വായനാഭാഗം: അപ്പ.2:1-12

പെട്ടെന്ന് കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു ( വാ. 2) .

ഞാൻ താമസിക്കുന്ന ഭാഗത്ത് ഒക്ടോബർ മാസത്തിൽ അന്തരീക്ഷ താപനില താഴ്ന്ന് വരികയും നിരവധിയിനം മരങ്ങളുടെ ഇലകൾ ബഹുവർണ്ണമുള്ളവയാകുകയും ചെയ്യും. മരങ്ങളുടെ ശരത്കാല സൗന്ദര്യം എന്നെ വിസ്മയിപ്പിക്കാറുണ്ട്. ഇലകൾ നല്ല ചുവപ്പ് നിറവും തെളിഞ്ഞ മഞ്ഞയും ഓറഞ്ചുനിറവും മഞ്ഞയും പച്ചയും കൂടിയ നിറവും ഒക്കെയായി മനോഹരമായിരിക്കും. മരങ്ങൾ നിറഞ്ഞ ഒരു തോപ്പിൽ, പൊഴിഞ്ഞു കിടക്കുന്ന ഇലകളുടെ മെത്തയിൽ, നീലാകാശം നോക്കി ഞാൻ കിടക്കും; നനുത്ത ശരത്കാല മാരുതനാൽ ഇളകിയാടുന്ന, പ്രകൃതിയുടെ ഒരു കത്തീഡ്രലിൽ ആയിരിക്കുന്നതു പോലെ .

മരങ്ങൾ കുണുങ്ങിയാടുകയും ഇലകൾ മർമ്മരം പൊഴിക്കുകയും ചെയ്യുമ്പോൾ , യോഹ.3:8 ൽ യേശു പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു :” കാറ്റ് ഇഷ്ടമുള്ളിടത്ത് ഊതുന്നു: അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെ നിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു.” അപ്പോൾ അപ്പ.2:2 ൽ ലൂക്കൊസ് വിവരിച്ച കാര്യവും ഓർമ്മ വന്നു: ” പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതു പോലെ ആകാശത്തു നിന്ന് ഒരു മുഴക്കം ഉണ്ടായി , അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു.” ഈ പ്രാക്തനമായ ചുറ്റുപാടിന്റെ പശ്ചാത്തലത്തിൽ, പരിശുദ്ധാത്മാവിന്റെ കാറ്റ് എന്റെ ജീവിതത്തിലും പുതുതായൊന്ന് വീശിയിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിച്ചു – അന്ന് വിശ്വസിച്ച ആളുകളുടെ ജീവിതങ്ങളിൽ അത്ഭുതകരമായി നിറഞ്ഞതു പോലെ (വാ.4) .

ദൈവം എന്നെ ഭരമേല്പിച്ച ദൗത്യം നിർവ്വഹിക്കുവാൻ പരിശുദ്ധാത്മശക്തി കൂടാതെ കഴിയില്ല. ദൈവത്തിന്റെ പ്രവൃത്തി എന്റെ പരിമിതമായ സ്വന്ത ശക്തിയിലും പദ്ധതികളിലും ഞാൻ ചെയ്യാൻ ശ്രമിക്കരുത് , മറിച്ച്, പരിശുദ്ധാത്മാവിന്റെ നിയന്ത്രണവും സഹായവും ഉണ്ടാകണം.” ദൈവരാജ്യം വചനത്തിലല്ല, ശക്തിയിലത്രേ ആകുന്നു” (1 കൊരി. 4:20 ) എന്നാണ് അപ്പൊസ്തലനായ പൗലോസ് പറഞ്ഞത്. നമ്മിലൂടെയുളള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നാം വിധേയപ്പെടുമ്പോൾ ജീവിതം രൂപാന്തരപ്പെടും. നമ്മെ സമൂലം ഗ്രസിക്കുന്ന ഒരു അദൃശ്യ ശക്തിയാൽ നാം നിറയും – ദൈവത്തെയും മറ്റുള്ളവരെയും കൂടുതൽ നന്നായി സ്നേഹിക്കുന്നവരായി നാം മാറും.

– മാർലീന ഗ്രേവ്സ്

ചെയ്യാം

അപ്പ.1:8 വായിച്ചിട്ട് , നാം പരിശുദ്ധാത്മാവിനാൽ നിറഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുക.

ചിന്തിക്കാം

ദൈവശക്തിയാൽ അല്ലാതെ സ്വയശക്തിയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ശരണപ്പെട്ടാൽ യേശുവിന് സാക്ഷ്യം വഹിക്കുന്ന കാര്യത്തിൽ എന്ത് വ്യത്യാസമാണ് നിങ്ങളിൽ സംഭവിക്കുക ?