ഓശാന ഞായറാഴ്ച്ച മുതൽ ഈസ്റ്റർ വരെ, ക്രൂശിന്റെ വഴിയിൽ നാം യേശുവിന്റെ കാൽപ്പാടുകൾ പിന്തുടരുന്നു. ഇത് സുപരിചിതമായ ഒരു കഥയാണ്, എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദൈവത്തിന് തൻ്റെ ജനത്തോടുള്ള അതിരറ്റ സ്നേഹത്തെക്കുറിച്ചും, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ അവൻ എത്രമാത്രം സഹിച്ചുവെന്നതിനെക്കുറിച്ചും ഇത് വെളിപ്പെടുത്തുന്നു. ‘ഇത് ഞാൻ ധാരാളം കേട്ടിട്ടുള്ളതാണ്’ എന്ന് ചിന്തിക്കാതെ പുതുക്കപ്പെട്ട മനസ്സോടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ സമീപിക്കാം. നമുക്ക് സുവിശേഷത്തിൻ്റെ കാതലായ ഭാഗത്ത് നമ്മുടെ കണ്ണുകൾ കേന്ദ്രീകരിക്കാം: യേശു, ദൈവം നമുക്ക് നൽകിയ ദാനം
ഓശാന ഞായറാഴ്ച്ച
ഈസ്റ്ററിനു മുമ്പുള്ള ഞായറാഴ്ച, യേശുവിനെ യെരൂശലേമിലേക്ക് സ്വാഗതം ചെയ്യുന്നത് ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറിയും, വസ്ത്രം വഴിയിൽ വിരിച്ചും കൊണ്ടാണ്. ജനം യേശുവിനെ രക്ഷകനും രാജാവുമായി ആഘോഷിക്കുമ്പോൾ, നാമും അങ്ങനെ തന്നെ ചെയ്യാനുള്ള സമയോചിതമായ ഓർമ്മപ്പെടുത്തലാണിത്: നമ്മുടെ ഹൃദയം തുറന്ന് നമ്മുടെ രക്ഷകനും രാജാവുമായ യേശുവിൻ്റെ മുമ്പിൽ വണങ്ങുക.
പെസഹാ വ്യാഴം
താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, യേശു അപ്പം നുറുക്കുകയും, വീഞ്ഞ് പകരുകയും, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും ചെയ്തു. അത് അവൻ്റെ ശരീരത്തിന്റെ തകർച്ചയെയും, അവൻ്റെ രക്തത്തിന്റെ ചൊരിച്ചിലിനെയും, നമ്മോടുള്ള ത്യാഗപരമായ സ്നേഹത്തെയും സൂചിപ്പിക്കുന്നു. അവൻ്റെ മരണത്തെ പ്രഘോഷിക്കുകയും, ക്രൂശിൽ നമുക്കുവേണ്ടി ചെയ്ത വിലയേറിയ ത്യാഗത്തെ അനുസ്മരിക്കുകയും ചെയ്തുകൊണ്ട് ഇന്ന് നാം തിരുവത്താഴത്തിൽ പങ്കുചേരുന്നു. നാം ജീവിക്കേണ്ടതിന് വേണ്ടി തൻ്റെ ജീവൻ നൽകിയ യേശുവിനോടുള്ള നന്ദിയും സ്തുതിയും കൊണ്ട് നമ്മുടെ ഹൃദയം നിറഞ്ഞുകവിയുന്നുണ്ടോ?
ദുഃഖവെള്ളി
യേശു അന്ത്യശ്വാസം വലിച്ച് ക്രൂശിൽ തന്റെ ആത്മാവിനെ കൈവിട്ടപ്പോൾ, മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി. നമ്മുടെ പാപങ്ങൾക്ക് നാം നൽകേണ്ട വിലയായി അവൻ തന്റെ ജീവനെ നൽകുകയും, ദൈവത്തിലേക്കുള്ള ധാരാളമായ പ്രവേശനം നൽകുകയും ചെയ്തു. യേശുവിലൂടെ മാത്രമാണ്, പിതാവിൻ്റെ അടുക്കൽ എത്താനും അവനുമായി വീണ്ടും നിരപ്പ് പ്രാപിക്കാനുമുള്ള വഴി നമുക്ക് ലഭ്യമായിരിക്കുന്നത്. ഓരോ തവണയും നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും, ദൈവത്തെ സ്തുതിക്കുകയും, നമ്മുടെ ആവശ്യങ്ങൾ അറിയിക്കുകയും ചെയ്യുമ്പോൾ അത് ഓർക്കാം.
വിശുദ്ധ ശനി
മുൾക്കിരീടം. യേശുവിനെ ക്രൂശിൽ തറച്ച ആണികൾ. ക്രൂശിലെ മേലെഴുത്ത്. ഒപ്പം ക്രൂശും. ഇവ ഓരോന്നും നിങ്ങളോട് എന്താണ് സംസാരിക്കുന്നത്?
നമുക്കുവേണ്ടി വേദനയും അപമാനവും പരിഹാസവും സഹിക്കാൻ യേശു തയ്യാറായിരുന്നു. അർഹതയില്ലാത്ത മുൾക്കിരീടം ധരിച്ചു. അവൻ ചെയ്ത എല്ലാത്തിനുമായി, നിങ്ങൾ അവനുവേണ്ടി പീഢനങ്ങളെ അഭിമുഖീകരിക്കുകയും, സുവിശേഷത്തിനായി ലജ്ജയില്ലാതെ നിൽക്കുകയും ചെയ്യുമോ?
നമ്മുടെ പാപമാണ് അവനെ ക്രൂശിൽ തറച്ചത്. എന്നിട്ടും, അവൻ്റെ കൈകളിലും കാലുകളിലും ഉള്ള ആണിപ്പാടുകളാൽ നാം പൂർണ്ണരാകുന്നു. തന്നെ അനുസരിക്കുന്നവർക്ക് ദൈവം വാഗ്‌ദാനം ചെയ്‌ത സമൃദ്ധമായ ജീവിതം നയിക്കാൻ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എന്താണ് ക്രൂശിക്കേണ്ടത്?
“യഹൂദന്മാരുടെ രാജാവ്”: അത് അവനെ പരിഹസിക്കാൻ ഉണ്ടാക്കിയ ഒരു മേലെഴുത്തായിരുന്നു, എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, വാസ്തവത്തിൽ അത് സത്യമായിരുന്നു. ഇന്ന്, യേശു യഹൂദരുടെ മാത്രമല്ല, നാമെല്ലാവരും ഉൾപ്പെടുന്ന വിജാതീയരുടെയും രാജാവാണ്. രാജാവെന്ന നിലയിൽ നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ അവന് അർഹമായ സ്ഥാനം നൽകിയിട്ടുണ്ടോ?
ഒരിക്കൽ കുറ്റവാളികൾക്കുള്ള ശിക്ഷയായി ഉപയോഗിച്ചിരുന്നെങ്കിൽ, അത് ഇപ്പോൾ വീണ്ടെടുപ്പിൻ്റെയും കൃപയുടെയും പ്രതീകമാണ്. ക്രിസ്തു മൂലം ക്രൂശിൻ്റെ അർത്ഥം എന്നെന്നേക്കുമായി മാറി. തൻ്റെ അരുമയായ പ്രിയ പുത്രൻ്റെ ത്യാഗത്താൽ നമ്മെ വീണ്ടെടുക്കുക എന്നത് മനുഷ്യൻ്റെ വീഴ്ച മുതൽ ദൈവത്തിൻ്റെ പദ്ധതിയാണെന്ന് അറിയുമ്പോൾ, ആരാധനയാലും സ്തുതിയാലും അല്ലാതെ നിങ്ങൾക്ക് എങ്ങനെ പ്രതികരിക്കാനാകും?
ഈസ്റ്റർ ഞായറാഴ്ച
മരണത്തെ തോൽപ്പിച്ചതിലൂടെ ദൈവമാണെന്ന സ്വന്തം അവകാശവാദത്തെ അവൻ തെളിയിക്കുന്നു. തന്റെ പുനരുത്ഥാനം ദൈവത്തിൻ്റെ അപാരമായ ശക്തിയെ പ്രദർശിപ്പിക്കുന്നു. അവൻ തന്റെ വാഗ്‌ദാനം നിവർത്തിച്ചുവെന്നതിന്റെ തെളിവാണ് അവൻ്റെ വിജയകരമായ പുനരുത്ഥാനം. വീണ്ടും മടങ്ങിവരുമെന്ന് അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. പ്രത്യാശയുടെ മഹത്തായ ഈ വാഗ്ദത്തത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ജീവിതം മുഴുവനും സമർപ്പിക്കാം. അവൻ്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ഈ വേളയിൽ നമുക്ക് അവനെ സ്നേഹത്തിലും അനുസരണത്തിലും സേവിക്കാം.
ഇവിടെ സൈൻ അപ്പ് ചെയ്യുക