യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു. ന്യായാധിപന്മാർ 6:23

പത്തുവയസ്സുള്ള ക്ലിയോ ആദ്യമായി മീൻ പിടിക്കുവാൻ പോകുകയായിരുന്നു. അവൻ ഇരയുടെ പാത്രത്തിലേക്ക് നോക്കിയപ്പോൾ അവന് അറപ്പ് തോന്നി. അവൻ എന്റെ ഭർത്താവിനോട് പറഞ്ഞു, “എന്നെ സഹായിക്കണേ, I-S-O-W!” എന്താണ് പ്രശ്‌നമെന്ന് എന്റെ ഭർത്താവ് ചോദിച്ചപ്പോൾ, ക്ലിയോ പ്രതികരിച്ചു, “I-S-O-W! (I’m scared of worms!) എനിക്ക് പുഴുക്കളെ പേടിയാണ്!” ഭയം മൂലം അവന് പുഴുവിനെ എടുത്ത് ഇര കോർക്കാൻ കഴിഞ്ഞില്ല.

മുതിർന്ന പുരുഷന്മാർ പോലും ഭയം മൂലം സ്തംഭിച്ചുപോകും. ഗിദെയോൻ ഗോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിനു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു. കർത്താവിന്റെ ദൂതൻ അവന്റെ അടുക്കൽ വന്നപ്പോൾ ഗിദെയോൻ ഭയപ്പെട്ടിരിക്കണം (ന്യായാ. 6:11). തന്റെ ജനത്തെ യുദ്ധത്തിൽ നയിക്കാൻ ദൈവം തിരഞ്ഞെടുത്തവനാണ് താൻ എന്ന് ദൂതൻ അവനോട് പറഞ്ഞു (വാ. 12-14).

ഗിദെയോന്റെ പ്രതികരണം എന്തായിരുന്നു? “അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.” (വാക്യം 15). കർത്താവിന്റെ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പു ലഭിച്ചതിന് ശേഷവും, ഗിദെയോൻ ഇപ്പോഴും ഭയചകിതനായി കാണപ്പെടുകയും താൻ വാഗ്ദാനം ചെയ്തതുപോലെ യിസ്രായേലിനെ രക്ഷിക്കാൻ ദൈവം അവനെ ഉപയോഗിക്കുമെന്നതിന്റെ അടയാളങ്ങൾ ആവശ്യപ്പെടുകയും ചെയ്തു (വാ. 36-40). ഗിദെയോൻ അഭ്യർത്ഥിച്ച കാര്യം ദൈവം ചെയ്തു. യിസ്രായേല്യർ യുദ്ധത്തിൽ വിജയിച്ചു. ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.

നമുക്കെല്ലാവർക്കും പലതരം ഭയങ്ങളുണ്ട്—പുഴുക്കൾ മുതൽ യുദ്ധങ്ങൾ വരെ. ഗിദെയോന്റെ കഥയിൽ നിന്ന് നാം പഠിക്കുന്നത് ഇതാണ്: ദൈവം നമ്മോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ, അത് ചെയ്യാനുള്ള ഉറപ്പും കഴിവും അവൻ നമുക്ക് നൽകും.

– ആനി സീറ്റാസ്

ചിന്തയ്ക്കായിട്ടുള്ളത്

കർത്താവേ, അങ്ങ് ഞങ്ങളോടൊപ്പമുണ്ടെന്ന വാഗ്ദാനത്തിന് നന്ദി.
ജീവിതത്തിൽനിന്ന് ഭയം അകറ്റാൻ, ജീവനുള്ള ദൈവത്തിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക. 

 

 

 

banner image