വായിക്കുക: മത്തായി 18:21-35
ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു (വാക്യം 28).
കരുണയില്ലാത്ത ദാസന്റെ ഉപമ വായിക്കുമ്പോൾ, ആദ്യത്തെ ദാസന്റെ പ്രവൃത്തികളെ അപലപിക്കാൻ എനിക്ക് എളുപ്പമാണ് (മത്തായി 18:28). അയാളെപ്പോലെ ഞാൻ ഒരിക്കലും ചെയ്യുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിൽപ്പോലും, ഞാനും അങ്ങനെ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, നമുക്ക് റോഡിൽ ദേഷ്യം അനുഭവപ്പെടുമ്പോൾ (നമ്മൾ വാഹനമോടിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന പ്രത്യേക കോപം), ആദ്യത്തെ ദാസൻ ചെയ്തതുപോലെ തന്നെ നാം ചെയ്യാൻ സാധ്യതയുണ്ട്. ബുദ്ധിശൂന്യമായ കാര്യങ്ങൾ നാം ചെയ്യാറുണ്ട്. “അയാൾക്ക് എന്ത് പറ്റി?” എന്ന് പറഞ്ഞുകൊണ്ട്, അന്തം വിട്ട് നമ്മെ നോക്കിക്കൊണ്ട് പലരും കടന്നുപോകാറുണ്ട്. ആദ്യത്തെ ദാസനെക്കുറിച്ച് നമ്മളും ഇങ്ങനെയാണ് ചിന്തിക്കുന്നത്.
ദാസൻ ഇത്ര പരുഷമായി പെരുമാറിയതിന്റെ ഒരു കാരണം അവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് എന്ന് വ്യക്തമാണ്. കോപിച്ചു എന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും, അവന്റെ പ്രവൃത്തികളിൽ നിന്ന് അവൻ രോഷാകുലനായിരുന്നുവെന്ന് വ്യക്തമാണ്, കാരണം, അവൻ കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു (വാ.28). എന്നാൽ ഈ ദാസന് തന്റെ തുച്ഛമായ കടം വീട്ടാൻ കഴിയാതെ വന്നപ്പോൾ, ആദ്യത്തെ ദാസൻ അവനെ ജയിലിലടച്ചു (വാ.30). അവന്റെ വലിയ കടം രാജാവ് ക്ഷമിച്ചതിന് ശേഷവും മറ്റൊരാളുടെ ചെറിയ കടം ക്ഷമിക്കാതെ ആദ്യത്തെ ദാസൻ കോപിച്ചു (വാ.27). അവന്റെ കോപം മൂലം അവന് യാഥാർഥ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല.
ചിലപ്പോൾ, ന്യായമായി കോപിക്കേണ്ട സന്ദർഭങ്ങളുണ്ടാകും. യോഹന്നാൻ 2:13-16-ൽ യേശു ദേവാലയം ശുദ്ധീകരിച്ചപ്പോൾ നാം അത് കാണുന്നു. എന്നാൽ കോപം മൂലം നമുക്ക് വിവേകവും കാഴ്ചപ്പാടും നഷ്ടപ്പെടാൻ ഇടയുണ്ട്. കോപിക്കുന്നത് പ്രത്യേകിച്ച് അപകടകരമാണ്, കാരണം, കോപിക്കുന്നതുമൂലം മറ്റുള്ളവരോട് നമുക്ക് ക്ഷമിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇക്കാര്യം ഓർത്തിട്ടെങ്കിലും നാം കോപം ഒഴിവാക്കണം. അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ, “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ് വിൻ . കർത്താവ് നിങ്ങളോട് ക്ഷമിച്ചതു പോലെ നിങ്ങളും ചെയ്യുവിൻ.” (കൊലോസ്യർ 3:12,13)
-പീറ്റർ ചിൻ
ചെയ്യാം
കോപവും ക്രോധവും മൂലം നശിച്ചുപോയ മനുഷ്യന്റെ മറ്റൊരു ഉദാഹരണം വായിക്കുക, 1 ശമുവേൽ 18: 6-17.
ചിന്തിക്കാം
നിങ്ങൾ എപ്പോഴെങ്കിലും കോപം മൂലം യുക്തിരഹിതമായി പെരുമാറിയിട്ടുണ്ടോ? എന്തുകൊണ്ടാണ് അങ്ങനെ കോപം ഉണ്ടായത്? മറ്റുള്ളവരോട് ക്ഷമിക്കുവാൻ എന്തുകൊണ്ടാണ് കോപം തടസ്സമായി നിൽക്കുന്നത്?
|
|