Month: ഡിസംബര് 2019

പ്രത്യാശയ്ക്കു വകയുണ്ടോ?

എഡ്വേര്‍ഡ് പെയ്സണ്‍ (1783-1827) അത്യധികം പ്രയാസകരമായ ഒരു ജീവിതമാണ് നയിച്ചത്. തന്റെ ഇളയ സഹോദരന്റെ മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. കടുത്ത വിഷാദത്തിലേക്കു നയിക്കുന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍ അദ്ദേഹത്തെ ബാധിക്കുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മൈഗ്രേന്‍ തലവേദനയാല്‍ കഷ്ടപ്പെടുകയും ചെയ്തിരുന്നു. അതും പോരാഞ്ഞിട്ട് കുതിരപ്പുറത്തുനിന്നു വീണ് ഒരു കൈ തളര്‍ന്നുപോകുകയും ചെയ്തു. ക്ഷയരോഗത്താല്‍ മരണത്തോളം അദ്ദേഹം എത്തി. അതിശയകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ പ്രതികരണം ആശയറ്റതും നിരാശ്രയത്വത്തിന്റെയും അല്ലായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹിതര്‍ പറഞ്ഞത്, എഡ്വേര്‍ഡ് മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു എന്നാണ്. എങ്ങനെയതു സാധിക്കും?

റോമിലെ വിശ്വാസികള്‍ക്കെഴുതിയ ലേഖനത്തില്‍, ഏതു സാഹചര്യത്തിലും ലഭ്യമാകുന്ന ദൈവസ്നേഹത്തിന്റെ യാഥാര്‍ത്ഥ്യത്തിലുള്ള തന്റെ പൂര്‍ണ്ണ ഉറപ്പ് പൗലൊസ് പ്രകടമാക്കുന്നു. ''ദൈവം നമുക്ക് അനുകൂലമെങ്കില്‍ പ്രതികൂലം ആര്‍?'' (റോമര്‍ 8:31) എന്ന് ഉറപ്പോടെ അവന്‍ ചോദിക്കുന്നു. നമ്മെ രക്ഷിക്കുവാനായി ദൈവം തന്റെ പുത്രനായ യേശുവിനെ നല്‍കിയെങ്കില്‍, ഈ ജീവിതം പൂര്‍ത്തിയാക്കുന്നതിനായി നമുക്കാവശ്യമായതെല്ലാം അവന്‍ നല്‍കും. താന്‍ വ്യക്തിപരമായി നേരിട്ട അസാധ്യമെന്നു തോന്നിയ ഏഴു സാഹചര്യങ്ങളെക്കുറിച്ച് പൗലൊസ് രേഖപ്പെടുത്തുന്നു. കഷ്ടത, സങ്കടം, ഉപദ്രവം, പട്ടിണി, നഗ്‌നത, ആപത്ത്, വാള്‍ (വാ. 35). മോശം കാര്യങ്ങള്‍ സംഭവിക്കുന്നതിനെ ക്രിസ്തുവിന്റെ സ്നേഹം തടയുമെന്ന് അവന്‍ പറഞ്ഞില്ല. മറിച്ച് 'നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു' എന്നവന്‍ പറയുന്നു (വാ. 37).

ഈ ലോകത്തിന്റെ അനിശ്ചിതത്വങ്ങളില്‍, ഒന്നിനും ഒന്നിനുപോലും, 'യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുവാന്‍ കഴിയുകയില്ല'' എന്ന് ദൈവത്തില്‍ പൂര്‍ണ്ണമായി നമുക്കാശ്രയിക്കാന്‍ കഴിയും.