പുതിയ പ്രത്യാശയുടെ തിരഞ്ഞെടുപ്പ്

“… ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്നു … നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്.” ~ ആവര്‍ത്തനം 30:19

 

ആദ്യമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാം അപരിചിതമായി തോന്നി. ജീവിതം സ്തംഭിച്ചതോടെ ഭൗതിക ജീവിതചര്യകള്‍ തടസ്സപ്പെട്ടു. എന്നിരുന്നാലും, ലോക്ക്ഡൗണിന്റെ രണ്ടു മാസവും തുടര്‍ന്നു വന്ന നാല് ദീര്‍ഘിപ്പിക്കലുകള്‍ക്കും ശേഷം നാം ഇപ്പോള്‍ ഒരു പുതിയ ‘സാധാരണ’ ജീവിതശൈലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി. ക്രിസ്ത്യാനികളെന്ന നിലയില്‍, ഈ സമയത്ത് ദൈവവചനത്തില്‍ നിന്ന് ആത്മവിശ്വാസം നേടാന്‍ നാം ശ്രമിച്ചു. ബൈബിളില്‍ നിന്നുള്ള പ്രോത്സാഹജനകമായ നിരവധി വാഗ്ദാനങ്ങള്‍, പ്രത്യേകിച്ച് ദൈവം നമ്മുടെ സങ്കേതമാണ്, നമ്മുടെ ശരണമാണ്, ദാതാവാണ്, ആശ്വാസകനാണ് തുടങ്ങിയ ഉറപ്പുനല്‍കുന്ന വാക്യങ്ങള്‍ നാം അവകാശമാക്കി. ചിലരെ സംബന്ധിച്ച് ദൈവത്തിലാശ്രയിക്കാനുള്ള ഈ യാത്ര എളുപ്പമാണെന്ന് തോന്നുമ്പോള്‍ – പ്രത്യേകിച്ചും നല്ല ജോലിയും ഭേദപ്പെട്ട ബാങ്കുബാലന്‍സും ഉള്ളവര്‍ക്ക് – ദൈനംദിന ആഹാര ആവശ്യങ്ങള്‍ക്കുപോലും പാടുപെടുന്നവര്‍ക്ക് ലഭ്യമായ എല്ലാ പ്രോത്സാഹനവും ആവശ്യമായിരിക്കുന്ന സമയമാണിത്. 

 

ദൈവത്തിന്റെ ബലമുള്ള കരംകൊണ്ട് യിസ്രായേല്യരെ മിസ്രയീമില്‍ നിന്ന് പുറത്തുകൊണ്ടുവന്നപ്പോള്‍ അവരും ഒരു പുതിയ പാതയില്‍ സഞ്ചരിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു – ഒരു പുതിയ യാത്രയില്‍, അവര്‍ അജ്ഞാതമായ ഒരിടത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. പര്യവേക്ഷകരെന്ന നിലയില്‍ അവര്‍ക്ക് മുന്‍ പരിചയം ഇല്ലായിരുന്നു, അവര്‍ക്ക് യുദ്ധപരിശീലനവും ലഭിച്ചിരുന്നില്ല, അവരുടെ അടിച്ചമര്‍ത്തലിന്റെ വര്‍ഷങ്ങള്‍ അവരില്‍ അനിശ്ചിതത്വവും ഭയവും സംശയവും കലഹവുമാണ് സൃഷ്ടിച്ചത്. ഇതിനു പുറമെ, മരുഭൂമി ജീവിതത്തിലെ പ്രയാസങ്ങള്‍ ഇപ്പോള്‍ അവരെ കീഴടക്കി. അവരുടെ അടുത്ത ഭക്ഷണം എവിടെ നിന്ന് ലഭിക്കും എന്നു പ്രവചിക്കാനാവാത്ത അവസ്ഥ അവരുടെ വിശ്വാസത്തിന് വെല്ലുവിളിയുയര്‍ത്തി. മിസ്രയീമിലെ ബാധകളില്‍ നിന്ന് അവര്‍ കഷ്ടിച്ചു രക്ഷപ്പെട്ടത് അവരെ സഹായിച്ചില്ല, ദൈവത്തെ വിശ്വസിക്കുന്നത് ബുദ്ധിമുട്ടായിത്തീര്‍ന്നു. ഓരോ സംഘവും സംശയത്തിന്റെയും നിരാശയുടെയും ഭയത്തിന്റെയും വാക്കുകള്‍ പരസ്പരം മന്ത്രിക്കുകയും അതവരെ വിഷാദത്തിലേക്കു നയിക്കുകയും ചെയ്തു. അവരെ നയിക്കുന്ന ഈ മോശയെ വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നോ? 400 വര്‍ഷത്തിനുശേഷം അവരുടെ പിതാക്കന്മാരുടെ ദൈവം അവരുടെ രക്ഷയ്ക്കെത്തിയോ? ഭാവിക്കുവേണ്ടി എന്തെങ്കിലും പദ്ധതി അവര്‍ക്കുണ്ടായിരുന്നോ? ഈ ഭയാനകമായ മരുഭൂമിയില്‍ അവര്‍ എവിടേക്കാണ് പോകുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമായിരുന്നോ?

 

അവരുടെ അതാതുസമയത്തെ ഉത്കണ്ഠകള്‍ പുതിയതായി ലഭിച്ച സ്വാതന്ത്ര്യം ആസ്വദിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. മിസ്രയീമില്‍ വെച്ച് അവര്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെട്ടു, അവരുടെ കുട്ടികളെ നൈല്‍ നദിയില്‍ എറിഞ്ഞു കൊന്നുകളഞ്ഞു, അവര്‍ ശമ്പളമില്ലാത്ത അടിമകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ യിസ്രായേല്യര്‍ ഈ പുതിയ യാത്രയെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരുന്നു, അവരുടെ ഉത്കണ്ഠ അവരുടെ കുടുംബത്തോടൊപ്പം ഈ ആശ്വാസകാലം ആസ്വദിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. ദൈവത്തിനും അവരുടെ നേതാവിനുമെതിരെ പിറുപിറുക്കലും തിടുക്കത്തിലുള്ള പ്രസംഗങ്ങളും കൊണ്ട് അവര്‍ തങ്ങളുടെ ദിവസങ്ങളെ നിറച്ചു. അടിമത്ത കാലത്ത് ദൈവം അബ്രഹാമിനു നല്‍കിയ വാഗ്ദത്തം നിറവേറ്റാന്‍ അവര്‍ അവനോട് നിലവിളിച്ചു. പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്ക് അവന്‍ അവരെ കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രാമധ്യേ അവര്‍ ആശങ്കാകുലരായിരുന്നു. നമ്മള്‍ എവിടെ താമസിക്കും? ഭൂമി കീഴടക്കാന്‍ നമുക്കു കഴിയുമോ? തങ്ങളുടെ ഭാവിയെ ദൈവകരങ്ങളില്‍ ഏല്പിച്ച് അവന്റെ വാഗ്ദത്തം നിറവേറ്റാന്‍ അവനെ അനുവദിക്കുന്നതിനേക്കാള്‍ സുഖകരമായിരുന്നു മിസ്രയീമിലെ ക്രൂര പീഡനം എന്ന് അവര്‍ക്കു പെട്ടെന്ന് തോന്നി. മിസ്രയീമിലെ കണ്ണുനീര്‍ അവര്‍ വളരെ വേഗം മറന്നിരുന്നു, മറുവശത്തുള്ള പുല്ല് കൂടുതല്‍ പച്ചയായി കാണപ്പെട്ടു.

 

ഇപ്പോഴത്തെ നമ്മുടെ സ്വന്തം അനുഭവം യിസ്രായേല്യരുടേതില്‍ നിന്ന് വളരെ വ്യത്യസ്തമല്ല. ഈ ലോക്ക്ഡൗണ്‍ സമയത്ത് നാം നമ്മുടെ സ്വന്തം മരുഭൂമി അനുഭവത്തിലൂടെ കടന്നുപോകുകയാണ്. നിബന്ധനകളും രംഗങ്ങളും വ്യത്യസ്തമായിരിക്കാം, പക്ഷേ ഇത് വളരെയധികം സമാനത പുലര്‍ത്തുന്നു. നാമും പലപ്പോഴും നമ്മുടെ ഹൃദയത്തിലും ചിലപ്പോഴൊക്കെ ഉറക്കെയും പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. നമുക്കും നമ്മുടെ ഹൃദയത്തില്‍ ഉരുണ്ടുകൂടുന്ന ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും ഭയങ്ങളും നിറഞ്ഞ ചിന്തകള്‍ ഉണ്ട്. വീട്ടില്‍ നിന്ന് ജോലി ചെയ്തും കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും ഇപ്പോള്‍ നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യം പെട്ടെന്ന് ഒരു ഭാരമായി തോന്നുന്നു; അതേസമയം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജോലിക്ക് പോകുന്നത് ഒരു മടുപ്പായി തോന്നിയിരുന്നു. എങ്കിലും ഈ മഹത്തായ ഉറപ്പിനായി ദൈവത്തിനു നന്ദി, യിസ്രായേല്യരെ കനാനിലേക്ക് നയിച്ച ദൈവം നമ്മെയും നയിക്കുന്നു. അവന്‍ നമ്മുടെ സംരക്ഷകനാണ്, ഈ ജീവിത പാതയില്‍ നമ്മോടൊപ്പം സഞ്ചരിക്കുമെന്ന് അവിടുന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ആത്മവിശ്വാസത്തോടെ, ഇപ്പോള്‍ നാം നേരിടുന്ന സാഹചര്യത്തോട് യിസ്രായേല്യരില്‍ നിന്നു വ്യത്യസ്തമായ ഒരു സമീപനം നമുക്കു സ്വീകരിക്കാം.

 

പിറുപിറുക്കുന്നതിനും പരാതിപ്പെടുന്നതിനും പകരം അവനെ സ്തുതിക്കുന്നതു നമുക്ക് തിരഞ്ഞെടുക്കാം,

കാര്യങ്ങള്‍ ശരിയായില്ലെങ്കിലും അവനു നന്ദി പറയുന്നതു നമുക്ക് തിരഞ്ഞെടുക്കാം,

പ്രത്യാശ ആവശ്യമുള്ള ഒരാള്‍ക്ക് പ്രത്യാശ പകരുന്നതു നമുക്ക് തിരഞ്ഞെടുക്കാം,

നാം ഇവിടെ ആയിരിക്കുന്ന സമയത്ത് അവന്റെ സന്നിധിയില്‍ നമുക്ക് കാത്തിരിക്കാം.

 

ഇന്ന് ആവശ്യമുള്ള ഒരാള്‍ക്ക് ക്രിസ്തുവിന്റെ പ്രോത്സാഹനം എത്തിക്കുന്നവരാകാം. പ്രത്യാശ കൊണ്ടുവരിക, സന്തോഷം പകരുക, ജീവന്‍ തിരഞ്ഞെടുക്കുക. 

– ജോണ്‍ ദ്വൊരൈസ്വാമി