വായിക്കുക: പുറപ്പാട് 16:16-30
“അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു” (വാക്യം 23).
ഒരു അന്താരാഷ്ട്ര പണ്ഡിതൻ ഒരു ബൈബിൾ കോളേജ് സന്ദർശിച്ചപ്പോൾ, ഒരു അമേരിക്കൻ സഹപ്രവർത്തകൻ ഞായറാഴ്ച പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. ആ പണ്ഡിതനെ സംബന്ധിച്ചിടത്തോളം, ഞായറാഴ്ച ജോലി ചെയ്യുന്നത് അഭികാമ്യമല്ലായിരുന്നു. അതേസമയം, നടീൽ, വിതയ്ക്കൽ, തടമെടുക്കൽ എന്നിവ ചെയ്യുന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകന് വിശ്രമവും, ആസ്വാദനവും, മാനസിക ആശ്വാസവും പ്രദാനം ചെയ്യുന്ന കാര്യങ്ങളായിരുന്നു. രണ്ടുപേരും ശബത്ത് തത്ത്വത്തെ വ്യത്യസ്തമായി വ്യാഖ്യാനിച്ചെങ്കിലും, ഓരോ ആഴ്ചയും സ്വസ്ഥത തേടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും സമ്മതിച്ചു.
പഴയനിയമത്തിൽ ദൈവം ഒരു സ്വസ്ഥതയുടെ ദിനം ഏർപ്പെടുത്തി. ആ ദിവസം തന്റെ ജനത്തിനുവേണ്ടിയായിരുന്നു എങ്കിലും ഇസ്രായേല്യർ ഇത് എല്ലായ്പ്പോഴും മനസ്സിലാക്കിയില്ല. ആ ദിവസം എങ്ങനെ ആചരിക്കണം എന്നതിന് ദൈവം വ്യക്തമായ നിർദ്ദേശങ്ങൾ നൽകി—ആറാം ദിവസം അവർ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ശേഖരിക്കണം, അങ്ങനെ ദൈവത്തിന് സമർപ്പിച്ച ഒരു ദിവസമായ ശബ്ബത്തിൽ അവർക്ക് “സ്വസ്ഥത” ആസ്വദിക്കാൻ കഴിയും (പുറപ്പാട് 16:23). പക്ഷേ, എല്ലാവരും അത് ചെവിക്കൊണ്ടില്ല, അത് ദൈവത്തെ ആശ്ചര്യപ്പെടുത്തി. “കർത്താവ് മോശയോട് ചോദിച്ചു, ‘അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?” (വാക്യം 28).
തൻ്റെ ജനം തന്നിൽ ആശ്രയിച്ച് സ്വസ്ഥമായിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. എല്ലാത്തിനുമുപരി, നമ്മൾ യന്ത്രങ്ങളെപ്പോലെ പ്രവർത്തിക്കണമെന്ന് അവൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. നമ്മുടെ ശരീരത്തിനും, മനസ്സിനും, ആത്മാവിനും നവോന്മേഷമുണ്ടാകുവാൻ നമ്മുടെ ജോലിയിൽ നിന്ന് മാറി വിശ്രമിക്കേണ്ടത് ആവശ്യമാണെന്ന് അറിഞ്ഞുകൊണ്ട് വിശ്രമത്തിനായി ഒരു ദിവസം ദൈവം കൽപ്പിച്ചു. നാം നമ്മുടെ സ്വന്തം പ്രയത്നങ്ങൾ ഉപേക്ഷിക്കുമ്പോൾ, നമ്മുടെ സ്വന്തം അധ്വാനത്തിലൂടെയല്ല ദൈവത്താലാണ് നാം നിലനിക്കുന്നത് എന്ന് നാം അംഗീകരിക്കുന്നു.
വിശ്രമിക്കാനുള്ള ദൈവത്തിൻ്റെ കൽപ്പനയെ നിങ്ങൾ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്? നിങ്ങൾ മുമ്പ് ശബ്ബത്തിനെ അർത്ഥശൂന്യമായി കരുതിയിട്ടുണ്ടെങ്കിൽ, നിങ്ങളോടുള്ള ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ പ്രകടനമായി അതിനെ കാണുന്നത് നിങ്ങളുടെ ധാരണയെ എങ്ങനെ പുനഃക്രമീകരിക്കും? നമ്മുടെ ജോലി മാറ്റിവെച്ച് നാം അവനെ പൂർണമായി വിശ്വസിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
—ആമി ബൗച്ചർ പൈ
കൂടുതൽ അറിയുവാൻ
ദൈവം തൻ്റെ ജനത്തിന് സ്വർഗ്ഗത്തിൽ നിന്ന് മന്ന നൽകി, പിന്നീട് നമുക്ക് അവൻ സ്വർഗ്ഗത്തിൻ്റെ അപ്പമായ യേശുവിലൂടെ തന്നെത്തന്നെ നൽകി (യോഹന്നാൻ 6:25-59 കാണുക).
തുടർന്ന് ചെയ്യുവാൻ
കൃപയോടും അച്ചടക്കത്തോടും കൂടി നമുക്ക് വിശ്രമം എങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയും? അവൻ നൽകുന്ന വിശ്രമത്തിൽ ദൈവത്തിൻ്റെ സ്നേഹം നിങ്ങൾ എങ്ങനെയാണ് അനുഭവിച്ചിട്ടുള്ളത്?
|
|
|