നിങ്ങൾക്ക് അടയാളമോ: ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. ലൂക്കോസ് 2:12
ഞങ്ങളുടെ ചെറിയ പട്ടണത്തിൽ അലങ്കരിച്ച പുൽക്കൂട്ടിൽ നിന്ന് രണ്ട് പ്രധാന കഥാപാത്രങ്ങൾ പെട്ടെന്ന് കാണാതായി – മറിയയും ഉണ്ണിയേശുവും. ഞാൻ അതിലെ പോയപ്പോൾ ഒന്നുകൂടി അവിടെ നോക്കി. കാണാതായ കഥാപാത്രങ്ങളെ കുറിച്ച് പ്രാദേശിക അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം എന്നതായിരുന്നു എന്റെ ആദ്യ ചിന്ത, എന്നാൽ ഞാൻ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. അവയൊഴിച്ച് ബാക്കി എല്ലാം അവിടെ ഉണ്ടായിരുന്നു. ഒരു ഭയങ്കരമായ കാറ്റ് അവിടെ അടച്ചിരുന്നു; അതിനാൽ ഒരുപക്ഷേ അവ പറന്നു പോയിരിക്കാം. അല്ലെങ്കിൽ ആരെങ്കിലും അവയെ മോഷ്ടിച്ചതാവാം (അത് വിചിത്രമായി തോന്നുന്നു). എങ്ങനെയായാലും, അവരില്ലാതെ പ്രത്യേകിച്ച് അവനില്ലാതെ പുൽക്കൂട് പൂർണ്ണമായിരുന്നില്ല.
യേശുവിന്റെ ജനനസമയ വിവരണങ്ങളിലെ കഥാപാത്രങ്ങൾ വളരെ പ്രധാനമാണ്, കാരണം അവയെല്ലാം അവിടെ ചുരുളഴിഞ്ഞ കഥയിൽ പ്രധാന പങ്ക് വഹിച്ചിരുന്നു: “ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ള യോസേഫ്” (ലൂക്കാ 2:4); “തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ” (വാക്യം 5); “ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്ന ഇടയന്മാർ” (വാക്യം 8), “തേജസ്സുള്ള കർത്താവിന്റെ ഒരു ദൂതൻ” (വാ. 9). എന്നാൽ മുഴുവൻ രംഗത്തിന്റെയും പ്രധാന ശ്രദ്ധാകേന്ദ്രം, ക്രിസ്തുമസിന്റെ കാതൽ, അന്നും ഇന്നും ഒരേ ഒരു “അടയാളം” മാത്രം, “ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ശിശു” അതായത്, “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ്…” (വാ. 11-12).
നാം ഓരോരുത്തരുടെ ജീവിതവും, ദൈവത്തിന്റെ വീണ്ടെടുപ്പ് കഥയുടെ തുടർച്ചയിൽ നാം വഹിക്കുന്ന റോളുകളും വളരെ പ്രധാനമാണ്. എന്നാൽ ഏറ്റവും പ്രധാന കഥാപാത്രം അന്നും ഇന്നും എന്നും നമ്മുടെ സുന്ദരനായ രക്ഷകനായ ക്രിസ്തു എന്ന കർത്താവാണ്. അവൻ ഇപ്പോൾ ഒരു കുഞ്ഞല്ല, എന്നേക്കും വാഴുന്ന രാജാവാണ്. – ജോൺ ബ്ലേസ്
പുൽക്കൂട്ടിലെ മനുഷ്യ കഥാപാത്രങ്ങളിൽ ആരെയാണ് നിങ്ങൾ ഏറ്റവും കൂടുതൽ പ്രതിനിധാനം ചെയ്യുന്നത്? ക്രിസ്തു നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ഉറപ്പാക്കുവാൻ ഈ വർഷം മുഴുവനും നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?
യേശുവേ, അങ്ങയുടെ മഹത്തായ കഥയിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി. എല്ലാ മഹത്വവും ബഹുമാനവും എപ്പോഴും നിനക്കു ലഭിക്കത്തക്കവിധം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സഹായിക്കേണമേ.
ലൂക്കോസ് 2:1–12
1 ആ കാലത്തു ലോകമൊക്കെയും പേർവഴി ചാർത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. 2 കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. 3 എല്ലാവരും ചാർത്തപ്പെടേണ്ടതിനു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. 4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, 5 യെഹൂദ്യയിൽ ബേത്ലഹേം എന്ന ദാവീദിൻപട്ടണത്തിലേക്കു പോയി. 6 അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലംതികഞ്ഞു. 7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. 8 അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. 9 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. 10 ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. 11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. 12 നിങ്ങൾക്ക് അടയാളമോ: ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.