്ടിൽ തന്നെ തുടരുകയാണോ അതോ വൃദ്ധസദനത്തിലേക്ക് മാറുകയാണോ എന്നതിനെക്കുറിച്ചും തീരുമാനിക്കണം. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചർച്ച ചെയ്ത് വെച്ചിരുന്നാൽ ജീവിച്ചിരിക്കുന്നയാൾക്ക് പെട്ടെന്ന് ഒറ്റക്ക് എന്തെങ്കിലും സാഹസിക തീരുമാനം എടുത്തു എന്ന കുറ്റബോധം ഒഴിവായിക്കിട്ടും. ഇങ്ങനെ പ്രയോഗിക കാര്യങ്ങൾ തുറന്ന് പറയുന്നതുവഴി അവശേഷിക്കുന്ന പങ്കാളിക്ക് ഒറ്റക്ക് മുമ്പോട്ട് പോകാൻ കൂടുതൽ കരുത്താകും.

ഈ യാഥാർത്ഥ്യബോധവും വചന പഠനത്തിലൂടെയും ക്രിസ്തീയ കൂട്ടായ്മയിലൂടെയും പ്രാപിക്കുന്ന ആത്മീയ ശക്തിയും അനിവാര്യമായതിനെ അഭിമുഖീകരിക്കാൻ നമ്മെ സജ്ജരാക്കും. ” നാം ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവ് താനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു” ( റോമർ 8:16) എന്ന സത്യത്തിന്റെ അനുഭവപരമായ ഒരു ആത്മീയ തലത്തിലേക്ക് നാം വളരുമ്പോൾ , നമ്മുടെ പ്രിയപ്പെട്ടയാളുടെ വിയോഗത്തെ സ്വയശക്തിക്കതീതമായി അംഗീകരിക്കാൻ നമുക്ക് കഴിയും.

സംഭവിച്ചതിനു ശേഷം. പങ്കാളി അന്തരിക്കുമ്പോൾ മറ്റെയാൾ ഏതാണ്ട് മരവിച്ച സ്ഥിതിയിലായിരിക്കും. ഇത് പെട്ടെന്നുള്ള വേദനയെ കുറക്കുന്നു. കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം താങ്ങായി കൂടെയുണ്ടാകും. എന്നാൽ ആഴ്ചകൾ കഴിഞ്ഞ് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുമ്പോഴാണ് അസ്വസ്ഥതകൾ പെരുകുന്നത്. ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്നു വരെ തോന്നാം. ഇത് പ്രധാന തീരുമാനങ്ങളൊന്നും എടുക്കേണ്ട സമയമേയല്ല.

പലരും ഈ വൈകാരിക വിക്ഷോഭത്തിന്റെ സമയത്ത് തന്നെ പെട്ടെന്ന് ചില കാര്യങ്ങളൊക്കെ ചെയ്യാൻ തുടങ്ങും. ഇത് വലിയ അബദ്ധമാകും. എന്റെ ഒരു പ്രായമായ സുഹൃത്ത്, ഭാര്യ മരിച്ച് ഒരു മാസത്തിനകം തന്നെ , മക്കളുടെ കൂടെ താമസിക്കാം എന്ന ചിന്തയിൽ തന്റെ വീട് വിറ്റു. 6 മാസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് താൻ നേരത്തെ താമസിച്ചിരുന്നയിടത്തെ ആളുകളുടെ അടുക്കൽ താമസിക്കാതെ വയ്യെന്നായി. പക്ഷെ അവിടെ ഇനി വാങ്ങാൻ വീടൊന്നും കിട്ടാനില്ലായിരുന്നു. അയാൾ ഒരു വൃദ്ധസദനത്തിലേക്ക് താമസം മാറ്റി . അത് ഇഷ്ടമൊക്കെയായെങ്കിലും അദ്ദേഹം പറഞ്ഞത് താൻ ഇത്ര പ്രധാനപ്പെട്ട തീരുമാനം ഭാര്യ മരിച്ചയുടനെ തന്നെ എടുക്കരുതായിരുന്നു എന്നാണ്.

ഇനിയൊരിക്കലും തങ്ങൾക്ക് ജീവിതം ആസ്വദിക്കാൻ കഴിയില്ല എന്ന് ഈ പൊരുത്തപ്പെടലിന്റെ സമയത്ത് ആളുകൾ ചിന്തിച്ചു പോകാൻ ഇടയുണ്ട്. അത് പൊതുവെ ശരിയല്ല. സങ്കീർത്തനം 30 വ്യക്തിപരമായ നന്ദിയുടെ ഗീതമായി എഴുതിയയാൾ , വലിയ ദുഖത്തിലാഴ്ന്നിരുന്നപ്പോൾ തന്റെ നിലവിളി കേട്ടതിന് കർത്താവിനെ സ്തുതിക്കുകയാണ്. ഭക്തരായ ദൈവമക്കളുടെ അധരങ്ങളിൽ നിന്നും അവസാനം ഉയരുന്നത് ആനന്ദഘോഷമായിരിക്കും എന്ന ഉറപ്പിൽ എഴുത്തുകാരൻ സന്തോഷിക്കുകയാണ്. അവസാനം വീണ്ടെടുക്കപ്പെട്ടവരെല്ലാം ചേർന്ന് സ്വർഗത്തിൽ ഈ സ്തുതിഗീതം പാടുകയും ചെയ്യും. എന്നാൽ ഇവിടെ ഭൂമിയിൽ തന്നെ വൈകുന്നേരത്തെ കണ്ണുനീർ രാവിലത്തെ പാട്ടായി മാറും. ” സന്ധ്യയിൽ കരച്ചിൽ വന്ന് രാപാർക്കും , ഉഷസ്സിലോ ആനന്ദഘോഷം വരുന്നു” (സങ്കീ.30: 5).

കരോളിന് അറിയാമായിരുന്നു അവളുടെ ജീവിതം ഉടനെ അവസാനിക്കും എന്ന്. ദു:ഖത്തിലാണ്ട കുടുംബാംഗങ്ങളോട് അവൾ പറഞ്ഞു, നിങ്ങൾക്ക് ” ഇനിയും ചിരിയൊക്കെ ഉണ്ടാകും” എന്ന് . അവളുടെ ഭർത്താവ് യൂജീൻ വളരെ സ്നേഹമുള്ളയാളും മാന്യനുമായിരുന്നു. അയാളുടെ ദുഃഖം വാക്കുകൾക്കതീതമായിരുന്നു. എന്നാൽ വീണ്ടും ജീവിതം ആസ്വദിക്കാനാകുന്നുണ്ട് എന്ന് അവൻ എന്നോട് പറഞ്ഞു. അവന് തന്റെ ഭാര്യയെ ” നഷ്ടപ്പെട്ടിട്ടില്ല .” അവൾ എവിടെയാണെന്നും അവിടെ കാണാനാകുമെന്നും അവനറിയാം.

സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ

പൊരുത്തപ്പെടൽ ആവശ്യമായിരിക്കുന്ന അടുത്ത തലം പരാശ്രയത്വത്തിന്റേതാണ്. പ്രായമേറുന്തോറും മറ്റുള്ളവരെ നാം കൂടുതലായി ആശ്രയിക്കേണ്ടിവരും. ഈ ആശ്രയത്തിന്റെ തോത് വ്യത്യസ്തമായിരിക്കും. ചിലർക്കു മരണം വരെ പരാശ്രയം അധികമില്ലാതെ ജീവിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ മറ്റു ചിലർക്ക് വർഷങ്ങളോളം പരസഹായം വേണ്ടി വന്നേക്കാം. നമുക്ക് മുൻ കൂട്ടി അറിയാനാകില്ല നാമൊക്കെ എത്രത്തോളം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമെന്നത്. അറിയാതിരിക്കുന്നതാണ് നല്ലതും. നാം ദൈവത്തെ ആശ്രയിക്കണം എന്നത് അവിടുത്തെ താല്പര്യമാണ്. കർത്താവ് ആകുലതക്ക് എതിരെ സംസാരിച്ചപ്പോൾ പറഞ്ഞത് ആകുലപ്പെടുമ്പോൾ സ്വർഗീയപിതാവിലുള്ള നമ്മുടെ ആശ്രയം കുറയുകയാണ് എന്നാണ്. യേശു പറഞ്ഞു, “നാളെക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി” (മത്തായി 6:34).

പലപ്പോഴും , ആളുകൾക്ക് അറിയാം അവർ മാനസികമായി പ്രശ്നങ്ങൾ നേരിടാൻ പോകു എന്ന് . 52 വയസ്സുള്ളപ്പോൾ അൽഷിമേഴ്സ് ബാധിച്ചു തുടങ്ങിയതിനാൽ രാജിവെച്ച ഒരു പാസ്റ്റർ പറയുകയുണ്ടായി, എന്റെ മനസ്റ്റിന് സമനില നഷ്ടപ്പെട്ടാലും എന്റെ അന്തരാത്മാവ് ദൈവവുമായുള്ള ബന്ധത്തിൽ ആയിരുന്നാൽ മതി എന്ന്. അദ്ദേഹം പറഞ്ഞത് തന്നെക്കുറിച്ചല്ല, ഭാര്യയെയും കുടുംബത്തെയും കുറിച്ചാണ് തന്റെ സങ്കടം എന്നാണ്. ഒരു നാൾ താൻ സ്വർഗത്തിൽ യാതൊരു ന്യൂനതയുമില്ലാത്തവനായിരിക്കും എന്ന ധൈര്യത്തിലാണ് അദ്ദേഹം ആശ്വാസം അനുഭവിച്ചത്.

മറ്റുള്ളവരുടെ സഹായം തേടുന്ന കാര്യത്തിൽ നമുക്ക് ഏറ്റവും എതിരായി നില്ക്കുന്നത് നമ്മുടെ അഭിമാന ബോധമാണ്

മറ്റുള്ളവരുടെ സഹായം തേടുന്ന കാര്യത്തിൽ നമുക്ക് ഏറ്റവും എതിരായി നില്ക്കുന്നത് നമ്മുടെ അഭിമാന ബോധമാണ്. അതുകൊണ്ട് നമ്മുടെ ബലഹീനതകൾ, നമ്മെ ക്രിസ്തുവിന്റെ താഴ്മ പരിശീലിപ്പിക്കാനായി ദൈവം അനുവദിക്കുന്നതാണെന്ന് മനസ്സിലാക്കണം. അനേകരും മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതു വഴിയാണ് ജീവിതത്തിൽ വലിയ സംതൃപ്തിയും ആനന്ദവും കണ്ടെത്തുന്നത് എന്ന കാര്യവും നാം കാണാതിരിക്കരുത്. വളരെ ചെറിയ ശമ്പളത്തിന് ഒരു നഴ്സിങ്ങ് ഹോമിൽ ജോലി ചെയ്യുന്ന മാർഗരറ്റ് എന്ന ക്രിസ്തീയ സുഹൃത്ത് പറഞ്ഞത് അങ്ങനെ ചെയ്യുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമായതുകൊണ്ടാണെന്നാണ്. പ്രായമായ പല സ്ത്രീകളും രോഗികളായ തങ്ങളുടെ ഭർത്താക്കമാരെ ശുശ്രൂഷിക്കുന്നത് സ്നേഹപ്രയത്നത്തിന്റെ ആനന്ദം അനുഭവിച്ചു കൊണ്ടാണ്.

ഒരു പക്ഷേ, യേശു കുരിശിൽ കിടന്ന് ” എനിക്ക് ദാഹിക്കുന്നു” എന്ന് പറഞ്ഞത് പോലും ആർക്കെങ്കിലും തന്നോട് സ്നേഹം പ്രകടിപ്പിക്കാൻ അവസരം നല്കിയതാകും. സ്പോഞ്ചിൽ പുളിച്ച വീഞ്ഞ് പകർന്ന് രക്ഷകന് നല്കിയ മനുഷ്യൻ ഈ ചെറിയ സേവനം ചെയ്യാൻ കഴിഞ്ഞതിന്റെ വലിയ സന്തോഷം അനുഭവിച്ചിട്ടുണ്ടാകും (യോഹന്നാൻ 19: 28-30).

പൈതൃകം നിർണ്ണയിക്കുന്നത്

മറ്റൊരു വലിയ മാറ്റം സംഭവിക്കാനുള്ളത് നമ്മുടെ മരണത്തിലാണ്. നാം നമ്മുടെ പുതിയ വീട്ടിൽ ആയിരിക്കും, ഇവിടെ പ്രിയപ്പെട്ടവരോടും സ്നേഹിതരോടും സംസാരിക്കാനാകാതെ. സമ്പാദിച്ചതും സ്വാധീനിച്ചതും എല്ലാം ഇവിടെ വിട്ടേച്ച് പോകും. നമ്മുടെ സ്വത്ത് എല്ലാം എങ്ങനെ വീതം വെക്കപ്പെടും എന്നതിനെപ്പറ്റി ചെറുപ്പത്തിൽ നാം ചിന്തിക്കാറ് പോലുമില്ല. എന്നാൽ മരണം എപ്പോഴും സംഭവിക്കാമെന്നതിനാൽ, ചെറുപ്പമാണെങ്കിലും പ്രായമായെങ്കിലും, എല്ലാവരും സ്വത്ത് എങ്ങനെ പങ്ക് വെക്കപ്പെടണം എന്നതിന് വിൽപ്പത്രം തയ്യാറാക്കേണ്ടതാണ്. നാം മരിച്ചു കഴിയുമ്പോൾ കുടുംബത്തിന് ഈ വലിയ സംരക്ഷണം അനിവാര്യമാണ്. പ്രായമാകുമ്പോൾ ഇത് നിർബന്ധമായും ചെയ്തിരിക്കണം.

നിത്യതയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ , നാം ആളുകളിൽ ചെലുത്തിയ ആത്മീയ സ്വാധീനത്തിന്റെ ഒരു അംശം പോലുമില്ല നാം അവശേഷിപ്പിക്കുന്ന ഭൗതിക സമ്പത്തിന്റെ മൂല്യം. ഇത് ഓരോരുത്തരും തങ്ങളുടെ യൗവ്വനത്തിൽ മനസ്സിൽ ഉറപ്പിച്ച് വെക്കേണ്ടതാണ്. മരിച്ചുപോയ മക്കളുടെ സ്നേഹം തുളുമ്പുന്ന ഓർമ്മകൾ താലോലിക്കുന്ന മാതാപിതാക്കളുണ്ട്. ജീവിതത്തിൽ നാം എങ്ങനെയുള്ള വ്യക്തി ആയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും മരണശേഷം നാം അവശേഷിപ്പിക്കുന്ന “സൗരഭ്യവാസന.” പൗലോസ് സൗരഭ്യവാസനയെന്ന രൂപകം വഴി വലിയ സന്ദേശം നല്കുന്നു:

ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലായിടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; ഇവർക്ക് മരണത്തിൽ നിന്ന് മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽ നിന്നു ജീവനിലേക്കുള്ള വാസന തന്നെ. എന്നാൽ ഇതിന് ആര് പ്രാപ്തൻ? (2 കൊരി. 2: 14 – 16)

നിങ്ങളുടെ ” സൗരഭ്യവാസന” നിങ്ങളുടെ വിയോഗശേഷം ഏറെക്കാലം ഈ ഭൂമിയിൽ നിലനില്ക്കുകയും നിങ്ങളുടെ ജീവിതത്തിന്റെ സൗരഭ്യത്തിന്റെ സ്വാധീനമേറ്റ് നിത്യതയിൽ പ്രവേശിച്ചവരിലൂടെ എന്നെന്നേക്കും നിങ്ങളെ പിന്തുടരുകയും ചെയ്യും. ഭൂമിയിൽ ആയിരിക്കുമ്പോൾ സ്വാധീനം ചെലുത്തുക എന്നതിൽ നിന്നും സ്വർഗത്തിൽ ആയിരിക്കുമ്പോൾ സ്വാധീനിക്കുന്നവർ എന്ന നിലയിലേക്കുള്ള ഒരു മാറ്റത്തിനായി നമുക്ക് ഒരുങ്ങാം.

നേട്ടങ്ങളെ വിലയിരുത്തുന്നത്

ഭൂമിയിൽ നമ്മുടെ പ്രവർത്തനം വിലയിരുത്തുന്നത് സമകാലികരാണ്. എന്നാൽ സ്വർഗത്തിൽ എത്തുമ്പോൾ നമ്മെ വിലയിരുത്തുന്നത് യേശുക്രിസ്തുവാണ്, ” അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു” (2 കൊരി. 5: 10).

നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് കൃപയാൽ വിശ്വാസം വഴി മാത്രമാണ് , എന്നാൽ വിശ്വാസം ഒരിക്കലും തനിയെ നിൽക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല

നാം ഈ ന്യായവിധിയെ ഭയപ്പെടേണ്ടതില്ല, നമ്മൾ ശിക്ഷാവിധിക്ക് വിധേയരാകുമോ എന്ന നിലയിൽ. രക്ഷ എന്നുള്ളത് യേശുവിൽ നാം വിശ്വസിച്ചപ്പോൾ ലഭ്യമായിട്ടുള്ള കാര്യമാണ്. എന്നാൽ ഈ ന്യായാസനത്തിങ്കൽ നമ്മുടെ ജീവിതങ്ങൾ വിലയിരുത്തപ്പെടും. ദൈവം നല്കിയ കൃപാവരങ്ങളെ നാം എങ്ങനെ വിനിയോഗിച്ചു ? നമ്മുടെ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിച്ചു? നമ്മുടെ അവസരങ്ങളെ എങ്ങനെ പ്രയോജനകരമാക്കിത്തീർത്തു? നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് കൃപയാൽ വിശ്വാസം വഴി മാത്രമാണ് , എന്നാൽ വിശ്വാസം ഒരിക്കലും തനിയെ നിൽക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. വിശ്വാസം സ്നേഹത്തിലൂടെയും അനുസരണത്തിലൂടെയും പ്രകടമാകണം എന്നും ദൈവം പ്രതീക്ഷിക്കുന്നു. ഇങ്ങനെ നാം നന്നായി ചെയ്താൽ നാം പ്രശംസ പ്രാപിക്കും. പ്രശംസ ലഭിക്കാതിരിക്കുക എന്നത് ഒരു വലിയ നഷ്ടം ആയിരിക്കും.

1 കൊരിന്ത്യർ 3:10 – 15 ൽ പൗലോസ് ക്രിസ്തീയ ജീവിതത്തെ ചിത്രീകരിക്കാൻ, “പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോൽ” എന്നിവ കൊണ്ടുള്ള അടിസ്ഥാനങ്ങൾ എന്ന പ്രതീകം ഉപയോഗിക്കുന്നു. നാം എന്തിലാണ് അടിസ്ഥാനമിടുന്നത് എന്നത് തീയ് പരിശോധിക്കുന്നു. യേശുവിനെ വിശ്വസിച്ച ശേഷം നാം സമർപ്പണവും അനുസരണവും ഉള്ള ജീവിതം നയിച്ചാൽ നമുക്ക് പ്രതിഫലം ലഭിക്കും – സ്വർണ്ണം, വെള്ളി, വിലയേറിയ കല്ല് എന്നിവ തീയിൽ വെന്തു പോകില്ല. നാം ദൈവത്തിന്റെ പ്രശംസയും പ്രതിഫലവും പ്രാപിക്കും. എന്നാൽ മറുവശത്ത്, ക്രിസ്തുവിനെ കൈക്കൊണ്ട ശേഷം നാം അനുസരണം കെട്ട ജീവിതം നയിച്ചാൽ ദൈവത്തിന്റെ പ്രശംസ ലഭിക്കുകയില്ല.

ഈ നാളുകളിൽ, ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ന്യായാസനത്തെ ഗൗരവമായി കാണുന്നില്ല. ഈ സമൃദ്ധമായ സമൂഹത്തിൽ അനേക വിശ്വാസികളും രണ്ടു ലോകങ്ങളിലെയും നന്മക്കായി കാംക്ഷിക്കുന്നു. ഏതാനും ചില പ്രതിഫലങ്ങൾ നഷ്ടമാകുന്നെങ്കിൽ അത് സാരമില്ല എന്ന നിലയിൽ ആളുകൾ പ്രതികരിക്കുന്നു. എന്നാൽ പൗലോസ് അപ്പസ്തോലൻ ന്യായാസനത്തെ ഈ നിലയിൽ അല്ല കണ്ടത്. നാം ന്യായാസനത്തിന്റെ മുമ്പാകെ നില്ക്കുമെന്ന കാര്യം പ്രസ്താവിച്ചയുടനെ അദ്ദേഹം പ്രഖ്യാപിക്കുന്നത്, “ആകയാൽ കർത്താവിനെ ഭയപ്പെടണം എന്ന് അറിഞ്ഞിട്ട് ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിന് ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു” (2 കൊരി. 5:11). തന്റെ യജമാനന് പ്രയാസമാകുന്ന എന്തെങ്കിലും ചെയ്ത് പോകുമോ എന്ന ഭയമുള്ളതുകൊണ്ട് പൗലോസ് ഒരിക്കലും കപടഭക്തൻ ആയില്ല.

സദൃശ്യവാക്യങ്ങൾ 16:6 പറയുന്നു, “യഹോവഭക്തി കൊണ്ട് മനുഷ്യർ ദോഷത്തെ വിട്ടകലുന്നു. “ന്യായവിധിയെക്കുറിച്ചുള്ള ശരിയായ ഭയം വിശുദ്ധീകരിക്കുന്ന ഭയമാണ്. ഭയങ്കരവും ജീവിതത്തെ വെളിപ്പെടുത്തുന്നതുമായ ദൈവവുമായുള്ള ഈ സമാഗമത്തെ നാം ലാഘവത്തോടെ വീക്ഷിക്കുന്നത് ഗൗരവമായ തെറ്റാണ്.

യേശുവിനെ കാണുകയും ” കൊള്ളാം, നന്നായി ചെയ്തു” എന്ന് അവന്റെ വാക്ക് കേൾക്കുകയും ചെയ്യുന്നതാണ് നമ്മുടെ അസ്തിത്വത്തിന്റെ പര്യവസാനം.

യേശുവിനെ കാണുകയും ” കൊള്ളാം, നന്നായി ചെയ്തു” എന്ന് അവന്റെ വാക്ക് കേൾക്കുകയും ചെയ്യുന്നതാണ് നമ്മുടെ അസ്തിത്വത്തിന്റെ പര്യവസാനം.

ന്യായാസനത്തിനുമുമ്പാകെ നാം വെളിപ്പെടേണ്ടതാണെന്നത് നാം ഗൗരവമായി കാണേണ്ട ഒരു ഭയങ്കര കാര്യം ആയിരിക്കുമ്പോൾ തന്നെ നാം ആകാംഷയോടെ കാത്തിരിക്കേണ്ടതുമാണ്. കാരണം അനുസരണത്തോടെ ജീവിച്ചവർക്ക് അത് കിരീടധാരണ സമയവുമാണ്. നാം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത രക്ഷകനെ മുഖാമുഖം നാം കാണുന്ന സമയം. അപ്പസ്തോലനായ പൗലോസ് ഈ സമയത്തെ നോക്കിക്കണ്ടത് ,” അവന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ചവർ നീതിയുടെ കിരീടം” (2 തിമൊ. 4:8) പ്രാപിക്കുന്ന അവസരം എന്ന നിലയിലാണ്.

അറിയുന്ന സ്നേഹിതനും മധ്യസ്ഥനുമായി സ്വർഗത്തിൽ ഇപ്പോൾ ജീവിക്കുന്നവൻ. അവനെ കാണുകയും “കൊള്ളാം, നന്നായി ചെയ്തു” എന്ന് അവന്റെ വാക്ക് കേൾക്കുകയും ചെയ്യുന്നതാണ് നമ്മുടെ അസ്തിത്വത്തിന്റെ പര്യവസാനം.

banner image

സ്രായേൽ രാജാവായ ദാവീദ് നന്നായി ആരംഭിച്ചു (1 ശമുവേൽ 16 – 1 രാജാ. 2:10; 1 ദിന. 1 – 29) . ഒരു ബാലനായിരുന്നപ്പോൾ അവൻ ഭയരഹിതമായ ദൈവാശ്രയത്തിൽ ഗോലിയാത്തിനെ കൊന്നു (1 ശമു . 17). അവൻ പ്രതിഭാശാലിയായ ഒരു കവിയും സംഗീതജ്ഞനും രചയിതാവും ആയിരുന്നു. ശമുവേൽ പ്രവാചകൻ അവനെ ദൈവത്തിന്റെ ഹൃദയ പ്രകാരമുള്ള മനുഷ്യൻ (1 ശമു . 13:14) എന്നാണ് വിശേഷിപ്പിച്ചത്. പലനിലയിലും അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു. എങ്കിലും അദ്ദേഹം വിജാതീയ രാജാക്കന്മാരെപ്പോലെ പല ഭാര്യമാരെ സ്വീകരിച്ചു. തന്റെ അമ്പതുകളിൽ ജീവിതത്തിൽ ഭയാനകമായ അപചയം സംഭവിച്ചു , ബെത്ശേബയുമായുള്ള വ്യഭിചാരവും അവരുടെ ഭർത്താവിന്റെ കൊലപാതകവും ഒക്കെ ചെയ്തു.

ദാവീദിന്റെ അവസാന വർഷങ്ങൾ കാണിക്കുന്നത് അദ്ദേഹം നന്നായി അവസാനിപ്പിച്ചില്ല എന്നാണ്. തന്റെ മകൻ അമ്നോൻ മകൾ താമാറിനെ മാനഭംഗം ചെയ്തത് അറിഞ്ഞ് കോപിഷ്ടനായെങ്കിലും ദാവീദ് ഒന്നും ചെയ്തില്ല. പിന്നീട് മകൻ അബ്ശലോം അമ്നോനെ കൊന്നപ്പോൾ അദ്ദേഹം വിലപിക്കുകയും വീണ്ടും അബ്ശാലോമിനെ കാണാൻ ആഗ്രഹിക്കുകയും ചെയ്തെങ്കിലും പുത്രന്മാരെ തിരുത്താൻ ഒന്നും ചെയ്തില്ല (2 ശമു. 13 – 14). കുറെ വർഷം കഴിഞ്ഞ് ദാവീദ് തന്റെ സൈന്യബലം തെളിയിക്കാനായി ഒരു കണക്കെടുപ്പ് നടത്താൻ ഉത്തരവിട്ടു. ദൈവത്തിലല്ലാതെ കുതിരകളിലും രഥങ്ങളിലും സൈന്യത്തിലും ആശ്രയം വെക്കരുത് എന്ന് തന്നെ വ്യക്തമായി പഠിപ്പിച്ച ദൈവത്തിന് എതിരായിരുന്നു ഈ കാര്യം (ആവ.17:15-16). മരണക്കിടക്കയിലും, യോവാബിനെക്കുറിച്ചും ശിമയിയെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ, ശത്രുവിനെ സ്നേഹിക്കണമെന്ന ദൈവത്തിന്റെ ഹൃദയത്തിന് ചേരുന്ന കാര്യങ്ങൾ ആയിരുന്നില്ല. താൻ ഇവരെക്കൊണ്ട് അനുഭവിച്ച ദുരിതങ്ങൾക്ക് പ്രതികാരം ചെയ്യാൻ അവകാശമുണ്ടായിരുന്നെങ്കിലും അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ തന്റെ ചില സങ്കീർത്തനങ്ങളിലെ ഉന്നതാശയങ്ങൾ പ്രാവർത്തികമാക്കാമായിരുന്നു.

banner image

പൗലോസ് നല്ല വിദ്യാഭ്യാസം സിദ്ധിച്ച ഒരു പരീശനും വീറുള്ള യഹൂദനുമായിരുന്നു (അപ്പ.പ്രവൃ. 9 – 28). താൻ മനസ്സിലാക്കിയിരുന്ന മോശെയുടെ ന്യായപ്രമാണത്തോടുള്ള അങ്ങേയറ്റത്തെ കൂറ് നിമിത്തം ക്രിസ്ത്യാനികൾ പ്രസംഗിച്ച സുവിശേഷ സന്ദേശത്തെ അദ്ദേഹം വെറുത്തിരുന്നു. അയാൾ സ്തേഫാനോസിനെ കല്ലെറിഞ്ഞ് കൊന്നതിനെ അനുകൂലിക്കുകയും തന്റെ പീഢന പരിപാടികളുമായി മുന്നോട്ട് പോകുകയും ചെയ്തു. എന്നാൽ ക്രിസ്തു നേരിട്ട് പ്രത്യക്ഷനായപ്പോൾ അയാൾക്ക് അത്ഭുതകരമായ മാനസാന്തരം ഉണ്ടായി. ആ നിമിഷം അയാൾ ചോദിച്ചു: “കർത്താവേ, ഞാൻ എന്തു ചെയ്യണം?” (അപ്പ. 22:10). അത് തന്റെ ജീവിതത്തിന്റെ അഭിനിവേശമായി മാറി.

പിന്നീടങ്ങോട്ടുള്ള മുപ്പതിൽ അധികം വർഷക്കാലം, അവിശ്വസനീയമായ കഷ്ടതകൾ അനുഭവിച്ചുകൊണ്ട് , പൗലോസ് വിശ്രമമില്ലാതെ കർത്താവിനെ സേവിച്ചു (2 കൊരി. 11: 23-33). അദ്ദേഹം ഒരിക്കൽപ്പോലും ഇടറിപ്പോയില്ല , പലപ്പോഴും സഹപ്രവർത്തകർ പോലും തന്നെ തെറ്റിദ്ധരിക്കുകയും പഴിക്കുകയും ഒക്കെ ചെയ്തിട്ടും (ഫിലിപ്പിയർ 1:14-18).

അവസാനം പൗലോസിനെ അറസ്റ്റ് ചെയ്ത് മാമെർട്ടൈൻ ഇരുട്ടറയിൽ കൊല്ലാനായി അടച്ചിട്ടു, കഴുത്ത് വെട്ടിയാകും കൊന്നത്. തന്റെ ഭൂമിയിലെ അന്ത്യം ആസന്നമായി എന്നറിഞ്ഞ് അദ്ദേഹം എഴുതി:

ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ച ഏവർക്കും കൂടെ (2 തിമൊ. 4:7-8).

കർത്താവിൽ വിശ്വസിച്ച ആദ്യ ദിനം മുതൽ പൗലോസ് മാതൃകാപരമായ ജീവിതമാണ് നയിച്ചത്. ജയോത്സവമായാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്. “നന്നായി അവസാനിപ്പിച്ചു” എന്ന് നമുക്ക് തീർച്ചയായും പറയാവുന്ന ജീവിതമാണ് അപ്പസ്തോലനായ പൗലോസിന്റേത്.

banner image

ബ്രെയിൻ കാൻസർ വന്ന് കിടപ്പിലായപ്പോൾ മിച്ചിഗൺ കോൺഗ്രസ്മാൻ ആയിരുന്ന പോൾ ഹെൻറി തന്റെ സ്ഥിതി വിവരിച്ചത് ഇങ്ങനെയാണ് , ” ദൈവത്തോടുകൂടെയുള്ള എന്റെ നടപ്പ് തുടരുന്നു.” ചുരുങ്ങിയ നാളുകൾക്കുള്ളിൽ ദൈവം പോളിനെ സ്വർഗത്തിലേക്ക് നടത്തി. ബ്രെയിൻ കാൻസർ വന്നുള്ള മരണം വളരെ വേദന നിറഞ്ഞതും സാവധാനത്തിലുള്ളതുമാണ്. എങ്കിലും പോൾ ഹെൻറി നന്നായി അവസാനിപ്പിച്ചു എന്ന് തന്നെ പറയാം. ത്രസിപ്പിക്കുന്ന വിശ്വാസത്തിന്റെയും രൂപാന്തരപ്പെട്ട ജീവിതത്തിന്റെയും സൗരഭ്യവാസന അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം കടന്നു പോയത്.

നിങ്ങൾക്കും നന്നായി അവസാനിപ്പിക്കാനാകും. അതിന് , ആദ്യമായി , നിങ്ങൾ ദൈവത്തിന്റെ ഭവനത്തിന്റെ ഒരു അംഗമായിത്തീർന്നു എന്ന് ഉറപ്പാക്കണം. നിങ്ങളുടെ പാപങ്ങളെ സമ്മതിച്ച്, ദൈവത്തിന്റെ പാപക്ഷമ യാചിച്ചു കൊണ്ട്, യേശു നിങ്ങൾക്കുവേണ്ടി മരിച്ചു എന്ന് ബൈബിൾ പറയുന്നത് വിശ്വസിച്ചു കൊണ്ട്, യേശുവിനെ രക്ഷകനായി സ്വീകരിച്ചു കൊണ്ട് ഇത് നിങ്ങൾക്ക് ഉറപ്പാക്കാം (റോമർ 3:23; 6: 23; 10:9-10, 13). ജീവിതയാത്രയുടെ ശരിയായ പാതയിൽ നിങ്ങൾ ആരംഭിക്കുകയായി.

പഴയ ഒരു വേദ പഠന ക്ലാസ്സിൽ കുട്ടിയായിരിക്കെ ഞാൻ പഠിച്ചതുപോലെ, നിങ്ങൾക്ക് ” സന്തോഷത്തോടെ ജീവിച്ച് മരിക്കണം” എന്നുണ്ടെങ്കിൽ ദൈവം നിങ്ങൾക്ക് പ്രദാനം ചെയ്ത രക്ഷക്ക് ” ദൈവത്തോട് കൃതജ്ഞയുള്ളവരായിരിക്കുക” എന്നത് നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യമാക്കി വെക്കണം. പാപങ്ങളെ ഏറ്റു പറഞ്ഞ്, ദൈവവുമായി നിരന്തര ബന്ധം നിലനിർത്തി (1 യോഹന്നാൻ 1:8-9), ശത്രുക്കളെപ്പോലും സ്നേഹിച്ചുകൊണ്ട് (മത്തായി 5:44), ആത്മാവിനാൽ”നിറഞ്ഞ്”, പരിശുദ്ധാത്മാവിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിന് വിധേയരായി (എഫേ. 5:18 – 21) ആത്മീയമായി വളർച്ച പ്രാപിക്കണം.

ദൈവത്തോടുള്ള കൃതജ്ഞതയുടെ പ്രകടനമായി ഈ പാതയിൽ മുന്നേറിയാൽ നിങ്ങൾ നന്നായി അവസാനിപ്പിക്കും. ഇതിനപ്പുറം ഒരു വൃക്തിക്ക് ആവശ്യമായത് മറ്റെന്താണ്?

VOLUNTEER