banner image

അബ്രാഹാമിനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ. ഗലാത്യർ 4:22

ഗലാത്യലേഖനത്തിന്റെ ഈ അധ്യായത്തിൽ പൗലൊസ് പാപം എന്ന വിഷയമല്ല കൈകാര്യം ചെയ്യുന്നത്, മറിച്ച്, സ്വാഭാവികമായതും ആത്മീയമായതും തമ്മിലുള്ള ബന്ധമാണ്. പ്രകൃത്യാ ഉള്ളവരെ ആത്മീയരാക്കാൻ കഴിയുന്നത് യാഗത്തിലൂടെയാണ്. ഇല്ലെങ്കിൽ അവർ ഇത് രണ്ടുമല്ലാത്ത ജീവിതമുള്ളവരാകും. നമുക്ക് പ്രകൃത്യാ ഉള്ളതിനെ നാം യാഗമർപ്പിക്കണം എന്ന് ദൈവം ആവശ്യപ്പെടാൻ കാരണമെന്ത്? സത്യത്തിൽ ദൈവം അത് ആവശ്യപ്പെടുന്നില്ല. ദൈവത്തിന്റെ സമ്പൂർണ്ണഹിതമല്ല അത്, അനുവദനീയ ഹിതം മാത്രമാണ്. ദൈവത്തിന്റെ സമ്പൂർണ്ണ ഹിതത്തിൽ പ്രകൃത്യാ ഉള്ളവ അനുസരണത്തിലൂടെ ആത്മീയമായി മാറണം എന്നാണ് ഉള്ളത്. എന്നാൽ പാപം ആണ് പ്രകൃത്യാ ഉള്ളവയുടെ യാഗം അനിവാര്യമാക്കുന്നത്.

യിസ്ഹാക്കിനെ യാഗം അർപ്പിക്കുന്നതിന് മുമ്പ് അബ്രാഹാമിന് യിശ്മായേലിനെ ബലിയർപ്പിക്കേണ്ടി വന്നു (ഉല്പത്തി 21:8-14). നമ്മിൽ ചിലരെങ്കിലും നമുക്ക് സഹജമായുള്ളതിനെ യാഗമർപ്പിക്കുന്നതിനു മുന്നേ ആത്മീയയാഗം അർപ്പിക്കാൻ ശ്രമിക്കാറുണ്ട്. ദൈവത്തിന് ആത്മീയയാഗം അർപ്പിക്കാനുള്ള ഏക മാർഗം “നമ്മുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി അർപ്പിക്കുന്നതാണ്..” (റോമർ 12:1). വിശുദ്ധീകരണം എന്നത് പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല. അത് രക്ഷകനായ ദൈവത്തിന് എന്നെത്തന്നെ ബോധപൂർവ്വം സമർപ്പിക്കുന്നതും അതിനായി എന്ത് വില കൊടുക്കാനും തയ്യാറാകുന്നതുമാണ്.

ആത്മീയമായതിനു വേണ്ടി നാം സഹജമായവയെ ബലിയർപ്പിക്കുന്നില്ലെങ്കിൽ, നമ്മുടെ സ്വാഭാവിക ജീവിതം ദൈവപുത്രനിലുള്ള നമ്മുടെ ജീവിതത്തിന് പ്രതിബന്ധമാകുകയും നിരന്തരമായി സംഘർഷം സൃഷ്ടിക്കുകയും ചെയ്യും. അത് അച്ചടക്കമില്ലാത്ത ആത്മീയ ജീവിതത്തിന് കാരണമാകും. ശാരീരികമായും ധാർമ്മികമായും മാനസികമായും ഉള്ള അച്ചടക്കത്തിന് വിധേയപ്പെടാത്തതിനാൽ നാം തെറ്റിപ്പോകുന്നു. എന്നിട്ട് നാം ന്യായീകരിക്കാൻ ശ്രമിക്കുന്നു: “ഞാൻ കുട്ടിയായിരുന്നപ്പോൾ അച്ചടക്കത്തിൽ പരിശീലിപ്പിക്കപ്പെട്ടില്ല” എന്ന്. എങ്കിൽ ഇപ്പോൾ ആ ശിക്ഷണം നേടുക. അല്ലെങ്കിൽ ദൈവത്തിനായുള്ള നിങ്ങളുടെ ജീവിതം താറുമാറായിപ്പോകും.

നാം നമ്മുടെ ജഡിക ജീവിതത്തെ അതിയായി താലോലിക്കാനും തൃപ്തിപ്പെടുത്താനും ശ്രമിക്കുമ്പോൾ ദൈവം ആ കാര്യത്തിൽ ഉൾപ്പെടാതെ മാറിനില്ക്കും. എന്നാൽ നാം അതിനെ മരുഭൂമിയിലുപേക്ഷിച്ച്, നിയന്ത്രണ വിധേയമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ ദൈവവും അതിൽ ഇടപെടും. അവൻ കിണറുകളും മരുപ്പച്ചകളും നൽകി നമ്മുടെ സ്വാഭാവിക ജീവിതത്തോടുള്ള വാഗ്ദത്തങ്ങൾ എല്ലാം പാലിക്കും (ഉല്പത്തി 21:15-19).
രചയിതാവ്: ഓസ്വാൾഡ് ചേമ്പേഴ്‌സ്

ധ്യാനം
ഒരു മനുഷ്യന്റെ ഹൃദയം ദൈവത്തോട് ചേർന്നു വരുമ്പോൾ ബൈബിളിലെ ഗൂഢമായ വചനങ്ങളെല്ലാം അവന് ആത്മാവും ജീവനും ആയിത്തീരും. ആത്മീയ സത്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നത് ശുദ്ധമായ ഹൃദയത്തിനാണ്, സൂക്ഷ്മമായ ബുദ്ധിക്കല്ല. അത് ബുദ്ധിപാരംഗതയുടെ വിഷയമല്ല, പരിശുദ്ധമായ ഹൃദയത്തിന്റേതാണ്.