1 കൊരിന്ത്യർ 1:18
ക്രൂശിന്റെ വചനം…
ദൈവശക്തിയും ആകുന്നു.
ഒളിച്ചു വെച്ച നിധി
1989ൽ ‘ഹ്യൂഗോ’ കൊടുങ്കാറ്റ് സൗത്ത് കരോലിനയിലെ ചാൾസറ്റണിൽ നാശം വിതച്ചതിനു ശേഷം നിർമ്മാണ തൊഴിലാളികൾ മറഞ്ഞിരുന്ന നിധി കണ്ടെത്തി. തകർന്ന ഒരു പള്ളിയുടെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനിടയിൽ ഒരു കുരിശ് അപ്പോഴും നിൽക്കുന്നത് അവർ കണ്ടു. ക്രെയിൻ ഉപയോഗിച്ചു പോലും അത് നീക്കാൻ സാധിച്ചില്ല. ഒടുവിൽ അവർ ആ കുരിശിന്റെ അകം മുഴുവൻ ശുദ്ധമായ സ്വർണ്ണം നിറച്ചിരിക്കുകയാണ് എന്ന് കണ്ടുപിടിച്ചു. നിശ്ചയമായും അമേരിക്കയിലെ ആഭ്യന്തരയുദ്ധസമയത്ത് ആളുകൾ സ്വർണ്ണം ഉരുക്കി ആക്രമിക്കുന്ന സൈന്യത്തിൽ നിന്നും ഒളിപ്പിച്ചു വെച്ചതായിരിക്കണം..
ക്രിസ്തുവിന്റെ കുരിശ് വിശ്വസിക്കുന്നവർക്ക് ആത്മീയ അനുഗ്രഹങ്ങളുടെ ഇടമാണ്, പക്ഷേ അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ സഭക്ക് എഴുതിയപ്പോൾ, അതിലെ സന്ദേശം “നശിച്ചുപോകുന്നവർക്കു ഭോഷത്തം” (1 കൊരിന്ത്യർ 1:18) ആയിരുന്നു. യേശുവിന്റെ ക്രൂശിലെ മരണം നിഷേധിക്കുന്നവർ ചിന്തിക്കുന്നത് യേശു നമ്മെ നമ്മുടെ പാപത്തിന്റെ ഫലത്തിൽ നിന്നും വിടുവിക്കാൻ ക്രൂശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റു എന്നത് വിഡ്‌ഢിത്തം ആണെന്നായിരിക്കും. പക്ഷേ വിശ്വസിക്കുന്നവർക്ക്, ‘രക്ഷിക്കപ്പെടുന്നവർക്ക്’ തന്നേ, കുരിശ് “ദൈവശക്തിയും ആകുന്നു” (വാ 18). പൗലോസ് പറയുന്നത് പോലെ “ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു”(വാ 25).
നാം ദൈവത്തിൽ ആശ്രയിക്കുകയും ക്രിസ്തുവിന്റെ കുരിശിലെ ദാനം സ്വീകരിക്കുകയും ചെയ്യുമ്പോൾ നാം അവനോടൊത്തുള്ള ബന്ധത്തിന്റെ ധനം ആസ്വദിക്കും. സ്വർണ്ണ നിധി നാം കണ്ടെത്തിയില്ലെങ്കിലും കൂടുതൽ മെച്ചപ്പെട്ട സമൃദ്ധമായ നിത്യജീവൻ എന്ന ദാനം നാം കണ്ടെത്തും. അത് ഭോഷത്വമല്ല!
എമി ബോഷർ പൈ
ലോകം ഭോഷത്വമെന്നു കരുതുന്ന ദൈവത്തിന്റെ ജ്ഞാനം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? എങ്ങനെയാണ് കുരിശിന്റെ ശക്തി അവനു വേണ്ടി ജീവിക്കാൻ നിങ്ങളെ ശക്തരാക്കുന്നത്?
രക്ഷിതാവാം യേശുവേ, എക്കാലത്തേയും വലിയ നിധി—നിന്റെ രാജ്യത്തിലെ ജീവിതം എന്ന ദാനത്തിനായി നന്ദി. ഈ അമൂല്യ സമ്മാനം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു എന്നെ സാഹായിക്കേണമേ.
ഇന്നത്തെ വചനം | കൊരിന്ത്യർ 1:17-25
17 സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു വാക്ചാതുര്യത്തോടെ അല്ലതാനും.
18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബലമാക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തമാക്കിയില്ലയോ?
21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി.
22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;
24 യെഹൂദന്മാർക്ക് ഇടർച്ചയും ജാതികൾക്കു ഭോഷത്തവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെത്തന്നെ.
25 ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.