ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് … ആരെങ്കിലുമുണ്ടോ? 2 ശമുവേൽ 9:3

ഒരു ചെറുപ്പക്കാരി ഒറ്റക്ക് തന്റെ ചെറിയ മക്കളുമായി വിമാനത്തിലിരിക്കുകയാണ്. അവളുടെ മൂന്ന് വയസ്സുകാരി മകൾ കരഞ്ഞ് ബഹളം വെച്ചു. അപ്പോൾ 4 മാസം പ്രായമായ അവളുടെ മകൻ വിശന്ന് കരയാൻ തുടങ്ങി.

അവളുടെ അടുത്തിരുന്ന മനുഷ്യൻ പെട്ടെന്ന് ആ ചെറിയ കുഞ്ഞിനെ എടുക്കാം എന്ന് പറഞ്ഞു. ആ സമയം ആ സ്ത്രീ തന്റെ മകളെ സാന്ത്വനിപ്പിച്ചു. താൻ കുഞ്ഞുങ്ങളെ വളർത്തിയ ചെറുപ്പകാലം അയാൾ ഓർത്തു. പിന്നീട് അയാൾ പെൺകുട്ടിയെ എടുത്ത് ചിത്രം കളറ് ചെയ്യിക്കാൻ തുടങ്ങി, ആ സമയം ജസീക്ക തന്റെ ശിശുവിന് പാൽ നല്കി. അടുത്ത വിമാനം മാറിക്കയറുന്ന സമയത്തും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു.

ജെസീക്ക ഓർത്തു : ” ഇവിടെ പ്രവർത്തിച്ച ദൈവകരം എന്നെ അതിശയിപ്പിക്കുന്നു. ഞങ്ങൾക്ക് മറ്റാരുടെയെങ്കിലും സമീപത്ത് സീറ്റ് ലഭിക്കാമായിരുന്നു. എന്നാൽ ഞാനിതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ഒരാളുടെ അടുത്ത് തന്നെയാണ് ഞങ്ങൾക്ക് ഇരിക്കാനായത്.”

2ശമുവേൽ 9 ൽ , മനപ്പൂർവ്വം കാണിക്കുന്ന ദയ എന്ന് ഞാൻ വിളിക്കുന്ന ഒരു സംഭവം ഉണ്ട്. ശൗൽ രാജാവും മകൻ യോനാഥാനും കൊല്ലപ്പെട്ട ശേഷം തന്റെ സിംഹാസനത്തിന് ഭീഷണിയായ എല്ലാവരെയും ദാവീദ് കൊന്നു കളയുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു കാണും. എന്നാൽ,” ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ? ” (വാക്യം 3) എന്നാണ് ദാവീദ് ചോദിച്ചത്. യോനാഥാന്റെ മകനായ മെഫീബോശത്തിനെ അവർ ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവന് ദാവീദ് വസ്തുവകകളിന്മേൽ ശാലിന്റെ കുടുംബത്തിന്റെ അവകാശം നല്കുകയും സ്വന്തം മകനെപ്പോലെ കരുതി തന്നോടുകൂടെ ഭക്ഷിക്കുവാൻ അനുവദിക്കുകയും ചെയ്തു (വാ.11).

ദൈവത്തിന്റെ അളവില്ലാത്ത ദയക്ക് പാത്രങ്ങൾ ആയ നാം മറ്റുള്ളവരോട് മനപ്പൂർവ്വം ദയ കാണിക്കാനുള്ള അവസരങ്ങൾ കണ്ടെത്തി ഉപയോഗിക്കണം ( ഗലാത്യർ 6:10).

എഴുതിയത് ടിം: സിൻഡി ഹെസ്സ് കാസ്പർ

ചിന്തയ്ക്കായിട്ടുള്ളത്

നിങ്ങൾ ദൈവികമായ ദയ കാണിക്കേണ്ട ആരാണുള്ളത്? വേദനയിലോ നിരാശയിലോ ആയിരിക്കുന്ന ഒരാളോട് എങ്ങനെയാണ് ദയ കാണിക്കാനാകുക?
സ്വർഗീയ പിതാവേ, അവിടുന്ന് എന്നോട് കാണിച്ച ദയക്ക് നന്ദി. ഇത് ധാരാളമായി മറ്റുള്ളവരിലേക്ക് പകരുവാൻ എന്നെ സഹായിക്കണമേ.

 

 

 

banner image