വായനാഭാഗം: മത്തായി 4:1-11
അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി. (വാ.1 )
ജെയിംസ് ജോയ്സിന്റെ യൂളിസീസ് എന്ന പുസ്തകം ആധുനിക നോവൽ സാഹിത്യത്തിലെ മാസ്റ്റർ പീസ് ആയി കണക്കാക്കപ്പെടുന്നു; എന്നാൽ അനേകർക്കും ഇത് ഒന്നും മനസ്സിലാകാത്ത ഒരു അസാധാരണ കൃതിയാണ്. ജോയ്സിനെ തന്നെ ഒരു വിചിത്ര വ്യക്തിയായിട്ടാണ് ആളുകൾ കാണുന്നത്. എഴുതുന്ന പേപ്പറിന് ചേർത്ത് മുഖം വെച്ച് കമിഴ്ന്ന് കിടന്ന് ഒരു വലിയ പെൻസിലു കൊണ്ടാണ് അദ്ദേഹം എഴുതിയിരുന്നത്. എന്നാൽ ഈ അസാധാരണ പെരുമാറ്റത്തിന് ഒരു കാരണമുണ്ടായിരുന്നു: അദ്ദേഹം ഏതാണ്ട് അന്ധനായിരുന്നതിനാൽ എഴുതുന്നത് കാണാൻ ഇങ്ങനെ ചെയ്യണമായിരുന്നു.
ഒറ്റനോട്ടത്തിൽ, യേശുവിന്റെ മരുഭൂമിയിലെ പരീക്ഷയും വിചിത്രമായി തോന്നാം. ഏറ്റവും ശക്തനായ ഒരു പ്രവാചകനായിരുന്ന സ്നാപകയോഹന്നാനാൽ സ്നാനം ഏറ്റ ഉടനെ തന്നെ (മത്തായി 3: 13-16 ) ഉപവസിക്കുവാനും സാത്താനാൽ പരീക്ഷിക്കപ്പെടുവാനും ആയി മരുഭൂമിയിലേക്ക് പോകുന്നു (4:1 ) . ഒരു ദൗത്യം തുടങ്ങുന്ന വ്യത്യസ്തമായ രീതി! എന്നാൽ ദൈവാത്മാവ് ആണ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതൊരു തെറ്റായ നടപടിയായിരുന്നില്ല – യേശു തന്റെ എതിരാളിയിൽ നിന്ന് വെല്ലുവിളി നേരിട്ടപ്പോൾ ദൈവത്തിന്റെ ജ്ഞാനവും സംരക്ഷണവും തന്നോടുകൂടെയുണ്ടായിരുന്നു. ആത്മാവ് ക്രിസ്തുവിനെ മറ്റ് സന്ദർഭത്തിലും നയിച്ചിട്ടുണ്ട്; സ്നാന സമയത്ത് പരിശുത്മാവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു (3:16 ), പരസ്യ ശുശ്രൂഷയിലെ ആദ്യ വാക്കുകൾ നല്കിയതും പരിശുദ്ധാത്മാവ് ആണ് (ലൂക്കൊസ് 4: 18).
യേശുവിന്റെ ശിഷ്യരുടെ മുൻഗണനകളും പലപ്പോഴും മറ്റുള്ളവരുടെ നോട്ടത്തിൽ ഭോഷത്വമാകാം. കാരണം, നമ്മുടെ ജീവിതം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതാണ് (റോമർ 8:9), അവന്റെ വഴികൾ ലോകത്തിന് ബുദ്ധിപരമായി തോന്നില്ല (1 കൊരി. 2:10 – 12). ദൈവാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ , ജീവിതഗതികൾ എങ്ങനെയായിരുന്നാലും, ദൈവത്തിന്റെ സാന്നിധ്യവും സ്നേഹവും ജ്ഞാനവും നിരന്തരം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നത് നിശ്ചയമാണ്.
– പീറ്റർ ചിൻ
ചെയ്യാം
അപ്പ. 8:26 – 40 വായിച്ചിട്ട്, പരിശുദ്ധാത്മാവ് മനുഷ്യരെ തികച്ചും അസാധാരണവും അത്ഭുതകരവുമായ വിധം നയിക്കുന്നതിന്റെ മറ്റൊരു സന്ദർഭം പരിചയപ്പെടുക.
ചിന്തിക്കാം
മറ്റുള്ളവർക്ക് മനസ്സിലാക്കാനാകാത്ത വിധമുള്ള കാര്യത്തിലേക്ക് ആത്മാവ് നിങ്ങളെ നയിച്ചിട്ടുണ്ടോ? ആത്മാവിന്റെ നടത്തിപ്പും നമ്മുടെ ഹൃദയത്തിന്റെ ആശയാഗ്രഹങ്ങളും തമ്മിൽ എങ്ങനെ വേർതിരിച്ച് മനസ്സിലാക്കാനാകും?