[ഹന്നാ] ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു. ലൂക്കോസ് 2:37

വറുത്തപഴം വിൽക്കുന്ന തിരക്കേറിയ തെരുവ് മൂലയിൽ ഞാൻ അവളെ സന്ദർശിക്കുമ്പോഴെല്ലാം ആലിങ്ങ് മൈതയുടെ ചുളിവുകൾ നിറഞ്ഞ മുഖം സ്‌നേഹമയമായ പ്രകാശം പരത്തും (ഫിലിപ്പൈൻസിലെ പ്രായമായ സ്ത്രീകളെ വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് ആലിങ്ങ്). എനിക്ക് സുഖമാണോ എന്ന് അവൾ എപ്പോഴും എന്നോട് ചോദിക്കും. അതോടൊപ്പം അവളുടെ പതിവ് ഓർമ്മപ്പെടുത്തൽ ഉണ്ടാകും: “എപ്പോഴും പ്രാർത്ഥിക്കുക! എല്ലായ്പ്പോഴും ദൈവത്തെ വിശ്വസിക്കുക! ” ഇപ്പോൾ എൺപത് വയസ്സുള്ള അവൾ, മനിലയിലെ പൊള്ളുന്ന ചൂടിൽ തന്റെ സാധനങ്ങൾ വിൽക്കുമ്പോൾ ഒപ്പം അവളുടെ പോക്കറ്റ് ബൈബിൾ വായിച്ച് ദിവസങ്ങൾ ചിലവഴിക്കുന്നു. കുനിഞ്ഞ, വെള്ളിമുടിയുള്ള ശിരസ്സോടു കൂടി, പരുപരുത്ത കൈകൾ കൊണ്ട് കീറിപ്പറിഞ്ഞ താളുകൾ ആർദ്രമായി പിടിച്ചിരിക്കുന്ന അവളുടെ കാഴ്ച യേശുവിനോടുള്ള അവളുടെ ഭക്തി എന്താണെന്ന് എന്നെ ഓർപ്പിക്കുന്നു.

യേശുവിനെ അവന്റെ മാതാപിതാക്കൾ ദൈവാലയത്തിലേക്ക് കൊണ്ടുവന്നപ്പോൾ മിശിഹായാണെന്ന് തിരിച്ചറിഞ്ഞ വിധവയായ വൃദ്ധ പ്രവാചകി, ഹന്നയെ ആലിങ്ങ് മൈത എന്നെ ഓർമ്മിപ്പിക്കുന്നു. ഹന്നായുടെ ദൈവത്തോടുള്ള ഭക്തി അവളുടെ ജീവിതത്തിന്റെ സവിശേഷതയായിരുന്നു. “അവൾ ഒരിക്കലും ദേവാലയം വിട്ടിട്ടില്ല, പക്ഷേ രാവും പകലും അവിടെ താമസിച്ചു, ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ദൈവത്തെ ആരാധിച്ചു” (ലൂക്കോസ് 2:37). പുരാതന യഹൂദ സമൂഹത്തിലെ പുരുഷാധിപത്യ പാരമ്പര്യങ്ങൾ വിധവകളെ അവഗണനയ്ക്കും ചൂഷണത്തിനും ഇരയാക്കിയിരുന്നു, എന്നാൽ ഈ പാർശ്വവൽക്കരണം തന്നെ നിർവചിക്കുവാൻ ഹന്നാ അനുവദിച്ചില്ല. പകരം, ദൈവത്തോടുള്ള ഭക്തി അവളെയും അവളുടെ ദിവസങ്ങളെയും നിർണ്ണയിക്കുവാൻ അവൾ തീരുമാനിച്ചു. അവൾക്ക് എൺപത്തിനാലു വയസ്സായപ്പോൾ, ദൈവം ഹന്നായുടെ വിശ്വാസത്തിന് പ്രതിഫലം നൽകി, അവളെ മിശിഹായെ കാണാൻ അനുവദിച്ചു.

യേശുവിനെ കാണാൻ കാത്തിരിക്കേണ്ടി വന്ന ഹന്നായിൽ നിന്ന് വ്യത്യസ്തമായി, നമുക്ക് അവന്റെ സാന്നിദ്ധ്യം എളുപ്പത്തിൽ ആസ്വദിക്കാനാകും. ആലിങ്ങ് മൈതയെപ്പോലെ, ആരാധനയ്ക്ക് യോഗ്യനായ യേശുവിനെ സ്തുതിച്ചുകൊണ്ട് ഹൃദയം കുനിച്ചും കൈകൾ ഉയർത്തിയും നമ്മുടെ ദിവസങ്ങൾ ജീവിക്കാം. – – കാരെൻ ഹുവാങ്

ഭക്തി എന്ന പദം കൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? ആരാണ് അല്ലെങ്കിൽ എന്താണ് നിങ്ങളുടെ ഭക്തിയുടെ ലക്ഷ്യം?

പ്രിയ ദൈവമേ, എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാൻ ചെയ്യുന്നതെല്ലാം അങ്ങയോടുള്ള ഭക്തിയാൽ നിർണ്ണയിക്കപ്പെടട്ടെ.

ലൂക്കോസ് 2:36–38

36ആശേർഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്‍സരം കഴിച്ച് എൺപത്തിനാല് സംവത്‍സരം വിധവയും വളരെ വയസ്സു ന്നവളുമായി 37 ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു. 38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.