വായിക്കുക: മത്തായി 6:25-34
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? (വാ. 25)
കുട്ടിക്കാലത്ത്, സ്കൂളിൽ എനിക്ക് കൂട്ടുകാരെ കിട്ടുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ, പഠനം കഴിഞ്ഞ് ജോലി ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഞാൻ. ഇന്ന്, എൻ്റെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ചും, ഞാൻ എഴുതിയ പുസ്തകങ്ങൾ വിൽക്കപ്പെടുമോയെന്നും ഞാൻ ആശങ്കപ്പെടുന്നു.
നിങ്ങൾ എന്തിനെക്കുറിച്ചാണ് വിഷമിക്കുന്നത്? ഒരു നിമിഷം ചിന്തിച്ച് മനസ്സിൽ ഒരു ലിസ്റ്റ് ഉണ്ടാക്കുക. നിങ്ങൾക്കും എനിക്കും ഒരേപോലെയുള്ള ആശങ്കകൾ കാണും.
നമ്മുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് വിചാരപ്പെടരുത് (മത്തായി 6:25) എന്ന് യേശു നമ്മോട് പറഞ്ഞു, അതിന് കർത്താവ് രണ്ട് നല്ല കാരണങ്ങൾ പറഞ്ഞു: ഒന്നാമത്തേത് പ്രായോഗികമായ കാര്യമാണ്—നാം വിഷമിക്കുമ്പോൾ, ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തിനായി നാം ഊർജ്ജം പാഴാക്കും. നിങ്ങൾ ആകുലപ്പെടുന്ന കാര്യങ്ങളിൽ എത്രയെണ്ണം ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക—നിങ്ങൾക്ക് ജോലി കിട്ടുകയില്ല, നിങ്ങളുടെ വിവാഹം നടക്കുകയില്ല, അല്ലെങ്കിൽ നിങ്ങളുടെ പദ്ധതി പരാജയപ്പെടും. നാം ഭയപ്പെടുന്ന മിക്ക കാര്യങ്ങളും സംഭവിക്കുകയില്ല എന്നതാണ് വാസ്തവം. “വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?” യേശു ചോദിച്ചു (വാക്യം 27). ആർക്കും കഴിയുകയില്ല. യേശു പറഞ്ഞു, “അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ” (വാ. 34).
രണ്ടാമത്തെ കാരണം ദൈവശാസ്ത്രപരമാണ്—ആശങ്കപ്പെടുമ്പോൾ, ദൈവം നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന വാഗ്ദാനം നാം തള്ളിക്കളയുന്നു. നമ്മളുൾപ്പെടെയുള്ള എല്ലാ സൃഷ്ടികൾക്കും വേണ്ടി പിതാവ് “അതിശയകരമായി കരുതുന്നുണ്ടെന്ന്” യേശു പറഞ്ഞു! (വാ. 30). “ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ” (വാ. 32-33).
തൻ്റെ ആശയം വ്യക്തമാക്കാൻ, യേശു പ്രകൃതിയിൽ കാണുന്ന ദൃഷ്ടാന്തങ്ങൾ വിവരിച്ചു. “ആകാശത്തിലെ പറവകളെ നോക്കുവിൻ.” ദൈവം അവയെ “പുലർത്തുന്നത്” എങ്ങനെയെന്ന് നോക്കുവിൻ (വാ. 26). “വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ;” അവ എത്ര മനോഹരമായി ചമഞ്ഞിരിക്കുന്നു എന്ന് നോക്കുവിൻ (വാ. 28-29). സൃഷ്ടികളെ ദൈവം നന്നായി കരുതുന്നു. അവൻ ആർദ്രതയോടെ പക്ഷികളെയും പൂക്കളെയും കരുതുന്നുവെങ്കിൽ, അവൻ്റെ പൈതലേ, അവൻ നിന്നെ പരിപാലിക്കുകയില്ലേ? ഇപ്പോഴത്തെ ആവശ്യങ്ങളിലും വെല്ലുവിളികളിലും നമുക്ക് ദൈവത്തിൽ ആശ്രയിക്കാം. കാരണം അവൻ വിശ്വസ്തനാണ്, കൂടെയുള്ളവനാണ്, നാം ആശങ്കപ്പെടുന്ന പ്രശ്നങ്ങൾ അവന് നിസ്സാരമാണ്.
—ഷെറിഡൻ വോയ്സി
കൂടുതൽ അറിയുവാൻ
ഫിലിപ്പിയർ 4:6 വായിക്കുക. നമ്മുടെ ഉത്കണ്ഠകൾ പരിഹരിക്കാൻ പൗലോസ് എന്താണ് നിർദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുക.
തുടർന്ന് ചെയ്യുവാൻ
ഭാവിയെക്കുറിച്ചുള്ള എന്തെല്ലാം കാര്യങ്ങളിൽ നിങ്ങൾ ആകുലപ്പെടുന്നുണ്ട്? എന്ത് സംഭവിക്കുമെന്ന് ആകുലപ്പെടുന്നതിനുപകരം, നിങ്ങൾ അവനിൽ ആശ്രയിക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിൻ്റെ ശക്തിയും സാന്നിദ്ധ്യവും നിങ്ങളെ എങ്ങനെ സഹായിക്കും?
|
|