യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?.. ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും. യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.. —സങ്കീർത്തനം 13:1,5-6

എവറസ്റ്റിന്റെ ഏറ്റവും അടുത്തുള്ള വ്യൂ പോയിന്റായ എവറസ്റ്റ് ബേസ് ക്യാമ്പ് ഞാനും എന്റെ ഭർത്താവും സന്ദർശിച്ചപ്പോൾ, ചില മനോഹരമായ കാഴ്ചകൾ കാണാൻ ഞാൻ പ്രതീക്ഷിച്ചു. എന്നിട്ടും 2 ദിവസത്തോളം പർവ്വതം മേഘങ്ങളാൽ മൂടപ്പെട്ടു. അതുകൊണ്ട് ചിത്രങ്ങളെടുക്കുന്നതിന് പകരം ഞാൻ പോസ്റ്റ് കാർഡുകൾ വാങ്ങി.

എന്റെ ചുറ്റുമുള്ള ആളുകളോട് എന്റെ വിശ്വാസം ചിത്രീകരിക്കുന്ന രീതിയെ ചോദ്യം ചെയ്യാൻ ഞങ്ങളുടെ അവധിക്കാലം എന്നെ പ്രേരിപ്പിച്ചു. ക്രിസ്തുമതത്തിന്റെ ഒരു ‘പോസ്റ്റ്കാർഡ്’ വീക്ഷണമാണോ ഞാൻ അവതരിപ്പിക്കുന്നത്? എന്റെ ജീവിതം എപ്പോഴും പ്രകാശം നിറഞ്ഞതാണെന്നും -ദൈവത്തെക്കുറിച്ചുള്ള എന്റെ കാഴ്ച എപ്പോഴും വ്യക്തമാണ് എന്നുമുള്ള തെറ്റായ ധാരണ ഞാൻ നൽകുന്നുണ്ടോ?

ദാവീദ് അതല്ല ചെയ്തത്. പതിമൂന്നാം സങ്കീർത്തനത്തിന്റെ ആവേശം നിറഞ്ഞ കവിതയിൽ, തനിക്ക് ദൈവത്തെ കാണാൻ കഴിയുന്നില്ലെന്നും അവൻ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു (വാ. 1). എന്നിരുന്നാലും, തന്റെ പ്രാർത്ഥനയുടെ അവസാനത്തിൽ, തനിക്ക് കാണാൻ കഴിയാത്തത് അവിടെയുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു, കാരണം ദൈവത്തിന്റെ മഹാമനസ്ക്കതയുള്ള പരിചരണത്തിൽ താൻ അത് മുമ്പ് കണ്ടിരുന്നു (വാ. 5-6). ക്രിസ്ത്യാനികൾ എവറസ്റ്റ് കൊടുമുടിയുടെ ചുവട്ടിൽ താമസിക്കുന്നവരെപ്പോലെയാണ്. അവർ മുമ്പ് പർവ്വതം കണ്ടിട്ടുണ്ട്, അതിനാൽ മേഘങ്ങൾ അതിനെ മൂടുമ്പോൾ പോലും അത് നിലകൊള്ളുന്നുവെന്ന് അവർ മനസ്സിലാക്കുന്നു.

കഷ്ടതയോ ആശയക്കുഴപ്പമോ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ മറയ്ക്കുമ്പോൾ, നമ്മുടെ സംശയങ്ങളെക്കുറിച്ച് മറ്റുള്ളവരോട് സത്യസന്ധത പുലർത്താൻ കഴിയും. എങ്കിലും കർത്താവിന്റെ മഹത്വത്തിനും നന്മയ്ക്കും സാക്ഷ്യം വഹിച്ച സമയങ്ങളെ അനുസ്മരിച്ചുകൊണ്ട് കർത്താവ് ഇപ്പോഴും അവിടെയുണ്ടെന്നുള്ള നമ്മുടെ ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയും. അത് പോസ്റ്റ്കാർഡ് ക്രിസ്തീയതയെക്കാൾ നല്ലതാണ്.

—-ജൂലി അക്കർമാൻ ലിങ്ക്