നാം അവന്റെ കൈപ്പണിയായി സത്പ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു. എഫെസ്യർ 2:10
എന്റെ സൃഹൃത്ത് അവൾ വാങ്ങിയ പലവ്യഞ്ജന സാധനങ്ങളുടെ ബില്ലടക്കാൻ വരിയിൽ നില്ക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ മുമ്പിൽ നിന്ന ഒരു മനുഷ്യൻ അവളുടെ ബില്ലിന് ആവശ്യമായി വരുന്ന 10 പൗണ്ട് (ഏകദേശം 820 രൂപ ) അവൾക്ക് നല്കി. ഈ ദയയുടെ പ്രവൃത്തിയിൽ അവൾ കരഞ്ഞു പോയി. പിന്നെ കരഞ്ഞു പോയതിന് സ്വയം പഴിച്ചു. ഈ അപ്രതീക്ഷിതമായ ദയ അവളുടെ ഹൃദയത്തെ അത്രമേൽ സ്പർശിച്ചു. വല്ലാതെ പ്രയാസത്തിലായിരുന്ന അവൾക്ക് ജീവിക്കാനുള്ള പ്രതീക്ഷ നല്കി. മറ്റൊരാളിലൂടെ അവളിലേക്ക് ചൊരിഞ്ഞ നന്മക്ക് അവൾ കർത്താവിന് നന്ദി പറഞ്ഞു.
വിജാതീയ ക്രിസ്ത്യാനികളായിരുന്ന എഫെസ്യർക്ക് പൗലോസ് എഴുതിയ ലേഖനത്തിന്റെ ഒരു വിഷയം സഹായം നല്കുന്നതിനെക്കുറിച്ചാണ്. കൃപയാൽ രക്ഷിക്കപ്പെട്ടതുകൊണ്ട് പഴയ ജീവിതം ഉപേക്ഷിച്ച് പുതിയ ജീവിതം നയിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയാണ്. ഈ രക്ഷിക്കുന്ന കൃപയിൽ നിന്നും “സത്പ്രവൃത്തി ചെയ്യാനുള്ള” ആഗ്രഹവും നമ്മിലേക്ക് പ്രവഹിക്കുന്നുണ്ട്; കാരണം, നാം ദൈവത്തിന്റെ ഛായയിൽ അവന്റെ ” കൈപ്പണി” യായി സൃഷ്ടിക്കപ്പെട്ടവരാണ് (2: 10). ആ സൂപ്പർമാർക്കറ്റിലെ മനുഷ്യനെപ്പോലെ, നമുക്കും നമ്മുടെ അനുദിന ജീവിതത്തിലെ പ്രവൃത്തികളിലൂടെ ദൈവത്തിന്റെ സ്നേഹം പ്രദർശിപ്പിക്കാൻ കഴിയും.
ദൈവത്തിന്റെ കൃപ പ്രദർശിപ്പിക്കാൻ ഭൗതികവസ്തുക്കൾ തന്നെ നല്കണമെന്നില്ല. മറ്റ് പലകാര്യങ്ങളിലൂടെയും നമുക്ക് ദൈവസ്നേഹം പ്രകടിപ്പിക്കാനാകും. നമ്മോട് സംസാരിക്കുന്നവരെ ശ്രദ്ധിക്കാൻ സമയം എടുക്കാം. നമുക്ക് സേവനം ചെയ്യുന്ന ഒരാളുടെ ക്ഷേമം അന്വേക്ഷിക്കാനാകും. ആവശ്യങ്ങളുള്ള ഒരാളെ സഹായിക്കാൻ കഴിയും. നാം മറ്റുള്ളവർക്കായി ചെലവിടുമ്പോൾ പകരം നമുക്ക് ആനന്ദം ലഭിക്കും ( അപ്പ.20:35).
എഴുതിയത് ടിം: അമി ബൌച്ചർ പൈ
ചിന്തയ്ക്കായിട്ടുള്ളത്
അവന്റെ കൃപാവരങ്ങളിലൂടെ ദൈവത്തിന്റെ സ്നേഹം പകർന്നു നല്കാൻ സൃഷ്ടിക്കപ്പെട്ടവരാണ് നാം.
പ്രിയ പിതാവേ, അവിടുത്തെ ഛായയിൽ ഞങ്ങളെ സൃഷ്ടിച്ചല്ലോ; അതിനാൽ അവിടുത്തെ സ്നേഹവും ജീവനും പങ്കുവെക്കാൻ ഞങ്ങൾക്കാകും എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മറ്റുള്ളവർക്ക് നല്കുവാനുള്ള അവസരങ്ങൾ ഇന്ന് കാണിച്ചു തരണമേ.
|
|