വായിക്കുക: എഫെസ്യർ 4:17–5:2

കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ (വാ. 26).

നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത് എന്താണ്? ഒരു ഗതാഗതക്കുരുക്ക്, കാൽ എവിടെയെങ്കിലും തട്ടുന്നത്, അനാദരവോടെ അവഗണിക്കപ്പെടുന്നത്, തീരുമാനം പാലിക്കാത്ത ഒരാൾ, മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് ഏൽപ്പിക്കപ്പെടുന്ന ഒരു കർത്തവ്യം മൂലം രാത്രി മുഴുവൻ ജോലി ചെയ്യേണ്ടി വരുന്നത്…. ഇതൊക്കെയാണോ? മോഹഭംഗം മൂലമാണ് കോപം ഉണ്ടാകുന്നത്. നമ്മുടെ വഴി തടയപ്പെടുമ്പോൾ, ആരെങ്കിലും, അല്ലെങ്കിൽ, മറ്റെന്തെങ്കിലും നമ്മുടെ വഴിയിൽ നിൽക്കുമ്പോൾ കോപം ഉണ്ടാകുന്നു.

എല്ലാ മനുഷ്യരും അനുഭവിക്കുന്ന ദൈവദത്തമായ വികാരമാണ് കോപം. എന്റെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ എനിക്ക് അത് വേഗത്തിൽ അനുഭവിക്കാൻ കഴിയും: ഒരു കാർ എന്റെ കാറിന്റെ മുന്നിലേക്ക് വെട്ടിച്ചു കയറ്റുമ്പോൾ, അല്ലെങ്കിൽ, ഞാൻ സംസാരിക്കുമ്പോൾ ആരെങ്കിലും ഇടയ്ക്ക് കയറി സംസാരിക്കുമ്പോൾ.

എന്നാൽ മറ്റുള്ളവർക്കുവേണ്ടി കോപിച്ച യേശുവിനെപ്പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നു. തന്റെ പിതാവിന്റെ ഭവനത്തിൽ ആളുകളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ അനുവദിക്കുകയും, അതേസമയം, വരണ്ട കൈയ്യുള്ള മനുഷ്യനെ സുഖപ്പെടുത്താൻ പാടില്ല എന്ന് ചിന്തിക്കുകയും ചെയ്ത മതനേതാക്കളോട് അദ്ദേഹം കോപിച്ചു (മത്തായി 21:12-13; മർക്കോസ് 3:5). ആളുകളോടുള്ള സ്നേഹം മൂലമാണ് യേശു കോപിച്ചത്.

കോപിക്കുന്നതിൽ തെറ്റില്ലെങ്കിലും, നാം കോപം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദൈവം കൽപ്പിക്കുന്നു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു” (എഫെസ്യർ 4:26-27). രാവിലെ വഴക്കുണ്ടാക്കിയാൽ പകൽ മുഴുവൻ ദേഷ്യത്തോടെ ഇരിക്കാൻ നമുക്ക് അനുവാദമുണ്ടെന്ന് ഇതിനർത്ഥമില്ല. കോപം നമ്മെ നിയന്ത്രിക്കരുത് എന്നതാണ് ദൈവം ഉദ്ദേശിക്കുന്നത് (വാക്യം 26).

കോപത്തെ കെട്ടഴിച്ചു വിട്ടാൽ അനാരോഗ്യകരമായ ചിന്തകളിലേക്കും പെരുമാറ്റത്തിലേക്കും നയിക്കും. വാസ്തവത്തിൽ നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി മാത്രമാണ് പോരാടുന്നതെങ്കിലും, ന്യായത്തിന് വേണ്ടി പോരാടുകയാണെന്ന് നമുക്ക് നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ കഴിയും. പകരം, നമ്മോട് തെറ്റ് ചെയ്യുന്നവരുമായി അനുരഞ്ജനം നടത്താനും, അത് വിജയിച്ചില്ലെങ്കിൽ, നമ്മുടെ കോപം അവനിൽ ഭരമേൽപ്പിക്കാനും ദൈവം ആഗ്രഹിക്കുന്നു. “അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു” (വാ.30). അവനുമായുള്ള നമ്മുടെ ബന്ധം നിമിത്തം, നമ്മുടെ കോപം അവന്റെ സ്നേഹം നിറഞ്ഞ കരങ്ങളിൽ ഏൽപ്പിക്കാൻ കഴിയും.

—മൈക്ക് വിറ്റ്മർ

ചെയ്യാം

സദൃശവാക്യങ്ങൾ 14:16-17, 22:24-25, 29:11,22 എന്നിവ വായിക്കുക. നാം കോപത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്?

ചിന്തിക്കാം

എന്താണ് ഈയിടെ നിങ്ങളെ ദേഷ്യം പിടിപ്പിച്ചത്? നിങ്ങളുടെ കോപത്തിൽ നിങ്ങൾക്ക് എങ്ങനെ ദൈവത്തെ ബഹുമാനിക്കാം?