അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിനും … പ്രാർത്ഥിക്കുന്നു (വാ.16). എഫെസ്യർ 3:14-21
ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്സും വാറൻ ബഫെറ്റും 2009 ൽ ആരംഭിച്ച ഒരു പ്രചരണപരിപാടിയാണ് “കൊടുക്കാനുള്ള പ്രതിജ്ഞ”; ലോകത്തിലെ ധനാഢ്യരുടെ സമ്പത്തിന്റെ അധികപങ്കും മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായമായി നല്കാൻ പ്രേരിപ്പിക്കുന്ന പദ്ധതി. ബഫെറ്റ് തന്നെ ഇതിന് മുൻകൈയെടുത്ത്, താൻ മരിക്കുന്നതോടെ തന്റെ 99% സമ്പത്തും ഇപ്രകാരം വിതരണം ചെയ്യപ്പെടുന്നതിന് പദ്ധതി തയ്യാറാക്കി. ഇത് അവിശ്വസനീയമായ ഒരു ഔദാര്യം തന്നെയാണ്. എന്നാൽ രസകരമായ കാര്യം, അദ്ദേഹത്തിന്റെ മൊത്തം ആസ്തി 72.3 ബില്യൻ ഡോളറാണ്; 99% നല്കിയാലും പിന്നെയും 700 മില്യൻ ഡോളർ അദ്ദേഹത്തിന്റെ കയ്യിൽ ബാക്കിയുണ്ടാകും.
എഫെസ്യർ 3 ലെ പൗലോസിൻ്റെ പ്രാർത്ഥന വെളിപ്പെടുത്തുന്ന യാഥാർത്ഥ്യം ഒരാൾ എത്ര സമ്പന്നനായിരുന്നാലും, ക്രിസ്തുവിലായിരിക്കുന്നവർ അതിനേക്കാൾ എത്രയോ മടങ്ങ് സമ്പന്നരായിരിക്കും എന്നതാണ്. ദൈവത്തിൻ്റെ “മഹത്വത്തിൻ്റെ ധനത്തിൻ്റെ” നാം അവകാശികളാണ്, “അവൻ്റെ ആത്മാവിനാൽ അകത്തെ മനുഷ്യൻ സംബന്ധിച്ചു നാം ശക്തിയോടെ ബലപ്പെടും” (വാ.16). ധനേതരമായ ഈ സമ്പത്തിൽ അളവുകൾ നിർണ്ണയിക്കാനാകാത്ത അപാരമായ സ്നേഹം ഉൾപ്പെടുന്നു (വാ.19). അതിലുമുപരിയായി, അവനിൽ വിശ്വസിക്കുന്നവർക്കായി, “ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ” യേശുവിന് കഴിയുകയും ചെയ്യും (വാ. 20 ).
കാര്യം ഇങ്ങനെയായതിനാൽ, ക്രിസ്തുവിൽ അതിസമ്പന്നരായിരിക്കുന്ന നമ്മെ സംബന്ധിച്ച് ഏതൊരു ത്യാഗവും യഥാർത്ഥത്തിൽ ത്യാഗമാകുന്നില്ല. അതുകൊണ്ട് വിധവ നല്കിയതുപോലെയും സമയവും ധനവുമെല്ലാം തന്റെ ശത്രുവിനു വേണ്ടി ചെലവഴിച്ച ശമര്യക്കാരനെപ്പോലെയും, ത്യാഗപൂർവ്വം നൽകുന്നതിനെക്കുറിച്ച് വചനത്തിൽ നിന്ന് ആവർത്തിച്ച് കേട്ടാലും, നാം വീണ്ടും കണക്കുകൾ പരിശോധിക്കേണ്ടിയിരിക്കുന്നു (മർക്കൊസ് 12:41-44; ലൂക്കൊസ് 10:30-37).
പരിശോധിച്ചു നോക്കിയാൽ, നാം യേശുവിൽ അതിസമ്പന്നരാണെന്നും അതുകൊണ്ട് ഏതൊരു നല്കലും യഥാർത്ഥത്തിൽ ത്യാഗമാകുന്നില്ല എന്നും മനസ്സിലാകും. നാം വീണ്ടും ദൈവത്തിന്റെ ” മഹത്വത്തിന്റെ ധനത്തിന്റെ ” സ്വീകർത്താക്കളായിരിക്കുന്നു – മറ്റുള്ളവർക്ക് സൗജന്യമായി കൈമാറ്റം ചെയ്യാവുന്ന അനന്തമായ ധനത്തിന്റെ (എഫേസ്യർ 3:16)!
രചയിതാവ്: പീറ്റർ ചിൻ
ധ്യാനം
യേശുവിൽ നിങ്ങൾ സമ്പന്നനാണെന്ന് കരുതുന്നുണ്ടോ? എന്തുകൊണ്ട്? ക്രിസ്തുവിലുള്ള നിങ്ങളുടെ മഹാധനത്തെക്കുറിച്ച് മറക്കാതിരിക്കാൻ എന്തു ചെയ്യാനാകും?