“ശിമോന്‍ പത്രൊസ് അവരോട്: ഞാന്‍ മീന്‍ പിടിക്കുവാന്‍ പോകുന്നു എന്ന് പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല” യോഹന്നാന്‍ 21: 3
“ഹേയ്, എന്തുപറ്റി? ഇതു പാതിരാത്രിയാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ?” ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള എന്റെ സ്‌നേഹിതയോടു ഞാന്‍ ചോദിച്ചു.
“ഇല്ല. ഞങ്ങളെല്ലാം സുഖമായിരിക്കുന്നു’ അവള്‍ അല്പം നിര്‍ത്തി എന്നിട്ടു തുടര്‍ന്നു, ‘എന്റെ ഹൃദയത്തിനു വല്ലാത്ത ഭാരം, ഉറങ്ങാന്‍ പറ്റുന്നില്ല. എനിക്കാരോടെങ്കിലും സംസാരിക്കണം.”
സംസാരം തുടര്‍ന്നപ്പോള്‍ അവളുടെ പ്രശ്‌നം എനിക്കു മനസ്സിലായി. ഒരു മുന്‍നിര ഐടി കമ്പനിയില്‍ എച്ച് ആര്‍ മേധാവിയായി ജോലി ചെയ്യുന്ന അവള്‍ ഒരു സുഖകരമല്ലാത്ത സാഹചര്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു – ലോക്ക്ഡൗണിനെത്തുടര്‍ന്ന്
350 ജോലിക്കാരെ അവള്‍ പിരിച്ചുവിടണമത്രേ. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച ഇതിനോടകം തന്നെ മനുഷ്യജീവനുകളെക്കാളധികം ജീവനോപാധികളെ കവര്‍ന്നിരിക്കുന്നു. ഒരു ദൈവപൈതലെന്ന നിലയില്‍ നിരവധി കുടുംബങ്ങള്‍ കഷ്ടപ്പെടുന്നത് അവളുടെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്പിച്ചിരിക്കുന്നു. അതു ചെയ്യാന്‍ അവള്‍ വിസമ്മതിച്ചാലും അത് അനിവാര്യമായി മാറിയിരിക്കുന്നു.
ഈ മഹാമാരിയുടെ അപ്പുറത്തു നമ്മെ കാത്തിരിക്കുന്ന ആസന്നമായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ ഇതിനോടകം തന്നെ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ഈ സാമ്പത്തിക തകര്‍ച്ചയെ എങ്ങനെ അതിജീവിക്കാമെന്നതു സംബന്ധിച്ച് നിരവധി വിദഗ്ധര്‍ ഉപദേശം നല്‍കിക്കൊണ്ടിരിക്കുകയാണ്. അനിശ്ചിതത്വമാണ് ഇന്നിന്റെ ആപ്തവാക്യം എന്നു തോന്നിപ്പോകുന്നു. നമുക്കു ജോലിയുണ്ടായിരിക്കുമോ എന്ന് നാളെ മാത്രമേ നമുക്കറിയാന്‍ കഴിയൂ. ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത ബാങ്ക് വായ്പ; ഭാവി കണക്കുകൂട്ടി അതിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത ബാദ്ധ്യതകള്‍ – ഇങ്ങനെയുള്ള നമ്മുടെ നിരവധി പദ്ധതികള്‍ തകിടം മറിഞ്ഞിരിക്കുന്നു. എത്രമാത്രം നിശ്ചയമില്ലാത്ത അടിസ്ഥാനത്തിന്മേലാണ് നാം നമ്മുടെ ജീവിത പ്രതീക്ഷകള്‍ പണിതിരിക്കുന്നത് എന്നാണ് വര്‍ത്തമാനകാല സാഹചര്യം നമ്മെ പഠിപ്പിക്കുന്നത്.
നമ്മില്‍ മിക്കവരെക്കാളും നന്നായി മാറ്റത്തെ യേശുവിന്റെ ശിഷ്യന്മാര്‍ മനസ്സിലാക്കിയിരുന്നു. ഉദാഹരണത്തിന്, ശിമോന്‍ പത്രൊസ് യേശുവിനെ അനുഗമിക്കുന്നതിനായി മത്സ്യബന്ധനം എന്ന സുസ്ഥിരമായ ഒരു തൊഴില്‍ ഉപേക്ഷിച്ചു – അതുതന്നെ യാക്കോബും യോഹന്നാനും അന്ത്രെയാസും ചെയ്തു. “എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.” (മര്‍ക്കൊസ് 1:17). എന്നു പറഞ്ഞ് യേശു വിളിച്ചപ്പോള്‍ അവര്‍ എല്ലാവരും അനുസരിച്ചു. ശിമോന്‍ പത്രൊസിന് എന്നെയും നിങ്ങളെയും പോലെ ഒരു കുടുംബവും മറ്റു ഉത്തരവാദിത്തങ്ങളും ഉണ്ടെന്നു നമുക്കറിയാം – യേശു അവനെ വിളിച്ചപ്പോള്‍ അവയ്‌ക്കെല്ലാം അവനെ പുറകോട്ടു വലിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ നസറേത്തില്‍നിന്നുള്ള ഈ ‘പുതിയ ഗുരു’വിനെ അനുഗമിക്കുന്നതിന്റെ അനിശ്ചിതത്വത്തിന്റെ മുമ്പില്‍ അറച്ചുനില്‍ക്കാതെ, ഉന്നതമായ വിളി എന്ന് അവന്‍ വിശ്വസിച്ച ഒന്നിനുവേണ്ടി അവന്‍ സാഹസികമായി ഇറങ്ങിത്തിരിച്ചു.
മൂന്നു വര്‍ഷം അതിവേഗം കടന്നുപോയി, ശിഷ്യന്മാര്‍ എണ്ണമറ്റ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. അയ്യായിരത്തിലധികം പുരുഷാരത്തെ യേശു പോഷിപ്പിച്ചപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ സൗഖ്യം പ്രാപിച്ചപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്നു. ലാസര്‍ മരണത്തില്‍ നിന്നു ഉയിര്‍പ്പിക്കപ്പെടുന്നത് അവര്‍ കണ്ടു. ‘മശിഹാ’ എന്നവര്‍ പ്രതീക്ഷിച്ചവനെ കാണാന്‍ ദൂരത്തു നിന്നും ചാരത്തുനിന്നും ആളുകള്‍ വന്നു; ഒരു കാലത്ത് ആരും അറിയാതിരുന്ന ഈ മീന്‍പിടുത്തക്കാര്‍ അക്കാലത്ത് യിസ്രായേലില്‍ സംഭവിച്ചുകൊണ്ടിരുന്ന ഏറ്റവും സുപ്രധാന പ്രസ്ഥാനത്തിന്റെ മുഖ്യപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയായിരുന്നു. യേശുവിന്റെ വിചാരണയുടെയും ക്രൂശീകരണത്തിന്റെയും സമയത്ത് ശിമോന്‍ പത്രൊസിനെ കാണാനിടയായ ഒരു വേലക്കാരി പെണ്‍കുട്ടി അവനും ‘ക്രിസ്തുവിന്റെ ശിഷ്യന്‍’ ആണെന്നു തിരിച്ചറിയത്തക്കവണ്ണം പത്രൊസ് അത്രയ്ക്കു പ്രശസ്തനായിക്കഴിഞ്ഞിരുന്നു (മര്‍ക്കൊസ് 14:67).
എന്നാല്‍ ഒറ്റ രാത്രികൊണ്ട് എല്ലാം തകിടം മറിഞ്ഞു. യേശു ഒരു കുറ്റവാളിയെപ്പോലെ ക്രൂശില്‍ തറയ്ക്കപ്പെട്ടു. ഒരിക്കല്‍ പ്രശസ്തരായിരുന്ന ഈ മനുഷ്യര്‍ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായി. യേശുവിന്റെ പുനരുത്ഥാനത്തിനുശേഷവും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് തങ്ങളെ സന്ദര്‍ശിക്കുമെന്ന് അവന്‍ മുന്‍കൂട്ടി കാണുകയോ പ്രതീക്ഷിക്കുകയോ ചെയ്തില്ല. തീര്‍ച്ചയായും ജീവിതം ഇനിമേല്‍ പഴയതുപോലെ ആയിരിക്കയില്ല.
തന്റെ തൊഴിലിന്റെ നാല്‍ക്കവലയില്‍ പത്രൊസ് ഒരു പ്രതിസന്ധി നേരിട്ടു. അനിശ്ചിതത്വം പിടിമുറുക്കിയപ്പോള്‍ അവന്‍ തന്റെ കുടുംബത്തെയും തന്റെമേലുള്ള ഉത്തരവാദിത്തങ്ങളെയും കുറിച്ച് ചിന്തിച്ചു എന്നു ഞാന്‍ സംശയിക്കുന്നു. മൂന്നു വര്‍ഷത്തോളം അവന്‍ വലയെപ്പറ്റി മറന്നിരിക്കുകയായിരുന്നു. മൂന്നു വര്‍ഷക്കാലം അവന്‍ യേശുവിനെ അനുഗമിച്ചു. താന്‍ എന്തിനുവേണ്ടി സമയവും അധ്വാനവും ചിലവഴിച്ചുവോ അത് തന്റെ ഭാവി സുരക്ഷിതമാക്കും എന്ന് മൂന്നു വര്‍ഷക്കാലവും അവന്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍, അവന് അവശേഷിച്ചത് അനിശ്ചിതത്വത്തിന്റെ ഒരു കൂമ്പാരം മാത്രമായിരുന്നു. അതിനാല്‍ തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന ഒന്നിലേക്ക് – മീന്‍പിടുത്തത്തിലേക്ക് – മടങ്ങിപ്പോകാന്‍ അവന്‍ തീരുമാനിക്കുന്നു.
തന്റെ മുന്‍ കൂട്ടാളികളോടൊപ്പം അവന്‍ പടകില്‍ മീന്‍പിടുത്തത്തിനായി പുറപ്പെട്ടു; രാത്രി മുഴുവനും അവന്‍ അധ്വാനിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. നിരാശയും വിശപ്പും കൊണ്ടു തളര്‍ന്ന്്പ്രഭാതത്തില്‍ കരയ്ക്കടുത്തപ്പോള്‍ കരയില്‍ ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. ഒരു ലളിതമായ ചോദ്യം ആ മനുഷ്യന്‍ ചോദിച്ചു, “സ്‌നേഹിതരേ, മീന്‍ ഒന്നുമില്ലേ?” (യോഹന്നാന്‍ 21: 5). “മീന്‍ വാങ്ങാന്‍ ഒരാളിതാ വന്നിരിക്കുന്നു, പക്ഷേ എന്റെ പക്കല്‍ ഒന്നും ഇല്ലല്ലോ!” എന്നവന്‍ ചിന്തിച്ചിരിക്കാം. പക്ഷേ അടുത്തതായി വന്ന അസാധാരണമായ ഒരു നിര്‍ദ്ദേശം ഒരു വലിയ മീന്‍പിടുത്തത്തില്‍ കലാശിച്ചു. അപ്പോഴാണ് അത് കര്‍ത്താവാണെന്ന് ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞത്. തന്നെ അനുഗമിക്കാന്‍ കര്‍ത്താവു പത്രൊസിനെ വിളിച്ചപ്പോഴും അവന്‍ ഇതു തന്നെയല്ലേ ചെയ്തത്? ഗുരുവിന്റെ അടുത്തെത്തുന്നതിനായി പത്രൊസ് വെള്ളത്തിലേക്കെടുത്തുചാടി കരയിലേക്കു നീന്തി. അപ്പോള്‍ ഇതാ! അവനെ എതിരേറ്റത് വറുത്ത മീനിന്റെയും അപ്പത്തിന്റെയും ആസ്വാദ്യകരമായ വാസനയായിരുന്നു. താല്പര്യജനകമായ വസ്തുത, യേശു ഇതിനുമുമ്പുതന്നെ തീകൂട്ടി അതില്‍ മീന്‍ വെച്ചിരുന്നു, എന്നിട്ടും പത്രൊസ് പിടിച്ചതു കുറച്ചു കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു എന്നതാണ്. അവന്റെ വിശപ്പടങ്ങിയശേഷം യേശു പത്രൊസിന് തന്റെ ആദ്യത്തെ ജോലി വാഗ്ദാനം പുതുക്കി നല്‍കുന്നു – “എന്നെ അനുഗമിക്കുക.”
ക്രിസ്തുവിനെ “അനുഗമിക്കാന്‍” പത്രൊസിനു ലഭിച്ച ക്ഷണം നമ്മിലേക്കും വരികയാണ്. ദുരന്തപൂര്‍ണ്ണമായ ലോക സംഭവങ്ങളും സാമ്പത്തിക അനിശ്ചിതത്വവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തുവിനെ ‘അനുഗമിക്കാന്‍’ നമുക്കു ലഭിക്കുന്ന ആഹ്വാനം പിന്‍വലിക്കാനാവാത്ത വാഗ്ദാനമാണ് എന്നറിയുന്നതില്‍ സുരക്ഷയുണ്ട്. ഭൗമിക ജോലികള്‍ നമ്മെ കൈവിട്ടേക്കാം, നമ്മുടെ ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമായിരിക്കാം, പക്ഷേ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കുവേണ്ടിയും കരുതുന്ന ഒരുവനെയാണ് നാം സേവിക്കുന്നത് എന്നറിയുന്നതിലൂടെ നമ്മുടെ ഭാവി സുരക്ഷിതമായിരിക്കുന്നുവെന്ന് നമുക്കറിയാം. ”യഹോവ എന്റെ ഇടയനാകുന്നു, എനിക്ക് മുട്ടുണ്ടാകയില്ല” എന്നു സങ്കീര്‍ത്തനം 23:1 നമ്മെ ഉറപ്പിക്കുന്നു. ദൈവം നമ്മുടെ ‘നല്ല ഇടയന്‍’ എന്ന നിലയില്‍ അവന്റെ കരുതലും മനസ്സലിവും ദൗത്യവും നമ്മിലേക്ക് പകരുന്നു. നമ്മുടെ പരിശോധനാ സമയങ്ങളെ വിജയത്തിന്റെ സാക്ഷ്യപത്രങ്ങളാക്കി മാറ്റുന്നതില്‍ അവന്‍ പ്രത്യേകം വൈദഗ്ധ്യമുള്ളവനാണ്. അവിടുന്ന് ഒരുക്കിയിരിക്കുന്ന ആഹാരത്തിലേക്ക് നമ്മുടെ വിഹിതം ചേര്‍ക്കുക എന്നതു മാത്രമാണ് അവന്‍ ആഗ്രഹിക്കുന്നത്്. ഒരു ചെറിയ വിശ്വാസം, വളരെയധികം പ്രത്യാശ, അവന്റെ അനന്തമായ സ്‌നേഹത്തില്‍ പൂര്‍ണ്ണ ആശ്രയം. ചാള്‍സ് സ്പര്‍ജന്‍ വാചാലമായി പറഞ്ഞതുപോലെ …
“നമുക്കെല്ലായ്‌പ്പോഴും ദൈവത്തിന്റെ കരം ചലിക്കുന്നതു കാണാനാവില്ല, പക്ഷേ നമുക്കെപ്പോഴും ദൈവത്തിന്റെ ഹൃദയത്തെ വിശ്വസിക്കാന്‍ കഴിയും.”
-റെബേക്കാ വിജയന്‍