1 യോഹന്നാൻ 1:9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു…
ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും
നീതിമാനും ആകുന്നു.
തിരിച്ചുവരുന്ന കല്ലുകൾ
ക രീനയും കുടുംബവും അമേരിക്കയിലെ രണ്ടു ദക്ഷിണ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്ക് സന്ദർശിച്ചു. അവിടുത്തെ വനപാലകർക്കെഴുതിയ കത്തിൽ ടോം ബ്രാഞ്ച് വെള്ളച്ചാട്ടം ആസ്വദിച്ചതിനേപ്പറ്റി അവൾ എഴുതി. അത് അത്രമേൽ ഇഷ്ടപ്പെട്ടതിനാൽ അവൾ അവിടെ നിന്നും ഒരു കല്ല് ഓർമ്മക്കായി വീട്ടിലേക്ക് കൊണ്ടുപോയി. ചെറിയ ബാലയായിരുന്നതിനാൽ കരീനക്കറിയില്ലായിരുന്നു അത് നിയമ വിരുദ്ധമാണെന്ന്. പിന്നീടൊരിക്കൽ അവൾക്കു തന്റെ തെറ്റ് മനസ്സിലായപ്പോൾ അതിനു ക്ഷമ ചോദിച്ചു കൊണ്ട് ഒരു കത്ത് എഴുതി. വെള്ളച്ചാട്ടത്തിൽ തിരികെ വെക്കുന്നതിനായി ആ കല്ലും അതിൽ ഉൾപ്പെടുത്തിയിരുന്നു.
കരീനയുടെ ക്ഷമാപണവും വനപാലകരുടെ ഉദാരമായ പ്രതികരണവും നമുക്ക് പാപത്തിൽ നിന്നും വിട്ടു തിരിയുന്നതിനും ദൈവത്തോട് ക്ഷമക്കായി അപേക്ഷിക്കുന്നതിനുമുള്ള ഒരു മാതൃകയാണ്. അപ്പോസ്തലനായ യോഹന്നാൻ നാം “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിക്കും” (1 യോഹന്നാൻ 1:9) എന്ന് നമ്മെ ഉത്സാഹിപ്പിക്കുന്നു. ശരിയായ ദിശയിലേക്കുള്ള ആദ്യ പടി, നാം തെറ്റു ചെയ്തു എന്നു ദൈവത്തോടും അത് ചെയ്തവരോടും അംഗീകരിക്കുകയാണ്. നാം പലപ്പോഴും തെറ്റുകളെ അംഗീകരിക്കാൻ താല്പര്യമുള്ളവരല്ലെങ്കിലും “പാപമില്ലാത്ത” തികഞ്ഞവരാണെന്ന് സ്വയം ഭാവിക്കുന്നത് ചുരുക്കി പറഞ്ഞാൽ ആത്മവഞ്ചനയാണ് (വാ. 8).
താൻ പാർക്കിന്റെ പ്രകൃതി വിഭവങ്ങളുടെ ഉത്തമ പരിചാരകയായി മാറുകയാണെന്ന തിരിച്ചറിവിൽ വനപാലകർ ദയയോടെ കരീനയോട് പ്രതികരിച്ചു. നാം നമ്മുടെ തെറ്റുകളെ ഏറ്റുപറയുമ്പോൾ യേശു നമുക്കായി ചെയ്ത ബലിയെ നാം ബഹുമാനിക്കുകയാണ്. അതിന്റെ മറുവിലയായി അവൻ തന്റെ ജീവൻ നൽകുകയും നമുക്ക് പുതിയ ജീവൻ നൽകുന്നതിനായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ദൈവം വിശ്വസ്ഥതയോടെയും ഊദാര്യത്തോടെയും തന്റെ പാപക്ഷമയാൽ നമ്മോട് ഉത്തരം നൽകുന്നു.
കിർസ്റ്റൺ ഹോംബെർഗ്
ഏറ്റുപറയാത്ത എന്തു പാപമാണ് നിങ്ങളുടെയുള്ളിൽ ഉള്ളത്? ഇന്ന് നിങ്ങൾക്കെങ്ങനെ പാപക്ഷമക്കായി അപേക്ഷിക്കുവാൻ സാധിക്കും?
പിതാവാം ദൈവമേ, എന്റെ കുറവുകളും കുറ്റങ്ങളും ഞാൻ ഏറ്റുപറയുന്നു. അവ ഓരോന്നിനും ഞാൻ മാപ്പ് അപേക്ഷിക്കുകയും ക്ഷമ യാചിക്കുകയും ചെയ്യുന്നു. എനിക്കായി ബലിയായിത്തീർന്ന യേശുവിനായ് നന്ദി.
ഇന്നത്തെ വചനം | 1 യോഹന്നാൻ 1:5–10
5 ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു.
6 അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.
7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.