വായിക്കുക: എഫെസ്യർ 4:17-31

പിശാചിന്നു ഇടം കൊടുക്കരുതു. (വാ. 27)

“നിങ്ങൾ വിഷമിക്കേണ്ട, വിഷമിക്കേണ്ട, ദൈവം ഇതുവരെ നിങ്ങളെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് നിങ്ങൾക്കറിയാം” എന്ന ഒരു കുട്ടികളുടെ ഗാനമുണ്ട്. യിസ്രായേല്യരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച അതേ ദൈവം തന്നെ നമുക്ക് മുമ്പിൽ പോകുമെന്ന് വിശ്വസിക്കാം—തന്റെ മക്കളെ ഒരിക്കലും പരാജയപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യാത്ത ദൈവം (ആവർത്തനം 31:6).

എന്നാൽ ജീവിതത്തിലെ പ്രശ്നങ്ങൾ നമ്മുടെ സന്തോഷം കെടുത്താൻ തുടങ്ങുകയും ഭയം നമ്മെ പിടികൂടുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും? നാം ആകുലപ്പെടാനും വിഷമിക്കാനും തുടങ്ങും; ചിലപ്പോഴൊക്കെ പരീക്ഷണങ്ങളോ കഷ്ടപ്പാടുകളോ മൂലം ക്ലേശിക്കുമ്പോൾ നമുക്ക് ദേഷ്യം വരാം. സങ്കടകരമെന്നു പറയട്ടെ, കോപം നമ്മുടെ വേദനയും കുഴപ്പങ്ങളും വർദ്ധിക്കുകയേ ഉള്ളൂ. വ്യക്തിപരമായ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ, അത് എന്നെ ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കോ, സൗഖ്യത്തിലേക്കോ സമാധാനത്തിലേക്കോ നയിച്ചിട്ടില്ല. വാസ്‌തവത്തിൽ, ആകുലത മൂലം ഉണ്ടാകുന്ന കോപം സമചിത്തത നഷ്ടപ്പെടുത്തുന്നു. അത് പിന്നീട് “ദോഷത്തിന്നു ഹേതുവാകുുകയേയുള്ളൂ. (സങ്കീർത്തനം 37:8)

പാസ്റ്റർ അഡ്രിയാൻ റോജേഴ്‌സ് ഒരിക്കൽ പ്രസ്താവിച്ചു: “നിങ്ങൾ പെട്ടെന്ന് ദേഷ്യപ്പെടുന്നയാളാണെങ്കിൽ, വളരെയധികം നഷ്ടപ്പെടാനുണ്ട്—നിങ്ങളുടെ ജോലി, സുഹൃത്തുക്കൾ, കുട്ടികൾ, ഭാര്യ, ആരോഗ്യം, സാക്ഷ്യം. സമചിത്തത ഇല്ലാത്ത പെരുമാറ്റം പോലെ നിങ്ങളുടെ ക്രിസ്‌തീയ സാക്ഷ്യത്തെ ദുർബലപ്പെടുത്തുന്ന മറ്റൊന്നുമില്ല.”

നിങ്ങളുടെ ഉള്ളിൽ കോപം പ്രവർത്തിക്കുവാൻ തുടങ്ങുമ്പോൾ അതിനെ നേരിടുന്നതിന് റോജേഴ്സ് താഴെപ്പറയുന്ന ഉപദേശം നൽകി:

ഏറ്റുപറയുക: നിങ്ങളുടെ കോപവും, അതിന്റെ മൂലകാരണവും (ആശങ്കയും, വിശ്വാസമില്ലായ്മയും ഉൾപ്പെടെ) ദൈവത്തിങ്കലേക്ക് കൊണ്ടുവരികയും അവന്റെ ക്ഷമയും ശാന്തിയും അനുഭവിക്കുകയും ചെയ്യുക.

ചിന്തിക്കുക: നിങ്ങൾക്ക് കോപം ഉണ്ടായത് എന്തുകൊണ്ടാണെന്ന് നിർണ്ണയിക്കുകയും അതിൽ നിന്ന് മുക്തനാകാൻ ദൈവത്തിന്റെ സഹായം തേടുകയും ചെയ്യുക (എഫെസ്യർ 4:31).

നിയന്ത്രിക്കുക: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു” (വാ. 26-27). പകരം, നിങ്ങളുടെ ഉള്ളിലെ പരിശുദ്ധാത്മാവിന്റെ ശക്തിയും സാന്നിധ്യവും “നിങ്ങളുടെ ചിന്തകളും മനോഭാവങ്ങളും” (വാ. 23) നവീകരിക്കുന്നതിന് ആവശ്യമായത് നൽകും.

നാം ദൈവത്തിൽ ആശ്രയിക്കുകയും, ആശ്വാസം കണ്ടെത്തുകയും ചെയ്യുമ്പോൾ, ആകുലതകൾ അലിഞ്ഞുപോകുന്നു, കോപം കുറയുന്നു, നമ്മുടെ ജീവിതത്തിലൂടെ ദൈവത്തിന്റെ “നീതിയും വിശുദ്ധവുമായ” വഴികളെ പ്രതിഫലിപ്പിക്കാൻ കഴിയുന്നു (വാ. 24).

—റോക്സാൻ റോബിൻസ്

ചെയ്യാം

യാക്കോബ് 1:19—20 വായിക്കുക. കോപത്തെക്കുറിച്ചും അത് നമ്മുടെ ജീവിതത്തെയും സാക്ഷ്യത്തെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതിനെക്കുറിച്ചും അത് എന്താണ് പറയുന്നതെന്ന് മനസിലാക്കുക.

ചിന്തിക്കാം

ഉത്കണ്ഠ മൂലം നിങ്ങൾക്ക് കോപം ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ ഭയത്തിന്റെയും ഉത്കണ്ഠയുടെയും മൂല കാരണങ്ങൾ ഏതെല്ലാമാണ്? നിങ്ങൾക്ക് ഉത്കണ്ഠയും ദേഷ്യവും വരാതിരിക്കാൻ ആ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?