നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു… അവനു… അത്ഭുതമന്ത്രി… എന്നു പേർ വിളിക്കപ്പെടും (വാ. 6). യെശയ്യാവ് 9:1-7
വളരെ പ്രശസ്തമായ ഒരു കോമിക് സ്ട്രിപ്പിൽ ലൂസി ഒരു താൽക്കാലിക ഓഫീസ് സ്ഥാപിക്കുകയും ചെറിയ തുകയ്ക്ക് താൻ ഉപദേശങ്ങൾ നൽകുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് ചാർലി ബ്രൗൺ സമീപിച്ച് തനിക്ക് എങ്ങനെ അവഗണിക്കപ്പെടുന്നുവെന്നും പ്രാധാന്യമില്ലാത്തവനാണെന്നും തോന്നുന്നുവെന്ന് അവളോട് പറയുന്നു. താല്പര്യം ഏതുമില്ലാതെ ആ ‘കൗൺസിലർ’ നിസ്സാരമായി “പോയി കുറച്ചു ചങ്ങാതിമാരെ ഉണ്ടാക്കു” എന്ന ലളിതമായ പരിഹാരം നിർദ്ദേശിക്കുകയും അവൾ തന്റെ ഫീസ് കൈപ്പറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. ഹൊ!
നാം നമ്മുടെ പ്രശ്നങ്ങളും ഉത്കണ്ഠകളും യേശുവിന്റെ സന്നിധിലേക്ക് കൊണ്ടു വരുമ്പോൾ ഫലം തികച്ചും വ്യത്യസ്തമാണ്. മശിഹാ ജനിക്കുന്നതിനു 750 വർഷങ്ങൾ മുൻപ് തന്നേ യെശയ്യാവ് പ്രവിചിച്ചത് അവൻ അത്ഭുതമന്ത്രി (വിസ്മയനീയനായ ഉപദേഷ്ടാവ് MLCL) എന്ന് വിളിക്കപ്പെടും എന്നാണ് (യെശയ്യാവ് 9:6).
ഒരു പ്രശ്നത്തിന്റെ കാതലായ കാര്യത്തിലേക്ക് എത്താനും അത് പരിഹരിക്കാനുള്ള വഴികളും ഒരു നല്ല ഉപദേഷ്ടാവിന് അറിയാം മനുഷ്യപ്രകൃതിയേക്കുറിച്ചുള്ള പൂർണ്ണധാരണ യേശുവിനു ഉണ്ടായിരുന്നതുകൊണ്ട് (യോഹ 2:24-25) തന്റെ അടുക്കൽ വന്ന സ്ത്രീയെ സഹായിക്കുവാൻ യേശുവിനു കഴിഞ്ഞു. യേശുവിൽ മാത്രം ലഭിക്കുവാൻ കഴിയുന്ന സംതൃപ്തി നേടുവാനായി അലഞ്ഞതുകൊണ്ടാണ് കുടുംബ ജീവിതം ശിഥിലമായത് എന്ന് അവൾക്ക് മനസ്സിലാക്കാൻ യേശു സഹായിച്ചു. പരീശന്മാരുടെ കപടഭക്തി അവരുടെ സ്വാർത്ഥതയുടെ ലക്ഷണമാണെന്ന് യേശു കണ്ടെത്തി (മത്തായി 23:1-7). ആരാണ് വലിയവൻ എന്ന് ശിഷ്യന്മാർ തമ്മിൽ വാദിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ചിന്തകളെ യേശു അറിയുകയും അവൻ അവരെ താഴ്മയിലേക്ക് നയിക്കുകയും ചെയ്തു (ലൂക്കോസ് 9:46-48).
യേശുവിന്റെ ഉപദേശ ശുശ്രൂഷയുടെ ഉദ്ദേശം-തന്റെ ഭൗമിക ശുശ്രൂഷയുടെയും നമ്മുടെ ഇന്നത്തെ ജീവിതങ്ങളുടേയും-സമാധാനം ആണ്. സമാധാനത്തിന്റെ എബ്രായ പദമായ ‘ശാലോ’മിനു പ്രശ്നങ്ങളിൽ നിന്നുമുള്ള താൽക്കാലിക ആശ്വാസം എന്നതിനുപരിയായ അർഥമുണ്ട്. സമാധാനപ്രഭുവായ യേശു നമുക്ക് ദൈവത്തോടും മറ്റുള്ളവരോടുമുള്ള ഐക്യം കണ്ടെത്താൻ സഹായിക്കുന്നു. നാം പാപം ചെയ്യുമ്പോൾ നമുക്കായി അവൻ പക്ഷവാദം ചെയ്യുന്നു (1 യോഹ 2:1-2). അവന്റെ കൃപയും സ്നേഹവും നാം മറ്റുള്ളവരിലേക്ക് പകരുമ്പോൾ നമ്മുടെ ബന്ധങ്ങൾ തഴക്കുവാനും അവൻ നമ്മെ സഹായിക്കുന്നു.
സൗഖ്യത്തിന്റെ പാതയിലേക്ക് നമ്മെ നയിക്കാൻ തക്കവണ്ണം നമുക്ക് യേശുവിൽ ആശ്രയിക്കാം. അവനെപ്പോലെ മറ്റാരും നമ്മെ മനസ്സിലാക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല.
-ജെന്നിഫർ ഷൂൾട്
ചിന്തയ്ക്കായിട്ടുള്ളത്
വായിക്കുക: സങ്കീർത്തനം 32:7-9, ദൈവത്തിന്റെ ആർദ്രമായ കരുതലിന്റെയും വഴി നടത്തിപ്പിന്റെയും ചിത്രം ആസ്വദിക്കുക.
അടുത്തത്: നിങ്ങളുടെ ജീവിതത്തിലെ എന്തൊക്കെ വൈഷമ്യങ്ങൾ ഒരു വലിയ അടിസ്ഥാന പ്രശ്നത്തിന്റെ ലക്ഷണങ്ങളാവാം? ഏതൊക്കെ പോരാട്ടങ്ങളിലാണ് പിന്തുണയും സൗഖ്യവും തേടാൻ ആത്മാവ് നിങ്ങളെ പ്രേരിപ്പിക്കുന്നത്?
|
|