1986-ൽ, ഡിറ്റക്റ്റീവ് ഹെർക്കുലി പൊയ്റോട്ടിന്റെ വേഷത്തിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് നടനായ സർ ഡേവിഡ് സുചേത്, യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള അന്വേഷണം ആരംഭിച്ചു. തന്റെ മരണശേഷം എന്ത് സംഭവിക്കുമെന്ന് ആശ്ചര്യപ്പെട്ട അദ്ദേഹം റോമർക്കെഴുതിയ ലേഖനം വായിക്കാൻ തുടങ്ങി. ഇരുപതു വർഷത്തെ ശ്രദ്ധാപൂർവമായ പരിഗണനയ്ക്കു ശേഷം, അവൻ യേശുവിൽ വിശ്വസിക്കാൻ പൂർണ്ണമായി പ്രതിജ്ഞാബദ്ധനായി.
“പുനരുത്ഥാനം കൂടാതെ വിശ്വാസമില്ല,” സുചേത് ഉപസംഹരിച്ചു, കൊരിന്ത്യർക്കുള്ള പൗലോസിന്റെ ആദ്യ കത്ത് പ്രതിധ്വനിച്ചു. അതിനാൽ, താൻ വിശ്വസിക്കുന്നത് “യേശുവിൻ്റെ മരണത്തെയും കുരിശുമരണത്തെയും മാത്രമല്ല, പുനരുത്ഥാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്” എന്ന് അദ്ദേഹം മനസ്സിലാക്കി. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന്റെ അത്ഭുതം, നമുക്ക് പ്രത്യാശ നൽകുന്നതും അവൻ മനുഷ്യനും ദൈവവുമാണെന്ന് സൂചിപ്പിക്കുന്നതും ആണെന്ന് സുചേത് പറഞ്ഞു.
താൻ പതിനെട്ട് മാസം താമസിച്ച് സ്ഥാപിച്ച കൊരിന്തിലെ സഭകൾക്ക് പൗലോസ് എഴുതിയപ്പോൾ, ഭിന്നതകളെക്കുറിച്ചും, പുനരുത്ഥാനത്തിലുള്ള വിശ്വാസം ക്ഷയിക്കുന്നതിനെയുംക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. അവൻ പ്രസ്താവിച്ചു: “ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു” (1 കൊരിന്ത്യർ 15:17). യേശു മരിച്ച് ഉയിർത്തെഴുന്നേറ്റതുപോലെ അവന്റെ വിശ്വസികളും ഉയിർത്തെഴുന്നേൽക്കും. കൊരിന്തിലെ സഭ ഈ പ്രത്യാശ മുറുകെ പിടിച്ചില്ലെങ്കിൽ, അവർ “സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.” (വാക്യം 19).
യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, അവനോടൊപ്പം എന്നേക്കും ജീവിക്കുമെന്ന ഉറപ്പിൽ നമുക്ക് സന്തോഷിക്കാം. അതൊരു നല്ല അന്വേഷണത്തിന്റെ അത്ഭുതകരമായ പരിസമാപ്തിയാണ്.
-ആമി ബൗച്ചർ പൈ
യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, ജീവിച്ചിരിക്കുന്നുവെന്നുള്ള അറിവ് എങ്ങനെയാണ് നിങ്ങൾക്ക് പ്രത്യാശ നൽകുകന്നത്? അത് എങ്ങനെയാണ് നിങ്ങളുടെ ജീവിതരീതിയെ രൂപപ്പെടുത്തുന്നത്? എന്തുകൊണ്ടാണ് ഇത് പ്രസക്തമാകുന്നത്?
ഉയിർത്തെഴുന്നേറ്റ ക്രിസ്തുവേ, കുരിശിൽ മരിച്ചതിനും പുതിയ ജീവിതത്തിലേക്ക് ഉയിർത്തതിനും നന്ദി. അങ്ങയോടോപ്പമുള്ള ജീവിതത്തിൽ ഞാൻ സന്തോഷിക്കുന്നു.
I കൊരിന്ത്യർ 15:12-24
12 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല
14 ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.
15 മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
16 മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.
17 ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
18 ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.
19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
20 എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും
I കൊരിന്ത്യർ 15:20
എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
|
|
|