വായിക്കുക: ലേവ്യർ 19:1-18, 33-34
പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു (വാ. 33-34).
ബെൽജിയത്തിലെ ആകർഷകമായ ഒരു പട്ടണമാണ് ഗീൽ. എന്നാൽ, അസാധാരണമായ ഒരു ജനസമൂഹമാണ് അവിടെയുള്ളത്—അവിടത്തെ നല്ലൊരു ഭാഗം ആളുകൾക്കും മാനസികരോഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ വ്യക്തികളെ സംരക്ഷിക്കുന്ന കുടുംബങ്ങൾക്ക് ഇവരുടെ രോഗാവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. പകരം, അവർ ഈ രോഗികളെ മറ്റുള്ളവരെപ്പോലെ തന്നെ കരുതുന്നു. “പ്രകടമായ മാനസിക വിഭ്രാന്തിയുള്ള ആളുകൾക്ക് ഭക്ഷണശാലയിൽ, മറ്റെല്ലാവർക്കും കൊടുക്കുന്നതുപോലെ ആദരവോടെ കാപ്പി കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,” എന്ന് ഒരു നിരീക്ഷകൻ പറഞ്ഞു. ഗീൽ എന്ന സ്ഥലത്ത് മാനസികരോഗമുള്ള ആളുകൾ നല്ല നിലയിൽ ജീവിക്കുന്നതിൽ അതിശയിക്കാനില്ല.
നമ്മെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുന്നതിൻ്റെ മനോഹരമായ ദൃഷ്ടാന്തമാണ് ഈ അസാധാരണമായ നഗരം. ഗീൽ നിവാസികൾ മാനസികരോഗികളെ സാധാരണക്കാരായി കാണുന്നതിനാൽ, അവർക്ക് സമൂഹത്തിൽ സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം അവർ സൃഷ്ടിക്കുന്നു. അതുപോലെ, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ദൈവം തൻ്റെ ജനത്തിന് മാർഗനിർദേശങ്ങൾ നൽകി. യിസ്രായേൽ ജനം ഒരുകാലത്ത് പരദേശികളായിരുന്നതുകൊണ്ട്, തങ്ങളുടെ നാട്ടിലെ പരദേശികളെ തങ്ങളെപ്പോലെ തന്നെ കരുത്തണമെന്ന് ദൈവം അവരോട് കൽപ്പിച്ചു (ലേവ്യപുസ്തകം 19:33). “പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം” (vv.33-34).
പലപ്പോഴും നാം ആളുകളെ സമ്പന്നരോ ദരിദ്രരോ, യാഥാസ്ഥിതികരോ പുരോഗമനവാദികളോ, വംശീയ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയി വേർതിരിക്കുന്നു. ഈ പ്രക്രിയയിൽ, നാമെല്ലാവരും നമുക്ക് പൊതുവായുള്ള മനുഷ്യത്വത്തെ മറന്നു പോകുന്നു. എല്ലാവർക്കും ആവശ്യമുള്ള നീതിക്കു വേണ്ടി പ്രവർത്തിക്കുന്നതിനുപകരം, നമ്മിൽ നിന്ന് വ്യത്യസ്തരായ ആളുകളെ നാം വിവിധ തരത്തിൽ മുദ്രകുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നു. മറ്റുള്ളവരുമായുള്ള വേർതിരിവുകൾ ഇല്ലാതാക്കാനും, അയൽക്കാരനെ സ്നേഹിക്കാനും, മറ്റുള്ളവരുമായി ജീവിതം പങ്കിടാനും ലേവ്യപുസ്തകം 19-ന്റെ കൽപ്പന നമ്മെ ഓർമ്മിപ്പിക്കണം. ദൈവത്തിൻ്റെ സ്നേഹത്തിൽ ജീവിക്കുമ്പോൾ, അവൻ്റെ പ്രതിച്ഛായയിൽ ഉണ്ടാക്കിയ മറ്റുള്ളവരുമായി നമുക്ക് ഭിന്നതയെക്കാൾ ഐക്യതയാണ് ഉണ്ടാകുന്നത്.
—മോണിക്ക ബ്രാൻഡ്സ്
കൂടുതൽ അറിയുവാൻ
യിസ്രായേല്യർ പരദേശികളെ സ്നേഹിക്കേണ്ടതിനുവേണ്ടി ദൈവം യിസ്രായേല്യരെ അവരുടെ ഭൂതകാലത്തെക്കുറിച്ച് ആവർത്തിച്ച് ഓർമ്മിപ്പിച്ചത് എങ്ങനെയെന്നറിയാൻ, പുറപ്പാട് 22:21-ഉം ആവർത്തനം 10:19-ഉം വായിക്കുക.
തുടർന്ന് ചെയ്യുവാൻ
മറ്റ് ജനസമൂഹങ്ങൾ നിങ്ങളുടേതിനേക്കാൾ വ്യത്യസ്തമാണ് എന്ന് പറഞ്ഞ് അവരെ അകറ്റി നിർത്തുന്നതിന് പകരം, നിങ്ങളെ അവരുമായി ഒന്നിപ്പിക്കാൻ ശ്രമിച്ചാൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകും? മുൻകാലങ്ങളിൽ നിങ്ങൾ മാറ്റിനിർത്തിയിരുന്ന ആളുകളുമായി ജീവിതം പങ്കിടാൻ നിങ്ങൾക്ക് എന്ത് നടപടികൾ സ്വീകരിക്കാനാകും?
|
|
|