വായിക്കുക: സങ്കീർത്തനം 4:1-8
നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. (വാ.4)
അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ യുദ്ധ സെക്രട്ടറി എഡ്വിൻ സ്റ്റാന്റൺ പക്ഷപാതം കാണിക്കുന്നു എന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ ആരോപിച്ചു. അത് സ്റ്റാന്റണെ പ്രകോപിപ്പിച്ചു. സ്റ്റാന്റൺ ലിങ്കനോട് പരാതിപ്പെട്ടു. ആ ഉദ്യോഗസ്ഥന് ഒരു കത്ത് എഴുതാൻ ലിങ്കൻ സ്റ്റാന്റണോട് നിർദ്ദേശിച്ചു. പിന്നീട്, പരുഷമായ വാക്കുകളുള്ള ഒരു കത്ത് എഴുതിയ ശേഷം, അത് അയയ്ക്കാൻ പോകുകയാണെന്ന് സ്റ്റാന്റൺ ലിങ്കനോട് പറഞ്ഞു. ലിങ്കൻ പറഞ്ഞു, “ ആ കത്ത് അയയക്കരുത്. . . . അത് അടുപ്പിൽ ഇടുക. ദേഷ്യം വരുമ്പോൾ കത്തെഴുതിയാൽ ഞാൻ അതാണ് ചെയ്യുന്നത്. അതൊരു നല്ല കത്താണ്, നിങ്ങൾക്ക് അത് എഴുതാൻ നല്ല സമയം ലഭിച്ചു. എഴുതിക്കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നുന്നുണ്ടല്ലോ. ഇപ്പോൾ അത് കത്തിച്ചു കളഞ്ഞിട്ട് മറ്റൊന്ന് എഴുതുക.”
ദേഷ്യപ്പെടാനുള്ള എല്ലാ അവകാശവും ദാവീദിനുണ്ടായിരുന്നു. വ്യാജമായ ആരോപണങ്ങളും അപവാദങ്ങളും നേരിട്ട അവന് (സങ്കീർത്തനം 4:2), തന്നെ കുറ്റം ആരോപിക്കുന്നവർക്ക് പരുഷമായ ഒരു കത്ത് എഴുതാമായിരുന്നു. പകരം, ദാവീദ് തന്റെ വികാരങ്ങളും വേദനയും ദൈവത്തിലുള്ള തന്റെ ശാന്തമായ വിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ കൊണ്ടുവന്നു. പ്രതികാരത്തിനുപകരം, അവൻ നിശബ്ദമായ ധ്യാനം തിരഞ്ഞെടുത്തു—തന്റെ കോപം വഴിതിരിച്ചുവിടുകയും, ദൈവത്തിന്റെ നന്മയെയും വിശ്വസ്തതയെയും കുറിച്ച് ശാന്തമായി ധ്യാനിക്കുകയും ചെയ്തു (വാ.3-8).
ദൈവഭക്തിയോടെ ജീവിക്കാൻ ദൈവം തന്നെ വേർതിരിച്ചിരിക്കുന്നു എന്ന് ദാവീദിന് അറിയാമായിരുന്നു (വാ.3). നമ്മെ അപകീർത്തിപ്പെടുത്തുന്നവരോട് കോപത്തോടെ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നത് അപകടകരമാണെന്ന് ദാവീദ് മുന്നറിയിപ്പ് നൽകി. ” നടുങ്ങുവിൻ; പാപം ചെയ്യാതിരിക്കുവിൻ; രാത്രിയിൽ നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിക്കുവിൻ ” എന്നത് ക്ഷിപ്രകോപത്തിനെതിരായ ഒരു മറുമരുന്നാണ് (വാ.4). കോപം തോന്നുന്നത് പാപമാകണമെന്നില്ല, എന്നാൽ കോപം നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കുന്നത് ഗുരുതരമായ പാപങ്ങളിലേക്ക് നയിക്കുന്നു (ഉല്പത്തി 4:1-8; എഫെസ്യർ 4:26-27). മറ്റൊരിടത്ത്, ദാവീദ് മുന്നറിയിപ്പ് നൽകി, “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകുകയേയുള്ളു.” (സങ്കീർത്തനം 37:8).
അപ്പോൾ, “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും” എന്ന് പറഞ്ഞുകൊണ്ട് ദാവീദിന് സന്തോഷിക്കാൻ കഴിഞ്ഞതിൽ അതിശയിക്കാനുണ്ടോ? (സങ്കീർത്തനം 4:7-8). കോപത്തിനെതിരായ ദാവീദിന്റെ മറുമരുന്ന് ( വാ.4) പ്രയോഗിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്, അല്ലെങ്കിൽ ” ഒന്ന് തണുക്ക് ഡാഡി ” എന്ന് എന്റെ മകൾ എന്നോട് പലപ്പോഴും പറയുന്നതുപോല സ്വയം പറയണം.
—കെ.ടി. സിം
ചെയ്യാം
ഒരു മനുഷ്യന്റെ കോപം എങ്ങനെയാണ് ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കാണാൻ ഉല്പത്തി 4:1-8 വായിക്കുക.
ചിന്തിക്കാം
നിങ്ങളെ പ്രകോപിപ്പിച്ച ഒരാളെക്കുറിച്ച് ചിന്തിക്കുക. 4-ാം സങ്കീർത്തനം ധ്യാനിച്ച്, വേദപുസ്തകപ്രകാരം അവനോട്/അവളോട് പ്രതികരിക്കാൻ അത് നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് കാണുക. കോപത്തോടുള്ള നിങ്ങളുടെ പോരാട്ടത്തിൽ യേശുവിന്റെ മാതൃക നിങ്ങളെ എങ്ങനെ സഹായിക്കുന്നു?
|
|
|