വായനാഭാഗം: മത്തായി 14:22-36
കർത്താവേ, നീ ആകുന്നുവെങ്കിൽ ഞാൻ ..നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കേണം (വാ. 28)
ആത്മീയമായ വിഷയങ്ങളിൽ സംശയങ്ങൾ ഉള്ളവരെ ഉടനടി സഹായിക്കാനായി ഒരു ക്രൈസ്തവേതര സംഘടന ഒരിക്കൽ ഒരു ഹോട്ട്‌ലൈൻ ഫോൺ കേന്ദ്രം തുറന്നു. ഇവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്ന് അതിശയം തോന്നാമെങ്കിലും, അതിന്റെ സ്ഥാപകൻ പറഞ്ഞ കാര്യം രസകരമാണ്: “പല ആളുകളും ചോദ്യം ചോദിക്കാൻ തുടങ്ങുമ്പോൾ അവരെ ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യുന്നു… ഇങ്ങനെ സംശയങ്ങൾ ഉന്നയിക്കുന്നവരെ സഭകൾ (ഭക്ഷണവും കൂട്ടും നല്കി) ചേർത്തു നിർത്തുകയാണെങ്കിൽ ഈ ഹോട്ട്‌ലൈൻ പദ്ധതി ആവശ്യമായി വരികയില്ല.”
ഒരു സമയം ഗൗരവമായ അവിശ്വാസം പ്രകടിപ്പിച്ച പത്രോസിനെ യേശു കുറെക്കൂടി തന്റെ അടുത്തേക്ക് വിളിച്ചു. കരയിൽ നിന്നും ദൂരെ പ്രക്ഷുബ്ധമായ കടലിൽ ഒരു വഞ്ചിയിലായിരുന്നു ശിഷ്യന്മാർ. വെള്ളത്തിന്റെ മീതെ ഒരു രൂപം നടക്കുന്നത് അവർ കണ്ടു. ഇത് ഒരു അസ്വാഭാവിക കാര്യമായിരുന്നതിനാൽ ഒരു ഭൂതത്തെയാണ് കാണുന്നത് എന്ന് അവർ കരുതി (മത്തായി 14:26).
നടന്നു ചെന്നത് യേശുവായിരുന്നു. അവർ ഭയപ്പെടാതിരിക്കാൻ യേശു തിരിച്ചറിയും വിധം അവരോട് ഇടപെട്ടു. പത്രോസ് എന്നിട്ടും സംശയം തീരാതെ വിളിച്ചു പറഞ്ഞു, “കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ ..നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കേണം” (വാ.28). യേശു പറഞ്ഞു, “വരിക” (വാ. 29).
പത്രോസിന്റെ ക്രിസ്തുവിലുള്ള ആശ്രയം ഒരു അത്ഭുതത്തിന്റെ അനുഭവത്തിലേക്ക് നയിച്ചു! അക്ഷരാർത്ഥത്തിൽ അദ്ദേഹം കാഴ്ചയാൽ അല്ലാതെ വിശ്വാസത്താൽ നടന്നു (2 കൊരി. 5:7). എന്നാൽ അവിശ്വാസവും കൂടെത്തന്നെ ഉണ്ടായിരുന്നു. പത്രൊസ് അങ്കലാപ്പിലായി, മുങ്ങാൻ തുടങ്ങി. ഉടനെ യേശു സഹായിച്ചു. അവിശ്വാസത്തെ ശാസിച്ചു എങ്കിലും യേശു അവനെ അവഗണിച്ച് പോയില്ല. കൂടെ നിന്ന് ചോദിച്ചു, “നീ എന്തിന് സംശയിച്ചു” (വാ. 31 ) എന്ന്.
നമുക്ക് സംശയം തോന്നുന്ന സന്ദർഭങ്ങളിലോ മറ്റുള്ളവർ സംശയം പ്രകടിപ്പിക്കുമ്പോഴോ ചോദ്യങ്ങൾ ചോദിക്കുന്നതും അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കുന്നതും ഒന്നും തെറ്റല്ല. സംശയത്തിന്റെ അടിസ്ഥാനം എന്താണ്? ജീവിതത്തിൽ ഈ സന്ദർഭത്തിൽ ഈ സംശയം ഉണ്ടായത് എന്തുകൊണ്ട്? വിശ്വാസത്തിന്റെ ഏത് വശമാണ് ചോദ്യം ചെയ്യപ്പെടുന്നത്?
ദൈവത്തിന് നമ്മുടെ സംശയങ്ങളെ ദൂരീകരിക്കാനാകും. ചോദ്യങ്ങളെ അവന്റെ പക്കലേക്ക് കൊണ്ടുവന്ന് അവന്റെ സാന്നിധ്യവും ശക്തിയും നമുക്ക് അനുഭവിക്കാം.
– ജെനിഫർ ബെൻസൻ ഷുൾട്ട്
ചെയ്യാം
ഹൊശെയാ 13:4, മത്തായി 1:23, യോഹ.20:31 എന്നീ വേദഭാഗങ്ങൾ വായിച്ചിട്ട്, ദൈവത്തിന്റെ കരുതൽ വിശ്വാസത്തെ പണിതുയർത്തിയ ചരിത്രം പഠിക്കുക.
ചിന്തിക്കാം
ഒരു കാര്യം സത്യമാണോ എന്ന് സംശയിക്കുന്നതും ഇക്കാര്യം സത്യമായിരിക്കില്ലേ എന്ന് ഭയപ്പെടുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? വിശ്വാസത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന സംശയങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തോടും ആത്മീയരായ സുഹൃത്തുക്കളോടും സഹായം തേടാൻ കഴിയില്ലേ?