“കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.”
~ സങ്കീർത്തനം 50:15
കഴിഞ്ഞ വർഷം ഇതേ സമയത്ത്, മഞ്ഞുമലയുടെ ഒരറ്റം മാത്രമേ ഇന്ത്യ കണ്ടിരുന്നുള്ളു, ഇന്നാകട്ടെ അന്തർദേശീയ ആരോഗ്യ പ്രതിസന്ധിയായി അതു വളരുകയും നാമത് അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാണാൻ ലോക രാജ്യങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കി, ഈ രംഗത്തു നാം മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്തള്ളിയതായി തോന്നുകയും ചെയ്തു. പല വികസിത രാഷ്ട്രങ്ങളിലും രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിച്ചപ്പോൾ, ഇന്ത്യ മികച്ച രീതിയിൽ മഹാമാരിയെ കൈകാര്യം ചെയ്തു. എന്നാൽ 2021 ൽ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.
രണ്ടാം തരംഗം ആഞ്ഞടിച്ചു, ഇന്ത്യ വൈറസിന്റെ കടന്നാക്രമണത്താൽ നട്ടംതിരിഞ്ഞു. ഒന്നാം തരംഗത്തിൽ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കാൻ നടപ്പിലാക്കിയ ലോക്ഡൗൺ പരമ്പര സാമ്പത്തിക സ്ഥിതിയെ തകിടംമറിച്ചു. അനിവാര്യമായിട്ടും വീണ്ടും ലോക്ഡൗൺ നടപ്പാക്കുന്നത് പ്രയാസമായതിനെത്തുടർന്ന്, രണ്ടാം തരംഗം തീവ്രത കൈവരിക്കുകയും നിരന്തരം എരിയുന്ന ചിതകൾ രാത്രി ആകാശത്തെ പ്രകാശമാനമാക്കുകയും ”ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുന്നുണ്ടോ?” എന്ന എരിയുന്ന ചോദ്യം നമ്മുടെ ഹൃദയത്തിലുയർത്തുകയും ചെയ്തു.
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേൽ, തങ്ങളുടെ ആവശ്യ സമയങ്ങളിൽ വ്യത്യസ്തമായ നിരവധി പ്രാർത്ഥനകൾ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്. ആ സമയത്തെല്ലാം ദൈവം അവയ്ക്ക് ഉത്തരം നൽകി. യേശുവിന്റെ വിലയേറിയ രക്തത്താൽ വിലയ്ക്കുവാങ്ങപ്പെട്ട, തിരഞ്ഞെടുക്കപ്പെട്ട ജനമായ നമുക്കും അവരുടെ ഉദാഹരണത്തിൽനിന്നു ചിലതു പഠിക്കുവാനുണ്ട്.
വിടുതലിനായുള്ള ഒരു പ്രാർത്ഥന
മിസ്രയീമിൽ 400 വർഷം അടിമകളായിരുന്ന യിസ്രായേൽ ജന, തങ്ങളെ വിടുവിക്കേണ്ടതിനായി ദൈവത്തോടു നിലവിളിച്ചു. ”മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു” (പുറപ്പാട് 3:7) എന്നു പറഞ്ഞുകൊണ്ട് ദൈവം മോശെയെ തന്റെ ജനത്തെ വിടുവിക്കേണ്ട ദൗത്യം ഏൽപ്പിച്ചു. ഇങ്ങനെയുള്ള ഒരു ചെറിയകൂട്ടം അടിമകളെക്കുറിച്ച് ”ഞാനാകുന്നവൻ ഞാനാകുന്നു” എന്ന ദൈവം കരുതലുള്ളവനാകുന്നത് ആശ്ചര്യകരമല്ലേ? മോശെയുടെ ജനനസമയത്ത് അവനെ രക്ഷിക്കുവാനും അവനെ പണിതെടുക്കാനും രൂപപ്പെടുത്താനും സഹായിക്കുന്ന ജീവിത അനുഭവങ്ങളിലൂടെ നടത്തുവാനും ഒടുവിൽ തന്റെ ജനമായ യിസ്രായേലിന്റെ വക്താവും വീണ്ടെടുപ്പുകാരനുമായി ഉയർത്തുവാനും തക്കവിധം കരുതലുള്ളവനായിരുന്നു ദൈവം. ഇതേ ദൈവത്തിന്, ഇന്നു നാം പ്രാർത്ഥിക്കുമ്പോൾ നമ്മെയും വിടുവിക്കാൻ കഴിയും.
ജ്ഞാനത്തിനായുള്ള ഒരു പ്രാർത്ഥന
ഒരുപക്ഷേ ബൈബിളിലെ ഏറ്റവും പ്രസിദ്ധ വ്യക്തികളിൽ ഒരാളാണ് ശലോമോൻ രാജാവ്. തന്റെ പ്രസിദ്ധനായ പിതാവു നിമിത്തം ചെറിയ പ്രായത്തിൽ തന്നെ വെള്ളിവെളിച്ചത്തിലെത്തിയ ശലോമോന് വലിയ ഉത്തരവാദിത്വങ്ങൾ ആയിരുന്നു നിറവേറ്റാൻ ഉണ്ടായിരുന്നത്. അവന്റെ ബലഹീനതയിൽ, ദൈവം അവനു പ്രത്യക്ഷനായി, പുതുതായി അഭിഷേകം ചെയ്യപ്പെട്ട രാജാവെന്ന നിലയിൽ അവന്റെ അപേക്ഷ എന്താണെന്നാരാഞ്ഞു. ശലോമോന്റെ ആവശ്യം അസാധാരണമായിരുന്നു: അവൻ ചോദിച്ചു, ”ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിനു ന്യായപാലനം ചെയ്വാൻ ആർക്കും കഴിയും” (1 രാജാക്കന്മാർ 3:9). തന്റെ രാജ്യത്തിനുവേണ്ടിയുള്ള ശലോമോന്റെ നിസ്വാർത്ഥമായ ഈ അപേക്ഷ ദൈവത്തിനു പ്രസാദമാകുകയും ശലോമോൻ ചോദിച്ചതിലും അധികം ദൈവം അവനു നൽകുകയും ചെയ്തു. ഈ അസാധാരണമായ ഘട്ടത്തിൽ നാം നിസ്വാർത്ഥമായും തീക്ഷ്ണമായും പ്രാർത്ഥിക്കണം. നാം നമുക്കുവേണ്ടി ഇത്രകാലം പ്രാർത്ഥിച്ചു, ഇനി നാം മറ്റുള്ളവർക്കുവേണ്ടി, പ്രത്യേകാൽ നമ്മുടെ ഭരണാധികാരികൾക്കും അധികാരസ്ഥർക്കുംവേണ്ടി, പ്രാർത്ഥിക്കേണ്ട സമയമാണ്. ആപത്കരമായ ഈ ഘട്ടത്തിലൂടെ അവർ നമ്മെ നടത്തുമ്പോൾ ദൈവം അവർക്കു വിവേകവും വിവേചനബുദ്ധിയും ഉള്ള ഹൃദയം നൽകേണ്ടതിനായി നമുക്കു പ്രാർത്ഥിക്കാം.
യഥാസ്ഥാപനത്തിനായുള്ള ഒരു പ്രാർത്ഥന
യിസ്രായേലിലെയും യെഹൂദ്യയിലെയും പില്ക്കാല രാജാക്കന്മാരുടെ കാലത്ത്, രാജ്യം ദൈവത്തെയും ദൈവിക വഴികളെയും വിട്ട് അകന്നുപോയി. ജനങ്ങൾ ദൈവത്തെ സ്നേഹിക്കുന്നതിനുപകരം സ്വാർത്ഥ താല്പര്യങ്ങളിൽ മുഴുകുകയും അനുസരണക്കേടിലേക്കു തിരിയുകയും ചെയ്തു. ഈ അവസരത്തിൽ, ദൈവം ബാബിലോണിനെ അവരെ പഠിപ്പിക്കുന്നതിനുള്ള ഒരു ആയുധമായി ഉപയോഗിച്ചു. 70 വർഷത്തിനു ശേഷം ഒരു ചെറിയകൂട്ടം യെഹൂദന്മാർ അവരുടെ സ്വന്ത നാട്ടിൽ തിരിച്ചെത്തി. അവർ തകർന്നു കിടന്നതിനെ പണിതുകൊണ്ടിരിക്കുമ്പോൾ, ജനത്തിന്റെ നേതാവായ എസ്രാ ശാസ്ത്രി, തങ്ങളുടെ പിന്മാറ്റമാണ്് തങ്ങളുടെ കഷ്ടതയ്ക്കു കാരണമായതെന്നു തിരിച്ചറിയുകയും അവരുടെ ദേശത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അവൻ പ്രാർത്ഥിച്ചു പറഞ്ഞത്, ”എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയർത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.” ഒരു പക്ഷേ ക്രിസ്തുവിന്റെ ശരീരമായ നാമും എസ്രായെപ്പോലെ നമ്മുടെ ദേശനിവാസികൾക്കുവേണ്ടി ഇടിവിൽനിന്നുകൊണ്ട് പാപമോചനത്തിനായും യഥാസ്ഥാപനത്തിനായും മധ്യസ്ഥതചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു.
സൗഖ്യത്തിനായുള്ള ഒരു പ്രാർത്ഥന
ദേശത്തെ ശൂന്യമാക്കിയ ബാബിലോൺ പ്രവാസത്തിനുശേഷം, യിസ്രായേൽ ജനം തങ്ങളുടെ രാജ്യത്തെ പരമാവധി വീണ്ടെടുക്കാൻ പരിശ്രമിച്ചു. അവർ തങ്ങളുടെ ജീവിതത്തെയും ദേശത്തെയും പുനർനിർമ്മിക്കുമ്പോൾ, ദൈവം തന്റെ സമയമാകുമ്പോൾ ജനത്തെ സൗഖ്യമാക്കും എന്ന പ്രത്യാശയുടെ പ്രവചന വാക്കുകൾ മലാഖി പ്രവാചകൻ അവരെ അറിയിച്ചു. ”നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും” അവൻ പറഞ്ഞു (മലാഖി 4:2). ഈ നീതിസൂര്യൻ നമുക്കുവേണ്ടി ഭൂമിയിൽ വന്ന ദൈവപുത്രൻ അല്ലാതെ മറ്റാരുമല്ല. അവിടുന്ന് നമ്മുടെ നാടിനെക്കുറിച്ചും കരുതലുള്ളവനാകുന്നു, അവിടുന്ന് തന്റെ ”ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ” ഉദിക്കും. ഭയാനകമായ ഈ രോഗത്തോടു പൊരുതുന്ന നമ്മുടെ സഹോദരങ്ങൾക്കായി ദൈവജനമെന്ന നിലയിൽ നമുക്ക് പ്രാർത്ഥിക്കാം. കാരണം ”അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നിരിക്കുന്നു” (യെശയ്യാവ് 53:5).
വേദപുസ്തകത്തിൽ നാം കാണുന്നതുപോലെ, ദൈവത്തിന്റെ പരമാധികാര പദ്ധതിയിലെ സുപ്രധാനഭാഗമാണ് പ്രാർത്ഥന. നാം സേവിക്കുന്ന ദൈവം നമ്മെക്കുറിച്ച് കരുതലില്ലാതെ ദൂരസ്ഥനായിരിക്കുന്ന ദൈവമല്ല, അവിടുന്ന് നമ്മെ കരുതുന്നു. ആകയാൽ നാം നമ്മുടെ ദേശത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ കഷ്ടകാലത്തു അവിടുത്തെ വിളിച്ചപേക്ഷിക്കാൻ ആവശ്യപ്പെട്ട ദൈവം, നമ്മുടെ കരച്ചിൽ കേൾക്കാമെന്നും വാക്കു നൽകിയ ദൈവമാണ് എന്ന് അറിഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് അടുത്തുചെല്ലാം
റെബേക്കാ വിജയൻ