Month: ജൂൺ 2020

അവന്റെ നടത്തിപ്പ് ആവശ്യമാകുമ്പോള്‍

പണ്ഡിതനായ കെന്നത്ത് ബെയ്ലിക്ക് സാക്കി അങ്കിള്‍ ഒരു സ്‌നേഹിതനെക്കാള്‍ അധികമായിരുന്നു; വിശാലമായ സഹാറ മരുഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ സഹസിക യാത്രകളില്‍ വിശ്വസ്തനായ വഴികാട്ടിയായിരുന്നു അദ്ദേഹം. സാക്കി അങ്കിളിനെ പിന്തുടരുന്നതിലൂടെ, താനും സംഘവും അദ്ദേഹത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബെയ്ലി പറയുന്നു. ചുരുക്കത്തില്‍ , ''ഞങ്ങള്‍ പോകുന്നിടത്തേക്കുള്ള വഴി ഞങ്ങള്‍ക്ക് അറിയില്ല, നിങ്ങള്‍ ഞങ്ങളെ വഴിതെറ്റിച്ചാല്‍ ഞങ്ങള്‍ എല്ലാവരും മരിക്കും. നിങ്ങളുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചു' എന്ന്് അവര്‍ സ്ഥിരീകരിക്കുകയായിരുന്നു.

വളരെ തളര്‍ച്ചയും ഹൃദയവേദനയും അനുഭവിച്ച ഒരു കാലഘട്ടത്തില്‍, ദാവീദ് ഏതൊരു മനുഷ്യ വഴികാട്ടിക്കും അപ്പുറത്തേക്ക് നോക്കി, താന്‍ സേവിക്കുന്ന ദൈവത്തിന്റെ നടത്തിപ്പ് അന്വേഷിച്ചു. സങ്കീര്‍ത്തനം 61:2-ല്‍ നാം ഇങ്ങനെ വായിക്കുന്നു: ''എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തണമേ.' ദൈവസന്നിധിയില്‍ പുതുതായി പ്രവേശിക്കപ്പെടുന്നതിന്റെ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും അവന്‍ ആഗ്രഹിച്ചു (വാ. 3-4).

'വഴിതെറ്റിപ്പോയ ആടുകള്‍'' എന്ന് തിരുവെഴുത്തുകള്‍ വിശേഷിപ്പിക്കുന്ന ആളുകള്‍ക്ക് ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം വളരെ ആവശ്യമാണ് (യെശയ്യാവ് 53:6). നമ്മെ തനിയെ വിട്ടാല്‍, തകര്‍ന്ന ലോകത്തിന്റെ മരുഭൂമിയില്‍ നാം പ്രതീക്ഷകളില്ലാതെ നഷ്ടപ്പെട്ടുപോകും.

എന്നാല്‍ നമ്മെ തനിയെ വിടുന്നില്ല! നമ്മെ 'സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക്' നയിക്കുകയും നമ്മുടെ പ്രാണനെ തണുപ്പിക്കുകയും നമ്മെ നടത്തുകയും ചെയ്യുന്ന ഒരു ഇടയന്‍ നമുക്കുണ്ട്. (സങ്കീര്‍ത്തനം 23:2-3).

ഇന്ന് നിങ്ങള്‍ക്ക് അവിടുത്തെ നടത്തിപ്പ് എവിടെയാണ് വേണ്ടത്? അവനെ വിളിച്ചപേക്ഷിക്കുക. അവന്‍ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല.