എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു യെശയ്യാവ് 60:1

ക്രിസ്തുമസ് ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ച, ഞങ്ങൾ പള്ളിയിൽ ഒരു ക്രിസ്റ്റിംഗിൽ ആഘോഷത്തിനായി ഒത്തുചേർന്നു. തുടർന്ന് ഒരു ചായ സൽക്കാരവും ഉണ്ടാവും. വർഷത്തിലെ ഈ സമയം ഇംഗ്ലണ്ട് നനവുള്ളതും മങ്ങിയതും ആയി അനുഭവപ്പെടും. അതിനാൽ ക്രിസ്തുവിന്റെ പ്രകാശം ഒരു ക്രിസ്റ്റിംഗിൽ ചിഹ്നത്തിലൂടെ ആഘോഷിക്കുന്നത് സന്തോഷം മാത്രമല്ല, പ്രതീക്ഷയും നൽകുന്നു.

പള്ളി ഇരുട്ടിലാകുമ്പോൾ, ഓരോ കുട്ടിയും നിശബ്ദമായി ചുവന്ന റിബൺ കൊണ്ട് കെട്ടിയ ഓറഞ്ച് നിറത്തിലുള്ള ഒരു ക്രിസ്റ്റിംഗിൽ ഗോളം പിടിക്കും. മുകളിൽ ഒരു വെളുത്ത മെഴുകുതിരിയും, അതിനു ചുറ്റും ഉണക്കമുന്തിരികൾ പിടിപ്പിച്ച നാല് ടൂത്ത്പിക്കുകളും കുത്തിയിരിക്കും. ഓറഞ്ച് ഗോളം ഭൂമിയെ പ്രതിനിധീകരിക്കുന്നു, വെളുത്ത മെഴുകുതിരി ക്രിസ്തുവിന്റെ പ്രകാശത്തെ സൂചിപ്പിക്കുന്നു, ചുവന്ന റിബൺ അവന്റെ രക്തത്തിന്റെ പ്രതീകവും, ഉണക്കമുന്തിരി ഭൂമിയുടെ ഫലങ്ങളെയും കാണിക്കുന്നു. ആ മുറിയിൽ ഉയരുന്ന അനേകം ചെറുജ്വാലകൾ കാണുമ്പോൾ, ഇരുട്ടിൽ പ്രകാശിക്കുന്ന ക്രിസ്തുവിന്റെ വെളിച്ചത്തിന് ഞാൻ നന്ദി പറയുന്നു.

ദൈവം തന്റെ ജനമായ ഇസ്രായേല്യരോട്, താൻ അവരുടെ വെളിച്ചമാണെന്ന് പറഞ്ഞു: “യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു” (യെശയ്യാവ് 60:1). ഭൂമി അന്ധകാരത്താൽ മൂടപ്പെട്ടിരുന്നുവെങ്കിലും, അതിന്റെ നടുവിൽ ദൈവം തന്റെ തേജസ്സിനാൽ ജാതികളെ തന്നിലേക്ക് ആകർഷിക്കും (വാ. 2-3). പുതിയ നിയമത്തിൽ, ദൈവപുത്രനായ യേശു, തന്നെത്തന്നെ ലോകത്തിന്റെ വെളിച്ചമായി വെളിപ്പെടുത്തി, തന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു (യോഹന്നാൻ 8:12).

നമുക്ക് ചുറ്റും അന്ധകാരം ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ, ദൈവം യേശുവിലൂടെ തന്റെ പ്രകാശം ഉദിപ്പിക്കുന്നുവെന്ന് നമുക്ക് വിശ്വസിക്കാം. നമുക്ക് അവനോടൊപ്പം ജീവന്റെ വെളിച്ചം എപ്പോഴും ഉണ്ടാകും എന്ന സത്യം മുറുകെ പിടിക്കാം. – ആമി ബൗച്ചർ പൈ

എങ്ങനെയാണ് യേശു നിങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നത്? ഇന്ന് നിങ്ങൾക്ക് എങ്ങനെയാണ് അവന്റെ പ്രകാശം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ കഴിയുക?

ലോകത്തിന്റെ വെളിച്ചമായ കർത്താവേ, എന്റെ സമൂഹത്തിൽ അങ്ങയുടെ പ്രകാശം പരത്താൻ എന്നിൽ നീ പ്രകാശിക്കേണമേ.

“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” ലൂക്കൊസ് 2:14

ക്രിസ്തുവിന്റെ സാന്നിദ്ധ്യമില്ലാതെ ലോകത്തിലെ ഒരു ക്രിസ്തുമസ് സമ്മാനങ്ങൾക്കും വിലയില്ല. – ഡേവിഡ് ജെറമിയ

അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.. യോഹന്നാൻ 1:4-5

യേശുക്രിസ്തു എന്ന് വിളിക്കപ്പെടുന്ന വെളിച്ചം തിരിയാത്തവർ ഇരുണ്ട ലോകത്ത് നടക്കുന്നു, അവർ അത് അറിയുന്നില്ല. . . അവർ ആത്മീയമായി മരിച്ചിരിക്കുന്നു. എന്നാൽ അവർ അങ്ങനെ എപ്പോഴും ആയിരിക്കണമെന്നില്ല. അവർ ചെയ്യേണ്ടത്, യേശു എന്ന വിളക്ക് കത്തിക്കുക എന്നു മാത്രമാണ്. അവർ ചെയ്യേണ്ടത് അവനെ ശ്രദ്ധിക്കുകയും അവനെ പിന്തുടരുകയും ചെയ്യുക എന്നതാണ്. അവർ ഇനി ഒരിക്കലും ഇടറുകയില്ല, അവർക്ക് വ്യക്തമായി കാണുവാൻ കഴിയും – ടോണി ഇവാൻസ്

ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്ത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ! ലൂക്കോസ് 2:30-32

ഏറ്റവും ആവശ്യത്തിലിരിക്കുന്നവർക്ക് സ്നേഹത്തിന്റെ വെളിച്ചം നൽകി നമ്മൾ ആഘോഷിക്കുമ്പോൾ ഏറ്റവും യഥാർത്ഥമായ ക്രിസ്തുമസ് ഉണ്ടാവുന്നു. -റൂത്ത് കാർട്ടർ സ്റ്റാപ്പിൾട്ടൺ

എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. യോഹന്നാൻ 12:46

അന്ധകാരത്തിൽ വെളിച്ചമായിരുന്ന്, നമുക്ക് സ്പഷ്ടമായ സഹായവും ശാശ്വതമായ പ്രത്യാശയും ദൈവം വാഗ്ദാനം ചെയ്യുന്നു. -സൊക്സിഥെൽ ഡിക്സൺ

വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ 1:14

ഒരിക്കൽ ഒരു കാലിത്തൊഴുത്തിൽ, നമ്മുടെ മുഴുലോകത്തെക്കാളും വലുതായ ഒന്ന് ഉണ്ടായിരുന്നു. -സി. എസ്. ലൂയിസ്

നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അദ്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും! യെശയ്യാവ് 9:6-7

യെശയ്യാവ് 60:1–3

1 എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. 2 അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. 3 ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.