നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിൽ ആയിരിക്കേണ്ടതിന് വലങ്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയരുത്. മത്തായി 6:3
ഞാൻ കോളേജിൽ ഗ്രാജ്വേഷൻ ചെയ്യുന്ന കാലത്ത് എന്റെ ഒരാഴ്ചത്തെ പലവ്യഞ്ജന ചെലവ് 25 ഡോളറിൽ (ഏകദേശം 2000 രൂപ) ഒട്ടും കൂട്ടാൻ എനിക്ക് നിവൃത്തിയില്ലായിരുന്നു. ഒരു ദിവസം ഞാൻ സാധനം വാങ്ങി ബില്ലടക്കാൻ നില്ക്കുമ്പോൾ വാങ്ങിയ സാധനങ്ങൾ കൈയിലുള്ള പണത്തേക്കാൾ കൂടുതലാണോ എന്നൊരു സംശയം എനിക്ക് തോന്നി.” ബില്ല് തുക 20 ഡോളർ ആകുമ്പോൾ നിർത്തണം” എന്ന് ഞാൻ കാഷ്യറോട് പറഞ്ഞു. ഞാൻ തെരഞ്ഞെടുത്തതിൽ ഒരു ബാഗ് കാപ്സിക്യം ഒഴികെ ബാക്കിയെല്ലാം ആ തുകയിൽ ഒതുങ്ങി.
ഞാൻ വീട്ടിലേക്ക് പോകാൻ കാറിൽ കയറിയപ്പോൾ ഒരാൾ എന്റെ അടുത്ത് വന്നു.” മാഡം, ഇതാ നിങ്ങളുടെ കാപ്സിക്യം ” എന്ന് പറഞ്ഞ് ബാഗ് എന്റെ കയ്യിലേക്ക് തന്നു. എനിക്ക് എന്തെങ്കിലും പറയാൻ കഴിയും മുമ്പ് അയാൾ വേഗം പോയി.
ഈ ചെറിയ ദയാപൂർവ്വമായ നന്മ പ്രവൃത്തി ഓർക്കുമ്പോഴൊക്കെ എന്റെ ഹൃദയം ഊഷ്മളമാകുകയും മത്തായി 6 ലെ യേശുവിന്റെ വാക്കുകൾ ഓർമ വരികയും ചെയ്യും. ഭിക്ഷ കൊടുക്കുമ്പോൾ അത് പരസ്യം ചെയ്യുന്നവരെ വിമർശിച്ചുകൊണ്ട് ( വാ. 2) യേശു വ്യത്യസ്തമായ രീതി ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവർക്കുള്ളത് സകലതും ഔദാര്യമായി കൊടുക്കണമെന്നല്ല, അവർ നല്കുമ്പോൾ വലതു കൈ നല്കുന്നത് ഇടതുകൈ അറിയാത്ത വിധം രഹസ്യമായി നല്കണമെന്നാണ് അവിടുന്ന് ആഹ്വാനം ചെയ്തത് ( വാ.3 ) !
ആ മനുഷ്യന്റെ ആളറിയാത്ത ദയ എന്നെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കാര്യം, സഹായിക്കുന്നത് നമ്മുടെ സ്വന്തമായവ കൊണ്ടല്ല എന്നതാണ്. ഔദാര്യവാനായ ദൈവം നമുക്ക് ധാരാളമായി നല്കിയതു കൊണ്ടാണ് നാം നല്കുന്നത് ( 2 കൊരിന്ത്യർ 9:6-11). നാം രഹസ്യമായും ഔദാര്യമായും നല്കുമ്പോൾ ദൈവം ആരാണെന്ന് നാം വെളിപ്പെടുത്തുകയാണ്; തനിക്കു മാത്രം അവകാശപ്പെട്ട നന്ദി അവിടുന്ന് ഏറ്റുവാങ്ങുകയുമാണ് (വാ.11).
എഴുതിയത് ടിം: മോനിക്ക ലാ റോസ്
ചിന്തയ്ക്കായിട്ടുള്ളത്
നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതുപോലെ ആളറിയാത്ത ദയ ലഭിച്ചിട്ടുണ്ടോ? നിങ്ങളുടെ അനുഭവം Facebook.com/ourdailybreadindia. ൽ പങ്കുവെക്കുക.
രഹസ്യമായും ഔദാര്യമായും നല്കുമ്പോൾ നാം ദൈവത്തിന്റെ ഔദാര്യത്തെ പ്രതിഫലിപ്പിക്കുകയാണ്.
|
|
|