നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു. സങ്കീർത്തനം 63:7-8

സൂചി, പാൽ, കൂൺ, യന്ത്രക്കോവണി, പ്രസവം, തേനീച്ച, ബ്ലെൻഡറുകളിലെ തേനീച്ചകൾ—ഇവ, ‘മങ്ക്’ എന്ന ടിവി ഷോയിലെ ഡിറ്റക്റ്റീവും, പ്രധാന കഥാപാത്രവുമായ മിസ്റ്റർ അഡ്രിയാൻ മങ്കിന്റെ പേടിസ്വപ്നമായിരുന്നു. എന്നാൽ അവനും ദീർഘകാല എതിരാളിയായ ഹരോൾഡ് ക്രെൻഷോയും ഒരു കാറിന്റെ ഡിക്കിയിൽ പൂട്ടിയിടപ്പെട്ടപ്പോൾ മങ്ക് അവസരത്തിനൊത്ത് ഉയർന്നു. അതോടെ ഇടുങ്ങിയ സ്ഥലത്തോടുള്ള ഭയത്തിൽ നിന്ന് അവൻ മുക്തി പ്രാപിക്കുന്നു.

മങ്കും ഹരോൾഡും പരിഭ്രാന്തരായി ഡിക്കിയിൽ ഇരിക്കുമ്പോഴാണ് മങ്കിന്റെ ഉത്കണ്ഠ തുടച്ചു നീക്കിക്കൊണ്ട് അവന് ഒരു വെളിപാട് ഉണ്ടാകുന്നത്. “നമ്മൾ ഇത് തെറ്റായ രീതിയിലാണ് കാണുന്നത് എന്ന് ഞാൻ കരുതുന്നു,” മങ്ക് ഹരോൾഡിനോട് പറയുന്നു. “ഈ ഡിക്കിയുടെ വാതിലും, ചുറ്റുമുള്ള മറയും . . . അവ നമ്മെ അടച്ചുപൂട്ടുന്നില്ല . . . അവ നമ്മെ വാസ്തവത്തിൽ സംരക്ഷിക്കുകയാണ്. അവ മോശമായ കാര്യങ്ങൾ തടയുന്നു . . . അണുക്കൾ, പാമ്പുകൾ, ശബ്ദം.” മങ്ക് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ അത്ഭുതത്തോടെ, ഹരോൾഡ് മന്ത്രിക്കുന്നു, “ഈ ഡിക്കി നമ്മുടെ സുഹൃത്താണ്.”

63-ാം സങ്കീർത്തനത്തിൽ, ദാവീദിന് ഇതുപോലെ ഒരു വെളിപാടുണ്ടായി. “വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത്” ആയിരുന്നിട്ടും, ദാവീദ് ദൈവത്തിന്റെ ശക്തിയും മഹത്വവും സ്നേഹവും ഓർത്തപ്പോൾ (വാ. 1-3) മരുഭൂമി, ദൈവത്തിന്റെ കരുതലിന്റെയും സംരക്ഷണത്തിന്റെയും സ്ഥലമായി മാറുന്നതുപോലെ അനുഭവപ്പെട്ടു. അമ്മയുടെ ചിറകിനുള്ളിൽ ഒളിച്ചിരിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ, താൻ ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ, “ജീവനേക്കാൾ നല്ലതായ” (വാ. 3) സ്നേഹത്താൽ ആ തരിശായ ദേശത്തുപോലും, തനിക്ക് “മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ” (വാക്യം 5) പോഷണവും ശക്തിയും കണ്ടെത്താനാകുമെന്ന് ദാവീദ് മനസ്സിലാക്കുന്നു.

– മോണിക്ക ലാ റോസ്

ചിന്തയ്ക്കായിട്ടുള്ളത്

എപ്പോഴാണ് നിങ്ങൾ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ ദൈവത്തിന്റെ കരുതൽ അനുഭവിച്ചത്? നിലവിലുള്ള ഏതു പോരാട്ടങ്ങളിൽ ദൈവത്തിന്റെ “ചിറകിൻ നിഴലിൽ ഘോഷിച്ചാനന്ദിക്കുവാൻ” നിങ്ങൾക്ക് കഴിയും?
പരിപാലകനും പോഷകനുമായ, സ്‌നേഹനിധിയായ സൃഷ്ടാവേ, അങ്ങേയറ്റം ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും അത്ഭുതകരമായി അങ്ങയുടെ സ്‌നേഹം എന്റെ ഹൃദയത്തിൽ പകരുകയും, എനിക്ക് അങ്ങയുടെ ചിറകിൻ നിഴലിൽ അഭയം നൽകുകയും ചെയ്തതിന് നന്ദി.

 

 

 

banner image