അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായിച്ചുകളയേണമേ. പുറപ്പാട് 32:32
ഈജിപ്തിലെ ജയിലിൽ 400 ദിവസം കഴിയേണ്ടി വന്ന ഒരു ഓസ്ട്രേലിയൻ പത്രപ്രവർത്തകൻ വിമോചിതനായപ്പോൾ സമ്മിശ്ര വികാരങ്ങളാണ് പ്രകടിപ്പിച്ചത്. മോചിതനായതിൽ ആശ്വാസം ഉള്ളപ്പോൾ തന്നെ ജയിലിൽ കിടക്കുന്ന സുഹൃത്തുക്കളെയോർത്തുള്ള അഗാധമായ വ്യസനവും അയാൾ പ്രകടിപ്പിച്ചു. തന്നോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരിക്കുന്ന സഹപ്രവർത്തകരോട് യാത്ര പറയുക എന്നത് അതീവ പ്രയാസകരമായിരുന്നു – അവരിനി എത്ര കാലം തടവിൽ ആയിരിക്കും എന്നത് നിശ്ചയമില്ലാത്ത കാര്യമായിരുന്നു.
മോശെയും തന്റെ സ്നേഹിതരെ നഷ്ടപ്പെടുക എന്ന ചിന്തയിൽ ആകുലനായിരുന്നു. സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ ആരാധിച്ച തന്റെ സഹോദരനും സഹോദരിയും ജനങ്ങളും നശിച്ചു പോകുക എന്നത് ചിന്തിക്കാനാകാതെ അദ്ദേഹം അവർക്കു വേണ്ടി അപേക്ഷിച്ചു (പുറപ്പാട് 32:11-14). മോശെക്ക് അവരോട് എത്രമാത്രം കരുതലുണ്ടായിരുന്നു എന്നതാണ് തന്റെ പ്രാർത്ഥനയിൽ കാണുന്നത്, “അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായിച്ചുകളയണമേ” (വാ.32).
പൗലൊസ് അപ്പൊസ്തലനും തന്റെ ബന്ധുക്കൾക്കും സ്നേഹിതർക്കും ജനതയ്ക്കും വേണ്ടി ഇതേ കരുതൽ പ്രകടിപ്പിച്ചിട്ടുണ്ട്. യേശുവിലുള്ള അവരുടെ അവിശ്വാസത്തിൽ മനം നൊന്ത്, പൗലൊസ് പറഞ്ഞത്, തന്റെ സഹോദരീ സഹോദരന്മാരെ രക്ഷിക്കാൻ കഴിയുമെങ്കിൽ ക്രിസ്തുവുമായുള്ള തന്റെ സ്വന്തം ബന്ധം തന്നെ ഉപേക്ഷിക്കാൻ തയ്യാറാണ് എന്നാണ് (റോമർ 9:3).
പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്നത് മോശെയും പൗലൊസും പ്രകടിപ്പിച്ചത് ക്രിസ്തുവിന്റെ ഹൃദയം തന്നെയാണ് എന്നതാണ്. അവർക്ക് കേവലം തോന്നിയ സ്നേഹവും ചെയ്യുമെന്ന് വാഗ്ദത്തം ചെയ്ത ത്യാഗവും യേശു പ്രാവർത്തികമാക്കി – എന്നേക്കും നമ്മോടൊപ്പം ആയിരിക്കുന്നതിനു വേണ്ടി.
രചയിതാവ്: മാർട്ട് ഡിഹാൻ
ധ്യാനം
സ്വർഗീയ പിതാവേ, എത്രത്തോളം അവിടുന്ന് സ്നേഹിക്കുന്നു എന്ന് തിരിച്ചറിയാത്തവർക്കുവേണ്ടി ജീവിക്കുവാനും മരിക്കുവാനും അവിടുന്ന് മനസ്സായത് എത്ര വലിയ കാര്യമാണെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി.
നാം മറ്റുള്ളവരെ കരുതുന്നത് നമ്മോടുള്ള യേശുവിന്റെ സ്നേഹത്തെ മാനിക്കുന്ന കാര്യമാണ്.