നമ്മുടെ പാപങ്ങൾ നിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു …. ഗലാത്യർ 1:3,4
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിവാദപരമായ സാമൂഹ്യ വിഷയങ്ങൾ എഴുതിയ ഒരു പുതിയ പത്രപ്രവർത്തകനായിരുന്നു ഡബ്ളിയു.റ്റി. സ്റ്റഡ്. അദ്ദേഹം പ്രസിദ്ധീകരിച്ച 2 ലേഖനങ്ങൾ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി ആവശ്യത്തിന് ലൈഫ് ബോട്ടുകൾ ഇല്ലാതെ കപ്പലുകൾ യാത്ര ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. വിരോധാഭാസമെന്ന് പറയട്ടെ, 1912 ഏപ്രിൽ 15 ന് മഞ്ഞ് മലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക്കിൽ സ്റ്റഡും ഉണ്ടായിരുന്നു. ഒരു റിപ്പോർട്ട് പറയുന്നത്, സ്റ്റഡ് നിരവധി സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലൈഫ് ബോട്ടിൽ രക്ഷപ്പെടാൻ സഹായിച്ച ശേഷം തന്റെ സ്വന്തം ലൈഫ് ജാക്കറ്റും മറ്റുള്ളവർക്കായി നല്കി ജീവത്യാഗം ചെയ്തു എന്നാണ്.
ആത്മത്യാഗം എന്നത് നമ്മെ വല്ലാതെ ഉലയ്ക്കുന്ന ഒരു കാര്യമാണ്. യേശുക്രിസ്തു ചെയ്തതിനേക്കാൾ വലിയ ആത്മത്യാഗം ഇല്ല തന്നെ. എബ്രായ ലേഖനക്കാരൻ പറയുന്നു: “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരുന്നു കൊണ്ട്….. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സത്ഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രായർ 10:12,14) ഗലാത്യർക്കുള്ള ലേഖനം പൗലൊസ് ആരംഭിക്കുന്നതും ഈ പരമപരിത്യാഗത്തെ വിവരിച്ചുകൊണ്ടാണ് : “ഇപ്പോഴത്തെ ദുഷ്ടലോകത്തിൽ നിന്ന് നമ്മെ വിടുവിക്കേണ്ടതിന് നമ്മുടെ പാപങ്ങൾ നിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തു….” (ഗലാത്യർ 1:3,4).
നമുക്കു വേണ്ടി യേശു തന്നെത്താൻ യാഗമായി നല്കി എന്നതാണ് നമ്മോടുള്ള അവന്റെ സ്നേഹത്തിന്റെ അളവ്. സ്വമനസ്സാലെയുള്ള ആ പരിത്യാഗം ഇന്നും ആളുകളെ രക്ഷിക്കുകയും അവനോടൊപ്പമുള്ള നിത്യതയുടെ ഉറപ്പ് അവർക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.
രചയിതാവ്: ബിൽ ക്രൗഡർ
ധ്യാനം
കൃപയും സ്നേഹവും ഉള്ള ദൈവമേ, ഞങ്ങളെ പ്രതി ക്രിസ്തു അർപ്പിച്ച യാഗമെന്ന അത്ഭുതം വർണ്ണിക്കുവാൻ വാക്കുകൾക്ക് കഴിയില്ല. ഞങ്ങളുടെ സ്നേഹം വിശ്വാസമായും ആരാധനയായും ഇതിനോട് പ്രതികരിക്കട്ടെ – അറുക്കപ്പെട്ടവനായ അവിടുത്തെ പ്രിയപുത്രൻ സകല സ്തുതികൾക്കും അർഹനാണ്.
യേശു, തനിക്ക് നമ്മോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ, തന്റെ ജീവനെ വച്ചു തന്നു.