അനിതരസാധാരണമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഇന്നത്തെ ചാർട്ടുകൾ വായിക്കുമ്പോൾ നാളെ ഞാനും സ്ഥിതിവിവരക്കണക്കിന്റെ ഭാഗമായേക്കാം എന്ന ഭയമാണ് എന്നെ ഗ്രസിക്കുന്നത്. ദൈവം എന്നെ പേരുചൊല്ലി അറിയുമ്പോഴും, ഞാനും നിങ്ങളും വളരെ വേഗം  ഗവണ്മെന്റ് രേഖകളിലെ പൊടിപിടിച്ച ഫയലുകളിലെ ഒരു അക്കം  മാത്രമായി മാറിയേക്കാം. തീർച്ചയായും നാം വീണുപോയിരിക്കുന്നു, എന്നാൽ എവിടെ? എങ്ങനെ? ഈ ഭീമമായ നഷ്ടങ്ങളെല്ലാം എന്നെങ്കിലും നികത്താനാകുമോ? ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിൽ, ചോദ്യങ്ങളുടെ മറ്റൊരു കൂമ്പാരത്തിലേക്ക് നാം ക്രൂരമായി തള്ളപ്പെടുന്നു.

മണ്മറഞ്ഞു പോയ പോപ്പ് സ്റ്റാർ ജോർജ്ജ് മൈക്കിൾ, 1990 ൽ ശ്രദ്ധേയമായ ഒരു  ഗാനം രചിച്ചു. അദ്ദേഹം എഴുതി;

ദൈവം സ്‌കോർ സൂക്ഷിക്കുന്നത് നിർത്തി.

വഴിയിൽ എവിടെയോ അവൻ

നമ്മെയെല്ലാം കളിക്കാനിറക്കിവിട്ടെന്നു ഞാനൂഹിച്ചു.

താൻ പുറംതിരിഞ്ഞതും, ദൈവത്തിന്റെ മക്കളെല്ലാം

പിൻവാതിലിലൂടെ പുറത്തിറങ്ങി…

ഒരു പരിധിവരെ നമുക്കും കണക്കു തെറ്റിയിരിക്കുന്നു. ഇപ്പോൾ നാം നേരിടുന്ന പ്രതിസന്ധി ഇന്നവസാനിക്കുകയോ നാളെ അപ്രത്യക്ഷമാവുകയോ ചെയ്യുന്നതല്ല. അതിവിടെ തുടരും. നാമാകട്ടെ, പുതിയ യെരുശലേമിന്റെ പ്രത്യാശയിലുള്ള നമ്മുടെ ജീവിത പാതയിൽ മുന്നേറുകയും ചെയ്യും.

കർത്തൃമേശയുടെ രീതിക്കു കഴിഞ്ഞ ഒരു വർഷംകൊണ്ട് കാര്യമായ പരിവർത്തനം സംഭവിച്ചിരിക്കുന്നു. പലരും ഇന്റർനെറ്റ് വഴിയായി കർത്തൃമേശ നടത്തി (അത് യഥാർത്ഥത്തിൽ കൂട്ടായ്മ ആകുന്നില്ല, കാരണം മനുഷ്യർ തമ്മിൽ ഒത്തു ചേരാത്തിടത്ത്  കൂട്ടായ്മ നടക്കുന്നില്ല). തിരുമേശയ്ക്കായി ദൈവമക്കൾ ഒത്തുചേരാത്തിടത്ത് സഭ നിലച്ചുപോകുന്നു. അൾത്താര അതു നിന്ന സ്ഥിരസ്ഥാനത്തുനിന്നു നമ്മുടെ വീടുകളിലേക്ക് സ്ഥാനം മാറിയപ്പോൾ, കർത്തൃമേശയ്ക്കു പുതിയ അർത്ഥം കൈവന്നു. പ്രത്യേകിച്ച് നാം നമ്മുടെ പക്കലുള്ള അഞ്ചപ്പവും രണ്ടു മീനും, മേശ ശൂന്യമായവരുമായി പങ്കിടുമ്പോൾ! അത് എന്നെ സംബന്ധിച്ച് വചനം ജഡമായിത്തീർന്നതിന്റെ ഒരു ശ്രദ്ധേയ വെളിപ്പെടുത്തലായി മാറി. സഭയുടെ നാലു ചുമരുകൾക്കുള്ളിൽ നാം അപ്പം നുറുക്കുകയും പാനപാത്രത്തിൽ പങ്കാളികളാകുകയും ചെയ്തിരുന്നിടത്തോളം, നാം നമ്മുടെ ആത്മീയ സ്വയം പര്യാപ്തതയിൽ സംതൃപ്തരായിരുന്നു, ക്രിസ്തു നമ്മുടേതു മാത്രമായിരുന്നു. മറ്റുള്ളവരെക്കൂടി ഉൾക്കൊള്ളുവാനും ഈ മേശ അതില്ലാത്തവരുമായി പങ്കിടുവാനും മഹാമാരി നമ്മെ പ്രേരിപ്പിച്ചു. സ്‌നേഹത്തെ ദൃശ്യമായി വെളിപ്പെടുത്താൻ അദൃശ്യമായ ഒരു ശക്തി വേണ്ടിവന്നു. ഇത്രയും ശക്തിയേറിയ ഒരു ദുരന്തത്തിനു മാത്രമേ, ഇപ്രകാരം പ്രവർത്തിക്കുന്നതിനു നമ്മെ ഒരുക്കാൻ കഴിയുകയുള്ളു. ക്രൂശിലേക്കു തന്നെ നയിച്ച, ആസന്നമായ, അതിക്രൂരമായ മരണത്തിന്റെ മുഖത്താണ് യേശു അപ്പം നുറുക്കിയത്. നാമും അതുതന്നെ ചെയ്യുകയും ഭയാനകമായ നഷ്ടങ്ങളുടെ മദ്ധ്യേ, പുറത്തുള്ള വിശപ്പിന്റെയും മരണത്തിന്റെയും മണ്ഡലത്തിൽ നാം അപ്പമായി നുറുക്കപ്പെടുകയും വേണം. എന്നെ സംബന്ധിച്ച് ഇത്, സഭയുടെ ഒരു രൂപാന്തരീകരണ ഉദ്ദേശ്യമാണ്. ഒരു ഭൗമിക ശക്തിക്കോ, ബോർഡിനോ, കമ്മറ്റിക്കോ, പുരോഹിതനോ, ബിഷപ്പിനോ ചെയ്യാൻ കഴിയാത്ത കാര്യമാണ് സഭ ഒരു നുറുക്കപ്പെട്ട അപ്പമായിത്തീർന്നുകൊണ്ട് ചുറ്റുമുള്ള ലോകത്തിനു ചെയ്തത്. നാം ആരാധനകൾ നിർത്തിവെച്ചിട്ടുണ്ടാകാം, പക്ഷേ സേവനം ചെയ്യുന്നത് നിർത്തിയിട്ടില്ല.

 

സഭകൾ വീണ്ടും തുറന്ന കുറച്ച് മാസങ്ങൾ ആളുകൾ സഭയിലേക്കു ഇരച്ചുകയറി. ജനം പ്രത്യാശയ്ക്കായി ആർത്തിയോടെ നോക്കുകയായിരുന്നു. പ്രത്യാശ നല്കാൻ നമ്മുടെ ജോലിക്കു കഴിയാത്തതിനാൽ അതിലുള്ള വിശ്വാസം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. കാരണം അവ നമുക്കു മുമ്പിൽ അടയ്ക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു വർഷത്തോളമായി അടഞ്ഞു കിടക്കുന്നു. വളരെ ഭയത്തോടും ആശങ്കകളോടെയുമാണ് നാം തെരുവിലേക്ക് ഇറങ്ങുന്നത്. ജോർജ്ജ് ഫ്‌ളോയിഡിന്റെ അന്ത്യമൊഴികൾ, ”എനിക്ക് ശ്വാസം മുട്ടുന്നു” എന്നത് ഇന്ന് നമുക്കും ബാധകമായിരിക്കുന്നു, കാരണം, നമുക്കു ജീവവായു നിഷേധിച്ചും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള നമ്മുടെ ആവശ്യത്തെ ശ്വാസം മുട്ടിച്ചും നമുക്ക് മനുഷ്യരായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ജീവിതം നമുക്കു നിഷേധിച്ചിരിക്കുന്നു. ഇതു ഭയാനകമാംവിധം ഇന്നത്തെ ഭൂമിയുടെ ക്രമരാഹിത്യം ആയി മാറിയിരിക്കുന്നു. ”എനിക്കു ശ്വാസം മുട്ടുന്നു” എന്നത് നമ്മുടെ സാർവ്വലൗകിക ലോകവ്യാപക മുദ്രാവാക്യം ആയി മാറിയിരിക്കുന്നു. മനുഷ്യനായി ജീവിക്കുക എന്നാൽ എന്താണെന്നു നമുക്ക് ഉറപ്പില്ലാതായിരിക്കുന്നു.

നമ്മെ ഉണർത്താനായി ദൈവം അയച്ചതാകുമോ ഈ വൈറസ്?  ജീവിതത്തിലെ വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നാം ധൃതി കാണിക്കരുത് എന്നു ഞാൻ മുന്നറിയിപ്പു നൽകുന്നു. ദൈവത്തെ പൈശാചികമായി കാണുന്നത് അപകടകരമാണ്, ദെവം ദൈവമായി തന്നെ ഇരിക്കട്ടെ. എന്നിരുന്നാലും, ഈ വൈറസ് നമ്മെ എല്ലാവരെയും ഉണർത്തുക തന്നെ ചെയ്തു. സഭയ്ക്ക് പുറത്തുള്ളവരോട്,  പ്രത്യേകാൽ  മറ്റു മതസ്ഥരായ നമ്മുടെ സഹോദരങ്ങളോട്, ഇതുവരെ കാണാത്ത പുതിയ വഴികളിലൂടെ സ്‌നേഹം പ്രകടിപ്പിക്കാൻ നാം പഠിച്ചു.

സങ്കീർത്തനം 126:1 പറയുന്നു, ”യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്‌നം കാണുന്നവരെപ്പോലെ ആയിരുന്നു.” അതിനർത്ഥം നമ്മുടെ വേദനക്ക് ഒരു കാലഹരണത്തീയതി ഉണ്ടെന്നും അത് എന്നാണെന്നു ദൈവം അറിയുന്നു എന്നും അവിടുത്തേക്കു ചില ക്രമങ്ങളും ഘടനകളും ഉണ്ട് എന്നുമാണ്. അവിടുത്തെ കണ്ണുകൾ ഘടികാരത്തിലാണ്, നമ്മുടെ കഥകൾ എങ്ങനെ അവസാനിക്കുമെന്ന് അവിടുത്തേക്കറിയാം. അവിടുത്തെ കണ്ണുകൾ കുരികിലിനെ ദർശിക്കുന്നുവെങ്കിൽ അവ നമ്മെയും ദർശിക്കുന്നു എന്നുറപ്പാണ്.  അജ്ഞാതമായ ഒരു പ്രദേശത്തുകൂടി, ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു നാം സഞ്ചരിക്കുമ്പോൾ, പ്രത്യാശയുടെ ഒരു വചനം ഞാൻ നിങ്ങൾക്കു നൽകട്ടെ – മരണ നിഴലിൻ താഴ്‌വരയിലൂടെ ഞാൻ നടന്നാലും താഴ്‌വര എന്നിലൂടെ നടക്കുകയില്ല.

പാസ്റ്റർ ആനന്ദ് പീകോക്ക്‌