ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം. ഗലാത്യർ 5:22, 23
2020 ഫെബ്രുവരി; കോവിഡ് – 19 പ്രതിസന്ധി ആരംഭിച്ച സമയം, ഒരു പത്രത്തിലെ കോളം എഴുത്തുകാരിയുടെ ചിന്തകൾ എന്നെ സ്വാധീനിച്ചു. നമ്മുടെ ജോലി, യാത്ര, ഷോപ്പിങ്ങ് രീതികൾ എന്നിവയെല്ലാം വ്യത്യാസപ്പെടുത്തി സ്വമനസ്സാ മാറിനിന്ന് മറ്റുള്ളവർക്ക് രോഗം പടർത്താതിരിക്കാൻ നമുക്ക് കഴിയുമോ എന്നവർ ആശങ്ക പ്രകടിപ്പിച്ചു. “ഇത് കേവലം ചികിത്സാ സൗകര്യങ്ങളുടെ വിലയിരുത്തലിനുള്ള സാഹചര്യമല്ല, മറിച്ച്, നമ്മെത്തന്നെ മറ്റുള്ളവർക്കുവേണ്ടി ഉപകാരപ്പെടുത്താനുള്ള മനസ്സിന്റെ പരിശോധന കൂടിയാണ്” എന്നവർ എഴുതി. പെട്ടെന്ന് തന്നെ, പരനന്മയുടെ ആവശ്യം ഒരു മുൻപേജ് വാർത്തയായി മാറി.
നാം നമ്മുടെ സ്വന്തം കാര്യങ്ങളിൽ ഉത്കണ്ഠപ്പെട്ടിരിക്കുന്ന സന്ദർഭത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിക്കുകയെന്നത് പ്രയാസകരമാണ്. നമുക്ക് ഇങ്ങനെയുള്ള അവസരങ്ങളിൽ മനഃശക്തി മാത്രമല്ല ഉള്ളത് എന്നത് നന്ദിയോടെ ഓർക്കാം. നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം; അനാസ്ഥക്ക് പകരം സ്നേഹം ഉള്ളവരാക്കാൻ, ദുഃഖത്തിൽ സന്തോഷം നല്കാൻ, ഉത്ക്കണ്ഠയെ സമാധാനം ആയി മാറ്റാൻ, പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവം ദീർഘക്ഷമ ആയി മാറ്റാൻ, മറ്റുള്ളവരെ കരുതാൻ ദയ ഉള്ളവരാക്കാൻ, മറ്റുള്ളവരുടെ ആവശ്യങ്ങളിൽ പരോപകാരം കാണിക്കുന്നവരാക്കാൻ, വാക്കുപാലിക്കാൻ വിശ്വസ്തത നല്കാൻ, പരുക്കൻ രീതികൾക്ക് പകരം സൗമ്യത ഉള്ളവരാക്കാൻ, സ്വയ കേന്ദ്രീകൃത രീതികൾ മാറി ഇന്ദ്രിയജയം പ്രാപിക്കാൻ (ഗലാത്യർ 5:22,23). ഈ ഗുണവിശേഷങ്ങളിലൊന്നും പൂർണ്ണത കൈവരിക്കാൻ കഴിയില്ലെങ്കിലും, ആത്മാവിന്റെ ഈ സദ്ഗുണങ്ങൾ നിരന്തരം ആഗ്രഹിക്കാനാണ് നാം വിളിക്കപ്പെടിരിക്കുന്നത് (എഫെസ്യർ 5:18).
റിച്ചാർഡ് ഫോസ്റ്റർ എന്ന എഴുത്തുകാരൻ ഒരിക്കൽ പറഞ്ഞത് വിശുദ്ധി എന്നത് ഒരു സഹായം ചെയ്യേണ്ട സമയത്ത് തന്നെ അത് ചെയ്യുന്നതാണ് എന്നാണ്. ഇപ്രകാരം ഉള്ള വിശുദ്ധി അനുദിനം ആവശ്യമാണ്, അല്ലാതെ ഒരു മഹാമാരി വരുമ്പോൾ മാത്രമല്ല. മറ്റുള്ളവർക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാനുള്ള കഴിവ് നമുക്കുണ്ടോ? പരിശുദ്ധാത്മാവേ, ചെയ്യേണ്ട സമയത്ത് തന്നെ സഹായം ചെയ്യുവാനുള്ള ശക്തി ഞങ്ങളിൽ നിറയ്ക്കണമേ.
രചയിതാവ്: ഷെരിദാൻ വോയ്സി
ധ്യാനം
മറ്റുള്ളവർക്കായി നിങ്ങൾ ഒരു ത്യാഗം ചെയ്തത് എപ്പോഴാണ്? നിങ്ങളുടെ ചുറ്റുപാടുമുള്ള ഏത് കാര്യത്തിലാണ് ഇന്ന് ആത്മാവിന്റെ ഫലം അനിവാര്യമായിരിക്കുന്നത്?
പരിശുദ്ധാത്മാവേ, എന്നിൽ പുതുതായി നിറഞ്ഞ് നന്മയുള്ള ഒരു വ്യക്തിയായി എന്നെ മാറ്റണമേ.