ചുറ്റുപാടും ഒന്ന് നോക്കുക. എന്താണ് നാം കാണുന്നത്? ആരെയാണ് കാണുന്നത്? യേശു ഈ ഭൂമിയിൽ നടന്നപ്പോൾ ആളുകളെ അവർ ആയിരിക്കുന്നതുപോലെ കണ്ടു, അവരുടെ യഥാർത്ഥ ആവശ്യം അറിഞ്ഞ് സഹായിച്ചു. ആളുകളുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കപ്പുറം അവരുടെ ആഴമായ ആത്മീയ ആവശ്യങ്ങളും മനസ്സിലാക്കി സഹായിച്ചു. മറ്റുള്ളവരെ ശുശ്രൂഷിക്കുവാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് പറഞ്ഞ് യേശു തന്റെ നയം വ്യക്തമാക്കി.

യേശു ചെയ്തതുപോലെ ചെയ്യാനുള്ള അവസരങ്ങൾ നമുക്കു ചുറ്റുമുണ്ട്; ചെയ്ത് തീർക്കാനാകാത്തത്രയും കാര്യങ്ങളുണ്ടല്ലോ എന്നു തോന്നാറുണ്ട്; നമ്മൾ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് പരിതപിക്കാറുമുണ്ടല്ലോ. എന്നാൽ സേവനം എന്നത് ഒരു കടപ്പാട് അല്ല. മറ്റുള്ളവർക്ക് സേവനം ചെയ്യുക എന്നത് അവരെ മൂല്യമുള്ളവരായി കണക്കാക്കുന്നതാണ്. എവിടെയാണ് നാം ആരംഭിക്കേണ്ടത്? എവിടെയാണ്, എങ്ങനെയാണ്, എന്ത് ഉപയോഗിച്ചാണ് നാം സേവനം ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാൻ യേശുവിന്റെ മാതൃകയും നല്ല ശമര്യക്കാരന്റെ കഥയും നമ്മെ സഹായിക്കും.

ജെ. ആർ. ഹസ്‌ബെർഗ്

banner image

സീറ്റിൽ വെച്ചിട്ടുള്ള ചിക്കൻ റോസ്റ്റിന്റെ മണം എന്റെ ട്രക്കിന്റെ കാബിനിൽ നിറഞ്ഞു നിന്നു. എന്റെ വായിൽക്കൂടി വെള്ളം വരുന്നുണ്ട്. വീട്ടിൽ എത്തി ഇത് കഴിക്കുന്നതു വരെ കാത്തിരിക്കാൻ പറ്റുമോയെന്ന് സംശയം. കോസ്‌റ്റ്‌കോയിൽ നിന്നുള്ള ചിക്കൻ റോസ്റ്റ് വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമാണ്. ജോലിസ്ഥലത്തുനിന്നും വീട്ടിലേക്കുള്ള വഴിയരികിൽ തന്നെയാണ് കോസ്‌റ്റ്‌കോ എന്നതുകൊണ്ട് ഞങ്ങളുടെ ഈ പ്രിയപ്പെട്ട ഭക്ഷണം വാങ്ങുന്നത് എളുപ്പമുള്ള കാര്യമാണ്.

സ്റ്റോപ്പ് സിഗ്നൽ കണ്ട് വണ്ടി നിർത്തി; കയ്യിൽ ഒരു ബോർഡുമായി അയാൾ അതാ നിൽക്കുന്നു: വിശക്കുന്നു; ദയവായി സഹായിക്കുക.

സിഗ്നൽ ലൈറ്റ് ഒന്ന് പച്ചയായെങ്കിൽ എന്ന് ആഗ്രഹിച്ച് ഞാൻ ഇരുന്നു, നേരെ മുന്നോട്ട് തന്നെ നോക്കിക്കൊണ്ട്. ആ ചിക്കൻ അയാൾക്ക് കൊടുത്താലോ, അല്ലെങ്കിൽ വണ്ടിയിലിരിക്കുന്ന മറ്റെന്തെങ്കിലും ഭക്ഷണ പദാർത്ഥങ്ങൾ നല്കിയാലോ എന്ന് ഞാൻ ഒന്ന് ഓർത്തു. ഗ്ലാസ് താഴ്ത്തി അതെടുത്തു നല്കുന്നത് വളരെ എളുപ്പമാണ്. അല്ല, കോസ്‌റ്റ്‌കോയിലേക്ക് ഒന്ന് തിരിച്ചു പോയി ഒന്നു കൂടി വാങ്ങാനാണെങ്കിൽ പത്ത് മിനിറ്റ് സമയം മതിയാകും.

സിഗ്നൽ പച്ചയായി, ഞാൻ വണ്ടി ഓടിച്ച് പോയി.

അത് സങ്കടകരമായ ഒരു സംഭവകഥ തന്നെയാണ്. ഇത് എഴുതുന്നത് തന്നെ എന്നെ ലജ്ജിപ്പിക്കുന്നുണ്ട്. എങ്കിലും മറ്റുള്ളവരെ സഹായിക്കുന്നത് സംബന്ധിച്ച് ഞാൻ അനുഭവത്തിലൂടെ പഠിച്ച കാര്യങ്ങൾ പങ്കുവെക്കുന്നതിന് ഇക്കാര്യം പറയുന്നത് സഹായിക്കും. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഇക്കാര്യം. എങ്കിലും ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു വ്യക്തമായ പാഠം ഞാൻ പഠിക്കുകയായിരുന്നു. എനിക്ക് സഹായിക്കാൻ കഴിയുമായിരുന്നു. ഇതുപോലെ സംശയത്തിനിടയില്ലാത്ത ഒരു സഹായത്തിന്റെ സന്ദർഭവും അതിനുള്ള കൃത്യമായ സാധ്യതയും ഒത്തു വന്ന മറ്റൊരു അവസരം എനിക്കുണ്ടായിട്ടില്ല.എന്നിട്ടും ഞാൻ അത് ഉപയോഗിച്ചില്ല.

ആ ദിവസത്തെപ്പറ്റി ഞാൻ ഒത്തിരി ചിന്തിച്ചു. ആ ചുരുങ്ങിയ നിമിഷങ്ങളെ പരിശുദ്ധാത്മാവ് രണ്ട് വിധത്തിൽ ഉപയോഗിച്ചു: പ്രോത്സാഹനത്തിനും ബോധ്യപ്പെടുത്തലിനും. സേവനത്തിന്റെ കാര്യത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വിലപ്പെട്ടതാണ്. നമുക്ക് എളുപ്പത്തിൽ കുറ്റബോധം ഉണ്ടാകാൻ സാധ്യതയുണ്ട് (ഒരളവിൽ കുറ്റബോധം നല്ലതുമാണ്), എന്നാൽ കേവലം കുറ്റബോധമോ, വല്ലാത്ത കുറ്റബോധമോ, നൽകുന്നതിനും സഹായിക്കുന്നതിനും ഉള്ള ഏറ്റവും ശരിയായ പ്രചോദനമല്ല. എന്നാൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും ചലിപ്പിക്കലും നമ്മിൽ ശരിയായ പ്രതികരണം ഉണ്ടാക്കി ഉചിതമായ വിധം സേവനം ചെയ്യാൻ നമ്മെ സഹായിക്കും.

നല്ല ശമര്യക്കാരന്റെ പാത

യേശുവിന്റെ പ്രസിദ്ധമായ, നല്ല ശമര്യക്കാരന്റെ ഉപമയിൽ (ലൂക്കൊസ് 10:25-37 കാണുക) നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം അവിടുന്ന് വിവരിക്കുന്നു. എന്നാൽ യേശു പറയുന്നതിന് രസകരമായ ഒരു വഴിത്തിരിവ് ഉണ്ട്.

ആരാണ് എന്റെ അയല്ക്കാരൻ എന്ന് ഒരു ന്യായശാസ്ത്രി ചോദിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. “കൂട്ടുകാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നതിൽ തന്റെ ഉത്തരവാദിത്വത്തിന്റെ പരിധിയറിയാനാണ് അദ്ദേഹം അത് ചോദിച്ചത്. ചെയ്യാൻ കടപ്പെട്ടതിനപ്പുറം ഒന്നും ചെയ്യാൻ അയാൾ ഉദ്ദേശിക്കുന്നുണ്ടാകില്ല എന്ന് നമുക്ക് അനുമാനിക്കാം. ചെയ്യേണ്ടതായ ഉത്തരവാദിത്തം ഒട്ടും കുറക്കണമെന്നും അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്ന് നല്ല അർത്ഥത്തിലും ചിന്തിക്കാം. എന്നാൽ അതിനപ്പുറം അയാൾ ഒന്നും ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകില്ല. അവിടെയാണ് “ആരാണ് അയൽക്കാരൻ” എന്ന ചോദ്യത്തിന് മറുപടിയായി യേശു നല്ല ശമര്യക്കാരന്റെ ഉപമ പറയുന്നത്.

സഹായം ആവശ്യമായ വ്യക്തിയാണ് നാം സ്നേഹിക്കേണ്ട അയൽക്കാരൻ എന്നാണ് നാം പൊതുവെ മനസ്സിലാക്കുന്നത്. നമുക്ക് അവസരവും കഴിവും ഉള്ളതുപോലെ ഈ സഹായം നാം ചെയ്യേണ്ടതാണ് എന്നുമാണ്. എന്നാൽ യേശു കുറച്ചു കൂടി സങ്കീർണ്ണമായ കാര്യമാണ് പറയുന്നത്. ആവശ്യത്തിൽ ആയിരിക്കുന്ന അടുത്തുള്ളയാൾ ആരാണെന്ന് തിരിച്ചറിയുന്നതിനപ്പുറം ഒരു കൂട്ടുകാരനെപ്പോലെ പ്രവർത്തിച്ച ആ ആളെ തിരിച്ചറിയാനാണ് (ലൂക്കൊസ് 10:36 കാണുക) യേശു ആ നിയമജ്ഞനോട് ആവശ്യപ്പെട്ടത്.

നമ്മുടെ കടമകളുടെ പരമാവധി അതിര് നിർണ്ണയിക്കുക എന്നതിനെക്കാൾ പ്രധാനപ്പെട്ട കാര്യം നാം എങ്ങനെയുള്ള വ്യക്തിയാണ് എന്നതാണെന്നാണ് യേശു പറയുന്നത്. നാം കണ്ടുമുട്ടുന്നവരോട് കൂട്ടുകാരൻ എന്ന നിലയിലാണോ നാം ഇടപെടുന്നത്? ഈ ഉപമയിൽ, പ്രതീക്ഷിച്ച നായകർ വില്ലന്മാരോ അപ്രസക്തരോ ആകുകയും പ്രതീക്ഷിക്കാത്തയാൾ ഹീറോയാകുകയുമാണ്. പ്രസക്തമായ കാര്യം, നാം ഔദാര്യം കാണിക്കേണ്ട ആളുകളെ കണ്ടെത്തുക എന്നതല്ല, മറിച്ച്, ഏതു സമയത്തും ഔദാര്യം കാണിക്കുന്നവരായി നാം ആയിത്തീരുക എന്നതാണ്.

യഹൂദർ അല്പം പോലും ഇഷ്ടപ്പെടാത്ത ഒരു ശമര്യക്കാരനെ “ഹീറോ” ആക്കുക വഴി യേശു ആ ന്യായശാസ്ത്രിയെ അയൽക്കാരനെ സ്നേഹിക്കുന്ന ആ മനുഷ്യനോട് തദാത്മ്യപ്പെടാനല്ല, ആവശ്യത്തിൽ ആയിരിക്കുന്ന മനുഷ്യനോട് തദാത്മപ്പെടാനാണ് പ്രബോധിപ്പിക്കുന്നത്. ആ വെല്ലുവിളി ഫലിച്ചു. സ്വയാഭിമാനിയായ ഒരു യഹൂദനും തന്നെ ഒരു ശമര്യക്കാരനോട് ചേർത്ത് ചിന്തിക്കുകയില്ല; ”ശമര്യക്കാരൻ” എന്ന വാക്കുപോലും പറയാതെ “അവനോട് കരുണ കാണിച്ചവൻ” എന്നാണ് അയാൾ മറുപടി പറഞ്ഞത്. നാം മനുഷ്യരുടെ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നും മനുഷ്യരെ എങ്ങനെ കാണണം എന്നും യേശു ഈ കഥയിലൂടെ പഠിപ്പിക്കുകയായിരുന്നു. അയൽക്കാരൻ ആര് എന്നതിന് അതിരുകളില്ല. നാം അയൽക്കാരെപ്പോലെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിനെപ്പറ്റി ബൈബിൾ പറയുന്നത്

തിരുവചനത്തിലെ അനേക ഭാഗങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ചില വചനഭാഗങ്ങൾ കാണാം:

ആവർത്തനം 15:7-8 പറയുന്നു, “നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടക്കാതെയും, നിന്റെ കൈ അവനു വേണ്ടി തുറന്ന് അവനു വന്ന ബുദ്ധിമുട്ടിന് ആവശ്യമായത് വായ്പ കൊടുക്കണം. ”വാക്യം 11 ൽ തുടരുന്നത്: ”ദരിദ്രൻ ദേശത്ത് അറ്റുപോകുകയില്ല , അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.”

പ്രസക്തമായ കാര്യം,
നാം ഔദാര്യം കാണിക്കേണ്ട
ആളുകളെ കണ്ടെത്തുക
എന്നതല്ല, മറിച്ച്, ഏതു
സമയത്തും ഔദാര്യം
കാണിക്കുന്നവരായി നാം
ആയിത്തീരുക എന്നതാണ്.

ലൂക്കോസ് 14:12-14 ൽ യേശു പറയുന്നു, “നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്കുക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്ക് പ്രത്യുപകാരം ചെയ്യുവാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രത്യുപകാരം ഉണ്ടാകും.”

അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതാണ് നിർമ്മലമായ ഭക്തി എന്നാണ് യാക്കോബ് (1:27) പറയുന്നത്; കൂടാതെ ഭൗതിക ആവശ്യങ്ങളിൽ സഹായിക്കുന്നതിനെ വിശ്വാസത്തിന്റെ നിജസ്ഥിതിയും മൂല്യവുമായി സാധർമ്മ്യപ്പെടുത്തുന്നു: “സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്യുവിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷക്ക് ആവശ്യമുള്ളത് അവർക്ക് കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു”(2:16,17).

കർത്താവിന്റെ സമ്പൂർണ്ണമായ ജീവിതത്തെപ്പറ്റിയും ശുശ്രൂഷയെപ്പറ്റിയും അധികം പറയേണ്ടതില്ലല്ലോ. താനുമായി ഇടപെട്ട ഏതൊരാളുടെയും ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങളെല്ലാം കർത്താവ് പരിഗണിച്ചിട്ടുണ്ട് – കിണറിനരികിലെ സ്ത്രീ (യോഹന്നാൻ 4), സൗഖ്യമാക്കപ്പെട്ട അന്ധനായ മനുഷ്യൻ (യോഹന്നാൻ 9), യായിറൊസിന്റെ മകളെ ഉയിർപ്പിച്ചത് (മർക്കൊസ് 5:21 – 43 ), 5000 പേർക്ക് ഭക്ഷണം നല്കിയത് (മത്തായി 14 : 13 – 21), സക്കായിയുടെ രക്ഷ (ലൂക്കൊസ് 19:1-10) എന്നിവ ചില സംഭവങ്ങൾ മാത്രം.

മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നത് അതിൽത്തന്നെ ഒരു വലിയ കാര്യം തന്നെയാണ്. എന്നാൽ അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആ കാര്യം മാത്രമല്ല, അതിന്റെ പിന്നിലെ താല്പര്യവും ചർച്ച ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരുടെ ആവശ്യങ്ങളെ ശ്രദ്ധിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്?

യേശു എന്തുകൊണ്ടാണ് ശുശ്രൂഷിക്കാൻ വന്നത്?

നമ്മോടുകൂടെ ആയിരിക്കുവാൻ വേണ്ടി യേശു ത്യജിച്ചത് എന്താണ് എന്ന് ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ നാം വായിക്കുന്നുണ്ട്: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു“ (ഫിലിപ്പിയർ 2:6,7).

ഒരു മനുഷ്യനായി തീരുന്നതിനുവേണ്ടി യേശു എന്തെല്ലാം ത്യജിച്ചു എന്ന് കണ്ടെത്തുന്നതിന് നമ്മുടെ ഇവിടെയുള്ള സമയവും വ്യാപ്തിയും മതിയാകില്ല. എന്തായാലും ഈ വാക്യങ്ങളിൽ നിന്ന് തർക്കമെന്യേ നമുക്ക് പറയാൻ കഴിയുന്ന കാര്യം യേശുവിന് അവകാശമായിരുന്നതെല്ലാം മറ്റുള്ളവരുടെ നന്മയെപ്രതി അവൻ മനസ്സോടെ ത്യജിച്ചു എന്നതാണ്. അതിദയനീയ സ്ഥിതിയിലായിരിക്കുന്ന മനുഷ്യനു വേണ്ടി സകലതും ഉപേക്ഷിക്കുവാൻ യേശുവിന് മനസ്സായിരുന്നു. യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിയുള്ള വേദശാസ്ത്രം അവതരിപ്പിക്കാൻ വേണ്ടി പൗലോസ് പ്രത്യേകം പറഞ്ഞ ഒരു പ്രസ്താവനയല്ല ഇത് എന്നത് ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നാൽ എന്താണ് എന്ന് കാണിച്ചു തരാൻ വേണ്ടി യേശുവിനെ ഉദാഹരണമായി പൗലോസ് ചൂണ്ടിക്കാണിക്കുകയായിരുന്നു. മറ്റുള്ളവന്റെ ഗുണത്തിനു വേണ്ടി എന്തെങ്കിലും ത്യജിക്കുന്നതിന് ഉദാഹരണമായി പൗലോസ് മനുഷ്യാവതാരത്തിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്.

ലളിതമായി പറഞ്ഞാൽ മനുഷ്യാവതാരം എന്നത് നിത്യനായ ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യനായതാണ്.

യേശു മനുഷ്യനായി വന്നതും ശുശ്രൂഷയുടെ ജീവിതം ജീവിച്ചതും കാണുമ്പോൾ മറ്റുള്ളവരെ സേവിക്കുക എന്നാൽ എന്താണെന്നതിന്റെ ഒരു സമ്പൂർണ്ണ ചിത്രം നമുക്ക് ലഭിക്കുന്നു. യേശു അങ്ങനെ ജീവിച്ചത് “അനേകർക്കു വേണ്ടി മറുവിലയാക്കുന്നതിനും” “നഷ്ടപ്പെട്ടതിനെ രക്ഷിക്കുന്നതിനും” വേണ്ടിയാണ് എന്ന് നമുക്കറിയാം. ഫിലിപ്പിയർക്കുള്ള ലേഖനത്തിലെ വാക്യങ്ങൾ ക്രിസ്തുവിന്റെ യഥാർത്ഥ പ്രചോദനം എന്താണെന്നതിനെക്കുറിച്ച് കൂടുതൽ വിശാലമായ ഒരു കാഴ്ച നല്കുന്നു.

വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി, സകല നാമത്തിനും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവ്” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റു പറയുകയും ചെയ്യേണ്ടി വരും ( ഫിലിപ്പിയർ 2:8-11)

ഈ സമ്പുഷ്ടമായ വാക്യങ്ങളിൽ യേശു കുരിശിലെ മരണത്തിലൂടെ തന്റെ ശുശ്രൂഷ പൂർത്തിയാക്കിയത് എങ്ങനെ എന്ന് വായിക്കാം. ഈ മരണത്തിന്റെ അനന്തരഫലവും കാണാം – എല്ലാ നാവും യേശുക്രിസ്തു കർത്താവ് എന്ന് ഏറ്റു പറയുന്നു. എന്നാൽ ഈ വാക്യങ്ങളുടെ അവസാനം അതിന്റെ ആത്യന്തിക കാരണം സൂചിപ്പിക്കുന്നു. യേശുതാൻ തന്നെത്താൻ ത്യജിച്ചതിന്റെയും ആ ത്യാഗത്തിന്റെ ഫലമായി മാനവ കുലത്തിന് രക്ഷ ലഭിച്ചതിന്റെയും ജനങ്ങൾ യേശുവിനെ കർത്താവ് എന്ന് ഏറ്റു പറയുന്നതിന്റെയും എല്ലാം ആത്യന്തിക കാരണം പിതാവായ ദൈവത്തിന്റെ മഹത്വം എന്നതാണ്.

മനുഷ്യകുലത്തെ ശുശ്രൂഷിക്കാൻ യേശുവിനെ പ്രചോദിപ്പിച്ച കാര്യം അത് ദൈവത്തിന് മഹത്വം വരുത്തുന്നു എന്നതാണ്. നാമും നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്നതിന്റെയും താല്പര്യം ഇത് തന്നെ ആയിരിക്കണം. ഇത് പറയുമ്പോൾ ഒരുപക്ഷേ ആളുകൾ അപ്രധാനരോ, അല്ലെങ്കിൽ ദൈവമഹത്വം എന്നതിനേക്കാൾ പ്രാധാന്യം കുറഞ്ഞവരാണ് എന്നോ ഉദ്ദേശിച്ചതായി തോന്നാം. ഇക്കാര്യം നമുക്ക് ഒന്ന് സൂക്ഷ്മമായി പഠിക്കാം. ഇത് എങ്ങനെയാണ് ദൈവമഹത്വത്തിന് കാരണമാകുന്നത് എന്നത് ഒരു ചോദ്യം തന്നെയാണ്.

ഫിലിപ്പിയർക്കുള്ള ലേഖനത്തിലെ ഈ ഭാഗം ശ്രദ്ധിച്ചാൽ കാണുന്നത് ശുശ്രൂഷയുടെ പ്രവൃത്തി മാത്രമല്ല പ്രധാനപ്പെട്ടത് എന്നാണ്. വേദഭാഗത്തിന്റെ യുക്തി നോക്കിയാൽ ആ പ്രക്രിയ മുഴുവൻ – അതായത്, ചെയ്ത കാര്യവും അതിന്റെ ഫലവും – ദൈവത്തിന് മഹത്വം വരുത്തുന്നു എന്ന് മനസ്സിലാക്കാം.

ദൈവം നമ്മുടെ സേവന പ്രവൃത്തികളാൽ മഹത്വപ്പെടുന്നു എന്നത് തീർച്ചയാണ്! മറ്റുള്ളവരുടെ ആവശ്യങ്ങളെ നാം സ്നേഹത്തിന്റെ പ്രവൃത്തികളാൽ പരിഗണിക്കുമ്പോൾ സ്രഷ്ടാവിന്റെ വിഭാവനയിലുള്ള അവരുടെ മൂല്യവും മഹത്വവും അറിഞ്ഞ് നാം അവരെ ആദരിക്കുകയാണ്. എന്നാൽ നമ്മുടെ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിന്റെ രൂപകല്പനയും താല്പര്യവും അനുസരിച്ച് ജീവിക്കുന്നതിനായി അവർക്കും കഴിയണം എന്ന നിലയിൽ നാം അവരെ അറിഞ്ഞ് സഹായിക്കുമ്പോൾ അത് ദൈവത്തെയും മഹത്വപ്പെടുത്തുന്നതാകും.

നാം എങ്ങനെ ജീവിക്കണം എന്ന് ദൈവം ഉദ്ദേശിച്ചോ ആ വിധം നാം ജീവിക്കുകയും മററുള്ളവരെയും അങ്ങനെ ജീവിക്കാൻ സഹായിക്കുകയും ചെയ്യുമ്പോഴാണ് ദൈവം ഏറ്റവും മഹത്വപ്പെടുന്നത്. ദൈവം വിഭാവന ചെയ്ത സാമൂഹ്യക്രമത്തിലും നീതിയിലും, സൃഷ്ടിയിൽ സ്രഷ്ടാവിന് നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ഉണ്ടായിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ മാനിച്ചും ജീവിക്കുമ്പോൾ നാം പ്രഖ്യാപിക്കുന്നത് ദൈവത്തിന്റെ പദ്ധതികളാണ് ഏറ്റവും നല്ലത് എന്നും നമ്മെക്കുറിച്ചുള്ള അവിടുത്തെ താല്പര്യങ്ങളെല്ലാം നമ്മുടെ നന്മ മാത്രമാണ് എന്നുമാണ്.

പാപം തകർത്ത ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. നാം അനുദിനം അഭിമുഖീകരിക്കുന്ന ആവശ്യങ്ങളുടെയെല്ലാം അടിസ്ഥാന കാരണം പാപഗ്രസ്ഥമായ ലോകമാണിത് എന്നതാണ്. നമ്മുടെയും മറ്റുള്ളവരുടെയും എല്ലാ കുറവുകളുടെയും മൂലകാരണം പാപം ആണ്. നാം മറ്റുള്ളവരെ സഹായിക്കേണ്ടതിന്റെയും സാഹചര്യം പാപം തന്നെയാണ്. യേശു, തന്റെ പരമമായ ശുശ്രൂഷയിൽ, പൂർണമായി ത്യജിക്കുകയും സഹിക്കുകയും ചെയ്താണ് നമ്മുടെ എല്ലാ കുറവുകളുടെയും മൂലകാരണത്തിന് പരിഹാരം ഉണ്ടാക്കിയത്. പാപത്തിന്റെ പരിണിതഫലമാണ് മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള അവസരങ്ങൾ നമുക്ക് നല്കുന്നതും അതുവഴി തന്റെ സൃഷ്ടികൾക്ക് ഉണ്ടാകണം എന്ന് ദൈവം ഉദ്ദേശിക്കുന്ന പൂർണ്ണതയിലേക്ക് അവരെ കൊണ്ടുവരാൻ കഴിയുന്നതും. ദൈവിക വിഭാവന പോലെ പ്രവർത്തിക്കുന്ന അന്യോന്യബന്ധങ്ങൾ ദൈവത്തിന്റെ മഹത്വത്തിന് നിദാനമാകുന്നു.

banner image

 

വസ്തുവിവരപ്പട്ടിക തയ്യാറാക്കാം

യേശു ദൈവത്തോടുള്ള തന്റെ സമത്വം ഉപേക്ഷിക്കാൻ തയ്യാറായി എങ്കിൽ , നമുക്ക് ത്യജിക്കാനായിട്ടുള്ളത് എന്താണ്?

ഇത് കേവലമൊരു വാചാടോപ ചോദ്യമല്ല. യഥാർത്ഥത്തിൽ ഇങ്ങനെയൊരു ലിസ്റ്റ് തയ്യാറാക്കിയാൽ കൂടുതൽ കാലം നല്ല സേവനം ചെയ്യാൻ നമുക്ക് സാധിക്കും. നമുക്ക് ഉള്ളതിനെക്കുറിച്ചും ത്യജിക്കാൻ കഴിയുന്നതിനെക്കുറിച്ചും ഒരു ധാരണ ഉണ്ടായാൽ നമ്മുടെ ആസ്തിയെക്കുറിച്ച് ഒരു ആരോഗ്യകരമായ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നത് സംബന്ധിച്ച് നിശ്ചിതമായ ഒരു പദ്ധതി ഉണ്ടാക്കുന്നതിനും സാധിക്കും. കുറച്ച് സമയം എടുത്ത് ജീവിതത്തിന്റെ ചുറ്റുപാടുകൾ ഒന്ന് ചിന്തിച്ച് നോക്കൂ. നിങ്ങൾക്ക് ഉള്ളതിന്റെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. എന്നിട്ട് ആ ലിസ്റ്റിൽ ഉള്ളതിൽ ഉപേക്ഷിക്കാൻ സാധിക്കുന്ന കാര്യങ്ങൾ ഏതൊക്കെയെന്ന് അടയാളപ്പെടുത്തുക. ഇത് നമ്മുടെ കണ്ണ് തുറക്കുന്ന ഒരു അനുഭവമാകും. നമുക്കുള്ള കാര്യങ്ങളും ഉപേക്ഷിക്കാൻ തയ്യാറുള്ള കാര്യങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് സംഘർഷഭരിതമായ ഒരു പ്രക്രിയയായിരിക്കും. എന്തുകൊണ്ടായിരിക്കും ചില കാര്യങ്ങൾ ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയാത്തതും മനസ്സില്ലാത്തതും? യേശുവിന്റെ മാതൃക മുമ്പിൽ വെച്ചാൽ, മറ്റുള്ളവർക്കു വേണ്ടി ചെലവഴിക്കാൻ കഴിയാത്തതായി അധികമൊന്നും നമുക്ക് ഉണ്ടായിരിക്കുകയില്ല.

നിങ്ങളെ
ചലിപ്പിക്കുന്നതിന്
ദൈവത്തിന്റെ ആത്മാവിനെ
അനുവദിക്കുകയും അവൻ
നയിക്കുന്നതിനോട്
ക്രിയാത്മകമായി
പ്രതികരിക്കുകയും ചെയ്യുക.

ഈ ലിസ്റ്റിൽ വസ്തുവകകൾ മാത്രമാകണമെന്നില്ല. നമ്മുടെ കലണ്ടർ നോക്കിയിട്ട് നല്കാൻ കഴിയുന്ന സമയവും കുറിച്ച് വെക്കാം. നമ്മുടെ വരവ് ചെലവ് കണക്ക് സത്യസന്ധമായി പരിശോധിച്ചാൽ സാമ്പത്തിക കാര്യങ്ങൾ ഒന്നു കൂടി ക്രമപ്പെടുത്താനാകും. മറ്റുള്ളവരെ ശുശ്രൂഷിക്കാൻ സഹായകരമായ എന്ത് കഴിവുകളാണ് നമുക്ക് ഉള്ളത് എന്നും വിലയിരുത്താവുന്നതാണ്.

പ്രാർത്ഥനയോടെ ഈ ലിസ്റ്റ് തയ്യാറാക്കാം. ഈ കാര്യങ്ങളെ ദൈവം നല്കിയ അനുഗ്രഹങ്ങളായും മറ്റുള്ളവർക്ക് അനുഗ്രഹമാകാവുന്ന സാധ്യതകളായും കാണാനുള്ള സഹായത്തിനായി ദൈവാത്മാവിനോട് പ്രാർത്ഥിക്കാം. നിങ്ങളെ ചലിപ്പിക്കുന്നതിന് ദൈവത്തിന്റെ ആത്മാവിനെ അനുവദിക്കുകയും അവൻ നയിക്കുന്നതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക.

ഇതൊന്നും പുതിയ ആശയമല്ല. നമ്മളെല്ലാവരും നമ്മുടെ ആസ്തികൾ പരിശോധിച്ച്, മറ്റുള്ളവർക്ക് നല്കാൻ കഴിയുന്നവയും ത്യജിക്കാൻ കഴിയുന്നവയും എന്തൊക്കെയെന്ന് കണക്കാക്കണമെന്നത് ഒരു വെല്ലുവിളിയായി നമ്മുടെ മുന്നിൽ ഉള്ളതാണ്. ഉള്ളതാണ്. ”ഉപജീവനത്തിനുള്ളത് മുഴുവൻ” നല്കിയ വിധവയുടെ മാതൃക പ്രകാരം നാമും കഷ്ടം സഹിച്ചും നല്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ലഭിച്ചിട്ടുള്ളവരാണ് (മർക്കൊസ് 12:41- 44). അല്ലെങ്കിൽ ദാരിദ്ര്യത്തിലായിട്ടും ഔദാര്യപൂർവം നല്കിയ മക്കെദോന്യയിലെ സഭയിലെ വിശ്വാസികളെ അനുകരിക്കണമെന്ന് കേട്ടിട്ടുണ്ട് (2 കൊരിന്ത്യർ 8:1-7). പണത്തിന് അപ്പുറം, നമ്മുടെ സകല സാധ്യതകളും, മറ്റുള്ളവർക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നവരായിക്കണം നാം എന്ന് നമുക്കറിയാം.

ദാനം ചെയ്യണമെന്ന് പൗലോസ് കൊരിന്തിലെ വിശ്വാസികളോട് കല്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ താരതമ്യേന ദരിദ്രരായ മാക്കെദോന്യ വിശ്വാസികൾ കർത്താവിന്റെ മാതൃക പ്രകാരം നല്കുന്നവരാണ് എന്ന കാര്യം ചൂണ്ടിക്കാണിച്ചു.

നമ്മുടെ സ്വന്തം ആവശ്യങ്ങൾ മാത്രം കാണുന്നവരായി നാം മാറിപ്പോകാം എന്നതുകൊണ്ട് ഇത്തരം ഓർമ്മപ്പെടുത്തലുകൾ അനിവാര്യവും സഹായകരവുമാണ്.

ആ ലിസ്റ്റ് കൈയിൽ വെച്ചുകൊണ്ട്, നല്കാനും ശുശ്രൂഷിക്കാനും ഉള്ള അവസരങ്ങൾ നമുക്ക് കണ്ടെത്താം. സത്യസന്ധരാണെങ്കിൽ, അസംഖ്യമായ ആവശ്യങ്ങളും അടുത്തും അകലെയുമായുള്ള അവസരങ്ങളും കാണാൻ കഴിയും. ശുദ്ധജലം ലഭ്യമാക്കുന്നതു മുതൽ ആധുനിക ദാരിദ്ര്യത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതുവരെ; വിദ്യാഭ്യാസം, വസ്ത്രം, പാർപ്പിടം, ഭക്ഷണം എന്നിവ നൽകുന്നതും സഭയിൽ ഒരു ക്ലാസ്സിനെ പഠിപ്പിക്കുന്നതും ഒറ്റക്കും തടവിലുമുള്ളവരെ സന്ദർശിക്കുന്നതും… ഇങ്ങനെ, ചെയ്യാൻ കഴിയുന്നതെല്ലാം പറഞ്ഞ് തീർക്കാനാകില്ല. ദൈവം നമ്മെ അനുഗ്രഹിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് അനുഗ്രഹകരമാക്കുന്ന വിധം പ്ലാൻ ചെയ്യുവാൻ ഈ ലിസ്റ്റ് ഉള്ളത് സഹായിക്കും. എന്നാൽ നമുക്ക് ഒരു ഒരു ധാരണയും ഇല്ലാതിരിക്കെ സഹായിക്കേണ്ട ഒരു സന്ദർഭം പെട്ടെന്ന് വന്നാൽ എന്ത് സംഭവിക്കും?

പെട്ടെന്ന് ഒരു ആവശ്യഘട്ടം വന്നാൽ  ♥

യേശുവിന്റെ നല്ല ശമര്യക്കാരന്റെ ഉപമയിലേക്ക് മടങ്ങിപ്പോകാം.

ആ കഥയിൽ, ആക്രമിക്കപ്പെട്ട് , മർദ്ദനമേറ്റ് മരണാസന്നനായി കിടന്ന ഒരു മനുഷ്യന്റെയടുത്തേക്കാണ് ശമര്യക്കാരനായ മനുഷ്യൻ വരുന്നത്. വളരെ ആകസ്മികമായി ആ ആവശ്യത്തിന് മുമ്പിലെത്തിയ ശമര്യക്കാരന്റെ പ്രവൃത്തിയിൽ നാല് തരം സമ്പത്ത് ഉൾപ്പെട്ടതായി കാണാം – സമയം, വസ്തുവകകൾ, കഴിവുകൾ, പണം.

മുറിവേറ്റ മനുഷ്യന്റെ ആവശ്യത്തിൽ സഹായിക്കാൻ ശമര്യക്കാരൻ സ്വന്തമായി പദ്ധതി തയ്യാറാക്കി.” ഒരു ശമര്യക്കാരനോ വഴി പോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്ന്… ”(ലൂക്കോസ് 10:33, 34). ശമര്യക്കാരൻ ഒരു പ്രത്യേക ഉദ്ദേശ്യത്തിൽ ആകും ആ റോഡിലൂടെ സഞ്ചരിച്ചത്. മറ്റെങ്ങോട്ടെങ്കിലും പോകുകയായിരിക്കും.

അദ്ദേഹത്തിന്റെ യാത്രാ ലക്ഷ്യവും കാരണവും എന്തായിരുന്നാലും അതൊക്കെ മാറ്റിവെക്കാൻ കഴിയുമായിരുന്നു. പ്രയാസത്തിലുള്ള ആളെ സഹായിക്കാൻ അയാൾ സ്വന്ത സമയം നല്കി.

സ്വന്തം ആസ്തികളും കഴിവുകളും ഉപയോഗിച്ച് നല്ല ശമര്യക്കാരൻ ആ മനുഷ്യന്റെ മുറിവുകൾ ചികിത്സിച്ചു.” അരികെ ചെന്ന് എണ്ണയും വീഞ്ഞും പകർന്ന് അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്ക് കൊണ്ടു പോയി രക്ഷ ചെയ്തു “(വാ. 34). എന്തുകൊണ്ടാണ് അയാൾ യാത്രയിൽ എണ്ണയും വീഞ്ഞും കരുതിയത്; മുറിവ് കെട്ടാൻ തുണി എവിടെ നിന്ന് കിട്ടി എന്നതൊക്കെ ചിന്തിക്കാവുന്ന രസകരമായ കാര്യങ്ങളാണ്. (ഇതൊരു ഗുണപാഠകഥയായതിനാൽ ഒത്തിരി വിശദാംശങ്ങൾ അപ്രസക്തമാണ്). എന്നാൽ ഈ വിശദാംശങ്ങൾ വഴി യേശു പറയാൻ ഉദ്ദേശിക്കുന്ന കാര്യം കാണാതെ പോകരുത്. ശമര്യക്കാരൻ തന്റെ സ്വന്തം വസ്തുവകകൾ ആ മനുഷ്യനെ ശുശ്രൂഷിക്കാനായി സ്വമനസ്സാ ചെലവഴിച്ചു. എണ്ണയും വീഞ്ഞും അയാൾ മറ്റ് ആവശ്യത്തിന് കരുതിയതായിരിക്കുമല്ലോ. അയാൾ സ്വന്തമായി കഴുതയെ ഓടിച്ച് പോകുകയായിരുന്നിരിക്കണം. ഒരു ഡോക്ടർ അംഗീകരിക്കുന്ന അണുവിമുക്ത ചികിത്സയൊന്നുമല്ല അയാൾ ചെയ്തത് എങ്കിലും തന്റെ അറിവും കഴിവും ഉപയോഗിച്ച് അദ്ദേഹം ആ മനുഷ്യനെ സഹായിക്കുകയായിരുന്നു. എന്തായാലും അയാളുടെ ജീവനെ ശമര്യക്കാരൻ രക്ഷിച്ചു എന്നതാണ് കഥയുടെ അവസാനം.

മുറിവുകൾ കെട്ടി ശുശ്രൂഷിച്ചു എന്നതിൽ ഒതുങ്ങി നിന്നില്ല ശമര്യക്കാരന്റെ ഔദാര്യമനസ്സ്. തുടർന്ന് ആ മനുഷ്യന് ആവശ്യമായ പരിചരണവും അയാൾ ഏർപ്പാടാക്കി. “പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ട് വെള്ളിക്കാശ് എടുത്ത് വഴിയമ്പലക്കാരനു കൊടുത്തു: ഇവനെ രക്ഷ ചെയ്യണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങി വരുമ്പോൾ തന്നു കൊള്ളാം എന്ന് അവനോട് പറഞ്ഞു”(വാ.35). പെട്ടെന്നുള്ള ആവശ്യത്തിന് മാത്രമല്ല, ആ മനുഷ്യന്റെ തുടർന്നുള്ള സുരക്ഷിത്വത്തിന് വേണ്ടിയും ശമര്യക്കാരൻ സ്വന്തം പോക്കറ്റിലെ പണം ചെലവഴിച്ചു. ശമര്യക്കാരൻ ഒരു കച്ചവടക്കാരനാണെന്നും എണ്ണയും വീഞ്ഞും വസ്ത്രവും ഒക്കെ തന്റെ വ്യാപാരവസ്തുക്കൾ ആണെന്നും സങ്കല്പിക്കുക. അദ്ദേഹത്തിന്റെ കരുണയുടെ ചെലവ് വീണ്ടും വർദ്ധിക്കുകയാണ്; ആ മനുഷ്യനു വേണ്ടി കയ്യിലുള്ള പണം ചെലവഴിക്കുക മാത്രമല്ല, ആ വസ്തുക്കൾ വിറ്റു കിട്ടാവുന്ന പണവും കൂടി ചെലവഴിക്കുകയാണ്. ഒരു വ്യാപാരി ആണയാൾ എന്ന് ചിന്തിക്കണമെന്നില്ല എന്നിരുന്നാലും ശമര്യക്കാരൻ ചെലവഴിച്ച വസ്തുക്കൾ വീണ്ടും തനിക്ക് വാങ്ങേണ്ടിവരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്തായാലും ഈ മനസ്സലിവിന്റെ പ്രവൃത്തി അയാൾക്ക് ചെലവേറിയതായിരുന്നു.

നാം സേവനത്തിനായി തയ്യാറെടുപ്പ് നടത്തുകയാണെങ്കിലും അവിചാരിതമായി ഒരു സഹായഘട്ടത്തെ അഭിമുഖീകരിക്കുകയാണെങ്കിലും, നമുക്ക് നല്കാൻ എന്താണ് ഉള്ളത് എന്ന് സ്വയം ചോദിക്കുന്നത് നന്നായി മറ്റുള്ളവർക്ക് സേവനം ചെയ്യാൻ നമ്മെ സഹായിക്കും.

banner image

“ഡാഡി, നമുക്ക് ജീവിക്കാൻ ഭക്ഷണവും വെള്ളവും വീടും മാത്രം മതി, അല്ലേ?” പിന്നിലെ സീറ്റിൽ നിന്നും കേട്ട ചോദ്യം കേട്ട് ഞാൻ പുഞ്ചിരിച്ചു.” ശരിയാണ്, സാങ്കേതികമായി അത് മാത്രം മതി. എന്നാൽ മറ്റ് ചില കാര്യങ്ങൾ കൂടി നമുക്ക് ഉണ്ട് എന്നത് സന്തോഷകരമല്ലേ ?” മെക്സിക്കോയിൽ താമസിക്കുന്ന കുടുംബക്കാരെ കണ്ടിട്ട് ഞങ്ങൾ തിരിച്ച് പോകുകയായിരുന്നു. അവിടെ കുറച്ച് സ്ഥലങ്ങൾ സന്ദർശിക്കാനും ചില ‘സെനോട്ടു’ കളിൽ നീന്തുവാനും കഴിഞ്ഞിരുന്നു.

സെനോട്ടുകൾ എന്നത് നല്ല തെളിഞ്ഞ വെള്ളം നിറഞ്ഞ കുഴികളോ ഗുഹകളോ ആണ്. മെക്സിക്കോയിൽ അവ മനോഹരമായ നീല നിറമുള്ളവയും കുടിക്കാനും നീന്താനും പറ്റുന്നവയുമാണ്

ഈ മനോഹരമായ ജലാശയ കിണറുകൾ കാണാൻ മായൻ ടൗൺ ചുറ്റിക്കറങ്ങി പോകണം. വാഹനമോടിച്ച് പോകുമ്പോൾ മനോഹരമായ ചില നിർമ്മിതികളും എന്നാൽ വീടെന്ന് വിശേഷിപ്പിക്കാൻ പറ്റാത്ത ചില താമസസ്ഥലങ്ങളും കണ്ടു. കഷ്ടിച്ച് കഴിഞ്ഞ് കൂടാൻ പറ്റുന്ന തരത്തിലുള്ള നിരവധി വീടുകൾ ടൗണുകളിൽ കണ്ടു. കിട്ടാവുന്ന ഏതു തരം വസ്തുക്കൾ കൊണ്ടും നിർമ്മിച്ച വീടുകൾ പൊട്ടുകൾ പോലെ റോഡരികിൽ കണ്ടു. വൈദ്യുതിയില്ല, പൈപ്പ് വെള്ളം ഇല്ല, ജനലുകൾക്കൊന്നും അടപ്പോ കർട്ടനോ ഇല്ല. 104 ഡിഗ്രി ചൂടിൽ ഒരു ഏ സി വാനിൽ സഞ്ചരിക്കുമ്പോൾ ആ വീടുകളിൽ കഴിയുന്നവരുടെ ജീവിതം എത്ര പ്രയാസകരമായിരിക്കും എന്ന് ഞാൻ ഓർത്തു. ആളുകൾ ഇങ്ങനെയും താമസിക്കുന്നു എന്നത് എന്റെ മക്കൾക്ക് ഒരു ഷോക്ക് ആയിരുന്നു.

ആ യാത്ര എന്റെ ആൺമക്കളുമായി നല്ല ഒരു സംഭാഷണം തുടരാൻ കാരണമായി. വ്യത്യസ്തമായിരിക്കുന്നു എന്നതുകൊണ്ടും ആളുകൾ വ്യത്യസ്ത സ്ഥലത്ത് ജീവിക്കുകയും വ്യത്യസ്തമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതുകൊണ്ടും ഒന്നും മോശമാകണമെന്നില്ല എന്ന് ഞങ്ങൾ സംസാരിച്ചു. അതൊന്നും അവരെ ഞങ്ങളെക്കാൾ കുറഞ്ഞവരോ മോശക്കാരോ സഹതാപം അർഹിക്കുന്നവരോ അപകടകാരികളോ ആക്കുന്നില്ല , മറിച്ച് വ്യത്യസ്തർ മാത്രമാണ്. അവരെ സംബന്ധിച്ച് ഞങ്ങളും വ്യത്യസ്തർ തന്നെ.

ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഇല്ലാത്തവരും സഹായമാവശ്യമായവരും ധാരാളമുണ്ടെന്നും അവരെ കണ്ടെത്താൻ നാം ദൂരസ്ഥലങ്ങളിൽ ഒന്നും പോകേണ്ടതുണ്ടാവില്ല എന്നും ഞങ്ങൾ സംസാരിച്ചു. നമ്മെപ്പോലെ ഉള്ളവരോ ആവശ്യത്തിന് ഇല്ലാത്തവരോ ആയ ആളുകളോട് നമുക്കുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നും ഞങ്ങൾ സംസാരിച്ചു.

ആവശ്യങ്ങൾ കാണാൻ കഴിയണം

നല്ല ശമര്യാക്കാരന്റെ കഥയിലെ “അർദ്ധപ്രാണനായി” കിടന്ന മനുഷ്യന്റേതുപോലെ എല്ലാ ആവശ്യങ്ങളും അത്ര വ്യക്തമായെന്ന് വരില്ല. ശമര്യക്കാരന് ഒരർത്ഥത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. അയാളുടെ മുമ്പിൽ ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളു, അത് വ്യക്തവുമായിരുന്നു.

യേശു ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതിരുന്നത് കാരണമില്ലാതെയല്ല. അവിടുത്തെ ത്യാഗം സകല മനുഷ്യരുടെയും നന്മക്ക് വേണ്ടിയായിരുന്നു. താൻ എന്തിനാണ് വന്നത് എന്ന് പല സന്ദർഭങ്ങളിലും യേശു സ്പഷ്ടമായി പറയുന്നുണ്ട്. പ്രത്യേകിച്ച് മത്തായി 20:26-28 ൽ ഇത് ഹൃദയാവർജ്ജകമായ വിധം വ്യക്തമാക്കുന്നുണ്ട്: “…നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസനാകണം – മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിക്കുവാനല്ല ശുശ്രൂഷിക്കുവാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും വന്നതുപോലെ…” യേശു പറയുന്നത്, അവിടുന്ന് വന്നത് (മനുഷ്യനായി – ദൈവത്തോടുള്ള സമത്വം എന്ന പദവി മാറ്റി വെച്ച്) മനുഷ്യനെ സേവിക്കാനും തന്റെ ജീവൻ അവർക്കുവേണ്ടി നല്കാനും ആണെന്നാണ്. ഇതേ കാര്യം മറ്റൊരു സ്ഥലത്തും യേശു പറയുന്നുണ്ട്.

ചുങ്കക്കാരനായ സക്കായിയുടെ കൂടെ ഭക്ഷണം കഴിക്കുന്ന സന്ദർഭത്തിൽ, ചുങ്കക്കാരെ പാപികളിൽ ഏറ്റവും ഹീനരായി കണക്കാക്കുന്ന യഹൂദൻ എങ്ങനെ അവരോടൊപ്പം ഭക്ഷണം കഴിക്കും എന്ന സംസാരമുണ്ടായപ്പോൾ യേശു തന്റെ ദൗത്യത്തിന്റെ ലക്ഷ്യം എന്താണെന്ന് പ്രഖ്യാപിച്ചു: “കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കുവാനല്ലോ മനുഷ്യപുത്രൻ വന്നത്”( ലൂക്കൊസ് 19:10).

അർഹതയുള്ള ധാരാളം ആവശ്യക്കാരും നല്ല സംഘടനകളും ഉള്ളതുകൊണ്ട് നമുക്കും സംഭാവനകൾ നല്കി ചേർന്ന് പ്രവർത്തിക്കാവുന്നതാണ്. ആവശ്യങ്ങളുടെ അഭാവമല്ല പ്രശ്നം: എവിടെ സഹായിക്കും എന്ന് തീരുമാനിക്കുന്നതാണ് പ്രയാസം.

നിങ്ങൾ അക്ഷരാർത്ഥത്തിൽ എന്താണ് ചെയ്യേണ്ടത് എന്നും ആരെയാണ് സഹായിക്കേണ്ടത് എന്നും വ്യക്തമാക്കുകയല്ല ഇതിന്റെ ഉദ്ദേശ്യം. എന്നാൽ നിങ്ങളുടെ മുമ്പിലുള്ള സാധ്യതകളെക്കുറിച്ച് അവബോധം നൽകാനും നിങ്ങളുടെ സമയവും കഴിവുകളും ആസ്തികളും പണവും എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന കാര്യത്തിൽ വിവേകപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്താനും സഹായകരമാകണം എന്ന് ആഗ്രഹിക്കുന്നു.

പ്രാദേശികവും സാർവ്വത്രികവുമായ ആവശ്യങ്ങൾ 

ഞങ്ങൾ വീട്ടിൽ ചർച്ച ചെയ്യുന്ന ഒരു കാര്യം പ്രയാസം അനുഭവിക്കുന്നവരെല്ലാം ദൂരെ സ്ഥലങ്ങളിലുള്ളവരാണ് എന്ന തെറ്റായ സങ്കല്പമാണ് എന്നതാണ്. അമേരിക്കൻ ഐക്യനാടുകൾ പോലെ ”അവസരങ്ങളുടെ നാട്ടിൽ” സഹായം അർഹിക്കുന്ന മനുഷ്യർ ഇല്ല എന്ന ദുർഗ്രഹവും അപകടകരവും ആയ ഒരു ധാരണ ഉണ്ട്. ഇപ്രകാരമുള്ള ഒരു ചിന്ത അമേരിക്കയിലോ മറ്റ് സ്ഥലങ്ങളിലോ ഉണ്ടെങ്കിൽ “മറ്റുള്ളവർ” എന്ന കാര്യത്തിൽ അനാരോഗ്യകരമായ കാഴ്ചപ്പാട് ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റ് സ്ഥലങ്ങളിലാണ് ആവശ്യക്കാർ ഉള്ളത് എന്ന് കരുതിയാൽ മറ്റ് സ്ഥലങ്ങളെല്ലാം അമേരിക്കയെക്കാൾ മോശമാണ് എന്ന ഒരു ധ്വനി ഉണ്ടാകും; കൂടാതെ അമേരിക്കൻ ഐക്യനാട്ടിൽ ജീവിച്ചിട്ടും നിങ്ങൾ പ്രയാസത്തിലാണെങ്കിൽ അതിന് കാരണം നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യാത്തതു കൊണ്ടാണെന്നും കഠിനാദ്ധ്വാനം ചെയ്തില്ലെങ്കിൽ (അല്ലെങ്കിൽ തെറ്റായ തെരഞ്ഞെടുപ്പുകൾ നടത്തിയെങ്കിൽ) നിങ്ങൾ സഹായത്തിന് അർഹനല്ല എന്നും വിധിക്കുന്നതാകും അത്.

എല്ലായിടത്തും സഹായിക്കപ്പെടേണ്ടവർ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ഭൂമിശാസ്ത്രപരമായോ അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തിലോ ഒന്നും മനുഷ്യന്റെ പ്രയാസങ്ങളെ നിർണ്ണയിക്കാൻ പറ്റില്ല. നമ്മുടെയെല്ലാം ചുറ്റുപാടുകളിൽ സഹായത്തിന്റെ അവസരങ്ങൾ കാണാം. ചിലപ്പോൾ അവരുടെ പ്രയാസത്തിന് കാരണം അവരുടെ തെറ്റായ രീതികൾ ആകാം; മറ്റ് ചിലത് അവരുടെ കുറ്റം കൊണ്ടല്ലാത്തതുമാകാം. അവരുടെ ആവശ്യം സഹായത്തിന് അർഹതയുള്ളതാണോ എന്ന് നിർണ്ണയിക്കലല്ല നമ്മുടെ ജോലി, മറിച്ച്, എവിടെയായാലും ആരുടെതായാലും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കലാണ്. സേവന സംഘടനകളുമായി ബന്ധപ്പെട്ട് ചെയ്താൽ അടുത്തുള്ളവരെയും അകലെയുള്ളവരെയും നമുക്ക് സഹായിക്കാനാകും.

ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ 

നിങ്ങളുടെ ഹൃദയത്തെ തകർക്കുന്ന കാര്യം എന്താണ് എന്നത് ഒരു ചോദ്യമാണ്. ഏതൊരു മനുഷ്യന്റെയും യഥാർത്ഥമായ പ്രയാസം ദൈവത്തിന്റെ ഹൃദയത്തെ തകർക്കുന്നതാണ് എന്നത് ചിന്തിക്കാൻ വലിയ പ്രയാസം ആവശ്യമില്ല. ദൈവം നമ്മെ കുറവുള്ളവരായും കുറവുകളിൽ ജീവിക്കുന്നവരായും അല്ല രൂപകല്പന ചെയ്തത്. എന്നാൽ പാപഗ്രസ്ഥമായ ലോകത്തിൽ കുറവുകൾ ജീവിതത്തിന്റെ അഗണ്യമല്ലാത്ത ഒരു യാഥാർത്ഥ്യമായി തീർന്നു.

പ്രാർത്ഥനാപൂർവ്വം നമുക്ക് സമീപിക്കാം. നിങ്ങളുടെ ഹൃദയത്തെ മൃദുലമാക്കാൻ പരിശുദ്ധാത്മാവിനെ അനുവദിച്ച് ചുറ്റുപാടുമുള്ള പ്രയാസങ്ങൾ കാണാൻ കഴിയുമ്പോൾ, അവയിൽ ചിലത് കൂടുതൽ പ്രാധാന്യമുള്ളവയായി നിങ്ങളുടെ മനസ്സും ഹൃദയവും പറയും.

ഇന്റർനാഷണൽ ജസ്റ്റീസ് മിഷനുമായി സഹകരിച്ച് പ്രവർത്തിച്ചാൽ നിങ്ങൾക്ക് ആധുനിക കാല അടിമത്തങ്ങളിൽ ആയിരിക്കുന്നവരെ സഹായിക്കാൻ കഴിയും. വിക്ലിഫുമായി സഹകരിച്ചാൽ ബൈബിൾ തർജ്ജിമയിയിൽ സഹായിക്കാനാകും. ഗിഡയൻസ് ഇന്റർനാഷണലുമായി ചേർന്ന് ലോകത്തെവിടെയും ബൈബിൾ വിതരണം ചെയ്യാനാകും. വീടില്ലാത്തവർക്ക് ചെറിയ ചെലവിൽ വീട് നിർമ്മിക്കാൻ ഹബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി സംഘടനയോട് ചേർന്ന് പ്രവർത്തിക്കാം. ഞങ്ങളുടെ കുടുംബം കുട്ടികളെ സ്പോൺസർ ചെയ്യുന്ന കംപാഷൻ ഇന്റർനാഷലിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ഒരു പ്രാദേശിക ആശുപത്രിയിൽ ചെന്ന് പരിചരണം അധികം ലഭിക്കാത്ത വൃദ്ധരായവരുടെ കൂടെ സമയം ചെലവഴിക്കാവുന്നതാണ്. അല്ലെങ്കിൽ നിർദ്ധനർക്ക് ഭക്ഷണം നല്കുന്ന പ്രവർത്തകരുടെ കൂടെ ചേർന്ന് പ്രവർത്തിക്കാം. ചിലപ്പോൾ നിങ്ങൾക്ക് യുവാക്കളെക്കുറിച്ച് താല്പര്യം ഉള്ളയാളാണെങ്കിൽ അവർക്ക് ഒരു സ്പോർട്സ് ടീം ഉണ്ടാക്കുന്നതിന് സഹായിക്കാം, അല്ലെങ്കിൽ സഭയിലെ ചെറുപ്പക്കാരുടെ ഗ്രൂപ്പിന് ഒരു ബൈബിൾസ്റ്റഡി ആരംഭിക്കാം.

മറ്റുള്ളവർക്ക് സേവനം ചെയ്യുന്ന പ്രവർത്തനം ആരംഭിക്കാൻ പറ്റിയ നല്ല ഇടം സ്വന്തം സഭ തന്നെയായിരിക്കും. നിങ്ങളുടെ സമയവും കഴിവുകളും നല്കുവാൻ നല്ല അവസരങ്ങൾ തീർച്ചയായും സഭയിൽ ഉണ്ടാകും. സഹായം ആവശ്യമായത് എവിടെയാണെന്ന് ചോദിക്കുക. സഭക്കുള്ളിലുള്ള കാര്യങ്ങളിലോ, വെളിയിലുള്ള പ്രവർത്തനങ്ങളിലോ ആയാലും പ്രവർത്തനം ആവശ്യമായ മേഖലകളുടെയും സ്ഥലങ്ങളുടെയും ഒരു നീണ്ടനിര തന്നെ കാണാനാകും.

സഹായം നല്കുന്നതിന്റെ പ്രാരംഭ കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുള്ള ഇടങ്ങളുണ്ടാകാം. അതിനായുള്ള കാര്യങ്ങളെല്ലാം ഇതിനകം ചെയ്തിട്ടുണ്ടാകാം. ആ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ചിലപ്പോൾ നിങ്ങളുടെ സഹകരണം ലഭിച്ചാൽ മാത്രം മതിയാകും. ചില കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ അദ്ധ്വാനിച്ച് പ്രവർത്തനം ആരംഭിക്കേണ്ടിവരും.

ചുറ്റുപാടുമുള്ളവരെ കാണണം

നമ്മുടെ ജീവിതത്തിനും സ്ഥലങ്ങൾക്കും ചുറ്റും നോക്കിയാൽ സേവനത്തിന്റെ എന്തൊക്കെ അവസരങ്ങൾ നമുക്ക് കാണാൻ സാധിക്കും? ഉദാഹരണമായി, ഞാൻ സെമിനാരിയിൽ പഠിച്ചപ്പോൾ മുതൽ എന്റെ പക്കൽ ധാരാളം പുസ്തകങ്ങൾ ഉണ്ട്. അത് ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ല. ഞാൻ സെമിനാരിയിൽ ആയിരുന്നപ്പോൾ ഈ പുസ്തകങ്ങൾ വാങ്ങാൻ അനുഭവിച്ച പ്രയാസം ഞാൻ ഇപ്പോഴും ഓർക്കുന്നു. പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ ഈ പുസ്തകങ്ങൾ വാങ്ങാൻ വേണ്ടി മറ്റ് ചില ആവശ്യങ്ങൾ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. എനിക്ക് ഇന്നും വിലയേറിയ ഈ പുസ്തകങ്ങൾ മറ്റ് ചിലർക്ക് അതിനേക്കാൾ അത്യാവശ്യമായതായിരിക്കും. ഒരു പുസ്തകം വാങ്ങേണ്ട എന്ന് വെച്ചാൽ ആ പണം മറ്റ് അത്യാവശ്യത്തിന് ഉപകരിച്ചേക്കും. ഇപ്പോൾ ഞാൻ മറ്റൊരു ജീവിതസ്ഥിതിയിലാണ്, എനിക്ക് പ്രയോജനപ്പെട്ട ഈ പുസ്തകങ്ങൾ ഇനി മറ്റുള്ളവർക്ക് എങ്ങനെ ഉപകാരപ്രദമാക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സത്യസന്ധമായിപ്പറഞ്ഞാൽ, ഇതുവരെ ഞാനത് ആർക്കും നല്കിയിട്ടില്ല. ഇപ്പോഴും അവ കൈവിടുന്നതു സംബന്ധിച്ച സംഘർഷം ഞാൻ അനുഭവിക്കുന്നുണ്ട്. എന്നാൽ ആ കാര്യം എന്റെ മനസ്സിൽ സജീവമായുണ്ട്, എത്രയും പെട്ടെന്ന് അത് സംഭവിക്കും എന്നത് തീർച്ചയാണ്.

സേവനത്തിനും സഹായത്തിനുമുള്ള ഇടം കണ്ടെത്തുന്നത് എളുപ്പമാണ്. അനുദിനം അവസരങ്ങൾ നമുക്ക് മുമ്പിൽ കാണാം. ചിലപ്പോഴൊക്കെ അത് നല്ല ശമര്യക്കാരന്റെ ഉപമയിലേതുപോലെ പെട്ടെന്ന് മുമ്പിൽ വരുന്ന വ്യക്തമായ ആവശ്യങ്ങളാകാം.

മറ്റ് സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു മേഖല നാം കണ്ടെത്തി എങ്ങനെ സേവനം ചെയ്യാം എന്ന് പദ്ധതി തയ്യാറാക്കേണ്ടതുണ്ട്; യേശു ദൈവത്തോടൊപ്പമുള്ള തന്റെ പദവി വെടിഞ്ഞ്, ശുശ്രൂഷ ചെയ്തും കാണാതെ പോയതിനെ കണ്ടെത്തിയും ജീവൻ നല്കിയും നമ്മുടെ രക്ഷക്കായി പദ്ധതി തയ്യാറാക്കിയതുപോലെ. ഏത് ശുശ്രൂഷയാണ് നിങ്ങൾക്ക് ഏറ്റവും ഹൃദയപൂർവം ചെയ്യാൻ കഴിയുന്നത് എന്ന് ചിന്തിക്കാം. പല ആശയങ്ങളും സമ്മർദ്ദപ്പെടുത്തിയേക്കാം. കാരണം, ചെയ്യാൻ ഉള്ള കാര്യങ്ങൾ നിരവധിയാണ്. ഇതെല്ലാം ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഹൃദയത്തെ ഏറ്റവും മദിക്കുന്നതും ചെയ്യുന്നതിൽ ഏറ്റവും ആനന്ദം ലഭിക്കുന്നതുമായ ശുശ്രൂക്ഷ കണ്ടെത്തി ചെയ്യുക.

banner image

അവസാനമായി ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്. മറ്റേതു ചോദ്യത്തിന്റെയും മുമ്പിൽ വരേണ്ട ഒരു ചോദ്യം തന്നെയാണിത്. യേശുവിനെപ്പോലെ ശുശ്രൂഷ ചെയ്യേണ്ടതിന്, നാം സ്വയം ചോദിക്കേണ്ടതുണ്ട് – “എനിക്ക് കരുതുന്ന സ്നേഹമുണ്ടോ?” മനുഷ്യരെ സഹായിക്കുന്നതിന് യേശുവാണ് നമ്മുടെ മാതൃകയെങ്കിൽ എങ്ങനെ സഹായിക്കണം എന്നതിനും മാതൃക യേശു തന്നെയാകണം.

ഈ ചോദ്യം നല്ല ശമര്യക്കാരന്റെ ഉപമയിൽ നമ്മെ ഏറ്റവും അസ്വസ്ഥമാക്കുന്ന ഭാഗം സംബന്ധിച്ചാണ് പ്രസക്തമായിരിക്കുന്നത് – പുരോഹിതന്റെയും ലേവ്യന്റെയും കാര്യത്തിൽ. ഈ രണ്ടു പേരും ദേവാലയത്തിലും യാഗങ്ങളിലും മനുഷ്യരെ ദൈവമുമ്പിൽ പ്രതിനിധാനം ചെയ്യുക മാത്രമല്ല, ഈ കഥയുടെ കാര്യത്തിൽ, മനുഷ്യരുടെ മുമ്പിൽ ദൈവത്തെ പ്രതിനിധീകരിക്കുന്നവരുമാണ്. ഇത്രയും സ്പഷ്ടവും വ്യക്തവുമായ ഒരു ആവശ്യത്തെ അവഗണിച്ച് ഒരാൾ കടന്നു പോകുക എന്നത് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമായിരിക്കേ, ഒരു പുരോഹിതനും ലേവ്യനും അവഗണിച്ച് കടന്നു പോയി എന്നത്, ദൈവം തന്നെ ഒരാവശ്യക്കാരനെ അവഗണിച്ച് കടന്നു പോയതു പോലെ ഗൗരവമായ കാര്യമാണ്. സങ്കൽപ്പിക്കാൻ കഴിയാത്ത ചിത്രമാണിത്; നമ്മെ ഞെട്ടിക്കുന്നതും.

ഒരു പുരോഹിതനും
ലേവ്യനും അവഗണിച്ച്
കടന്നു പോയി എന്നത്,
ദൈവം തന്നെ
ഒരാവശ്യക്കാരനെ
അവഗണിച്ച് കടന്നു
പോയതു പോലെ
ഗൗരവമായ കാര്യമാണ്.
സങ്കൽപ്പിക്കാൻ
കഴിയാത്ത ചിത്രമാണിത്..

മുറിവേറ്റ മനുഷ്യനെ അവഗണിച്ച് അവർ റോഡിന്റെ മറുവശത്തുകൂടി കടന്നു പോയി. അവർ മതശുശ്രൂഷക്കായി അവരുടെ സ്ഥാനം നിഷ്കർഷിച്ച വിശുദ്ധി സൂക്ഷിച്ചതാണെന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. ആ അപകടസ്ഥലത്ത് അധികസമയം ചെലവഴിക്കുന്നത് തങ്ങൾക്കും അപകടകരമായിത്തീരാം എന്ന് അവർ ഭയപ്പെട്ടു കാണാം. അല്ലെങ്കിൽ ആ മനുഷ്യൻ മരിച്ചു കാണുമെന്നും എങ്കിൽ തങ്ങൾ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല എന്നും കരുതിക്കാണും.

എന്ത് കാരണത്താലായാലും, ഇത്രയും ഗൗരവമായ പ്രയാസത്തിലിരുന്ന ഒരു മനുഷ്യനെ അവഗണിച്ചതിന് കണ്ടെത്തിയ ഏതു കാരണത്തിന്റെ പിന്നിലും വ്യക്തമായി നില്ക്കുന്ന ഒരു കാര്യമുണ്ട്. അവർക്ക് സ്നേഹത്തിന്റെ കരുതൽ ഇല്ലായിരുന്നു. റോഡിൽ കിടന്ന ആ സാധ്യതയുണ്ട്, “തീർച്ചയായും മാത്രം മൂല്യമുള്ളവനായി അവർ കണ്ടില്ല. അവരുടെ സമയം ചെലവഴിക്കാൻ മാത്രം യോഗ്യനായി അയാളെ കണ്ടില്ല, അവരുടെ ചെലവുചെയ്യലിന് അർഹതയുള്ളവനായി അയാളെ അവർ കണക്കാക്കിയില്ല.

കഥയുടെ ഈ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്; ഈ മതനേതാക്കന്മാരുടെ പ്രവൃത്തി നമ്മെ ഞെട്ടിക്കുന്നതും അസ്വസ്ഥരാക്കുന്നതുമാണ്. നാമെല്ലാം പറയാൻ സാധ്യതയുണ്ട് ,,” തീർച്ചയായും എനിക്ക് സ്നേഹവും കരുതലും ഉണ്ട്! പ്രയാസത്തിലുള്ളയാളെ ഞാൻ എന്തായാലും സഹായിക്കും.” കർത്താവ് ഈ രണ്ട് കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയത്, കരുതൽ ഇല്ലാതെ പോകാൻ സാധ്യതയുണ്ട് എന്ന് പറയാൻ മാത്രമല്ല, നാം കരുതാറില്ല എന്നും കാണിക്കാൻ വേണ്ടിയാകാം. മൂന്നു പേരിൽ രണ്ടു പേരും ആ മനുഷ്യനെ അവഗണിച്ച് പോയി. പുരോഹിതനും ലേവ്യനും വിചാരിച്ചതായി സങ്കല്പിച്ച പല ഒഴിവുകഴിവുകളും നാമും പറയാൻ സാധ്യതയുണ്ട്.

യേശുവിനെപ്പോലെ ആളുകളെ സഹായിക്കണമെങ്കിൽ യേശു അവരെ കണ്ടതുപോലെ കാണാൻ നാമും തുടങ്ങണം. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിൽ യേശു അവരുടെ ആന്തരിക മൂല്യം കണ്ട് പ്രവർത്തിച്ചു. ആളുകളുടെ സാഹചര്യവും തെറ്റായ നിലപാടുകളും ഒന്നും ചിന്തിച്ചല്ല യേശു അവരോട് ഇടപെട്ടത് – ചുരുങ്ങിയപക്ഷം മോശം വശം ചിന്തിച്ചില്ല. ആളുകളുടെ പ്രയാസത്തിന്റെ കാരണം അപഗ്രഥിച്ച് പോകാതെ അവരോട് മനസ്സലിഞ്ഞ് കരുണ കാണിച്ചു.

പലവിധമായ പ്രയാസങ്ങളുള്ളവരെ നമുക്ക് ചുറ്റും കാണാം. നമ്മുടെ ചുറ്റുമുള്ള പ്രയാസങ്ങളനുഭവിക്കുന്നവരെ, ദൈവം കാണുന്നതുപോലെ, കാണാൻ നമുക്ക് മനസ്സുണ്ടോ? യേശുവിന്റെ മാതൃകയും രീതികളും വാക്കുകളും ഉൾക്കൊണ്ട്, ആളുകൾ എങ്ങനെ പ്രയാസത്തിൽ ആയി എന്ന് അപഗ്രഥിക്കാതെ, അവരോട് സ്നേഹവും കരുണയും കാണിക്കാൻ നമുക്ക് കഴിയുമോ? പ്രതീക്ഷക്കപ്പുറം ഒരു മൈൽ കൂടി പോകുമോ?

banner image