എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ. റോമർ 15:13
എന്റെ അഞ്ചു വയസ്സുള്ള അനന്തിരവൾ അന്നിക്ക അമ്പരന്നു. ഇന്നു ക്രിസ്തുമസ് അല്ലങ്കിൽ, എന്തുകൊണ്ടാണ് ക്രിസ്തുമസ് ലൈറ്റുകൾ കത്തിച്ചത്? ക്രിസ്തുമസ് ഒരു ദിവസം മാത്രമല്ല, ഒരു സീസണാണെന്ന് ഞാൻ വിശദീകരിച്ചപ്പോൾ, അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു. “എല്ലാ ദിവസവും ക്രിസ്തുമസ്!” സന്തോഷത്താൽ കൈകൊട്ടി അവൾ തുള്ളിചാടി.
ആ നിമിഷം ഇപ്പോഴും എനിക്ക് ശുദ്ധമായ സന്തോഷത്തിന്റെ അമൂല്യമായ ചിത്രമായി അവശേഷിക്കുന്നു – അത് സ്വാഭാവികമായും സ്വതസിദ്ധമായ ആഘോഷം പൊട്ടിതുറക്കുന്ന നിമിഷമായി തീർന്നു. അന്നിക്ക പറഞ്ഞത് വളരെ ശരിയാണ്- എല്ലാ ദിവസവും ക്രിസ്തുമസ് ആണ്. നമ്മുടെ ലോകത്ത് പ്രവേശിക്കുവാനും നമ്മുടെ വേദന പങ്കിടാനും തിന്മയെയും മരണത്തെയും എന്നെന്നേക്കുമായി പരാജയപ്പെടുത്താനും വന്ന ഒരു ദൈവത്തെക്കുറിച്ചുള്ള സത്യത്താൽ നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും രൂപാന്തരപ്പെട്ടതിന്റെ ആഘോഷമാകുന്നു ഓരോ ക്രിസ്തുമസും.
ആ വിജയത്തിന്റെ വലിപ്പം പൂർണ്ണമായി നമുക്ക് ഇപ്പോൾ കാണാൻ കഴിവില്ലെങ്കിലും (8:24-25), ദൈവം നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിൽ മനസ്സിലാക്കുവാൻ തുടങ്ങുമ്പോൾ, യഥാർത്ഥ പ്രത്യാശയിൽ അധിഷ്ഠിതമായ സന്തോഷം (15:4) നമുക്ക് ഓരോരുത്തർക്കും അനുഭവിക്കുവാൻ കഴിയും.
യേശുവിൽ വിശ്വാസം അർപ്പിക്കുന്ന നമ്മെ, ആത്മാവിന്റെ സ്നേഹത്താൽ ഐകമത്യപ്പെട്ട ദൈവകുടുംബത്തിലേക്ക് സ്വാഗതം ചെയ്യതിന്റെ അമൂല്യമായ സന്തോഷം, തുടർന്ന് എല്ലാ ദിവസവും നാം അനുഭവിക്കുന്നു. (വാ. 5-7). അങ്ങനെ, യേശുവിന്റെ ആത്മാവിന്റെ ശക്തിയാൽ എല്ലാ ദിവസവും നമുക്ക് സന്തോഷവും ജീവിത സ്വാതന്ത്ര്യവും അനുഭവിക്കുവാൻ കഴിയും (വാ. 13). അവനോടുള്ള നമ്മുടെ നന്ദിയും സ്തുതിയും ഒരിക്കൽ കൂടി ഉയർത്താനുള്ള പുതിയ അവസരമാണ് ഓരോ ദിവസവും നമ്മുക്ക് പ്രദാനം ചെയ്യുന്നത് (വാ. 5-6). മോണിക്ക ലാ റോസ്
ക്രിസ്തുവിന്റെ വിജയത്തിന്റെ ഫലങ്ങൾ നിങ്ങൾ ഇപ്പോൾ എവിടെയാണ് പ്രതീക്ഷിക്കുന്നത് ? ദൈവത്തിന്റെ സ്നേഹത്തിന്റെയും കൃപയുടെയും ഏതൊക്കെ അനുഭവങ്ങളാണ് നിങ്ങളുടെ പ്രോത്സാഹനത്തിനും പ്രത്യാശയ്ക്കും കാരണമായി തീർന്നിട്ടുള്ളത്?
സ്നേഹമുള്ള ദൈവമേ, നിന്നോടൊപ്പമുള്ള എന്റെ യാത്രയിൽ ഞാൻ എവിടെയായിരുന്നാലും, ഒരിക്കൽ കൂടി നിന്റെ സ്നേഹത്തിലും, ശക്തിയിലും, വെളിച്ചത്തിലും ആഴമായ രീതിയിൽ വിശ്വസിക്കുവാൻ എന്നെ സഹായിക്കൂ. ഒരു കുട്ടിയുടെ പ്രതീക്ഷയോടെയും സന്തോഷത്തോടെയും ഉള്ള മനസ്സോടെ ജീവിക്കുവാൻ ഒരിക്കൽ കൂടി എന്നെ സഹായിക്കൂ.
റോമർ 15:5–13
5 എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് 6 സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. 7 അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. 8 പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് 9 ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. 10 “അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിനു സ്തുതി പാടും”എന്ന് എഴുതിയിരിക്കുന്നുവല്ലോ. 11 മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ“ എന്നും പറയുന്നു. 12 “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവയ്ക്കും” എന്നു യെശയ്യാവ് പറയുന്നു. 13 എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.