നമുക്കിന്ന് ആവശ്യമായ സഭ , അതിന്റെ സ്ഥാപകന്റെ കൂടെ ഇസ്രായേലിലെ പൊടി പാറുന്ന വഴികളിലൂടെ നടന്നു പോകുന്ന അനുഭവം പകർന്നു തരുന്ന ഒന്നാണ്. അവനപ്പോലെ പരിപൂർണ്ണമായ ഒരു സഭ നാം ഒരിക്കലും കാണില്ല, സഭാംഗങ്ങൾ വെള്ളത്തിനു മീതെ നടക്കുന്ന ഒരു സഭ ഉണ്ടാകില്ല, എന്നാൽ അവൻ കണ്ടതുപോലെ ആളുകളെ കാണുന്ന ഒരു സഭ നാം കണ്ടെത്തണം.
അങ്ങനെയൊരു സഭ അന്വേക്ഷിക്കുമ്പോൾ നാം മനസ്സിൽ വെക്കേണ്ട ഒന്നുണ്ട്: ഒരു സദൃശ്യവാക്യം ഇങ്ങനെയാണ്,” തിന്നു തൃപ്തനായവൻ തേൻ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം” (സദൃ. 27:7). നാം ഹൃദയം നുറുങ്ങിയവരും സ്വയം പര്യാപ്തതാബോധം വെടിഞ്ഞവരും ആകുമ്പോൾ മാത്രമാണ് കർത്താവിന്റെ ശരീരമായ സഭയിൽ ക്ഷമയും സത്യസന്ധതയും സ്നേഹവും കണ്ടെത്തിയ അപൂർണ്ണരും തകർന്നവരുമായ മനുഷ്യരെ വിലയുള്ളവരായി കാണുകയുള്ളു.
മാർട്ടിൻ ആർ. ഡി ഹാൻ II
ഉള്ളടക്കം
.
മിഷിഗൻ യൂണിവേഴ്സിറ്റിയുടെ ഒരു വാർത്താക്കുറിപ്പ് പ്രകാരം സഭയിലെ ഹാജർ നിലയും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും തമ്മിൽ ബന്ധമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസേർച്ച് നടത്തിയ “ലൗകിക മൂല്യങ്ങളുടെ” ഒരു സർവ്വേ കാണിക്കുന്നത് വ്യാവസായിക പുരോഗതി നേടിയ 19 ജനാധിപത്യ രാജ്യങ്ങളിൽ 15 എണ്ണത്തിലും സഭയിലെ ഹാജർ നില കുറഞ്ഞുവരികയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിത്വവും നിലനില്ക്കുന്ന രാജ്യങ്ങളിൽ സഭകളിലെ ഹാജർ കൂടി വരുന്നുണ്ട്. സഭയിൽ ഒരാഴ്ച സംബന്ധിക്കുന്ന മുതിർന്നവരുടെ ശതമാനം നോക്കിയാൽ ഈ ക്രമം മനസ്സിലാകും.
നൈജീരിയ – 89%
അമേരിക്കൻ ഐക്യനാടുകൾ – 44 %
അയർലണ്ട് – 84%
സ്വിറ്റ്സർലൻഡ് – 16%
ഫിലിപ്പൈൻസ്- 68%
സ്വീഡൻ – 4 %
രാഷ്ട്രീയ വിശാരദനും ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനുമായ റൊണാൾഡ് ഇങ്കിൾ ഹാർട്ട് നിരീക്ഷിച്ചത്, സഭയിലെ പങ്കാളിത്തം കുറവാണ് എന്നതു കൊണ്ട് ആളുകൾക്ക് ജീവിതത്തിലെ ആഴമേറിയ വിഷയങ്ങളിൽ താല്പര്യം ഇല്ലാതായി എന്നർത്ഥമില്ല എന്നാണ്. അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളിലെ ജനങ്ങളും മതപരമായ ചോദ്യങ്ങൾ ഉള്ളവരാണ്, എന്നാൽ അവർ അതിന് ഉത്തരം കണ്ടെത്തുന്നത് സഭക്ക് വെളിയിൽ നിന്നാണ്. ഇത് ഒരർത്ഥത്തിൽ സ്വയം പര്യാപ്തതാ ഭാവത്തിന്റെ ഫലം തന്നെ; ” എനിക്ക് സ്വന്തമായി നല്ല ഒരു ജീവിത ചുറ്റുപാട് രൂപപ്പെടുത്താൻ കഴിയുമെങ്കിൽ, ജീവിതത്തിലെ വലിയ ചോദ്യങ്ങൾക്ക് എനിക്ക് സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്താനും കഴിയും. ” തത്ഫലമായി, ഹൃദയത്തിലെ ദു:ഖങ്ങൾ ശമിപ്പിക്കുന്നതിനായി ലോകവീക്ഷണ വില്പനശാലകളിൽ വ്യക്തിപരമായ തത്വശാസ്ത്രങ്ങൾ തെരയുന്ന മതാത്മക വ്യക്തിത്വങ്ങൾ നിറഞ്ഞ സമൂഹം രൂപപ്പെടുന്നു.
നിറഞ്ഞ പണസഞ്ചിയും വിശപ്പില്ലാത്ത ആത്മാവുമായി നാം ദുഃഖവും ഏകാന്തതയും പേറി നടക്കുന്നു – ഞായറാഴ്ചതോറും നാം അവഗണിച്ച് കടന്നു പോകുന്ന സഭകളെക്കുറിച്ച് ഒരു താല്പര്യവുമില്ലാതെ.
സഭ കേവലം സമാനമനസ്കരായ, പരസ്പരം കരുതുന്ന, കുറെ സുഹൃത്തുക്കളുടെ വലയമല്ല; ആരോഗ്യമുള്ള ഒരു സഭ ഫലപ്രദമായി അന്യോന്യം വ്യക്തിപരമായി പിന്തുണ നല്കുന്ന ക്രിയാത്മകമായ പരസ്പരാശ്രയത്തിന്റെ ഒരു മാതൃകാ കൂട്ടായ്മയാണ്. ആൽക്കഹോളിക് അനോനിമസ് എന്ന പ്രസ്ഥാനത്തെ നോക്കുക. അതിലെ അംഗങ്ങളെല്ലാം നന്നായി ഉടുഞ്ഞാരുങ്ങി വരും , എന്നാൽ അത് യാതൊരു ആവശ്യബോധവും തോന്നാതെയാണെങ്കിൽ എന്ത് പ്രയോജനം? സഹായം ആവശ്യമായവരെ കരുതാൻ അവിടെ ആരുമില്ലെങ്കിലോ? ഇത് ലഹരിക്കടിമകളായവരെ വിമർശിക്കാൻ വേണ്ടി മാത്രം മദ്യപാനം നിർത്തുന്നതിൽ വിജയിച്ചവർ ഒരുമിച്ച് കൂടുന്നതാണെങ്കിലോ? ഇതിലെ പക്വത പ്രാപിച്ച അംഗങ്ങൾ അവരുടെ വിജയകഥ പറയുകയോ ഇപ്പോഴും നിയന്ത്രിക്കാനായി പ്രയാസപ്പെടുന്നവരെ അറിഞ്ഞ് സഹായിക്കാൻ മുതിരുകയോ ചെയ്യുന്നില്ലെങ്കിൽ എന്ത് പ്രയോജനം?
എ എ പ്രസ്ഥാനത്തിന്റെ സ്ഥാപകർ അവരുടെ 12 ഇന കാര്യപരിപാടി ക്രമപ്പെടുത്തിയത് സഭയുടെ ആത്മീയ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് ഓർക്കേണ്ടതാണ്. അതിന്റെ ആദ്യപടിയായ ആവശ്യബോധത്തിന്റെ ഏറ്റുപറച്ചിൽ മുതൽ അവസാനപടിയായ അടിമത്തത്തിൽ തുടരുന്നവരെ സഹായിക്കാനുള്ള സമർപ്പണം വരെയുള്ള എ എ യുടെ കാര്യപരിപാടിയെല്ലാം ക്രിസ്തുശിഷ്യർക്ക് വളരെ പരിചിതമായ നടപടി ക്രമങ്ങൾ തന്നെയാണ്. എന്നാൽ എ എ യുടെ സ്ഥാപകർ ഒരുകാലത്ത് സഭയിൽ നിന്ന് പഠിച്ച കാര്യങ്ങൾ സഭ ഇന്ന് അവരിൽ നിന്ന് തിരികെ പഠിക്കേണ്ട സ്ഥിതിയാണ്!
ക്രിസ്തുവിന്റെ അനുയായികൾ ക്രിസ്തുവിന്റെ ദൗത്യം അനുകരിക്കേണ്ടതാണ്. ക്രിസ്തുവിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു, “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിക്കുവാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ” (യോഹ. 3:17). ഹൃദയ നുറുക്കവും സ്നേഹവും ക്ഷമയും അനുഭവിച്ചവരുടെയെല്ലാം ദൗത്യം ഇതു തന്നെ.
ആരോഗ്യമുള്ള സഭ പണിയപ്പെടുന്നത് ആവശ്യബോധമുളള ആളുകളെക്കൊണ്ടാണ്. അല്ലെങ്കിൽ സഭയുടെ സ്വഭാവ പ്രകൃതിയും ദൗത്യവും തെറ്റിദ്ധരിക്കപ്പെടും.
ഇത് ശരിയാണ് എന്ന് കാണാനും നമുക്ക് ആവശ്യമുള്ള തരത്തിലുള്ള സഭയെ തിരിച്ചറിയാനുമായി ഏഴ് വ്യത്യസ്ത തരത്തിലുള്ള ആളുകളെ നമുക്ക് പരിശോധിക്കാം.
തകർന്ന ഹൃദയമുള്ളവർക്ക് വേണ്ടിയുള്ള സഭ
ഒരു അത്യാഹിത വിഭാഗത്തിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. ആശുപത്രിയിലേക്ക് അടിയന്തിരമായി വരാൻ ആവശ്യപ്പെട്ടിട്ട് വന്നവരാണവർ. എന്തുകൊണ്ടാണ് അങ്ങോട്ട് വിളിച്ചതെന്ന് അവർക്ക് ആർക്കും അറിയില്ല. ഓരോരുത്തരോടും അവരുടെ സീറ്റിൽ ഇരിക്കാൻ പറഞ്ഞു. ഉദ്വേഗത്തോടെ ഓരോരുത്തരും തങ്ങളുടെ കുടുംബാംഗങ്ങൾ ആരെങ്കിലും അത്യാഹിതത്തിലായി അഡ്മിറ്റ് ആണോയെന്ന് ചോദിച്ചു.” ഡോക്ടർ ഉടനെ വന്ന് പറയും ” എന്നാണ് മറുപടി കിട്ടിയത്. അവസാനം ഡോക്ടർ വരുന്നു, കുഴപ്പം ഒന്നും ഇല്ല എന്ന് എല്ലാവരോടും പറയുന്നു, എന്നാൽ ആശുപത്രിയുടെ നിർമ്മാണ ഫണ്ടിലേക്ക് ഓരോരുത്തരോടും സംഭാവന നല്കാൻ ആവശ്യപ്പെടുന്നു.
ഏതാണ്ട് ഇങ്ങനെയാണ് തകർന്ന ഹൃദയത്തോടെ വരുന്ന ആളുകൾക്ക് ഒരു ശരാശരി സഭയിൽ നിന്ന് ലഭിക്കുന്ന അനുഭവം. അവർ സഭായോഗത്തിൽ സംബന്ധിക്കുന്നത് മറ്റുള്ളവർ അവരെ അവിടെ പ്രതീക്ഷിക്കുന്നു എന്നതുകൊണ്ട് മാത്രമാണ്. എന്നാൽ അവരുടെ താല്പര്യപ്രകാരമുള്ള ഒരു പ്രയോജനവും ലഭിക്കുന്നില്ല. അവർക്ക് ആകെ മനസ്സിലാകുന്നത് മീറ്റിങ്ങിന്റെ ഏതെങ്കിലും ഘട്ടത്തിൽ സഭ അവരോട് സംഭാവന ചോദിക്കും എന്നത് മാത്രമാണ്. മറ്റെവിടെയെങ്കിലുമാണ് അവർ യഥാർത്ഥത്തിൽ ആയിരിക്കേണ്ടത്.
ഹൃദയത്തകർച്ചയോടെ വരുന്ന ആളുകൾക്ക് അവരുടെ സ്ഥിതിക്ക് അനുഗുണമായ ഒരു അനുഭവം നല്കുന്ന സഭയാണ് അവർക്ക് സ്വീകാര്യമായതും ആരോഗ്യമുള്ളതുമായ സഭ. അവിടെ ” ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകണമെ” (ലൂക്കൊസ് 18:13) എന്ന് പ്രാർത്ഥിക്കുന്ന ഒരാളോടും ” ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുമാറ് ഞങ്ങൾ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു. അതെ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയിക്കുവാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്ന് ഉള്ളിൽ നിർണ്ണയിക്കേണ്ടി വന്നു”(2 കൊരി.1:8, 9) എന്ന് പറയുന്ന ഒരാളോടും അവരും സമരസപ്പെടും.
തകർന്ന മനസ്സോടെ വരുന്ന ഒരാൾക്ക് തിരിച്ചറിയാനാകും അയാളും കുടുംബ പ്രശ്നങ്ങളോ,വൈകാരിക വിക്ഷോഭമോ, ഭക്ഷണ പ്രയാസങ്ങളോ, ലഹരി പ്രശ്നങ്ങളോ ഒക്കെയുള്ള മറ്റുള്ളവരെപ്പോലെയാണ് എന്ന്. എബ്രായർക്കുള്ള ലേഖനത്തിൽ നല്കുന്ന മുന്നറിയിപ്പ് അവർക്ക് മനസ്സിലാക്കാനാകും:
“സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന് അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ നോക്കുവിൻ. നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന് ” എന്ന് പറയുന്നിടത്തോളം നാൾ തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്ളുവിൻ. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചു കൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ. “ഇന്നു നിങ്ങൾ അവൻെറ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്ന പോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത് ” (എബ്രായർ 3:12-15).
ഈ വാക്യങ്ങളുടെ പശ്ചാത്തലം നാം മനസ്സിലാക്കിയാൽ ഒരു ആത്മീയ കൂട്ടായ്മാബന്ധത്തിൻെറ ആവശ്യവും വരാവുന്ന അപകടങ്ങളും തിരിച്ചറിയാനാകും. ഈ അപകടങ്ങൾ ഇതൊക്കെയാണ് . . .
- കഠിനഹൃദയം (വാ. 8)
- തെറ്റിപ്പോകുന്ന ഹൃദയം (വാ. 10)
- ദൈവത്തെ ദുഃഖിപ്പിക്കുന്നത് (വാ. 10, 11)
- ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെടുത്തുന്നത് (വാ. 11)
- ദൈവത്തെ ത്യജിച്ച് കളയുന്നത് (വാ. 12)
- ചതിക്കപ്പെട്ട് പോകുന്നത് (വാ. 13)
ഇത്തരം ചതിക്കുഴികളുടെ പശ്ചാത്തലത്തിലാണ് അനുദിനം അന്യോന്യം ഉത്സാഹിപ്പിക്കാൻ എഴുത്തുകാരൻ വായനക്കാർക്ക് മുന്നറിയിപ്പ് നല്കുന്നത്. അന്യോന്യം സഹായിക്കേണ്ടതിൻെറ ആവശ്യകത ഊന്നിപ്പറഞ്ഞ് പുസ്തകം വീണ്ടും പറയുന്നു:
പ്രത്യാശയുടെ സ്വീകാരം നാം മുറുകെപ്പിടിച്ചു കൊള്ളുക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. ചിലർ ചെയ്യുന്നതു പോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചു കൊണ്ട് സ്നേഹത്തിനും സത് പ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുവാൻ അന്യോന്യം സൂക്ഷിച്ചുകൊള്ളുക. നാൾ സമീപിക്കുന്നു എന്ന് കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു (എബ്രായർ 10:23-25).
ആത്മീയ തകർച്ച അനുഭവിക്കുന്ന ആളുകൾ ഈ ആവശ്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നു. വിശ്വാസവും സ്നേഹവും ദൈവത്തിലുള്ള പ്രത്യാശയുമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങൾ എന്ന് തിരിച്ചറിയും വിധം താഴ്ചയുള്ളവരാകും അവർ. കർത്താവിന്റെ കൂടെ നടക്കുന്നതിന് മറ്റുള്ളവരുടെ സഹായം അനിവാര്യമാണെന്നും അവർ പഠിക്കും.
അപകടകരമായ സ്ഥിതിയിലുള്ള കാര്യങ്ങൾ എന്താണെന്ന് നാം അന്യോന്യം ഓർമ്മപ്പെടുത്താത്ത പക്ഷം, ആവശ്യമില്ലാതെ അത്യാഹിത വാർഡിൽ ആളെക്കൂട്ടിയ ആശുപത്രി പോലെയാകും സഭ.
ഒറ്റക്കോ ഗ്രൂപ്പ് ആയോ പഠനത്തിന് സഹായിക്കുന്ന ചോദ്യങ്ങൾ
- ഹൃദയം തകർന്നവർ മറ്റുള്ളവർ അവഗണിക്കുന്ന കാര്യങ്ങളും പരിഗണിക്കാൻ കൂടുതൽ സാധ്യതയുള്ളത് എന്തുകൊണ്ട്?
- എബ്രായർ 3:7-19 ഉം 10:25 ഉം തമ്മിലുള്ള ബന്ധം എന്ത്?
- മനസ്സ് തകർന്നവർക്ക് സഭ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
- ആരോഗ്യമുള്ള സഭക്ക് തകർന്ന മനസ്സുള്ളവരെ ആവശ്യമായത് എന്തുകൊണ്ട്?
പരസ്പരാശ്രയം വേണ്ടവർക്കുള്ള സഭ
അമേരിക്ക അഹങ്കാരമുള്ള വ്യക്തികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടെ ഒരു ശിശു ഭാഷയുടെ അർത്ഥവും ആശയവും തിരിച്ചറിയാൻ പ്രായമാകുമ്പോഴേക്കും ജീവിതത്തിന്റെ പ്രധാന ലക്ഷ്യം സ്വാതന്ത്ര്യം നേടുകയെന്നതാണെന്ന് ചിന്തിച്ചു തുടങ്ങുന്നു.” എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ കഴിയുന്നതിനാൽ ഞാൻ മുതിർന്ന ആളായിരിക്കുന്നു.”
എന്നാൽ നമുക്ക് അനിവാര്യമായിരിക്കുന്ന സഭ ” മറ്റുള്ളവരെ എനിക്ക് എത്രയധികം ആവശ്യമാണെന്ന് തിരച്ചറിയും വരെ ഞാൻ പക്വത പ്രാപിച്ചിട്ടില്ല” എന്ന് കരുതുന്ന ആളുകൾ ഉള്ളതാണ്. താൻപോരിമയുള്ള വ്യക്തിത്വങ്ങൾ ഒരു നല്ല സഭക്ക് ചേരാത്ത കാര്യമാണ്. ഓരോ സഭാംഗവും മറ്റെ അംഗത്തെ ആവശ്യമാണ് എന്ന് തിരിച്ചറിയുമ്പോൾ ആണ് നാം ഉത്തമമായ സഭ എന്ന ആശയത്തോട് ചേർന്നു വരുന്നത്.
പരസ്പരാശ്രിത ആളുകൾ
1കൊരി.12:12 – 31 വരെയുള്ള വേദഭാഗത്ത് അപ്പൊസ്തലനായ പൗലോസ് ചോദിക്കുന്നത് ശരീരത്തിന്റെ വിവിധ അവയവങ്ങൾക്ക് മറ്റുള്ള അവയവങ്ങൾ ആവശ്യമില്ല എന്ന ഭാവമാണെങ്കിൽ അത് എങ്ങനെ ശരിയാകും എന്നാണ്. ഒരു ഗൂഢസ്മിതത്തോടെ പൗലോസ് പറയുകയാണ് ശരീരത്തിൽ എല്ലാ അവയവങ്ങളെയും ദൈവം വെറുതെ കൂട്ടിയിടുകയല്ല ചെയ്തത് എന്നതുപോലെയാണ് സഭയിലെ അംഗങ്ങളും. നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന ഒരു ചിന്തയാണിത്. ഒരു ശരീരത്തിലെ അവയവങ്ങളുടെ അന്യോന്യബന്ധം പോലെ വ്യക്തമല്ല സഭയിലെ അംഗങ്ങളുടെ പരസ്പരാശ്രയം എന്നിരിക്കിലും പൗലോസ് എഴുതുകയാണ്:
…. നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല, പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്ന് കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല….. ദൈവമോ തൻ്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറെയായി വെച്ചിരിക്കുന്നു…. കണ്ണിന് കൈയോട് നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും തലക്ക് കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറഞ്ഞു കൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നെ ആവശ്യമുള്ളവയാകുന്നു….. ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു. അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു. ഒരു അവയവത്തിന് മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു. എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു (1 കൊരി.12:13 – 27).
താഴെപ്പറയുന്ന കാര്യങ്ങൾ വിശ്വസിക്കുമ്പോഴാണ് അന്യോന്യമുള്ള നമ്മുടെ ആശ്രയം അർത്ഥമുള്ളതാകുന്നത്:
- ആത്മാവ് നമ്മെ ഒരുമിപ്പിച്ചിരിക്കുന്നു (വാ. 13)
- നാം ഏകശരീരത്തിന്റെ അവയവങ്ങളാണ് (വാ. 13)
- നമുക്ക് അന്യോന്യം ആവശ്യമുണ്ട് (വാ. 21)
- ഒരാൾ സഹിക്കുമ്പോൾ എല്ലാവരും സഹിക്കുന്നു (വാ. 26)
- ഒരാൾ മാനിക്കപ്പെടുമ്പോൾ എല്ലാവരും സന്തോഷിക്കുന്നു (വാ. 26)
പൗലോസിന്റെ ചിന്തയിൽ, ദൈവമാണ് നമ്മെയെല്ലാം പരസ്പരാശ്രിതരാക്കി തീർത്തിട്ടുള്ളത്. അപ്പൊസ്തലൻ പറയുന്നത് ശരിയാണെങ്കിൽ ഒരു സഭാംഗത്തിന് തനിയെ ഇരിക്കാനാകും എന്നോ, മറ്റുളളവരെക്കാൾ താൻ പ്രാധാന്യം ഉള്ളയാളാണെന്നോ, തനിക്ക് കൂടുതൽ ശ്രദ്ധയും പ്രാധാന്യവും ലഭിക്കണം എന്നോ ഒരിക്കലും കരുതാൻ ആകില്ല. പാസ്റ്ററായാലും വാഹനം പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നയാളാണെങ്കിലും ഒരു നിശബ്ദനായ പ്രാർത്ഥനാ പങ്കാളിയാണെങ്കിലും ഓരോരുത്തരെയും അനിവാര്യമായാണ് പരിശുദ്ധാത്മാവ് കണക്കാക്കുന്നത്.
ദൈവമോ തൻെറ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറെയായി വെച്ചിരിക്കുന്നു (1 കൊരി. 12:18). നമ്മുടെ സ്ഥാനം നമുക്ക് തൃപ്തികരമായി തോന്നിയില്ലെങ്കിലും അത് ദൈവത്തിന് പ്രസാദകരമായതാണ്. അവൻ നമ്മെ നിയോഗിക്കുന്നത് താൻ സ്നേഹിക്കുന്ന തൻെറ ശരീരമായ ദൈവമക്കളെക്കുറിച്ചുള്ള വ്യക്തമായ പദ്ധതിയോടു കൂടിയാണ്. സ്നേഹപൂർവ്വം, കർത്താവ് തൻെറ സമ്പൂർണ്ണ ജ്ഞാനം ഉപയോഗിച്ച് തൻെറ ശരീരത്തിലെ അവയവങ്ങളായവർക്ക് അന്യോന്യം കരുതാനും സ്നേഹിക്കാനും ഉള്ള അവസരം നല്കുകയാണ്.
ഈ ശരീരത്തിൽ ദൈവം ദരിദ്രനെയും ധനവാനെയും ഇടയ ഉപദേഷ്ടാക്കന്മാരെയും ഗായക സംഘത്തിലുള്ളയാളെയും പ്രാർത്ഥനാ പോരാളിയെയും മിഷണറിയെയും സൂക്ഷിപ്പുകാരനെയും യുവാക്കളുടെ ഇടയിൽ പ്രവർത്തിക്കുന്നവരെയും ഒക്കെ കൂട്ടിയിണക്കിയിരിക്കുന്നു. ശരീരത്തിൽ കണ്ണ്, ചെവി, മൂക്ക്, വായ്, കൈ, മുട്ട്, കാല് എന്നിവ പോലെ ദൈവം നമ്മെ ഓരോരുത്തരെയും തനിക്കിഷ്ടമുള്ള റോളിൽ ആക്കി വെച്ചിരിക്കുന്നു. തൻെറ മക്കളെ ഓരോരുത്തരെയും കൃപാവരങ്ങൾ നല്കി, പ്രാധാന്യത്തോടെയും ശ്രദ്ധയോടെയും തൻെറ ശരീരത്തിൻെറ അവയവമാക്കിയിരിക്കുന്നു എന്നത് നാം വിശ്വസിച്ചംഗീകരിക്കണമെന്ന് ദൈവം നമ്മോട് ആവശ്യപ്പെടുന്നു.
മറ്റുള്ളവരുടെ ശ്രദ്ധ ലഭിച്ചാലും ഇല്ലെങ്കിലും, സഭയിൽ ഓരോരുത്തരുടെയും ദൗത്യം മാന്യമായതായി ദൈവം കരുതുന്നു (1 കൊരി.12:23, 24). ശരീരത്തിൻെറ ചില അവയവങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കും. ഇതാണ് ഗ്ലാമറിന്റെ പിന്നാലെ പോകുന്നവരെ സ്വാധീനിക്കുന്നത്. എന്നാൽ നമ്മുടെ ശ്രദ്ധ ആകർഷിക്കാത്ത അവയവങ്ങളാകാം ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായകമാകുന്നത് എന്നത് യാഥാർത്ഥ്യമാണ്. സഭയിലും കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന ദൗത്യങ്ങൾ ചെയ്യുന്നവർക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവരെക്കാളും ബഹുമാനം കൊടുക്കുന്നതിൽ ദൈവം പ്രസാദിക്കില്ല എന്നത് വ്യക്തമാണ്. സഭയിൽ ശിശുക്കളുടെ കാര്യം ശ്രദ്ധിക്കുന്നയാൾ രാജിവെച്ചാൽ ഉണ്ടാകുന്ന പ്രതിസന്ധി ഒന്ന് ഓർത്ത് നോക്കുക!
തൻെറ ശരീരത്തിൻെറ ഓരോ അവയവത്തിനും ദൈവം നിയതമായ ദൗത്യം നല്കിയിട്ടുണ്ട്. നമ്മൾ ഓരോരുത്തരും മറ്റുള്ളവർക്ക് എത്രമാത്രം അനിവാര്യരാണെന്ന് നമുക്ക് കാണാനോ അറിയാനോ കഴിഞ്ഞെന്ന് വരില്ല. ഓരോരുത്തർക്കും നല്കപ്പെട്ടിട്ടുള്ള ഒന്നോ അതിലധികമോ ആയ ആത്മവരവും നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. സാഹചര്യത്തിനനുസരിച്ച് നമ്മുടെ കൃപാവരം ഒന്ന് മാറ്റാൻ കഴിഞ്ഞെങ്കിൽ എന്ന് നാം ഓർത്തു പോകാം. എന്നാൽ നമുക്ക് തമ്മിൽ തമ്മിൽ ശരിയായ മനോഭാവം ഉണ്ടായാൽ ഇത്തരം ചിന്തകളൊക്കെ അസ്ഥാനത്താകും.
അതുകൊണ്ടാണ് പൗലോസ് 1 കൊരി.12 ൽ ഓരോരുത്തർക്കും എന്ത് വരമാണ് ഉള്ളത് എന്നതിനേക്കാൾ പ്രധാനമായ കാര്യം വേറെയുണ്ട് (1 കൊരി.12:27-31) എന്ന് പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആര് ആരെ സ്നേഹിക്കുന്നു എന്നതാണ് (1 കൊരി. 12: 31-13:13). ശരീരവുമായി ബന്ധപ്പെടുത്തി 12 -ാം അധ്യായത്തിൽ ചർച്ച ചെയ്യുന്ന ജീവിതത്തിൻെറ അതിപ്രധാന ഭാഗം 13-ാം അധ്യായത്തിലാണ്. നാം ഒരു ശരീരത്തിന്റെ പരസ്പരാശ്രിത അവയവങ്ങളാണ് എന്ന നിരീക്ഷണത്തിന്റെ യഥാർത്ഥ അർത്ഥം നമുക്ക് തമ്മിൽ തമ്മിലുള്ള മനോഭാവത്തിലാണ് പ്രകടമാകുന്നത്. ആളുകളെ പുളകിതരാക്കുന്ന വാക്ധോരണിയോ, മലകളെ മാറ്റുന്ന വിശ്വാസമോ, നിഗൂഢതകളെ വെളിപ്പെടുത്തുന്ന ജ്ഞാനമോ, ദരിദ്രരെ പോഷിപ്പിക്കുന്ന ത്യാഗനിർഭരമായ ദാനധർമ്മങ്ങളോ ഇങ്ങനെ ഏത് വരമായാലും സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യമാണ് (1 കൊരി. 13:1-3). നമ്മുടെ ദൈവത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം നാം അന്യോന്യം കരുതുകയും സഹായിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ്.
പൗലോസ് എഴുതുന്നു: എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എൻെറ ശരീരം ചുടുവാൻ ഏല്പിച്ചാലും സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല (വാ. 3).
ഒറ്റക്കോ ഗ്രൂപ്പ് ആയോ പഠനത്തിന് സഹായിക്കുന്ന ചോദ്യങ്ങൾ
- താഴ്മയും പരസ്പരാശ്രയവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (1 കൊരി.12:12-13 ; 22-25)
- 1 കൊരി.12 ലെ ശരീരവും ജീവിതവും ബന്ധപ്പെടുത്തിയുള്ള ചർച്ചയുടെ പശ്ചാത്തലത്തിൽ നിന്ന് നാം പഠിക്കുന്നത് എന്താണ്?
- ആളുകൾ തങ്ങളുടെ കൃപാവരങ്ങൾ അറിയുന്നില്ലെങ്കിൽ എന്ത് സംഭവിക്കും? (1 കൊരി 12: 18, 31; 13:1- 13)
- 1 കൊരി. 12 ലെ തത്വങ്ങൾ പ്രകാരം സഭ എന്ത് പ്രവർത്തന പരിപാടികളാണ് സ്വീകരിക്കേണ്ടത്?
കുറവുകളുള്ളവർക്ക് വേണ്ടിയുള്ള സഭ
പരിപൂർണ്ണതാ വാദികളായ ആളുകളുടെ കൂടെ ഇടപെടുന്നവർ പറയുന്നത് ഒരു കള്ളിമുൾച്ചെടിയെ ആലിംഗനം ചെയ്യുന്നതു പോലെ ആസ്വാദ്യകരമാണ് അവർ നേരിടുന്ന വെല്ലുവിളി എന്നാണ്. നിങ്ങൾ ചെയ്യുന്നതൊന്നും പൂർണമാകുന്നില്ല. ഒരിക്കലും പ്രോത്സാഹനം ലഭിക്കുന്നില്ല. വിമർശനത്തിനു പുറകെ വിമർശനം മാത്രം. ഒന്ന് വിശ്രമിക്കാൻ കഴിയില്ല, കാരണം ജോലി ഒരിക്കലും തീരുന്നില്ല. എല്ലാം അപൂർണ്ണമാണ്.
പരിപൂർണ്ണതാ വാദികൾ എല്ലാം നന്നായിരിക്കണം എന്ന പ്രാധാന്യം ഉൾക്കൊള്ളുന്നവരാണ്. പക്ഷെ, അവരുടെ തന്നെയും മറ്റുള്ളവരുടെയും കുറവുകളോടൊപ്പം ദൈവകൃപയിൽ ജീവിക്കുന്നത് എങ്ങനെ എന്നത് അവർ തിരിച്ചറിയാതെ പോകുന്നു.
പരിപൂർണ്ണതാ വാദികൾ ആണ് എന്ന് സ്വയം കരുതാത്ത നമ്മിൽ ചിലരെങ്കിലും സഭയിലേക്ക് വരുമ്പോൾ അറിയാതെ അങ്ങനെ ആകുന്നു. വളരെയധികം മറ്റുള്ളവരെ വിമർശിക്കുന്നവരും വളരെയധികം അവരിൽ മാറ്റം ആഗ്രഹിക്കുന്നവരും ആകുന്നു; എന്നാൽ യഥാർത്ഥത്തിൽ അവർ നമ്മെക്കാൾ മോശമൊന്നുമല്ല താനും. നമ്മുടെ സ്വന്തം കുറവുകളും ക്ഷമയുടെ ആവശ്യവും ഒക്കെ ദയനീയമായി നാം മറന്നു പോകുന്നു. കുറച്ചു സമയം മത്തായി 18:21-35 വായിച്ച് ചിന്തിക്കുന്നത് ഉചിതമാകും.
ഏത് നല്ല സഭയും കുറവുകളുള്ള മനുഷ്യരെക്കൊണ്ട് മാത്രം പണിതതാണ്. ഏതൊരു സഭാംഗവും, ആത്മീയ തിരിച്ചറിവ് ഉള്ളയാളാണെങ്കിൽ, താഴ്മയോടെ സ്വന്തം പാപവും പരാജയവും അംഗീകരിക്കുന്നയാളായിരിക്കും. മദ്യാസക്തിയിൽ നിന്നും മുക്തി തേടിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് എപ്പോൾ വേണമെങ്കിലും ഇനിയും പഴയ ശീലത്തിലേക്ക് വീണുപോകാം എന്ന തിരിച്ചറിവ് ഉള്ളത് പോലെയാണ് ഓരോ സഭാംഗവും. ഓരോ അംഗവും തൻെറ സ്വയ കേന്ദ്രീകൃത ഭാവവും സ്വയം പര്യാപ്തതാ ഭാവവും അഹംഭാവവും പകരത്തിന് പകരം ചെയ്യാനുള്ള പ്രവണതയും ഒക്കെയുമായി നിരന്തര സംഘട്ടനത്തിലാണ്.
1 യോഹന്നാൻ 1:5-2:4 ൽ അപ്പൊസ്തലനായ യോഹന്നാൻ നമ്മുടെ തന്നെ യഥാർത്ഥ ചിത്രം അവതരിപ്പിക്കുന്നു. അദ്ദേഹം പറയുന്നതിൽ നിന്നും, നാമെല്ലാം അപൂർണ്ണരായ വ്യക്തികളാണെന്നും നമ്മുടെ കുറവുകളെ മറ്റുള്ളവരുടെ മുമ്പിലും പരിപൂർണനായ കർത്താവിന്റെ മുമ്പിലും സത്യസന്ധമായി സമ്മതിക്കണമെന്നും മനസ്സിലാക്കാവുന്നതാണ്.
അവനോട് കൂട്ടായ്മ ഉണ്ട് എന്നു പറയുകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ നാം ഭോഷ്ക് പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ട്; അവൻെറ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്ക് പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവൻെറ വചനം നമ്മിൽ ഇല്ലാതെയായി. എൻെറ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട് (1 യോഹ. 1:6- 2:1).
കുറവുകളുള്ള സഭാംഗങ്ങൾ തമ്മിലുള്ള നമ്മുടെ ബന്ധം താഴെപ്പറയുന്ന കാര്യങ്ങളിൽ അടിസ്ഥാനപ്പെട്ടതാണ് . . .
- ക്രിസ്തുവിന്റെ പരിപൂർണതയുടെ വിശ്വാസത്താലുള്ള പങ്കുവെക്കൽ (വാ. 5, 6)
- സ്വന്തം സ്ഥിതിയെക്കുറിച്ചുള്ള സത്യസന്ധമായ പങ്കുവെക്കൽ (വാ. 6, 7)
- നമ്മുടെ പാപങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിന്റെ പങ്കുവെക്കൽ (വാ. 8, 10)
- ഏറ്റുപറച്ചിലിന്റെയും ക്ഷമയുടെയും അനിവാര്യതയുടെ പങ്കുവെക്കൽ (വാ. 7, 9)
- നീതിക്കായുള്ള ആഗ്രഹത്തിന്റെ പങ്കുവെക്കൽ (2:1)
- ക്രിസ്തുവിന്റെ ക്രൂശിലെ ശരണത്തിന്റെ പങ്കുവെക്കൽ (2:1-2)
- അനുസരണത്തിന്റെ അനിവാര്യതയുടെ പങ്കുവെക്കൽ (2:3-4)
നമ്മുടെ അപൂർണ്ണതയെക്കുറിച്ചുള്ള യോഹന്നാന്റെ എഴുത്ത് ഒരേ സമയം ആദർശാത്മകവും യാഥാർത്ഥ്യബോധമുള്ളതും ആണ്. തെറ്റായ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് അദ്ദേഹം നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതേസമയം, നാം തെറ്റു ചെയ്തു പോയാൽ എങ്ങനെ ശരിയായി പ്രതികരിക്കാമെന്നും കാണിച്ചുതരുന്നു.
നമ്മുടെ അപര്യാപ്തതകളുടെ അളവ് ഗ്രഹിക്കുന്നത് നല്ല ഒരു സഭാബന്ധത്തിന് സഹായകരമാണ്.
- അത് നമ്മെ സത്യസന്ധതയുള്ളവരാക്കുന്നു.
- വ്യക്തിപരമായി താഴ്മയും എല്ലാ മനുഷ്യരോടും ബഹുമാനവും ഉള്ളവരാക്കുന്നു (തിത്തൊസ് 3:1-3),
- നാം ദൈവത്തോട് നിരപ്പു പ്രാപിക്കാൻ പരിശ്രമിക്കുന്നതിനാൽ മറ്റുള്ളവരുടെ കുറവുകളോട് കരുണയോടെ ഇടപെടാൻ നമുക്ക് ഇടയാകുന്നു (മത്തായി 5:6, 7).
ആത്മീയമായ വിവേചന ബുദ്ധിയിൽ വളർന്നു കൊണ്ടിരിക്കെത്തന്നെ അത്രയും വളർച്ച പ്രാപിക്കാത്ത ഒരാളെ അഹങ്കാരത്തോടെ വിമർശിക്കുന്നതിനേക്കാൾ പാപ്പരത്വം വേറെയില്ല. കുറവുകളുള്ളവരായ നമുക്ക് അഹങ്കരിക്കാനോ സ്വയ നീതി പ്രകടനത്തിനോ യാതൊരു അവകാശവുമില്ല. കൂടുതൽ നല്ലവരാകുക എന്നാൽ കൂടുതൽ കരുണയും സ്നേഹവും ഉള്ളവരാകുക എന്നാണ്.
ഒറ്റക്കോ ഗ്രൂപ്പായോ പഠിക്കുന്നതിന് സഹായകരമായ ചോദ്യങ്ങൾ
- പരിപൂർണതാ വാദികളുടെ വ്യക്തിബന്ധങ്ങൾ പ്രശ്നങ്ങളുള്ളതാകാൻ കാരണമെന്ത്?
- പൂർണതയിലേക്കുള്ള പ്രയാണത്തിൽ സംതുലിത സമീപനമുണ്ടാകാൻ 1 യോഹ. 1:6-2:4 എങ്ങനെ സഹായകരമാകും?
- മത്തായി 5:67 ലെ കരുണയും മത്തായി 18:21-35 ലെ ഏറ്റുമുട്ടലും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സഭകൾക്ക് എന്ത് ചെയ്യാനാകും?
പഠിക്കാൻ മനസ്സുള്ളവർക്ക് വേണ്ടിയുള്ള സഭ
പ്രൊഫസർമാരെല്ലാം വളരെ ഉന്നതമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരായതിനാൽ കുട്ടികളുടെ നിലവാരവുമായി ബന്ധപ്പെടാൻ പറ്റാത്ത ഒരു കോളേജ് സങ്കല്പിക്കുക. അല്ലെങ്കിൽ അസാമാന്യ പ്രതിഭയുള്ള കുട്ടികൾക്ക് മാത്രം എത്തിപ്പിടിക്കാൻ കഴിയുന്ന നിലവാരമുള്ളവരും സ്വന്തം യോഗ്യതകളിലും ഗവേഷണ പ്രബന്ധങ്ങളിലും അഭിരമിക്കുന്നവരുമായ പ്രൊഫസർമാർ ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം സങ്കല്പിക്കുക. പഠിക്കാൻ കുട്ടികൾക്ക് ആഗ്രഹവും ആവശ്യവും ഉണ്ട്, എന്നാൽ അവർക്ക് പ്രതീക്ഷിക്കുന്ന നിലവാരമില്ല എന്ന് പരിതപിക്കുന്ന അധ്യാപകർ.
സഭയുമായി ഈ സ്ഥിതിയെ താരതമ്യപ്പെടുത്തുക. പുതിയ വിശ്വാസികൾ ആത്മീയമായി പരിജ്ഞാനമില്ലാത്തവരും പഠിക്കാൻ താല്പര്യമുള്ളവരുമാണ്. വാഗ്ദത്ത പെട്ടകത്തിൽ ഒരു ആനയോ സീബ്രയോ പോയിട്ട് ഒരു ഒട്ടകപ്പക്ഷി പോലും കയറാൻ ഇടമില്ല എന്ന് അവർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സെഫന്യാവിന്റെ പുസ്തകം എവിടെയാണെന്ന് പോയിട്ട് അത് ആരാണെന്ന് പോലും അവർക്ക് അറിയില്ല. “കർത്താവിനെ വാഴ്ത്തുക”, “അന്യോന്യം ആത്മികവർദ്ധന വരുത്തുക”, “സൂക്ഷ്മത്തോടെ നടക്കുക”, “അതിക്രമങ്ങൾ ഏറ്റുപറയുക”, “നിങ്ങളെത്തന്നേ വിശുദ്ധീകരിക്കുക”, “മടുത്തു പോകാതെ എപ്പോഴും പ്രാർത്ഥിക്കുക”, “നിങ്ങളെത്തന്നെ സൗരഭ്യവാസനയുള്ള യാഗമായി ദൈവത്തിന് അർപ്പിക്കുക” എന്നീ പ്രയോഗങ്ങളെല്ലാം അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഈ ആളുകളെ പഠിപ്പിക്കാൻ കഴിയുന്നതാണ്. ബൈബിളിന്റെ കാര്യത്തിൽ അവർ സാക്ഷരരല്ല എന്നവർക്ക് ബോധ്യമുണ്ട്. അവർക്ക് ആവശ്യം ചെറിയ ഗ്രൂപ്പായോ ഒറ്റക്കോ ഉള്ള ശ്രദ്ധയാണ്. പഠിക്കാൻ അവരുടെ നിലവാരത്തിനും തരത്തിനും ഇണങ്ങുന്ന ആരുടെയെങ്കിലും സഹായം അവർക്ക് ആവശ്യമാണ്.
സഭ നിലനില്ക്കുന്നത് പഠനം ആവശ്യമായവരെ പഠിപ്പിക്കാൻ വേണ്ടിയാണെന്ന് അപ്പൊസ്തലനായ പൗലോസ് മനസ്സിലാക്കിയിരുന്നു. സ്നേഹത്തിന്റെ പുതിയ ഭാഷയും, പുതിയ തത്വശാസ്ത്രവും, പുതിയ തർക്കശാസ്ത്രവും, പുതിയ ചരിത്രവും പുതിയ സാമൂഹ്യ ശാസ്ത്രവും പുതിയ സംഗീതവും ബന്ധങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും അവർ പഠിക്കേണ്ടിയിരിക്കുന്നു.
പൗലോസ് ഈ എഴുതിയതിൽ, ആത്മീയ വിദ്യാഭ്യാസം ഇല്ലാത്തവരെ വെളിച്ചത്തിങ്കലേക്ക് കൊണ്ടുവരിക എന്ന വലിയൊരു വെല്ലുവിളി സഭക്ക് ഉണ്ടെന്ന് കാണാം. പൗലോസ് എഫെ. 4:17-18 എഴുതിയപ്പോൾ അന്ധകാരത്തിൽ നിന്നും പുറത്തേക്ക് വരുന്നവരുടെ ആവശ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു:
അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മിക വർധനക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചു കൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും (എഫെസ്യർ 4:11-15).
പഠിപ്പിക്കാനുള്ള വരം ദൈവം സഭയിൽ ചിലർക്ക് നല്കുന്നത് പുതിയ ചിന്തയും ധാരണയും പ്രദാനം ചെയ്ത് താഴെപ്പറയുന്ന കാര്യങ്ങൾ സാധ്യമാക്കാനാണ് :
- നമ്മെ ശുശ്രൂഷക്ക് സജ്ജരാക്കാൻ (വാ. 13)
- ബന്ധങ്ങൾ പണിയുവാൻ (വാ. 13)
- ഐക്യം പ്രോത്സാഹിപ്പിക്കാൻ (വാ. 12)
- ക്രിസ്തുവിനെപ്പോലെ ആയിത്തീരുവാൻ (വാ. 12)
- സ്ഥിരതയുള്ളവരാകാൻ (വാ. 14)
- വഞ്ചനക്കെതിരെ പോരാടാൻ (വാ. 14)
- സ്നേഹത്തിൽ സത്യം സംസാരിക്കാൻ (വാ. 15)
നമ്മുടെ ആവശ്യം പുതിയതും സൈദ്ധാന്തികമായതും തർക്കിക്കാവുന്നതുമായ അറിവുകളല്ല. സഭയിലെ നമ്മുടെ ദൗത്യം ദൈവവചനപരമായ ചിന്ത നമ്മുടെ ജീവിതത്തിൽ വരുത്തുന്ന വ്യത്യാസം കാണിച്ചു കൊടുത്ത് ആളുകളെ സഹായിക്കുകയാണ് – വീട്ടിലെ നിരാശാ സന്ദർഭങ്ങിലും ജോലിസ്ഥലത്തെ അരക്ഷിതാവസ്ഥയിലും ഡോക്ടറുടെ അടുക്കൽ ഉണ്ടാകുന്ന ആശങ്കയിലും ബന്ധങ്ങളിലെ തകർച്ചകളിലും ഒക്കെ. പഠിപ്പിക്കാനുള്ള വരം സഭയിൽ നല്കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം ക്രിസ്തുവിന്റെ മനസ്സുള്ളവരാകുക എന്നത് എന്താണെന്ന് പക്വത കുറഞ്ഞവരെ ബോധ്യപ്പെടുത്തുക എന്നതാണ്. അതുവഴി ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും ദൈവകൃപയും പ്രത്യാശയും അനുഭവിക്കുന്ന ആത്മീയ പക്വത അവർ കൈവരിക്കും.
പക്വത പ്രാപിച്ചവർക്ക് പഠിപ്പിക്കാനുള്ള മനസ്സും പക്വതയിലെത്താത്തവർക്ക് പഠിക്കാനുള്ള മനസ്സും ഇല്ലെങ്കിൽ ആത്മികവർധന വരുത്തുന്നതിനു പകരം ചീർപ്പിക്കുന്ന അറിവ് മാത്രമായി അത് മാറും (1 കൊരി.8:1-3).
ഒറ്റക്കോ ഗ്രൂപ്പായോ പഠിക്കുന്നതിന് സഹായിക്കുന്ന ചോദ്യങ്ങൾ
- പഠനം സ്വന്തഗുണത്തിന് മാത്രമാകുന്നത് എപ്പോൾ ? (1 കൊരി. 8:1-3)
- സഭയിലെ പഠനത്തിന്റെ ലക്ഷ്യം എന്താണ്? (എഫെ. 4:11-15; കൊലൊ.1:28, 29)
- സഭയിലെ പഴയ ആളുകളുടെ നിലവാരത്തിൽ മാത്രം കാര്യങ്ങൾ ചെയ്യാതെ, പുതിയ ആളുകൾ ആയിരിക്കുന്ന സ്ഥിതിയിൽ അവരിൽ എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സഭ എന്ത് ചെയ്യണം?
മറവിക്കാരായവർക്ക് വേണ്ടിയുള്ള സഭ
ആളുകൾ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്നത് ഒന്നും ഒരിക്കലും മറന്നുപോകാത്ത ഒരു ലോകത്തെ നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ? എങ്കിൽ കുട്ടികൾക്ക് പരീക്ഷക്ക് മുമ്പ് ഒന്നുകൂടി പഠിക്കേണ്ടി വരില്ല. ഭാര്യയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്തിക്കൊടുക്കാൻ ഭർത്താവ് മറക്കില്ല. സുഹൃത്തുക്കൾ ഫോൺ ചെയ്യാനും കത്ത് എഴുതാനും മറക്കില്ല; പ്രധാന ദിവസങ്ങളും വാർഷികങ്ങളും മറന്നു പോകില്ല.
എന്നാൽ നമ്മുടെ ലോകം ഇങ്ങനെയല്ല. വലിയ ബുദ്ധിജീവികളും പണ്ഡിതന്മാരും പ്രതിഭകളും ഒക്കെ സാമാന്യകാര്യങ്ങൾ മറന്നു പോകുന്ന ഒരു ലോകമാണ് നമ്മുടേത്.
മറവിശീലമുള്ള ആളുകൾ
എന്നാൽ നമ്മുടെ ലോകം ഇങ്ങനെയല്ല. വലിയ ബുദ്ധിജീവികളും പണ്ഡിതന്മാരും പ്രതിഭകളും ഒക്കെ സാമാന്യകാര്യങ്ങൾ മറന്നു പോകുന്ന ഒരു ലോകമാണ് നമ്മുടേത്.
വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിക്കുവാനും സകല സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കുവാനും ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂർണസൗമ്യത കാണിക്കുവാനും അവരെ ഓർമ്മപ്പെടുത്തുക. മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകക്കുന്നവരും ആയിരുന്നുവല്ലോ. എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിൻെറ ദയയും മനുഷ്യ പ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല തന്റെ കരുണ പ്രകാരമത്രെ രക്ഷിച്ചത്…… ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സത്പ്രവൃത്തികളിൽ ഉത്സാഹികളായിരിക്കുവാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്ക് ഉപകാരവും ആകുന്നു (തിത്തൊസ് 3:1-5, 8; എബ്രായർ 3:12-14 ഉം കാണുക).
ഇതാണ് പ്രവർത്തന നിർഭരമായ സഭ. ദൈവജനത്തിന് എപ്പോഴും പുതിയത് എന്തെങ്കിലും പഠിക്കേണ്ട ആവശ്യമില്ല. നാം പഠിച്ച കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ് വേണ്ടത്. നാം ആരാണെന്നതും വന്നത് എങ്ങനെയാണെന്നും എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും പലപ്പോഴും മറന്നു പോകുന്നവരാണ് നാം.
- രാജ്യത്തെ അധികാരികളെ ബഹുമാനിക്കാൻ നാം മറന്നു പോകുന്നു (വാ. 1)
- മറ്റുള്ളവരെ സഹായിക്കാനുള്ള ദൗത്യം മറന്നു പോകുന്നു (വാ. 1)
- ആരെക്കുറിച്ചും ദൂഷണം പറയരുതെന്നത് മറന്നു പോകുന്നു (വാ. 2)
- കലഹിക്കാതിരിക്കാൻ മറക്കുന്നു (വാ. 2)
- ശാന്തന്മാരായിരിക്കാൻ മറന്നു പോകുന്നു (വാ. 2)
- എല്ലാവരോടും സൗമ്യത കാണിക്കാൻ മറന്നു പോകുന്നു (വാ. 2)
- ഒരു കാലത്ത് നാം ബുദ്ധികെട്ടവരായിരുന്നു എന്നത് മറക്കുന്നു (വാ. 3)
- കൃപയാലാണ് രക്ഷിക്കപ്പെട്ടത് എന്നത് മറക്കുന്നു (വാ. 4-7)
ഓർമ്മയുടെ അടിസ്ഥാനങ്ങൾക്ക് അന്യോന്യം നാം സഹായിക്കേണ്ടിയിരിക്കുന്നു. യഥാസമയം, സൗമ്യമായി നാം അന്യോന്യം സഹായിക്കണം – കർത്താവിനെ, അവിടുത്തെ സ്നേഹത്തെ, നമ്മെ ജീവിതത്തിന്റെ വനാന്തരങ്ങളിലൂടെയും മരുഭൂമിയിലൂടെയും ചതുപ്പുകളിലൂടെയും പർവ്വതങ്ങളിലൂടെയും സമുദ്രങ്ങളിലൂടെയും താഴ്വരകളിൽ കൂടിയും മുൾപ്പടർപ്പുകളിൽ കൂടിയും വഴി നടത്തുന്ന അവിടുത്തെ ശക്തിയെയും ഓർക്കുന്നതിന്.
ഒറ്റക്കും ഗ്രൂപ്പായും പഠനത്തിന് സഹായിക്കുന്ന ചോദ്യങ്ങൾ
- കാണുന്നില്ല, അതുകൊണ്ട് മറന്നുപോയി എന്നതിന് ആത്മീയ കാര്യങ്ങളിൽ എത്രത്തോളം പ്രസക്തിയുണ്ട്?
- പൗലോസിന്റെ വാക്കുകൾ പ്രകാരം, ദൈവജനം മറന്നു പോകാൻ സാധ്യതയുള്ളത് എന്താണ്? (തിത്തൊസ് 3:1-8)
- എബ്രായർ 3:12, 13 ന്റെ അടിസ്ഥാനത്തിൽ പാപവും ഓർമ്മയും തമ്മിലുള്ള ബന്ധമെന്താണ്?
- നമ്മുടെ മറവിയെന്ന പ്രശ്നത്തെ വേണ്ട വിധത്തിൽ പരിഗണിക്കുന്നുണ്ട് എന്നുറപ്പാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും?
പ്രയാസപ്പെടുന്നവർക്ക് വേണ്ടിയുള്ള സഭ
ഒരു ഹെൽത്ത് ക്ലബ്ബിൽ അംഗങ്ങളായവരെല്ലാം അവരുടെ ശരീരവും മനസ്സും ആരോഗ്യത്തോടെ സംരക്ഷിക്കാൻ തീരുമാനമുള്ളവരാണ്. ജീവനക്കാരുടെ ക്രിയാത്മകത നിലനിർത്താൻ സ്ഥാപനങ്ങൾ അതിന് പറ്റിയ ഉപദേശകരെ നിയമിച്ച് കൃത്യമായ വ്യായാമം , ഭക്ഷണം, സമ്മർദ്ദം കുറക്കുന്ന കാര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ശ്രമിക്കും. ദിവസംപ്രതി, ഓരോ പ്രായത്തിലും താല്പര്യത്തിലുമുള്ളവർക്കായി ക്ലാസ്സുകളും മറ്റും നടത്തും. എല്ലായിടത്തും വ്യായാമത്തിന് ഉപകരണങ്ങളും ആരോഗ്യ സ്നാന സൗകര്യങ്ങളും നീന്തൽക്കുളങ്ങളും ക്ലാസ്സുകളും ഒരുക്കി ആളുകളെ നല്ല ആരോഗ്യമുള്ളവരാക്കി നിലനിർത്തും.
ഈ ക്ലബ്ബുകളൊക്കെ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവാരം നിലനിർത്താൻ കഴിയാത്തവർ ഒഴിവാക്കപ്പെടുന്നു എന്നും കാണാം. ഹൃദയ സംബന്ധമായ രോഗം ഉള്ളവർ, കാൻസർ ബാധിതർ, മറ്റ് ഗൗരവമായ രോഗമുള്ളവർ ഒക്കെ ഒഴിവാക്കപ്പെടുന്നു. ആവശ്യത്തിലധികം ബലമുള്ളവരും ഒഴിവാക്കപ്പെടുന്നു എന്നും കാണാവുന്നതാണ്.
ക്രിസ്തു പണിയുന്ന സഭ വ്യത്യസ്തമാണ്. അത് ഒരിക്കലും നല്ല അച്ചടക്കമുള്ള തികച്ചും ഉത്കൃഷ്ടരായ വിശ്വാസികളെ മാത്രം സഹായിക്കാനുള്ള ഇടമല്ല. നമ്മുടെ കർത്താവ് ഇങ്ങനെ നിലവാരം ഇല്ലാത്തവരെക്കുറിച്ച് എപ്പോഴും കരുതലുള്ളവനായിരുന്നു. അപ്പൊസ്തലനായ പൗലോസും ഈ മനസ്സോടെയാണ് എഴുതിയത്:
ദൈവം നമ്മെ കോപത്തിനല്ല , നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടു കൂടെ ജീവിക്കേണ്ടതിന് നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതു പോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർധന വരുത്തിയും പോരുവിൻ… ക്രമം കെട്ടവരെ ബുദ്ധിയുപദേശിക്കുവിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ. ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കുവാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തു കൊണ്ടിരിക്കുവിൻ (1 തെസ. 5:9 -11, 14-15).
കുറവുകളുള്ള ആളുകളോടുള്ള ഇത്തരം പരിഗണനകൾ സ്വാഭാവികമായി വരികയില്ല. നമ്മെ ശല്യപ്പെടുത്തുകയും സമയം മെനക്കെടുത്തുകയും ചെയ്യുന്ന ഇത്തരക്കാരോട് സ്വഭാവികമായും ദേഷ്യവും അക്ഷമയുമാണ് തോന്നുക. നാം അവരെ ഉയർത്തുന്നതിനെക്കാൾ വേഗത്തിൽ അവർ നമ്മെ വലിച്ചു താഴെയിടാം എന്ന് നാം ഭയപ്പെടുന്നു. എന്നിരുന്നാലും പൗലോസ് നമ്മെ വളരെ പ്രധാനമായ മറ്റൊരു കാര്യം ഓർമ്മിപ്പിക്കുന്നു. നമ്മുടെ രക്ഷകൻ നമ്മെ നശിപ്പിക്കാനല്ല, രക്ഷിക്കാനാണ് മാറ്റി നിർത്തിയത് (വാ. 9) എന്ന് അദ്ദേഹം പറയുന്നു. ഇതേ പോലെ നാമും മറ്റുള്ളവർക്ക് ആശ്വാസവും സഹായവും ആയിത്തീരണം (വാ. 11). ഇത് അത്ര എളുപ്പമല്ല. നമ്മുടെ സമയവും വസ്തുക്കളും ചെലവഴിപ്പിക്കുന്ന ആളുകൾ മൂലം ദേഷ്യവും നിരാശയും തോന്നാനാണ് എപ്പോഴും സാധ്യത. എങ്കിലും ക്രിസ്തുവിലായ നമുക്കുള്ള വെല്ലുവിളി കോപ്പിക്കാതെ പ്രതികരിക്കാനും താഴെപ്പറയുന്ന വിധം പെരുമാറാനുമാണ് :
- വിശ്വസ്തമായി ശുശ്രൂഷ ചെയ്യുന്നവരെ ബഹുമാനിക്കുക (വാ. 12, 13)
- ക്രമം കെട്ടവരെ ഉപദേശിക്കുക (വാ. 14)
- മനോധൈര്യമില്ലാത്തവരെ ആശ്വസിപ്പിക്കുക (വാ. 14)
- ബലഹീനരെ താങ്ങുക (വാ. 14)
- എല്ലാവരോടും ദീർഘക്ഷമ കാണിക്കുക (വാ. 14)
- തിന്മക്ക് പകരം തിന്മ ചെയ്യരുത് (വാ. 15)
- എല്ലാവരുടെയും നന്മക്കായി പ്രവർത്തിക്കുക (വാ. 15)
ക്രിസ്തുവിന്റെ ആത്മാവ് നമ്മെ നയിക്കുന്നത് നമ്മുടെയിടയിലെ കൊള്ളാവുന്നവരും ശക്തരുമായവരുടെയും സ്വയം പര്യാപ്തരും പ്രശ്നങ്ങൾ ഒന്നുമില്ലാത്തവരും ആയവരുടെയും അടുത്തേക്ക് മാത്രമല്ല. ബലഹീനരും പ്രോത്സാഹനവും ആശ്വാസവും തുണയും ആവശ്യമായവരുമായ ആളുകൾക്ക് വേണ്ടി ത്യാഗപൂർവ്വം പ്രവർത്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.
യേശുക്രിസ്തു വന്നത് നല്ലവരെ ശുശ്രൂഷിക്കാനല്ല. ആരോഗ്യമുള്ളവരെ ചികിത്സിക്കുന്ന വൈദ്യൻ ആയിരുന്നില്ല അവിടുന്ന്. പാപികളെ രക്ഷിക്കാനാണ് യേശു വന്നത്, “ദരിദ്രന്മാരോട് സുവിശേഷം അറിയിക്കുവാൻ ….. ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിക്കുവാനും പീഡിതന്മാരെ വിടുവിച്ചയക്കുവാനും….” (ലൂക്കൊസ് 4:18, 19).
ഭാവിയിൽ ന്യായവിധി നടത്തുമ്പോൾ മനുഷ്യരുടെ പ്രയാസങ്ങളോട് എങ്ങനെ പ്രതികരിച്ചു എന്ന് ചോദിക്കും എന്ന പറഞ്ഞതിലൂടെയും യേശു തൻെറ ഹൃദയത്തിലെ മനസ്സലിവ് വെളിപ്പെടുത്തുകയായിരുന്നു. ചിലരോട് അവൻ പറയും:
എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുവിൻ. എനിക്കു വിശന്നു നിങ്ങൾ ഭക്ഷിക്കുവാൻ തന്നു; ദാഹിച്ചു, നിങ്ങൾ കുടിക്കുവാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തു കൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണുവാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എൻെറ അടുക്കൽ വന്നു…. എൻെറ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്ക് ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു (മത്തായി 25: 34 – 36, 40).
മത്തായി 25 ൽ പറയുന്ന ഈ ന്യായവിധിയുടെ പ്രവചനപരമായ വിശദാംശങ്ങളിൽ നാമെല്ലാം യോജിക്കില്ലായിരിക്കാം. അത് വേറൊരു പ്രശ്നമാണ്.
എന്നാൽ നമുക്കെല്ലാം ഈ വേദഭാഗത്ത് യോജിക്കാവുന്ന കാര്യം പ്രയാസങ്ങളിലായിരിക്കുന്നവരോട് കാലഭേദമെന്യേ കരുതലുള്ളവനാണ് കർത്താവ് എന്നതാണ്. ഇക്കാര്യത്തിന് മാറ്റമില്ല. അതുകൊണ്ട്, തന്റെ ശരീരമായ സഭയെ ഉപയോഗിച്ച് ദുരിതത്തിലായവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നത് കർത്താവിന്റെ പരിപാടിയാണ് എന്നത് ഉറപ്പാണ്. ആരോഗ്യമുള്ളവർക്കും ബലവാന്മാർക്കും വേണ്ടി മാത്രമല്ല, രോഗികൾക്കും മരണാസന്നർക്കും എല്ലാം വേണ്ടി ഒരു ആത്മീയ ഹെൽത്ത് ക്ലബ്ബ് നടത്തുക എന്നതാണ് ദൈവത്തിന്റെ പദ്ധതി.
ഒറ്റക്കും ഗ്രൂപ്പായിട്ടും പഠനത്തിന് സഹായിക്കുന്ന ചോദ്യങ്ങൾ
- 1 തെസ. 5:9 ൽ വിവരിക്കുന്ന ദൈവത്തിന്റെ പ്രവൃത്തി 14, 15 വാക്യങ്ങളിലെ ശുശ്രൂഷകൾ ചെയ്യാൻ സഹായകരമാകുന്നത് എങ്ങനെ?
- സ്വാർത്ഥത കൊണ്ടാണോ സ്നേഹം മൂലമാണോ ആരോടെങ്കിലും ഉള്ള കൂട്ടായ്മ വിശ്വാസികൾ ഒഴിവാക്കുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാം? (തിത്തൊസ് 3:8-11)
- ‘ക്രിസ്തുവിന്റെ ശരീരം’ എന്ന ആശയത്തിൽ, അതീവ ഗുരുതരമായ പ്രശ്നങ്ങളിലായിരിക്കുന്നവർ മൂലം സഭക്ക് വല്ലാത്ത ഭാരം വരാതെ നോക്കണം എന്ന വിവക്ഷ ഉൾപ്പെടുന്നുണ്ടെങ്കിൽ ഏതർത്ഥത്തിലാണത്?
നഷ്ടപ്പെട്ട് പോയവർക്ക് വേണ്ടിയുള്ള സഭ
നഷ്ടപ്പെട്ട് പോയ മനുഷ്യൻെറ പ്രത്യേകതകൾ എന്തൊക്കെയാണ്? ഒരു കാട്ടിൽ വഴിതെറ്റി അലയുന്ന കുട്ടിയേയോ, വിമാനാപകടത്തിൽ നിന്ന് ജീവൻ രക്ഷപ്പെട്ട് ലൈഫ് ജാക്കറ്റുമായി കടലിൽ അലയുന്നവരെയൊ, ഒരു തണുത്തിരുണ്ട രാത്രിയിൽ വീട്ടിൽ നിന്നും നടന്നു പോയ അൽഷിമേഴ്സ് രോഗിയെയോ സങ്കൽപ്പിക്കുക. വഴി തെറ്റിയവർ സഹായവും സാധ്യതകളും നഷ്ടപ്പെട്ടവരാണ്. അവർ എവിടെയാണ് എന്ന് അവർക്കറിയില്ല. അഭയവും സംരക്ഷണവും ആഹാരവും എങ്ങനെ കിട്ടും എന്നവർക്ക് അറിയില്ല. വഴി നഷ്ടപ്പെട്ട, നിയന്ത്രണം നഷ്ടപ്പെട്ട ആളുകൾ സഹായം അർഹിക്കുന്നു.
മിക്കവാറും എല്ലാ മനുഷ്യരും വഴി തെറ്റിയവരാണ്. അനേകർക്കും അറിയില്ല തങ്ങൾ ആരാണ്, എവിടെയാണ്, എന്തു കൊണ്ടാണ് ജീവിതത്തിൽ ലക്ഷ്യമില്ലാതെ അലയുന്നത് എന്നൊന്നും. തങ്ങൾ ആദാമിന്റെയും അബ്രാഹമിന്റെയും ദാവിദിന്റെയും ദൈവത്തിൽ നിന്ന് വന്നതാണെന്ന് മിക്കവർക്കും അറിയില്ല. ഈ ദൈവത്തെ എങ്ങനെ കണ്ടെത്താം എന്നും മിക്കവർക്കും അറിയില്ല. വളരെക്കുറച്ച് പേർ മാത്രം പ്രവേശിക്കുന്ന ഒരു സ്വർഗമുണ്ടെന്നും മഹാഭൂരിപക്ഷവും തങ്ങൾ പ്രിയം വെച്ചതെല്ലാം വെടിഞ്ഞ് പ്രവേശിക്കാൻ പോകുന്ന ഒരു നരകം ഉണ്ടെന്നും മിക്കവർക്കും അറിയില്ല. സഹായത്തിനായി എങ്ങോട്ട് തിരിയണം എന്ന് മിക്കവർക്കും അറിയില്ല.
മിക്കവാറും ആളുകൾ ലൂക്കൊസ് 16 ൽ യേശു വിവരിക്കുന്ന ധനികനായ മനുഷ്യനെപ്പോലെ മരിക്കും. അവിടെ, വീണ്ടുവിചാരത്തിന്റെ ദൈന്യതയോടെ, മരിച്ചു പോയ ധനികനും പൂർവ്വ പിതാവായ അബ്രാഹവും തമ്മിലുള്ള ഒരു സംഭാഷണം യേശു വിവരിക്കുന്നുണ്ട്. ഈ രണ്ടു പേരും തമ്മിൽ ഒരു വലിയ പിളർപ്പ് കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്നു എന്നു് പറഞ്ഞിരിക്കുന്നു. ആ മനുഷ്യന്റെ വിലാപത്തെ യേശു ഇങ്ങനെ വിവരിച്ചിരിക്കുന്നു:
അബ്രാഹാം പിതാവേ, എന്നോടു കനിവുണ്ടാകണമേ; ലാസർ (അബ്രഹാമിനോടുകൂടെ പറുദീസയിൽ ഇരിക്കുന്ന മരിച്ചുപോയ യാചകൻ) വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എൻെറ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയക്കണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്ന് വിളിച്ചു പറഞ്ഞു. അബ്രാഹാം: മകനേ, നിൻെറ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓർക്കുക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവേ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു; ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കൽ കടന്നുവരാനും പാടില്ല എന്നു പറഞ്ഞു. അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്ന് ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട് ; അവരും ഈ യാതനാ സ്ഥലത്ത് വരാതിരിക്കുവാൻ അവൻ അവരോട് സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹാം അവനോട്: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അതിന് അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽ നിന്ന് ഒരുത്തൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്ന് ഒരുത്തൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കുകയില്ല എന്നു പറഞ്ഞു (ലൂക്കൊസ് 16:24-31).
വഴിതെറ്റിപ്പോയവരെക്കുറിച്ച് എത്രമാത്രം അസ്വസ്ഥമാക്കുന്ന ഉൾക്കാഴ്ചകളാണ് ഈ വേദഭാഗം നല്കുന്നത്. അവരുടെ സ്ഥിതി എത്ര ദയനീയമാണെന്ന് ഇവടെ കാണുന്നു. താല്കാലികമായ ഭൗതിക സുരക്ഷിതത്വത്തിനകത്തേക്ക് നോക്കാൻ ക്രിസ്തു നമ്മെ സഹായിക്കുന്നു. ഒരു പരിധി കഴിഞ്ഞാൽ തിരിച്ചുവരാനാകാത്ത വിധം ദൂരിതപൂർണ്ണമാണ് നഷ്ടപ്പെട്ടവരുടെ സ്ഥിതി എന്ന മുന്നറിയിപ്പും അവർ സഹായം അർഹിക്കുന്നു എന്ന തിരിച്ചറിവും അവിടുന്ന് നല്കുന്നു. താഴെപ്പറയുന്ന കാര്യങ്ങൾ അവിടുന്ന് വ്യക്തമാക്കുന്നു:
- നഷ്ടപ്പെട്ട് പോയവരെ കണ്ടാൽ അങ്ങനെ മനസ്സിലാക്കണമെന്നില്ല (വാ. 19)
- നഷ്ടപ്പെട്ടു പോയവർക്ക് അക്കാര്യം അനുഭവപ്പെടണമെന്നില്ല (വാ. 19)
- നഷ്ടപ്പെട്ടവർ അസൂയ ഉള്ളവരാണെന്ന് കാണാം (വാ. 19-21)
- നഷ്ടപ്പെട്ടു പോയവർ വലിയ യാതനയിൽ ആയിരിക്കും (വാ.23-24)
- അവർ കരുണക്കായി യാചിക്കും (വാ. 24)
- അവർക്ക് ആശ്വാസം ലഭിക്കുകയില്ല (വാ. 25-26)
- അവർക്ക് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നല്കാൻ പോലും കഴിയില്ല (വാ. 27-31)
ക്രിസ്തുവിന്റെ ആഗമനത്തിന് മുമ്പ് തെറ്റിപ്പോയ മനുഷ്യർക്ക് മോശെയുടെയും പ്രവാചകന്മാരുടെയും സന്ദേശം ഉണ്ടായിരുന്നു. മനുഷ്യപുത്രന്റെ വരവു മുതൽ വീണുപോയ മനുഷ്യർ അംഗീകരിക്കേണ്ടത് യേശു അവരുടെ പാപത്തിനു വേണ്ടി മരിച്ചു, അടക്കപ്പെട്ടു, മരിച്ചവരുടെയിടയിൽ നിന്ന് ഉയിർത്തു എന്നതാണ്.
ഇത് വിശ്വസിക്കുന്നവർക്ക് സ്വർഗം ദാനമായി ലഭിക്കുകയും നരകാഗ്നിയിൽ നിന്ന് അവർ രക്ഷപ്പെടുകയും ചെയ്യും. ലൂക്കൊസ് 16 ലെ നഷ്ടപ്പെട്ടുപോയ മനുഷ്യന്റെ സ്ഥിതി ഒന്ന് സങ്കല്പിച്ചു നോക്കൂ. അപ്പോൾ ഈ ലോകത്തിൽ നിന്നും വരാനുള്ള ലോകത്തിലേക്ക് പ്രവേശനം ലഭിച്ചവർ എന്ന നിലയിൽ സഭയെ എത്ര അടിയന്തിര പ്രാധാന്യത്തോടെ നാം സമീപിക്കേണ്ടിയിരിക്കുന്നു. 1 മുതൽ 10 വരെ സ്ഥാനം നല്കിയാൽ, നിങ്ങളുടെ പ്രാധാന്യത്തിൽ സഭ എവിടെ വരും? നിങ്ങളുടെ ക്ലബ്ബ്, നീന്തൽ സ്ഥലം, ഓഫീസ്, അലാസ്കയിലേക്ക് നായാട്ടിന് പോകുന്നത്, നിങ്ങളുടെ സ്വീകരണ മുറിയുടെ സുഖം, കേബിൾ ടെലവിഷൻ എന്നിവയൊക്കെ എവിടെ വരും?
നഷ്ടപ്പെട്ട് പോയവർക്ക് സഭ അത്യന്താപേക്ഷിതമാണ് – കടലിൽ വീണുപോയ മനുഷ്യന് രക്ഷാവിമാനം എന്നതിനേക്കാൾ. തെറ്റിപ്പോയ മനുഷ്യരോട് ക്രിസ്തുവിനെ അറിയിക്കുവാൻ സഭയിൽ ചിലർക്ക് ദൈവം പ്രത്യേക കഴിവ് നല്കിയിട്ടുണ്ട് (എഫെ. 4:11). കൃപയുടെയും രക്ഷയുടെയും സന്ദേശം സർവ്വലോകത്തിലും പ്രചരിപ്പിക്കുവാൻ ദൈവം സഭക്ക് സവിശേഷമായ ഉത്തരവാദിത്തം നല്കിയിട്ടുണ്ട് (മത്തായി 28: 19, 20). തന്റെ ശക്തിയാൽ ലോകത്തിന്റെ രക്ഷക്കായി പോകുവാൻ സഭയെ അവിടുന്ന് ബലപ്പെടുത്തിയിട്ടുണ്ട് (അപ്പ.1:8). രക്ഷയുടെ സുവിശേഷം സ്വീകരിക്കുന്ന ഓരോ മനുഷ്യനെയും സ്നേഹത്തോടെ കരുതുവാൻ തൻെറ ശരീരമായ സഭയെ അവിടുന്ന് സജ്ജമാക്കിയിട്ടുണ്ട് (1 തെസ. 5:11-18).
ഇപ്രകാരമുള്ള ഒരു ദൗത്യത്തിനായി സംഘടിപ്പിക്കപ്പെട്ട ഒരു സഭയല്ലാതെ മറ്റാരാണ് ഈ ലോകത്തിലെ മനുഷ്യർക്ക് അവരുടെ നഷ്ടപ്പെട്ട സ്ഥിതിക്ക് പരിഹാരം കാണിച്ചു കൊടുക്കാൻ ഉള്ളത്? സ്വർഗ്ഗനരകങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് സഭ അവരോട് പറയുന്നില്ലെങ്കിൽ പിന്നെ ആര് ചെയ്യും? (വെളിപ്പാട് 20:11-15).
ഒറ്റക്കും ഗ്രൂപ്പായിട്ടും പഠനത്തിന് സഹായിക്കുന്ന ചോദ്യങ്ങൾ
- ആത്മീയമായി നഷ്ടപ്പെട്ട സ്ഥിതിയിലുള്ള മനുഷ്യന് ശാരീരികമായി വഴി തെറ്റിയ ഒരു മനുഷ്യനോട് സാമ്യമുണ്ടോ? എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നു?
- നഷ്ടപ്പെട്ടു പോയവരുടെ ഭയാനകമായ സ്ഥിതിയെ വ്യക്തമാക്കാൻ ലൂക്കൊസ് 16:19-31 ൽ യേശു ഉൾപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
- നഷ്ടപ്പെട്ടു പോയ ഒരു വ്യക്തിയുടെ സ്ഥിതി സംബന്ധിച്ച ഏറ്റവും പ്രയാസകരവും നിലനില്ക്കുന്നുമായ യാഥാർത്ഥ്യം എന്താണ്? (വാ27-31).
- സഭ നിലനില്ക്കുന്നത് സഭക്ക് വേണ്ടി മാത്രമല്ല, സഭക്കകത്ത് എത്തിപ്പെടാത്തവരെങ്കിലും കർത്താവ് സ്നേഹിക്കുന്ന മനുഷ്യർക്ക് വേണ്ടി കൂടിയാണെന്ന് കാണിക്കാൻ സഭക്ക് എന്ത് ചെയ്യാനാകും?
അവസാനം രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തിൽ, ഉയിർത്തെഴുന്നേറ്റ നമ്മുടെ കർത്താവ് ഒന്നാം നൂറ്റാണ്ടിലെ ഏഴ് സഭകൾക്ക് വ്യക്തിപരമായ സന്ദേശം നല്കി. ഈ ലഘു ലേഖനങ്ങളിൽ സഭയുടെ കർത്താവ് (1) ഓരോ സഭയും അറിയേണ്ടതായ തൻെറ സവിശേഷ സ്വഭാവങ്ങളിലേക്ക് അവരുടെ ശ്രദ്ധയെ കൊണ്ടുവരുന്നു, (2) അവരിലുള്ള പ്രശംസനീയമായ കാര്യങ്ങൾ എടുത്ത് പറയുന്നു, (3) അവരുടെ സഫലമായ ജീവിതത്തിനും കർത്താവിനോടുള്ള ബന്ധത്തിനും ഭീഷണിയായ കാര്യങ്ങളെ ചൂണ്ടിക്കാണിക്കുന്നു, (4) നല്ല കാര്യങ്ങൾ തുടരുവാൻ പ്രോത്സാഹനം നല്കുന്നു, (5) ചില പ്രത്യേക മേഖലകളിൽ മാനസാന്തരത്തിന് ആഹ്വാനം നല്കുന്നു, (6) അനുസരിക്കാത്തവർക്ക് മുന്നറിയിപ്പ് നല്കുന്നു, (7) അനുസരിക്കുന്നവർക്ക് വിജയത്തിന്റെ വാഗ്ദത്തം നല്കുന്നു.
തിരക്കുള്ള സഭയായ എഫെസോസ് (വെളി.2:1-7). കഠിനാദ്ധ്വാനം ചെയ്യുന്ന, ഉപദേശം മുറുകെപ്പിടിക്കുന്ന, സഹിഷ്ണുതയുള്ള ഒരു സഭയാണിത്. എന്നാൽ ഈ പ്രവർത്തനങ്ങളുടെയിടയിൽ അവർ തങ്ങൾക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നഷ്ടപ്പെടുത്തി. കർത്താവിനെ സ്നേഹിക്കുന്നതിനേക്കാൾ ധാരാളം പ്രവർത്തിക്കുന്നതും ദുരുപദേഷ്ടാക്കന്മാരെ തിരിച്ചറിയുന്നതും സഭയുടെ താല്പര്യമായിത്തീർന്നതായി കാണുന്നു. ഇക്കാലത്ത് ഉപദേശങ്ങളിൽ കണിശതയുള്ള , ധാരാളം പ്രവർത്തിക്കുന്ന സഭകളിൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രം കണ്ടെത്താവുന്ന ഒരു പ്രശ്നമാകാം ഇത്. തിരുത്തപ്പെട്ടില്ലെങ്കിൽ മനസ്സലിവ് നഷ്ടപ്പെട്ട ഈ സഭകളെ കർത്താവ് ചിലപ്പോൾ നിലനിർത്തേണ്ട എന്ന് തീരുമാനിച്ചേക്കാം. കർത്താവിനോടുള്ള സ്നേഹം സജീവമായി നിലനിർത്തുന്ന ആളുകൾ അംഗങ്ങളായുള്ള ഒരു സഭയിൽ നാം ആയിരിക്കണം എന്നാണ് ഇത് കാണിക്കുന്നത്.
കഷ്ടം സഹിക്കുന്ന സഭയായ സ്മുർന്ന (വെളി.2:8-11). ഒരു കുറ്റാരോപണവും നേരിടാത്ത രണ്ട് സഭകളിൽ ഒന്നാണ് ഈ സഭ. പകരം അവർ കർത്താവിനു വേണ്ടി സഹിച്ചതോർത്ത് അവരെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവർ ദരിദ്രരായി കാണപ്പെട്ടെങ്കിലും കർത്താവിൽ സമ്പന്നരായിരുന്നു. അവരെ ആശ്വസിപ്പിക്കുന്നതിനായി കർത്താവ് സ്വയം ഉയിർത്തെഴുന്നേറ്റവൻ എന്ന് പരിചയപ്പെടുത്തി. വലിയ പരീക്ഷകളിൽ കൂടി കടന്നുപോയാലും അവനു വേണ്ടി മരിക്കേണ്ടി വന്നാലും ഒരു ശുഭ ഭാവി അവർക്കുണ്ട് എന്ന് കർത്താവ് ഉറപ്പ് നല്കി. ശത്രുക്കളെയെല്ലാം നശിപ്പിക്കുന്ന രണ്ടാം മരണത്തിൽ ഇവർ ഉൾപ്പെടില്ല എന്ന വാഗ്ദത്തം നല്കി. നിത്യതയുടെ വെളിച്ചത്തിൽ കഷ്ടം സഹിക്കാൻ മനസ്സുള്ള ഒരു സഭയുടെ ഭാഗമായിരിക്കണം നാം എന്നാണ് ഇത് കാണിക്കുന്നത്.
മോശം ചുറ്റുപാടിൽ കഴിയുന്ന സഭയായ പെർഗമോസ് (വെളിപ്പാട് 2:12-17). ഈ സഭ കഴിഞ്ഞത് സാത്താന്റെ അയൽപക്കത്താണ്. ഇവർക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇസ്രയേലിന്റെ ചരിത്രത്തിൽ സംഭവിച്ച തെറ്റുകൾ ചെയ്യാൻ ഈ സഭയിലെ അംഗങ്ങൾക്കും പ്രലോഭനം ഉണ്ടായി. കർത്താവ് അവരുടെ വിശ്വസ്തതയെ ശ്ലാഘിക്കുമ്പോൾത്തന്നെ, തെറ്റായ സഖ്യങ്ങളിൽ കുടുങ്ങി ചതിക്കപ്പെടാതെ നോക്കണം എന്ന മുന്നറിയിപ്പും നല്കി. വചനമാകുന്ന വാളിന്റെ കാര്യം ഓർമ്മിപ്പിച്ചു കൊണ്ട്, അവനോട് വിശ്വസ്തരായിരുന്ന് യഥാർത്ഥ സംതൃപ്തി അനുഭവിക്കുന്നവരാകണം എന്ന് കർത്താവ് അവരെ പ്രബോധിപ്പിച്ചു. എത്ര മോശം ചുറ്റുപാടുകളിൽ ആണെങ്കിലും ദൈവത്തിന്റെ വചനത്തെ മാനിക്കുന്ന ഒരു സഭയുടെ ഭാഗമായിരിക്കണം നാം എന്ന് ഇത് കാണിക്കുന്നു.
ധാർമ്മികതയിൽ വിട്ടുവീഴ്ച ചെയ്യുന്ന സഭയായ തുയഥൈര (വെളി. 2:18-29). പെർഗമോസിനെക്കാൾ അപകടകരമായ സ്ഥിതിയിലാണ് ഈ സഭയെ കാണുന്നത്. ഇവരുടെ സ്നേഹം, പ്രവൃത്തി, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത, വർദ്ധിച്ചുവരുന്ന പ്രവൃത്തി എല്ലാം കർത്താവ് പ്രശംസിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ വളർച്ചയുണ്ടെങ്കിലും ദുരന്തമുനമ്പിലാണ് ഈ സഭ സ്ഥിതിചെയ്തത്. കാരണം അവർ ലൈംഗിക അരാജകത്വവും ആത്മീയ കാര്യങ്ങളിൽ വിട്ടുവീഴ്ചയും ഉപദേശിക്കുന്നവരെ ഉൾക്കൊണ്ടു. കർത്താവ് സകലത്തെയും കണ്ട് ന്യായംവിധിക്കുന്ന തന്റെ കണ്ണുകളും ന്യായം വിധിക്കുന്ന കാലുകളും അവരെ കാണിച്ചു കൊടുത്തു. ഈ തെറ്റായ പഠിപ്പിക്കലുകളെ തള്ളിക്കളഞ്ഞാൽ ഈ സഭയ്ക്ക് വലിയ പുരോഗതി ഉണ്ടാകും, ഇല്ലെങ്കിൽ വലിയ നഷ്ടവും. ലൈംഗിക വിശുദ്ധിയുടെ നിലവാരം നിലനിർത്തുന്ന ഒരു സഭയുടെ അംഗങ്ങളായിരിക്കണം നാം എന്നാണ് ഇത് കാണിക്കുന്നത്.
ഉറങ്ങുന്ന സഭയായ സർദ്ദീസ് (വെളി. 3:1-6). ഇവിടെ നാം കാണുന്നത് അപകടകരമായ ഒരു ചതിയുടെ സാഹചര്യമാണ്. ക്രിസ്തുവിന്റെ സൂക്ഷ്മദൃഷ്ടി, പ്രസിദ്ധിയാൽ മറക്കപ്പെട്ട അവരുടെ യഥാർത്ഥ സ്ഥിതിയുടെ കള്ളത്തരം തുറന്നുകാട്ടി. ചുറ്റുമുള്ള ക്രിസ്ത്യാനികൾ ഇവരെ നല്ല സഭയെന്ന് കണക്കാക്കി. ആളുകൾ അവരെ ആത്മീയർ എന്ന് കണ്ട് പ്രശംസിച്ചപ്പോൾ കർത്താവ് അവരെ ആത്മീയമായി മരിച്ചവർ എന്ന് കണ്ടു.
സർദ്ദിസിലുള്ള അനേകരും അവരുടെ മുൻകാല നേട്ടങ്ങളുടെ മേൽ കിടന്നുറങ്ങുകയായിരുന്നു. ഭക്തിയുടെ ഒരു വേഷം ഉണ്ടായിരുന്നു, എന്നാൽ ഉള്ളിൽ ദൈവശക്തി ഉണ്ടായിരുന്നില്ല. അതുകൊണ്ട് കർത്താവ് തന്റെ ആത്മാവിലേക്ക് അവരുടെ ശ്രദ്ധയെ കൊണ്ടുവന്നു. ഉപരിപ്ലവമായ സാക്ഷ്യത്തിൽ നിന്ന് ഉണർന്നെഴുന്നേറ്റ് ദൈവത്തിന്റെ ആത്മാവിനാൽ ഹൃദയങ്ങളെ പുതുക്കിയില്ലെങ്കിൽ അവർ തങ്ങളുടെ സാക്ഷ്യം നഷ്ടമാക്കും എന്ന് കർത്താവ് മുന്നറിയിപ്പ് നല്കി. ദൈവശക്തിയെ ത്യജിച്ച് ഭക്തിയുടെ വേഷം ധരിച്ചിരിക്കുന്ന ഒരു സഭയുടെ ഭാഗമാകരുത് നാം എന്ന് ഇത് കാണിക്കുന്നു.
സഹിഷ്ണുത കാണിക്കുന്ന സഭയായ ഫിലദെൽഫ്യ (വെളി.3:7-13). സ്മുർന്നയെപ്പോലെ തന്നെ കർത്താവ് കുറ്റപ്പെടുത്താത്ത ഒരു സഭയാണിതും. അതേസമയം കർത്താവിന്റെ പ്രശംസയും അഭിനന്ദനവും പരിമിതവുമായിരുന്നു. “അല്പമേ ശക്തിയുള്ളു” , വിശ്വസ്തരായിരുന്നു, വചനംകാത്തു, കർത്താവിന്റെ നാമം നിഷേധിച്ചില്ല, സഹിഷ്ണുത കാണിച്ചു എന്നതൊക്കെ പ്രശംസകളായിരുന്നു.
ഈ സഭയെപ്പറ്റി പറഞ്ഞ ഏറ്റവും ശ്രദ്ധേയമായ കാര്യം കർത്താവ് അവർക്കു വേണ്ടി എന്താണ് ചെയ്യുന്നത് എന്നതാണ്. അവസരങ്ങളുടെ വാതിൽ തുറക്കുകയും അടക്കുകയും ചെയ്യുന്നവനായിട്ടാണ് കർത്താവ് തന്നെ പരിചയപ്പെടുത്തുന്നത്. അവൻെറ പേരിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു വാതിൽ അവൻ സഭക്കു വേണ്ടി തുറന്നു വെക്കും എന്നും കർത്താവ് ഉറപ്പ് കൊടുക്കുന്നു. സകല ഭൂമിയിലും വരുവാനിരിക്കുന്ന പരീക്ഷയുടെ സമയത്ത് അവരെ സംരക്ഷിക്കുമെന്നും കർത്താവ് വാഗ്ദത്തം ചെയ്യുന്നു. ആളുകളെ അവരുടെ സ്വന്തശക്തിയാൽ അല്ല കർത്താവിലുള്ള അവരുടെ ആശ്രയത്തിന്റെ പേരിൽ ശ്രദ്ധിക്കുന്ന ഒരു സഭയുടെ ഭാഗമായിരിക്കണം നാം എന്ന് ഇത് കാണിക്കുന്നു.
സുഖലോലുപ സഭയായ ലവൊദിക്യ (വെളി. 3:14-19). ഈ കുപ്രസിദ്ധ സമൂഹം കർത്താവിന്റെ വായിലെ രുചിയില്ലാത്ത വെള്ളം എന്ന നിലയിൽ അറിയപ്പെടുന്ന സഭയാണ്. ചുറ്റുപാടുകളുടെ ഊഷ്മാവ് ഉൾക്കൊള്ളുന്ന സഭയാണിത്. ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളം പോലെ ഈ സഭയിലുള്ളവരും ഉന്മേഷദായകരോ ആവേശം പകരുന്നവരോ ആയിരുന്നില്ല.
ഈ നിഷ്പക്ഷ സമീപനം ലവൊദിക്യക്കാരെ ചതിച്ചു. കർത്താവിലുള്ള ആശ്രയം വിട്ട് തെറ്റിപ്പോയി എന്ന് തിരിച്ചറിയാൻ കഴിയാത്തവരായിരുന്നില്ല അവർ. എന്നിട്ടും അവർ കർത്താവിന്റെ കൃപയും ജീവനും പ്രാപിക്കുന്നതിൽ വിമുഖരായി. നിലവിലുള്ള സ്ഥിതിയിൽ അവർ സംതൃപ്തി കണ്ടെത്തി. ഭൗതിക സമൃദ്ധി അവരെ കർത്താവിന് അന്യമായ ഒരു ആത്മീയതയിൽ അഭിരമിക്കുന്നവരാക്കി മാറ്റി.
അതുകൊണ്ടാണ് കർത്താവ് “ആമ്മേൻ” (അവസാനവാക്ക്), “വിശ്വസ്തനും സത്യവാനുമായ സാക്ഷി” (അവൻ പറയുന്നത് വിശ്വസിക്കാം), ” ദൈവസൃഷ്ടിയുടെ ആരംഭം” ( അവൻ സകലവും സൃഷ്ടിച്ചവനാകയാൽ തിന്മയായത് കണ്ടാൽ തിരിച്ചറിയാം) എന്ന നിലകളിൽ തന്നെ അവതരിപ്പിച്ചത്.
ഈ സഭക്ക് ലജ്ജ തോന്നണം എന്ന് കർത്താവിനുണ്ടായിരുന്നു. ലൗകിക മൂല്യങ്ങൾ ഉൾക്കൊണ്ട് അവൾ സ്വയം ചതിക്കുകയായിരുന്നു. സാമ്പത്തിക സുസ്ഥിതിയെ ആത്മിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാതെ ലവൊദിക്യക്കാർ അത് വ്യക്തിപരമായ സുഖത്തിനും ആഢംബരത്തിനുമായി ചെലവഴിച്ചു. അവരുടെ ഐശ്വര്യത്തിൽ അവർ വ്യാമോഹിച്ചു പോയി.
അവരെ സ്നേഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നിശിതമായി സംസാരിക്കുന്നത് എന്ന് കർത്താവ് അവരോട് പറഞ്ഞു. അവർ അവരുടെ ആത്മീയ സംവേദനക്ഷമത നഷ്ടപ്പെടുത്തിയതിനാൽ കർത്താവ് അവരെ ശക്തമായ വാക്കുകളാൽ മാനസാന്തരത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ആളുകൾ തങ്ങളുടെ സ്ഥിതിയെ ഭൗതിക നന്മകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കർത്താവിലുള്ള ആശ്രയത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഒരു സഭയുടെ ഭാഗമാകണം നാം എന്നാണ് ഇത് കാണിക്കുന്നത്.
ചുരുക്കത്തിൽ, വെളിപ്പാട് 2, 3 അധ്യായങ്ങളിലെ ഏഴ് സഭകളോട് കർത്താവ് പറഞ്ഞ കാര്യങ്ങൾ നമുക്ക് ഇന്നുള്ള പാഠങ്ങളാണ്. ഇതിൽ നിന്നും നമുക്ക് ഉൾക്കൊള്ളാവുന്ന ഒരു പ്രായോഗിക കാര്യം നാം താഴെപ്പറയുന്നതുപോലെയുള്ള സഭയുടെ ഭാഗമാകുക എന്നതാണ് :
- അംഗങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുന്ന സഭ
- നിത്യതയുടെ പ്രത്യാശയുള്ളവരുടെ സഭ
- ദൈവവചനം അംഗീകരിക്കുന്നവരുടെ സഭ
- ലൈംഗിക വിശുദ്ധി സൂക്ഷിക്കുന്നവരുള്ള സഭ
- ആത്മീയമായി ഉണർവ്വുള്ളവരുടെ സഭ
- സാക്ഷ്യം വഹിക്കുന്നതിൽ വിശ്വസ്തരായവരുടെ സഭ
- ഭൗതികതക്ക് അടിയപ്പെടാത്തവരുടെ സഭ
ഒരർത്ഥത്തിൽ പരിപൂർണ്ണതയുള്ള സഭ എന്നൊന്നില്ല. നാം കണ്ടതുപോലെ, ബൈബിളിലെ സഭകൾ, നിർവ്വചന പ്രകാരം, കുറവുകളുള്ള ആളുകളാൽ പണിയപ്പെട്ട കുറവുകളുള്ള സഭകളാണ്; പരിപൂർണനായ കർത്താവും രക്ഷകനുമായവനെയും ആളുകളെ അന്യോന്യവും ആവശ്യമുള്ളതുകൊണ്ട് ഒരുമിച്ച് കൂടുന്നവരും.
മറ്റൊരർത്ഥത്തിൽ, ശരിയായ ഓരോ സഭയും പൂർണതയുള്ളതാണ്. ബൈബിൾ പറയുന്നു; ക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം അവനിൽ തികഞ്ഞവരും സമ്പൂർണ്ണരും ആണ് (കൊലൊസ്യർ 1:28). അത് നമ്മിൽ തന്നെയുള്ള പൂർണതയല്ല, ക്രിസ്തുവിൽ നിന്നും ദാനമായി പ്രാപിക്കുന്നതാണ്. തന്റെ സഭയിലെ ഓരോ അംഗത്തിനും അവൻ സ്വന്ത രക്തത്താൽ വിലക്കുവാങ്ങിയ പാപക്ഷമ പ്രദാനം ചെയ്യുന്നു. കുരിശിൽ അവൻ നമ്മുടെ പാപങ്ങൾ വഹിച്ചതിനാൽ അവൻെറ നീതി നമുക്ക് ദാനമായി ലഭിക്കുകയും അങ്ങനെ നമ്മെ നീതിമാന്മാർ എന്ന് വിളിക്കുകയും ചെയ്തു. ഈ ദാനം താഴെപ്പറയുന്ന ഏതൊരാൾക്കും ലഭ്യമാണ്:
- പാപത്തെ സമ്മതിക്കുന്നവർ
- സ്വയമായി രക്ഷപ്രാപിക്കാൻ കഴിയില്ല എന്ന് സമ്മതിക്കുന്നവർ
- യേശു തങ്ങളുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്ന് വിശ്വസിക്കുന്നവർ
- അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്നവർ
- അവനെ വ്യക്തിപരമായി രക്ഷകനായി സ്വീകരിക്കുന്നവർ
ഒരു ശരിയായ സഭയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് ഇതല്ലെങ്കിൽ നിങ്ങൾ ഒരു സഭ അന്വേക്ഷിക്കരുത്. ശരിയായ ഒരു സഭ തകർന്ന ഹൃദയമുള്ള, പരസ്പരാശ്രയം ആവശ്യമുള്ള, കുറവുകളുള്ള, പഠിക്കാൻ മനസ്സുള്ള, മറവിക്കാരായ, പ്രയാസപ്പെടുന്നവരായ , ഒരിക്കൽ നഷ്ടപ്പെട്ട് പോയിരുന്ന ആളുകളാൽ പണിയപ്പെടുന്നതാണ്. അവർക്ക് തങ്ങളുടേതായ ഒരു പൂർണത അവകാശപ്പെടാനില്ല, മറിച്ച്, അനർഹമായ ദാനമായി ദൈവം നല്കുന്ന പൂർണതയാണ് അവർക്കുള്ളത്.
ഈ സഭയാണ് ക്രൂശിനാലും ദൈവശക്തിയാലും സംരക്ഷിക്കപ്പെടുന്നത്; ഈ സഭയെയാണ് പാതാള ഗോപുരങ്ങൾ ജയിക്കുകയില്ലാത്തത് (മത്തായി 16:18).