ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. സങ്കീർത്തനങ്ങൾ 34:4

അനുവാദമില്ലാതെ എന്റെ ഹൃദയത്തിലേക്ക് ഭയം നുഴഞ്ഞുകയറുന്നു. അത് നിസ്സഹായതയുടെയും നിരാശയുടെയും ചിത്രം വരച്ചുകാട്ടുന്നു. അത് എന്റെ സമാധാനവും ഏകാഗ്രതയും അപഹരിക്കുന്നു. ഞാൻ എന്തിനെക്കുറിച്ചാണ് ഭയപ്പെടുന്നത്? എന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചോ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചോ എനിക്ക് ആശങ്കയുണ്ട്. ജോലി നഷ്‌ടപ്പെടുകയോ ബന്ധം വിച്ഛേദിക്കപ്പെടുകയോ ചെയ്‌താൽ ഞാൻ പരിഭ്രാന്തയാകും. ഭയം എന്റെ ശ്രദ്ധ ഉള്ളിലേക്ക് തിരിക്കുകയും ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമുള്ള ഒരു ഹൃദയത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഈ ഭയങ്ങളും ആശങ്കകളും ഉണ്ടാകുമ്പോൾ, സങ്കീർത്തനം 34-ൽ ദാവീദിന്റെ പ്രാർത്ഥന വായിക്കുന്നത് എത്ര നല്ലതാണ്: “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.” (വാക്യം 4). നമ്മുടെ ഭയത്തിൽ നിന്ന് ദൈവം നമ്മെ എങ്ങനെ വിടുവിക്കുന്നു? നാം “അവങ്കലേക്ക് നോക്കുമ്പോൾ” (വാക്യം 5), നാം അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമ്മുടെ ഭയം മാഞ്ഞുപോകുന്നു; അവൻ സകലതും നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുന്നു. പിന്നെ ദാവീദ് മറ്റൊരു തരത്തിലുള്ള ഭയത്തെ പരാമർശിക്കുന്നു – തളർത്തുന്ന ഭയമല്ല, മറിച്ച് നമ്മെ വലയം ചെയ്യുന്ന, നമ്മെ വിടുവിക്കുന്നവനോടുള്ള അഗാധമായ ആദരവും ഭയവുമാണ് (വാക്യം 7) അത് അവൻ നല്ലവനായതിനാൽ നമുക്ക് അവനിൽ ശരണം പ്രാപിക്കാം (വാ. 8).

അവന്റെ നന്മയെക്കുറിച്ചുള്ള ഈ തിരിച്ചറിവ് നമ്മുടെ ഭയങ്ങളെ യഥാർത്ഥ കാഴ്ചപ്പാടിലൂടെ കാണുവാൻ സഹായിക്കുന്നു. ദൈവം ആരാണെന്നും അവൻ നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ഓർക്കുമ്പോൾ, നമുക്ക് അവന്റെ സമാധാനത്തിൽ വിശ്രമിക്കാം. “അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ” (വാക്യം 9), ദാവീദ് ഉപസംഹരിക്കുന്നു. കർത്താവിനോടുള്ള ഭയത്തിൽ നമ്മുടെ ഭയങ്ങളിൽ നിന്ന് നമുക്ക് വിടുതൽ ലഭിക്കുമെന്ന് കണ്ടെത്തുന്നത് എത്ര അത്ഭുതകരമാണ്.

– കെയ്ലാ ഒക്കോവ

ചിന്തയ്ക്കായിട്ടുള്ളത്

കർത്താവേ, എന്റെ ആശങ്കകളെയും ഭയങ്ങളെയും കുറിച്ച് ഞാൻ ബോധവാനാണ്, ഞാൻ അവയെ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു. ഞാൻ ഈ ദിവസത്തെ അഭിമുഖീകരിക്കുമ്പോൾ എനിക്ക് സമാധാനം നൽകേണമേ.
നിങ്ങളുടെ ഭയത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുക.

 

 

 

banner image