നാം തനിച്ചല്ല
ഫ്രെഡ്രിക് ബ്രൗണിന്റെ ചെറുകഥാ ത്രില്ലറായ "മുട്ട്" (knock)-ൽ അദ്ദേഹം എഴുതി, "ഭൂമിയിലെ അവസാനത്തെ മനുഷ്യൻ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. വാതിലിൽ ഒരു മുട്ട് കേട്ടു." - അയ്യോ! അത് ആരായിരിക്കാം, അവർക്കെന്താണ് വേണ്ടത്? ഏത് നിഗൂഢ ജീവിയാണ് അയാളെ തേടി വന്നത്? ആ മനുഷ്യൻ തനിച്ചായിരുന്നില്ല.
നാമും തനിച്ചല്ല.
ലവൊദിക്യയിലെ സഭ അവരുടെ വാതിലിൽ ഒരു മുട്ട് കേട്ടു (വെളി. 3:20). ഏത് അമാനുഷിക വ്യക്തിയാണ് അവർക്കായി വന്നത്? അവന്റെ നാമം യേശു എന്നായിരുന്നു. അവൻ "ആദ്യനും അന്ത്യനും ജീവനുള്ളവനും" (1:17-18) ആയിരുന്നു. അവന്റെ കണ്ണുകൾ അഗ്നിപോലെ ജ്വലിച്ചു, "അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു" (വാ.16). ഉറ്റസ്നേഹിതനായ യോഹന്നാൻ ക്രിസ്തുവിന്റെ മഹത്വത്തിന്റെ ഒരു നേർക്കാഴ്ച്ച കണ്ടപ്പോൾ, "മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു" (വാ.17). ക്രിസ്തുവിലുള്ള വിശ്വാസം ദൈവഭയത്തോടുകൂടി ആരംഭിക്കുന്നു.
നാം ഒറ്റയ്ക്കല്ല, എന്നത് ആശ്വാസകരമാണ്. യേശു "[ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും" ആണ് (എബ്രാ. 1:3). എങ്കിലും ക്രിസ്തു തന്റെ ശക്തി ഉപയോഗിക്കുന്നത് നമ്മെ നശിപ്പിക്കാനല്ല, മറിച്ച് നമ്മെ സ്നേഹിക്കാനാണ്. അവന്റെ ക്ഷണം കേൾക്കൂ, "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും" (വെളി. 3:20). നമ്മുടെ വിശ്വാസം ഭയത്തോടെ ആരംഭിക്കുന്നു - ആരാണ് വാതിൽക്കൽ മുട്ടുന്നത്? – എന്നാൽ അത് ഒരു ഊഷ്മളമായ സ്വാഗതത്തിലും ശക്തമായ ആലിംഗനത്തിലും അവസാനിക്കുന്നു. ഭൂമിയിലെ അവസാനത്തെ വ്യക്തിയാണെങ്കിൽ പോലും നമ്മോടു കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. ദൈവത്തിനു നന്ദി, നാം തനിച്ചല്ല.
തിരുവെഴുത്തിന്റെ പരിശീലനം
1800-കളുടെ അവസാനത്തിൽ, വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ഒരേ സമയം സമാനമായ വേദപഠന പദ്ധതികൾ വികസിപ്പിച്ചെടുത്തു. ആദ്യത്തേത് 1877-ൽ കാനഡയിലെ മോൺട്രിയയിൽ ആയിരുന്നു. പിന്നെ, 1898-ൽ ന്യൂയോർക്ക് സിറ്റിയിൽ മറ്റൊരു സംരംഭം ആരംഭിച്ചു. 1922 ആയപ്പോഴേക്കും, വടക്കേ അമേരിക്കയിൽ ഇതുപോലെ ഏകദേശം അയ്യായിരത്തോളം വേദപഠനപദ്ധതികൾ ഓരോ വേനൽക്കാലത്തും സജീവമായിരുന്നു.
അങ്ങനെ അവധിക്കാല ബൈബിൾ സ്കൂളിന്റെ ആദ്യകാല ചരിത്രം ആരംഭിച്ചു. യുവാക്കൾ ബൈബിൾ അറിയണം എന്ന ആഗ്രഹമായിരുന്നു ആ വി.ബി.എസ്. ഉപജ്ഞാതാക്കളെ അതിനായി ഉത്സാഹിപ്പിച്ചത് .
തന്റെ യുവ അനുയായി തിമൊഥെയൊസിനോട്, "തിരുവെഴുത്ത് ദൈവശ്വാസീയമാണ്'' എന്നും അതു നമ്മെ "സകല സൽപ്രവൃത്തിക്കും" സജ്ജരാക്കുന്നുവെന്നും (2 തിമൊ. 3:16-17) എഴുതിയപ്പോൾ പൗലൊസിന് സമാനമായ അഭിനിവേശം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ "ബൈബിൾ വായിക്കുന്നത് നല്ലതാണ്'' എന്ന ഉദാരമായ നിർദ്ദേശം മാത്രമായിരുന്നില്ല അത്. "ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത" (വാ.7) വ്യാജ ഉപദേഷ്ടാക്കൻമാർ ഉള്ള "അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും" (വാ.1) എന്ന ഭയാനകമായ മുന്നറിയിപ്പ് നൽകികൊണ്ടാണ് പൗലൊസ് താക്കീത് നല്കിയത്. തിരുവെഴുത്തു കൊണ്ടു നാം നമ്മെത്തന്നെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം അത് നമ്മുടെ രക്ഷകന്റെ പരിജ്ഞാനത്തിൽ നമ്മെ ആഴ്ത്തി "ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ [നമ്മെ] രക്ഷയ്ക്കു ജ്ഞാനികൾ" (വാ.14) ആക്കുന്നു.
ബൈബിൾ പഠിക്കുന്നത് കുട്ടികൾക്ക് മാത്രമല്ല; മുതിർന്നവർക്കും നല്ലതാണ്. അത് വെറും വേനൽക്കാലത്തേക്കു മാത്രമല്ല; എല്ലാ ദിവസത്തേക്കും ഉള്ളതാണ്. പൗലൊസ് തിമൊഥെയൊസിന് എഴുതി, "തിരുവെഴുത്തുകളെ [നീ] ബാല്യം മുതൽ അറികയും" (വാ.14) ചെയ്തിരിക്കുന്നു. എന്നാൽ നമുക്ക് വേദപഠനം ആരംഭിക്കുവാൻ എപ്പോൾ വേണമെങ്കിലും സാധിക്കും. നാം ജീവിതത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും, ബൈബിളിന്റെ പരിജ്ഞാനം നമ്മെ യേശുവിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയാണ്.
ദൈവത്തിനു മുമ്പാകെ മിണ്ടാതിരിക്കുക
ജീവനുള്ള ഒരു വ്യക്തിയുടെ ആദ്യ ഫോട്ടോ എടുത്തത് 1838-ൽ ലൂയിസ് ഡാഗുറെയാണ്. പാരീസിലെ വിശാലമായ ഒരു തെരുവിൽ ഉച്ചതിരിഞ്ഞനേരം നിൽക്കുന്ന ഒരു വ്യക്തിയെ ആ ഫോട്ടോ ചിത്രീകരിക്കുന്നു. എന്നാൽ അതിൽ പ്രകടമായ ഒരു വിരോധാഭാസമുണ്ട്; ആ സമയത്ത് തെരുവുകളും നടപ്പാതകളും വണ്ടികളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതത്താൽ തിരക്കേറിയതായിരിക്കണം, എന്നിട്ടും ആരെയും കാണാനില്ല. ആ വീഥി ശൂന്യമായി കാണപ്പെട്ടു.
ആ മനുഷ്യൻ ഒറ്റയ്ക്കല്ലായിരുന്നു. ഫോട്ടോ എടുത്ത തിരക്കേറിയ ജനപ്രിയ പ്രദേശമായ ബുളവാർഡ് ഡ്യു ടെംപിളിൽ മനുഷ്യരും കുതിരകളും ഉണ്ടായിരുന്നു. ചിത്രത്തിൽ അവ വന്നില്ല എന്ന് മാത്രം. ആ ഫോട്ടോ പ്രോസസ്സ് ചെയ്യുന്നതിനുള്ള എക്സ്പോഷർ സമയം (Daguerreotype എന്നറിയപ്പെടുന്നത്) ഒരു ചിത്രം പകർത്താൻ ഏഴ് മിനിറ്റ് എടുത്തു. ഫോട്ടോ എടുക്കുമ്പോൾ’ വസ്തു ചലനരഹിതമായിരിക്കണം. വഴിയരികിലെ ആ മനുഷ്യൻ മാത്രമാണ് ഫോട്ടോയിൽ വന്നത്, കാരണം അയാൾ മാത്രമാണ് നിശ്ചലമായി നിന്നത് - അയാൾ തന്റെ ബൂട്ടുകൾ പോളിഷ് ചെയ്പ്പിക്കുകയായിരുന്നു.
ചിലപ്പോൾ നിശ്ചലത ചലനത്തിലും പരിശ്രമത്തിനും കഴിയാത്തത് നിറവേറ്റുന്നു. സങ്കീർത്തനം 46:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ." "ജാതികൾ ക്രുദ്ധിച്ചാലും" (വാ.6) "ഭൂമി മാറിപ്പോയാലും" (വാ.2), മിണ്ടാതിരുന്ന് അവനിൽ ആശ്രയിക്കുന്നവർ, "കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു"(വാ.1) എന്നു മനസ്സിലാക്കും.
"മിണ്ടാതിരുന്നു" എന്ന് അവതരിപ്പിച്ചിരിക്കുന്ന എബ്രായ ക്രിയയെ "പരിശ്രമം നിർത്തുക" എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. നമ്മുടെ പരിമിതമായ പരിശ്രമങ്ങളെ ആശ്രയിക്കുന്നതിനു പകരം നാം ദൈവത്തിൽ വിശ്രമിക്കുമ്പോൾ അവൻ നമ്മുടെ അനിഷേധ്യമായ "സങ്കേതവും ബലവും" ആണെന്ന് നാം കണ്ടെത്തുന്നു (വാ.1).
മാറ്റത്തിന്റെ ഗെയിം
ആ ഹസ്തദാനം ഒരു ചരിത്രമായിരുന്നു. 1963 മാർച്ചിലെ ഒരു രാത്രിയിൽ, രണ്ട് കോളേജ് ബാസ്കറ്റ്ബോൾ കളിക്കാർ - ഒരു കറുത്തവർഗക്കാരനും, ഒരു വെള്ളക്കാരനും - വേർതിരിവുകളുടെ മതിലുകളെ തകർത്ത് പരസ്പരം ഹസ്തദാനം ചെയ്തു, മിസിസിപ്പി സ്റ്റേറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വെള്ളക്കാരുടെ പുരുഷ ടീം ഒരു സങ്കരവർഗ ടീമിനെതിരെ കളിച്ചു. ആ ദേശീയ ടൂർണമെന്റിൽ, ലയോള യൂണിവേഴ്സിറ്റിയ്ക്കെതിരായ "ഗെയിം ഓഫ് ചേഞ്ച്" മത്സരത്തിൽ പങ്കെടുക്കാൻ, മിസിസിപ്പി സ്റ്റേറ്റ് സ്ക്വാഡ് അവരുടെ സംസ്ഥാനം വിട്ടുപോകാൻ പാടിലെന്ന വിലക്ക്, പകരം കളിക്കാരെ ഉപയോഗിച്ച് ഒഴിവാക്കി. അതേസമയം, ലയോളയുടെ കറുത്ത കളിക്കാർ, എല്ലാ സീസണിലും വംശീയ അധിക്ഷേപങ്ങൾ സഹിച്ചു. യാത്രയ്ക്കിടെ പോപ്കോണും ഐസും ഉപയോഗിച്ചുള്ള ഏറും അടച്ച വാതിലുകളും അവർ അഭിമുഖീകരിച്ചു.
എന്നിട്ടും ആ ചെറുപ്പക്കാർ കളിച്ചു. മിസിസിപ്പി സ്റ്റേറ്റ് ബുൾഡോഗുകളെ 61-51 ന് തോൽപിച്ച ലയോള റാംബ്ലേഴ്സ് പിന്നീട് ദേശീയ ചാംപ്യൻഷിപ്പ് നേടുകയും ചെയ്തു. എന്നാൽ ആ രാത്രി ശരിക്കും എന്താണ് വിജയിച്ചത്? വെറുപ്പിൽ നിന്നും സ്നേഹത്തിലേക്കുള്ള ഒരു നീക്കം. യേശു പഠിപ്പിച്ചതുപോലെ, "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്വിൻ" (ലൂക്കൊസ് 6:27).
ക്രിസ്തു പഠിപ്പിച്ചതുപോലെ നമ്മുടെ ശത്രുക്കളെ സ്നേഹിക്കാൻ, മാറ്റം വരുത്താനുള്ള അവന്റെ വിപ്ലവകരമായ കൽപ്പന നാം അനുസരിക്കണം. ദൈവത്തിന്റെ ഈ നിർദ്ദേശം ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു കൽപ്പനയാണ്. പൗലൊസ് എഴുതിയതു പോലെ, "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീർന്നിരിക്കുന്നു" (2 കൊരിന്ത്യർ 5:17). നമ്മിലെ അവന്റെ പുതിയ വഴി എങ്ങനെ പഴയതിനെ പരാജയപ്പെടുത്തുന്നു? സ്നേഹത്താൽ മാത്രമാണ് അതു സാധ്യമാവുന്നത്. അപ്പോൾ മറ്റുള്ളവരിൽ നമുക്കവനെ കാണുവാൻ കഴിയും.
ശത്രുക്കളും മിത്രങ്ങളും
എന്റെ സുഹൃത്ത് ഇറായുടെ സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ട് കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞില്ല. 2022-ൽ ഉപരോധിക്കപ്പെട്ട ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലെ തന്റെ വീടുവിട്ട് ദിവസങ്ങൾക്കുശേഷം, അവൾ ഒരു ഓട്ടമത്സരത്തിന്റെ അവസാനം തന്റെ രാജ്യത്തിന്റെ പതാക ഉയർത്തുന്നതിന്റെ ഒരു മുൻകാല ചിത്രം പോസ്റ്റ് ചെയ്തു. അവൾ എഴുതി, "ജീവിതം എന്ന് വിളിക്കപ്പെടുന്ന മാരത്തൺ ഓട്ടത്തിലാണ് നാമെല്ലാവരും. മുമ്പത്തേക്കാൾ നന്നായി ഈ ദിവസങ്ങളിൽ നമുക്കോടാം - ഹൃദയങ്ങളിൽ മരിക്കാത്ത എന്തോ ഒന്നും കൊണ്ട്.'' തുടർന്നുള്ള ദിവസങ്ങളിൽ, എന്റെ സുഹൃത്ത് ആ ഓട്ടം തുടരുന്ന പല വഴികളും ഞാൻ കണ്ടു, അവളുടെ രാജ്യത്ത് ദുരിതമനുഭവിക്കുന്നവർക്കായി എങ്ങനെ പ്രാർത്ഥിക്കാമെന്നും പിന്തുണയ്ക്കാമെന്നും അവൾ ഞങ്ങളെ അപ്ഡേറ്റ് ചെയ്തു.
ഇറായുടെ വാക്കുകൾ എബ്രായർ 12-ൽ, വിശ്വാസികൾ "സ്ഥിരതയോടെ ഓടുക" എന്ന ആഹ്വാനത്തിന് പുതിയ ആഴം കൊണ്ടുവന്നു (വാ.1). ആ ആഹ്വാനം, വിശ്വാസ വീരൻമാരുടെ,- ജീവൻ പോലും അപകടത്തിലായിട്ടും (11:33-38) ധീരവും സ്ഥിരതയുള്ളതുമായ ഓട്ടം ഓടിയ "സാക്ഷികളുടെ വലിയോരു സമൂഹത്തിന്റെ" (12:1) - ഹൃദയസ്പർശിയായ വിവരണത്തെ രേഖപ്പെടുത്തിയ അധ്യായത്തെ പിന്തുടരുന്നു. അവർ "ദൂരത്തുനിന്ന് ദൈവത്തിന്റെ വാഗ്ദത്തങ്ങൾ കണ്ട് അഭിവന്ദിച്ച്" (വാ.13), നിത്യമായ ഒന്നിനുവേണ്ടി, ഒരിക്കലും മരിക്കാത്ത ഒന്നിനുവേണ്ടി ഓടുകയായിരുന്നു.
യേശുവിലുള്ള എല്ലാ വിശ്വാസികളും അങ്ങനെ തന്നെ ജീവിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവരാജ്യത്തിന്റെ ശാലോം – സമാധാനവും സംതൃപ്തിയും - നമ്മുടെ സകലവും സമർപ്പിക്കുവാൻ യോഗ്യമാണ്. ക്രിസ്തുവിന്റെ മാതൃകയും ശക്തിയുമാണ് നമ്മെ എന്നും നിലനിർത്തുന്നത് (12:2-3).