വായനാഭാഗം: 2 ശമു. 6:1-23

അന്ന് ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്ന് അവൻ പറഞ്ഞു (വാ.  9).

“അമേസിങ്ങ് ഗ്രെയിസ് (Amazing Grace)” എന്ന ഗാനത്തിന്റെ ഈ വരി ആശ്ചര്യപ്പെടുത്തിയിട്ടില്ലേ? “കൃപയാണ് എന്റെ ഹൃദയത്തെ ഭയപ്പെടുവാൻ പഠിപ്പിച്ചത്, കൃപയാണ് എന്റെ ഭയങ്ങളെ നീക്കിയത്. ഞാൻ വിശ്വസിച്ച ആ നിമിഷം കടന്നുവന്ന കൃപ എത്ര വിലയേറിയതാണ്.” കൃപ എന്റെ ഹൃദയത്തെ ഭയപ്പെടുവാൻ പഠിപ്പിക്കുന്നു? കൃപയിൽ ഭയപ്പെടുവാൻ എന്താണുള്ളത്?

വാഗ്ദത്ത പെട്ടകം ജറൂസലെമിലേക്ക് തിരികെക്കൊണ്ടുവരുന്ന സന്ദർഭത്തിൽ ദാവീദിന് ഈ ചോദ്യങ്ങളുടെ ഉത്തരം ലഭിച്ചു. അതൊരു ബഹളമയമായ ഉത്സവ സാഹചര്യമായിരുന്നതിനാൽ മനുഷ്യരുടെ ശ്രദ്ധ മാറിപ്പോകാൻ സാധ്യതയുണ്ടായിരുന്നു (2 ശമു. 6:5). കാള വിരണ്ടതുകൊണ്ട് പെട്ടകം ഇളകിയപ്പോൾ അതിനെ നേരെ നിർത്താൻ ഉസ്സാ അതിൽ പിടിക്കുകയും തൽക്ഷണം മരിക്കുകയുമാണുണ്ടായത് (വാ.  6,7).

ദാവീദിന് കോപം വരികയും ഭയപ്പെട്ട് പോകുകയും ചെയ്തു. ദൈവസാന്നിധ്യമുള്ളതിനാൽ പെട്ടകം അപകടകരമായ ഒരു കാര്യമാണെന്ന് അദ്ദേഹം ഗ്രഹിച്ചു (വാ. 8, 9). ജീവൻ. ജീവൻ നല്കുന്ന ദൈവം തന്നെ (യോഹ.17:3) തന്റെ മഹത്വത്തെ തുച്ഛീകരിക്കുന്നവരെ കൊല്ലുവാനും തീരുമാനിക്കുന്നു. ജീവന്റെ ദാദാവ് ദൈവം മാത്രമാണെങ്കിൽ, അവനെ സ്നേഹിക്കാനുള്ള നമ്മുടെ പ്രത്യേക അവകാശം നഷ്ടപ്പെടുത്താതിരിക്കാൻ നാം ഭയത്തോടെ ശ്രദ്ധിക്കണം.

വേദശാസ്ത്രിയായ കാൾ ബാർത്ത് വിശദീകരിക്കുന്നു : “സകലത്തിലും ഉപരിയായി നാം ദൈവത്തെ സ്നേഹിക്കേണ്ടതിന് നാം സകലത്തിലും ഉപരിയായി അവനെ ഭയപ്പെടണം.” അദ്ദേഹം അതിന്റെ കാരണം ഇങ്ങനെ വിശദീകരിക്കുന്നു: “ദൈവത്തെ സ്നേഹിക്കുന്നതാണ് ജീവൻ എന്നതിനാൽ, അവനെ സ്നേഹിക്കാൻ നമുക്ക് സാധ്യമല്ലാതെ വന്നാലും നാം സ്നേഹിക്കാതിരുന്നാലും ദൈവം താൻ നമ്മുടെ നിലനില്പ് ഇല്ലാതാക്കും.”

നാം പ്രാർത്ഥിക്കുന്നതും വചനം ധ്യാനിക്കുന്നതും ദൈവത്തിന് ചെയ്യുന്ന ഉപകാരമൊന്നുമല്ല. അവൻ നമ്മോട് കാണിക്കുന്ന ഒരു ആനുകൂല്യമാണത്, ഈ ജീവന്റെ മാർഗത്തിൽ ജീവിക്കാൻ ഇതിലൂടെ നമ്മെ അനുവദിക്കുകയാണ്. ഈ വാതിൽ ദൈവം എന്നും തുറന്നിടുകയില്ല, “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിക്കുവാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു” (അപ്പ. 17:31). ആ ദിവസം ഇനിയും ആയിട്ടില്ല എന്നതിനാൽ ഇന്നും അവസരമുണ്ട്. ഈ ദൈവകൃപയെ നാം അവഗണിക്കരുത്, കാരണം” ഇപ്പോഴാകുന്നു സുപ്രസാദകാലം; ഇപ്പോഴാകുന്നു രക്ഷാ ദിവസം” (2 കൊരി.6:1, 2). നാം ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനെ ബഹുമാനപുരസ്സരം ഭയപ്പെടുകയും ചെയ്യും.

– മൈക്ക് വിറ്റിമെർ

ചെയ്യാം

1 യോഹ.4:7-21 വായിച്ചിട്ട് നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം നമ്മുടെ ഭയങ്ങളിൽ ആശ്വാസം നല്കുന്നതെങ്ങനെ എന്ന് പഠിക്കുക.

ചിന്തിക്കാം

നിങ്ങൾക്ക് ദൈവത്തോട് സ്നേഹമാണോ അതോ ഭയമാണോ അധികം? ഒന്നിനനുസരിച്ച് അടുത്തതും കൂടുകയോ കുറയുകയോ ചെയ്യാൻ ഈ രണ്ട് വികാരങ്ങളും തമ്മിലുള്ള ബന്ധമെന്താണ്?