ദൈവത്തിൽ ഉറച്ച് വിശ്രമിക്കുക
തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) രോഗികളെ നന്നായി ഉറങ്ങുവാൻ സഹായിക്കുവാൻ ചൈനയിലുള്ള ഫുജിയാനയിലെ ഗവേഷകർ ആഗ്രഹിച്ചു. കൃത്രിമമായി സൃഷ്ടിച്ച ഒരു ഐസിയു പരിതഃസ്ഥിതിയിൽ, ആശുപത്രി നിലവാരമുള്ള ലൈറ്റിംഗുകൾ, മെഷീനുകളുടെ ബീപ്പിംഗിന്റെയും നഴ്സുമാർ സംസാരിക്കുന്നതിന്റെയും ഓഡിയോ റെക്കോർഡിംഗുകൾ എന്നിവ സഹിതം അവർ ചിലരെ പരീക്ഷണ വിധേയരാക്കി, തുടർന്ന് ഉറക്കസഹായ ഉപകരണങ്ങളുടെ ഫലങ്ങൾ അവർ അളന്നു. സ്ലീപ്പ് മാസ്കുകളും ഇയർ പ്ലഗുകളും പോലുള്ള ഉപകരണങ്ങൾ ധരിച്ചവരുടെ ഉറക്കം മെച്ചപ്പെടുത്തുന്നുവെന്ന് അവരുടെ ഗവേഷണം തെളിയിച്ചു. എന്നാൽ ഒരു യഥാർത്ഥ ഐസിയുവിൽ കിടക്കുന്ന യഥാർത്ഥ രോഗികളെ സംബന്ധിച്ചിടത്തോളം ഉറക്കം എപ്പോഴും ബുദ്ധിമുട്ടായിരിക്കുമെന്ന് അവർ സമ്മതിച്ചു.
നമ്മുടെ ലോകം കലുഷിതമാകുമ്പോൾ നമുക്ക് എങ്ങനെ വിശ്രമം കണ്ടെത്താൻ കഴിയും? ബൈബിൾ വ്യക്തമാണ്: സാഹചര്യങ്ങൾ എന്തു തന്നെയായിരുന്നാലും ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സമാധാനമുണ്ട്. പുരാതന യിസ്രായേലിൽ കഷ്ടപ്പാടുകൾക്കു ശേഷം പുനഃസ്ഥാപിക്കപ്പെടുന്ന ഒരു ഭാവികാലത്തെക്കുറിച്ച് യെശയ്യാ പ്രവാചകൻ എഴുതി. അവർ തങ്ങളുടെ നഗരത്തിൽ സുരക്ഷിതമായി ജീവിക്കും, കാരണം ദൈവം അത് സുരക്ഷിതമാക്കിയെന്ന് അവർക്കറിയാമായിരുന്നു (യെശയ്യ. 26:1). അവൻ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിൽ നന്മ കൊണ്ടുവരാൻ സജീവമായി പ്രവർത്തിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു - "അവൻ ഉയരത്തിൽ പാർക്കുന്നവരെ... താഴ്ത്തി" അടിച്ചമർത്തപ്പെട്ടവരെ ഉയർത്തി നീതി നടപ്പാക്കുന്നു (വാ.5-6). "യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ" ഉണ്ടെന്ന് അവർ അറിയുകയും അവിടുന്നിൽ എന്നേക്കും ആശ്രയിക്കുകയും ചെയ്യും (വാ.4).
യെശയ്യാവ് എഴുതി, "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു" (വാ.3). ഇന്നും നമുക്ക് സമാധാനവും സ്വസ്ഥതയും നൽകാൻ ദൈവത്തിന് കഴിയും. നമുക്ക് ചുറ്റും എന്ത് സംഭവിച്ചാലും അവിടുത്തെ സ്നേഹത്തിന്റെയും ശക്തിയുടെയും ഉറപ്പിൽ നമുക്ക് വിശ്രമിക്കാം.
ചെയ്യണമോ വേണ്ടയോ
ഞാൻ കുട്ടിയായിരുന്നപ്പോൾ, ഡികമ്മിഷൻ ചെയ്യപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ടാങ്ക് എന്റെ വീടിനടുത്തുള്ള ഒരു പാർക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഒന്നിലധികം അടയാളങ്ങൾ വാഹനത്തിൽ കയറുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി, പക്ഷേ എന്റെ കുറച്ച് സുഹൃത്തുക്കൾ അതിൽ വലിഞ്ഞു കയറി. ഞങ്ങളിൽ ചിലർ അൽപം മടിച്ചു, പക്ഷേ ഒടുവിൽ ഞങ്ങളും അതു തന്നെ ചെയ്തു. മുന്നറിയിപ്പ് ചിഹ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു പയ്യൻ കയറുവാൻ വിസമ്മതിച്ചു. ഒരു മുതിർന്നയാൾ അടുത്തു വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് മറ്റൊരുത്തൻ താഴേക്ക് ചാടി. വിനോദത്തിനുള്ള പ്രലോഭനം നിയമങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തേക്കാൾ കൂടുതലായിരുന്നു.
നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ബാലിശമായ കലാപത്തിന്റെ ഒരു ഹൃദയമുണ്ട്. എന്തു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് പറയുന്നത് നാം ഇഷ്ടപ്പെടുന്നില്ല. "നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ" എന്ന് യാക്കോബിൽ (4:17) നാം വായിക്കുന്നു. റോമാ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് എഴുതി: "ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ" (റോമ. 7:19-20).
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, പാപത്തോടുള്ള നമ്മുടെ പോരാട്ടത്തെക്കുറിച്ച് നാം അത്ഭുതപ്പെടും. എന്നാൽ പലപ്പോഴും ശരിയായത് ചെയ്യാൻ നാം സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കുന്നു. നമ്മുടെ ജീവിതം അവസാനിക്കുന്നതുവരെ, പാപകരമായ പ്രേരണകൾക്ക് നാം അനുദിനം വശംവദരാകാം. അതിനാൽ മരണത്താലും പുനരുത്ഥാനത്താലും പാപത്തിന്മേൽ ജയം നേടിയവന്റെ ശക്തിയിൽ നമുക്ക് ആശ്രയിക്കാം.
ദൈവത്തിന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു
അവരുടെ കൃത്യമായ പ്രായം അജ്ഞാതമാണ്. ഒരാളെ ഒരു പള്ളിയുടെ പടികളിൽ കണ്ടെത്തി; മറ്റൊരാൾക്ക് തന്നെ വളർത്തിയത് കന്യാസ്ത്രീകളാണെന്ന് മാത്രം അറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിൽ ജനിച്ച്, ഏതാണ്ട് എൺപതു വർഷത്തോളം ഹലീനയോ ക്രിസ്റ്റിനയോ പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഡി.എൻ.എ. പരിശോധനാഫലങ്ങൾ അവർ സഹോദരിമാരാണെന്ന് വെളിപ്പെടുത്തുകയും സന്തോഷകരമായ ഒരു പുനഃസമാഗമത്തിലേക്ക് നയിക്കുകയും ചെയ്തു. അത് അവരുടെ യഹൂദാ പൈതൃകത്തെ വെളിപ്പെടുത്തി; മാത്രമല്ല എന്തുകൊണ്ടാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും വിശദീകരിച്ചു. അവർ ജൂതവംശജർ ആയതുകൊണ്ടു മാത്രം ചിലർ അവർക്ക് മരണം വിധിച്ചിരുന്നു.
ഭയചകിതയായ ഒരമ്മ മരണഭീഷണി നേരിടുന്ന തന്റെ മക്കളെ രക്ഷപ്പെടാൻ സാധ്യതയുള്ള ഒരിടത്തു ഉപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുന്നത് മോശെയുടെ കഥയെ ഓർമിപ്പിക്കുന്നു. ഒരു എബ്രായ ബാലനെന്ന നിലയിൽ, അവനെ വംശഹത്യയ്ക്ക് അടയാളപ്പെടുത്തിയിരുന്നു (പുറ. 1:22). എന്നാൽ അവന്റെ അമ്മ അവനെ തന്ത്രപരമായി നൈൽ നദിയിൽ പ്രതിഷ്ഠിച്ച് (2:3), അവന് അതിജീവനത്തിന് ഒരവസരം നൽകി. അവൾ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ, ദൈവത്തിന് മോശെ മുഖാന്തരം തന്റെ ജനത്തെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയുണ്ടായിരുന്നു.
മോശെയുടെ കഥ നമ്മെ യേശുവിന്റെ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഫറവോൻ എബ്രായ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതുപോലെ, ഹെരോദാവ് ബേത്ലഹേമിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുവാൻ കല്പിച്ചു (മത്താ. 2:13-16).
അത്തരം എല്ലാ വിദ്വേഷത്തിനും - പ്രത്യേകിച്ചും കുട്ടികളോടുള്ളവയ്ക്കു - പിന്നിൽ നമ്മുടെ ശത്രുവായ പിശാചാണ്. അത്തരം അക്രമങ്ങൾ ദൈവത്തെ അദ്ഭുതപ്പെടുത്തുന്നില്ല. മോശെയെ കുറിച്ച് അവന് പദ്ധതികൾ ഉണ്ടായിരുന്നു, നിങ്ങളെയും എന്നെയും കുറിച്ച് അവന് പദ്ധതികളുണ്ട്. തന്റെ പുത്രനായ യേശുവിലൂടെ, അവൻ തന്റെ ഏറ്റവും വലിയ പദ്ധതി വെളിപ്പെടുത്തി - ഒരിക്കൽ ശത്രുക്കളായിരുന്നവരെ രക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.
സമാധാനത്തിന് ഊന്നൽ നൽകുക
മാറ്റം ജീവിതത്തിലെ വലിയ സമ്മർദങ്ങളിലൊന്നാണ്. ഏകദേശം ഇരുപത് വർഷത്തോളം ഞാൻ എന്റെ മുൻ വീട്ടിൽ താമസിച്ചതിനു ശേഷം ഞങ്ങൾ നിലവിലെ വീട്ടിലേക്ക് മാറി. വിവാഹത്തിനു മുമ്പ് എട്ട് വർഷം ഞാൻ ആ വീട്ടിൽ തനിച്ചായിരുന്നു താമസം. പിന്നെ എന്റെ ഭർത്താവ് എല്ലാ സാധനങ്ങളും സഹിതം കടന്നുവന്നു. പിന്നീട് ഒരു കുഞ്ഞും വന്നു, അതായത് കൂടുതൽ സാധനങ്ങൾ.
പുതിയ വീട്ടിലേക്ക് ഞങ്ങൾ നീങ്ങുന്ന ദിവസം സംഭവരഹിതമായിരുന്നില്ല. "മൂവേർഴ്സ്" എത്തുന്നതിനു അഞ്ച് മിനിറ്റു മുമ്പ് പോലും ഞാൻ ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി പൂർത്തിയാക്കുകയായിരുന്നു. പുതിയ വീടിന് നിരവധി കോണിപ്പടികൾ ഉണ്ടായിരുന്നു, അതിനാൽ ആസൂത്രണം ചെയ്തതിനേക്കാൾ ഇരട്ടി സമയവും ജോലിക്കാരും ആവശ്യമായി വന്നു.
പക്ഷേ അന്നത്തെ സംഭവങ്ങളിൽ എനിക്ക് സമ്മർദം തോന്നിയില്ല. പിന്നെ എനിക്ക് മനസ്സിലായി: ഒരു പുസ്തകം എഴുതി പൂർത്തിയാക്കുവാൻ ഞാൻ മണിക്കൂറുകളോളം ചിലവഴിച്ചു - തിരുവെഴുത്തുകളും ബൈബിൾ ആശയങ്ങളും നിറഞ്ഞ ഒരു പുസ്തകം. ദൈവകൃപയാൽ, ഞാൻ ബൈബിളിൽ പരതുകയും പ്രാർഥിക്കുകയും എന്റെ സമയപരിധിക്കുള്ളിൽ എഴുതി തീർക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. തിരുവെഴുത്തിലും പ്രാർഥനയിലും ഞാൻ മുഴുകി എന്നതായിരുന്നു എനിക്ക് ആരോഗ്യം തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
പൗലൊസ് എഴുതി, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്" (ഫിലി. 4:6). നാം പ്രാർഥിക്കുകയും ദൈവത്തിൽ "സന്തോഷിക്കകയും'' ചെയ്യുമ്പോൾ (വാ.4), പ്രശ്നത്തിൽ നിന്ന് നമ്മുടെ ദാതാവിലേക്ക് നാം മനസ്സിനെ കേന്ദ്രീകരിക്കുന്നു. ഒരു സമ്മർദത്തെ നേരിടാൻ നാം ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയായിരിക്കാം, പക്ഷേ അതുമൂലം നാം അവനുമായി ബന്ധപ്പെടുന്നു, അത് "സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം" പ്രദാനം ചെയ്യുന്നു (വാ.7).