കരുണ ചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ (വാ. 8). (റോമർ 12:7-9)
എന്റെ മകന്റെ ഫുട്ബോൾ ടീമിലുള്ള 3 കൂട്ടുകാർ ഈയിടെ അവധിക്ക് ഞങ്ങളുടെ വീട്ടിൽ താമസിച്ചു. ശനിയാഴ്ച്ച കുട്ടികൾ അവരുടെ സൈക്കിളിൽ എന്റെ ചില കൂട്ടുകാരുടെ വീടുകളിൽ പോയി. അപ്രതീക്ഷിതമെങ്കിലും ആൻഡേഴ്സൻ കുടുംബം കുട്ടികളെ വളരെ ആതിഥ്യമര്യാദയോടെ സ്വീകരിച്ചു.
അവരുടെ ദയാപൂർവ്വമായ പെരുമാറ്റം കുട്ടികളെ വല്ലാതെ ആകർഷിച്ചു എന്ന് മനസ്സിലാക്കി, അടുത്ത ദിവസം രാവിലെ ഞാൻ കുട്ടികളോട് ചോദിച്ചു, ഇന്ന് ആൻഡേഴ്സന്റെ ചർച്ചിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ പോകുന്നത് എന്ന്. അവർ ഏകസ്വരത്തിൽ വിളിച്ചു പറഞ്ഞു, ” ആൻഡേഴ്സന്റെ ചർച്ചിൽ !”
എന്റെ മകന്റെ കൂട്ടുകാരെ പരിചയമില്ലെങ്കിലും ആൻഡേഴ്സൻ കുടുംബം അപരിചിതരോട് ദയ കാണിച്ചു. ( എബ്രായർ 13:2). ഇതുവരെ പള്ളിയിൽ പോകാൻ താല്പര്യമില്ലാതിരുന്ന കുട്ടികളിൽ ഇവരുടെ പെരുമാറ്റം മായ്ക്കാനാകാത്ത ഒരു സ്വാധീനം സൃഷ്ടിക്കുകയായിരുന്നു.
അതിഥിസൽക്കാരവും ദയയും ജീവിതത്തിന്റെ മുഖമുദ്രയായി സൂക്ഷിച്ച എന്റെ സുഹൃത്തുക്കൾ റോമർ 12:8 ന്റെ അന്തസത്ത ഉൾക്കൊണ്ട് , യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ , ദൈവദത്തമായ അവരുടെ കൃപാവരങ്ങൾ ഉപയോഗിക്കുകയായിരുന്നു. ഓരോ കൃപാവരത്തിനും ഒരു പ്രകടനം ഉണ്ട് :” … ദാനം ചെയ്യുന്നവൻ എങ്കിൽ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ .”
ഈ ദയയോടുള്ള പ്രതികരണമെന്ന നിലയിൽ , ഇതുവരെ പള്ളിയിൽ പോകാതിരുന്ന മൂന്ന് കുട്ടികൾ ദൈവസന്നിധിയിലേക്ക് ചെല്ലുകയും ഊഷ്മളമായ സ്വീകരണം ലഭിക്കുകയും ചെയ്തു. ആ നല്ല ചുറ്റുപാടിലിരുന്ന് അവർ ജീവിതത്തിൽ ആദ്യമായി യേശുവിനെക്കുറിയുള്ള സുവിശേഷം കേട്ടു.
നാം ദയയുടെയും അതിഥിസത്ക്കാരത്തിന്റെയും വാതിലുകൾ സുഹൃത്തുക്കളുടെയും അപരിചിതരുടെയും മുമ്പിൽ തുറന്നിട്ടാൽ അവരെ ദൈവത്തെ പരിചയപ്പെടുത്താൻ കഴിയും.” അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അത് അവൻ നമുക്ക് താൻ ധാരാളമായി കാണിച്ച കൃപാധന പ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.” ( എഫെ.1:7, 8). ദൈവമാണ് ദയയുടെയും ആതിഥ്യമര്യാദയുടെയും ഉറവിടം!
എഴുതിയത് ടിം: റൊക്സൈൻ റോബിൻസ്
ചിന്തയ്ക്കായിട്ടുള്ളത്
കൊലോസ്യർ 3:12 വായിച്ചിട്ട് , ദയ ” ധരിക്കുക” എന്നാൽ എന്താണെന്ന് ധ്യാനിക്കുക.
നിങ്ങൾക്ക് ലഭിച്ച കൃപാവരങ്ങൾ മറ്റുള്ളവരെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും എങ്ങനെയാണ് നിങ്ങൾ ഉപയോഗിക്കുന്നത് ? ഇന്ന് നിങ്ങളുടെ ദയയും ആതിഥ്യവും ആവശ്യമുള്ള ആരാണുള്ളത്?
|
|
|