കുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതികള്‍ക്കു കൂടും ഉണ്ട്്; മനുഷ്യപുത്രനോ തല ചായിപ്പാന്‍ സ്ഥലമില്ല – ലൂക്കൊസ് 9:58
ബൈബിളിനെ സംബന്ധിച്ചിടത്തോളം കുടിയേറ്റം അസാധാരണമായ ഒരു വിഷയം അല്ല. പഴയനിയമത്തില്‍ അബ്രഹാമിനോടും സാറായോടും ഊര്‍ എന്ന ദേശത്തുനിന്ന് കനാന്‍ ദേശത്തേക്ക് കുടിയേറാന്‍ ദൈവം കല്പിച്ചു (ഉല്പത്തി 12:1-2). യിസ്രായേല്യര്‍ക്ക് 40 വര്‍ഷത്തിലേറെ നീണ്ട കുടിയേറ്റ അനുഭവം ഉണ്ടായിരുന്നു, അവര്‍ ഇത് എപ്പോഴും ഓര്‍മ്മിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു: ‘പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്‍ത്താല്‍ അവനെ ഉപദ്രവിക്കരുത്. നിങ്ങളോടു കൂടെ പാര്‍ക്കുന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കണം; അവനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ’ (ലേവ്യാപുസ്തകം 19:33-34).
ക്രിസ്തുവിന്റെ ജനനത്തിനുമുമ്പ്, കുട്ടിയെ പ്രസവിക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലം തേടി അവന്റെ അമ്മ മറിയയ്ക്ക് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക്‌ഓടേണ്ടിവന്നു. അവരെ കാലിത്തൊഴുത്തിലേക്കു നയിക്കുന്നതിനായി നാഗരികതയുടെ എല്ലാ വാതിലുകളും അവരുടെ മൂമ്പില്‍ അടയ്ക്കപ്പെട്ടിരുന്നു. അങ്ങനെ, കലഹത്തിനും ഭീകരതയ്ക്കും മധ്യത്തിലൂടെ യേശുക്രിസ്തു നമ്മുടെ ലോകത്തിലേക്ക് പ്രവേശിച്ചു. അഭയാര്‍ത്ഥിയായും കുടിയേറ്റക്കാരനായും മിസ്രയീമില്‍ ഒളിച്ചുപാര്‍ത്ത് അവന്‍ തന്റെ ശൈശവം ചെലവഴിച്ചു. ബെത്ലഹേമിലേക്കുള്ള കഠിനമായ യാത്രയും അവരെ ആരും സ്വാഗതം ചെയ്യാതിരുന്നതും തൊഴുത്തില്‍ മൃഗങ്ങള്‍ക്കിടയിലെ ജനനവും സുവിശേഷങ്ങള്‍ വിവരിച്ചിരിക്കുന്നു. ഹെരോദാവിന്റെ പീഡയും അവന്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്തതും മിസ്രയീമിലേക്കുള്ള പലായനവും പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. യോഹന്നാന്‍ അപ്പൊസ്തലന്‍ എഴുതുന്നു, ‘അവന്‍ സ്വന്തത്തിലേക്കു വന്നു, സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല’ (യോഹന്നാന്‍ 1:11). ഒരു കുടിയേറ്റക്കാരനാകുന്നത് എന്താണെന്ന് യേശു മനസ്സിലാക്കി.
ഒരു നിമിഷം ഇവിടെ നിര്‍ത്തി അടഞ്ഞ വാതിലുകളുടെ അനുഭവത്തിലേക്ക് ഒന്നു മടങ്ങുക. അപകടത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനായി ദൈവം ചിലപ്പോള്‍ വാതിലുകള്‍ അടയ്ക്കാറുണ്ട്. അവന്‍ എപ്പോഴും മറ്റൊരു വാതില്‍ തുറക്കില്ലായിരിക്കാം, പക്ഷേ അവന്‍ എല്ലായ്‌പ്പോഴും നമ്മുടെ നന്മയ്ക്കായി അത് ചെയ്യുന്നു. എന്നാല്‍ നാം നമ്മുടെ സഹജീവികള്‍ക്കു മുമ്പില്‍ വാതില്‍ അടയ്ക്കുമ്പോള്‍ നാം ദൈവത്തോടു കളിക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ ആരെയാണ് അകത്തു കടത്തേണ്ടത് ആരെയാണ് പുറത്താക്കേണ്ടത് എന്നതു നാം തിരഞ്ഞെടുക്കുകയും ആണു ചെയ്യുന്നത്. നാം നീതിയെ നമ്മുടെ കൈയ്യില്‍ എടുക്കുകയും ഒരാള്‍ എത്രമാത്രം നീതിക്ക് അര്‍ഹനാണെന്നും മറ്റൊരാള്‍ക്ക് എത്രത്തോളം കുറവായിരിക്കണമെന്നും നാം നിശ്ചയിക്കുകയും ചെയ്യുന്നു.
ഇന്നത്തെ കുടിയൊഴിപ്പിക്കപ്പെട്ട കുടിയേറ്റക്കാരനെ യേശു നോക്കുമ്പോള്‍, ഭക്ഷണവും വെള്ളവുമില്ലാതെ നഗ്‌നപാദരായി നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലേക്ക് നടക്കേണ്ടിവരുന്ന അവരുടെ പ്രതിസന്ധിയെ അവന്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കുന്നു, കാരണം അവനും അത്തരം സാഹചര്യങ്ങളിലാണ് ജനിച്ചത്. ബെത്ലഹേം മുതല്‍ മിസ്രയീം വരെയും പിന്നെ ഗലീല വരെയും അവന്‍ സഞ്ചരിച്ചു. അതു ചെറിയ ദൂരമല്ലായിരുന്നു, പ്രത്യേകിച്ചും കഴുതയുടെ പുറത്തോ നടന്നോ ഇത്രയും ദൂരം സഞ്ചരിക്കേണ്ടിവരുമ്പോള്‍. തന്റെ അടുത്ത ഭക്ഷണം എപ്പോള്‍ അല്ലെങ്കില്‍ എവിടെ നിന്ന് ലഭിക്കുമെന്ന് അവന് ഒരിക്കലും അറിയില്ലായിരുന്നു. അതുകൊണ്ടാണ് പിന്നീട് പ്രായപൂര്‍ത്തിയായശേഷം പുരുഷാരത്തോടു സംസാരിക്കുമ്പോള്‍, അവന്‍ അവരെ ഇപ്രകാരം ഉത്സാഹിപ്പിക്കുന്നത് ”അതുകൊണ്ടു ഞാന്‍ നിങ്ങളോട് പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്ന് നിങ്ങളുടെ ജീവനായിക്കൊണ്ടും, എന്ത് ഉടുക്കും എന്ന് ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?” (മത്തായി 6). ദൈവം തന്നെ പോഷിപ്പിക്കുമെന്ന ഉറപ്പോടെയും വിശ്വാസത്തോടെയും അവന്‍ സ്വന്തം അനുഭവത്തില്‍ നിന്നാണ് സംസാരിച്ചത്.
തന്റെ ശുശ്രൂഷയിലുടനീളം, യേശു എല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും രക്ഷയുടെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് യെഹൂദ്യയിലൂടെയും ശമര്യയിലൂടെയും സഞ്ചരിച്ചുവന്ന ഒരു സഞ്ചാരിയും ഗുരുവും എന്നനിലയില്‍ ചിത്രീകരിക്കപ്പെട്ടിരുന്നു. അവനു സ്വന്തമായി ഒരു സ്ഥലവും ഇല്ലായിരുന്നു, സ്വന്തം ആവശ്യങ്ങള്‍ക്കും ശിഷ്യന്മാരുടെ ആവശ്യങ്ങള്‍ക്കുമായി മറ്റുള്ളവരുടെ ഔദാര്യത്തില്‍ അവന്‍ ആശ്രയിച്ചു.
ഇന്ന് കുടിയേറ്റക്കാരെക്കുറിച്ചുള്ള ഏതു ചര്‍ച്ചയിലും അവരെ അവര്‍ എന്നു അവഹേളനപരമായി സംബോധന ചെയ്തുകൊണ്ടു പരാമര്‍ശിക്കുന്ന പ്രവണത കാണാം. പക്ഷേ തെറ്റിപ്പോകരുത്, കാരണം അവരാണ് നമ്മുടെ നഗരത്തെയും ജീവിതത്തെയും നിലനിര്‍ത്തുന്നത്, അവര്‍ നമ്മുടെ പാത്രങ്ങള്‍ കഴുകുന്നു, വസ്ത്രങ്ങള്‍ തേയ്ക്കുന്നു, നമ്മുടെ കാറുകള്‍ ശരിയാക്കുന്നു, ഭക്ഷണശാലകളില്‍ നമ്മുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നു, വീട്ടിലും ജോലിസ്ഥലത്തും വാട്ടര്‍ ഫില്‍ട്ടറുകള്‍ ശരിയാക്കുന്നു, നമ്മെ ജോലിസ്ഥലത്തു കാറില്‍ കൊണ്ടുചെന്നാക്കുന്നു, നമ്മുടെ മൊബൈലുകളിലെ കുറച്ച് ക്ലിക്കുകളിലൂടെ നമ്മുടെ പ്രിയപ്പെട്ട ഭക്ഷണം നമ്മുടെ വീടുകളിലേക്ക് എത്തിച്ചു തരുന്നു. നമ്മള്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു, അവര്‍ കാരണം നമ്മുടെ ജീവിതം മികച്ചതായി മാറുന്നു.
1 പത്രൊസ് 2:11 ല്‍, അപ്പൊസ്തലന്‍ എല്ലാ ക്രിസ്ത്യാനികളെയും ‘പ്രവാസികളും പരദേശികളും’ എന്നു വിളിക്കുന്നു. യിസ്രായേല്യര്‍ ഒരുകാലത്ത് കുടിയേറ്റക്കാരും തീര്‍ത്ഥാടകരും ആയിരുന്നുവെന്ന് ദൈവം അവരെ ഓര്‍മ്മിപ്പിച്ചതുപോലെ, ഈ ലോകത്തിലൂടെ കടന്നുപോകുന്ന നാമും കുടിയേറ്റക്കാരാണെന്ന് ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്നത്തെ നമ്മുടെ നാട്ടിലെ സ്ഥിതി ദൈവത്തിന്റെ യഥാര്‍ത്ഥ നീതിയെ പ്രതിഫലിപ്പിക്കുന്നില്ല. എന്നിരുന്നാലും, ദൈവത്തെ സ്‌നേഹിക്കുന്നതായി അവകാശപ്പെടാനും അതേസമയം അയല്‍ക്കാരന്റെ ആവശ്യങ്ങളില്‍ നിസ്സംഗത കാണിക്കാനും അവിടുത്തെ അനുയായികളായ നമുക്ക് കഴിയില്ലെന്ന് യേശു തന്റെ വാക്കുകളിലൂടെ വ്യക്തമാക്കി. ആവശ്യത്തിലിരിക്കുന്നവരുടെ ദുരവസ്ഥയ്ക്കു മുമ്പില്‍ വാതില്‍ അടയ്ക്കാന്‍ നമുക്ക് കഴിയില്ല. “അപരിചിതര്‍ക്ക് ആതിഥ്യം നല്‍കാന്‍ മറക്കരുത്, അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിച്ചിട്ടുണ്ടല്ലോ” എന്ന് എബ്രായര്‍ 13:2-ല്‍ വായിക്കുന്നതുപോലെ, ഒരു അപരിചിതനു മുമ്പില്‍ നാം വാതില്‍ തുറക്കുമ്പോള്‍, നമ്മിലൂടെ ദൈവത്തിന്റെ വേലയിലേക്ക് നാം വാതില്‍ തുറക്കുകയാണു ചെയ്യുന്നത്. അതിനാല്‍, നാം എന്താണു ചെയ്യേണ്ടത്? സഹായത്തിനായി നമ്മുടെ കൈ അവരുടെ നേരെ നീട്ടുകയും പ്രാര്‍ത്ഥനയില്‍ അവരെ ദൈവസന്നിധിയില്‍ കൊണ്ടുചെല്ലുകയും സാഹചര്യം ഉണ്ടാകുമ്പോള്‍ അവരെ തുറന്ന കൈകളാല്‍ സ്വാഗതം ചെയ്യുകയും ചെയ്യുക. കാരണം, ഓരോ കുടിയേറ്റക്കാരന്റെയും മുഖത്ത് നാം ദൈവത്തിന്റെ ‘സ്വരൂപം’ കാണുന്നു. യേശുവില്‍ ഒരു കുടിയേറ്റക്കാരന്‍ ഉണ്ടായിരുന്നതുപോലെ, ഓരോ കുടിയേറ്റക്കാരനിലും യേശുവിന്റെ ആ ചെറിയ പതിപ്പ് ഉള്ളതായി നമുക്ക് തിരിച്ചറിയാം.
-പാസ്റ്റര്‍ ആനന്ദ് പീക്കോക്ക്