ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. സങ്കീർത്തനങ്ങൾ 56:3
വാറൻ ഒരു പള്ളിയിൽ സഭാപരിപാലനം ചെയ്യാൻ വേണ്ടി ഒരു ചെറിയ പട്ടണത്തിലേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ ശുശ്രൂഷ നല്ല രീതിൽ ആരംഭിച്ചെങ്കിലും, നാട്ടുകാരിലൊരാൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. വാറനെതിരെ മോശമായ കഥകൾ കെട്ടിച്ചമച്ച് പ്രാദേശിക പത്രക്കാർക്ക് കൊടുക്കുകയും, ലഘുലേഖകൾ വിതരണം ചെയ്യുവാനായി അച്ചടിക്കുകയും ചെയ്തു. വാറനും ഭാര്യയും മുട്ടിപ്പായി പ്രാർത്ഥിക്കാൻ തുടങ്ങി. ആളുകൾ ആ നുണ വിശ്വസിച്ചിരുന്നെങ്കിൽ അവരുടെ ജീവിതം തകിടം മറിയുമായിരുന്നു.
ഒരിക്കൽ ദാവീദ് രാജാവിന് ഇതുപോലെ ഒരു അനുഭവമുണ്ടായി. അവനെതിരെ ഒരു ശത്രു അപകീർത്തികരമായ ആരോപണം ഉന്നയിച്ചു. അവൻ പറഞ്ഞു, “ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.” (സങ്കീർത്തനം 56:5). ഈ തുടർച്ചയായ ആക്രമണം അവനെ ഭയപ്പെടുത്തുകയും കണ്ണീരിൽ ആഴ്ത്തുകയും ചെയ്തു (വാക്യം 8). എന്നാൽ യുദ്ധത്തിനിടയിൽ, അവൻ ഈ ശക്തമായ പ്രാർത്ഥന പ്രാർത്ഥിച്ചു: “ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. . . . ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും? (വാ. 3-4).
ദാവീദിന്റെ പ്രാർത്ഥന ഇന്ന് നമുക്ക് ഒരു മാതൃകയാണ്. ഞാൻ ഭയപ്പെടുമ്പോൾ – ഭയത്തിന്റെയോ ദുരാരോപണത്തിന്റെയോ സമയങ്ങളിൽ, നാം ദൈവത്തിലേക്ക് തിരിയുന്നു. ഞാൻ നിന്നിൽ ആശ്രയിക്കുന്നു—ഞങ്ങൾ ഞങ്ങളുടെ യുദ്ധം ദൈവത്തിന്റെ ശക്തമായ കരങ്ങളിൽ സമർപ്പിക്കുന്നു. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?—ദൈവത്തോട് ചേർന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നമുക്കെതിരെയുള്ള ശക്തികൾ എത്രമാത്രം പരിമിതമാണെന്ന് നാം ഓർക്കുന്നു.
എന്നാൽ, വാറനെക്കുറിച്ചുള്ള വാർത്ത പത്രക്കാർ കാര്യമാക്കിയില്ല. ചില കാരണങ്ങളാൽ, ഒരു ലഘുലേഖ പോലും വിതരണം ചെയ്തില്ല. ഇന്ന് ഏത് യുദ്ധമാണ് നിങ്ങൾ ഭയപ്പെടുന്നത്? ദൈവത്തോട് സംസാരിക്കുക. നിങ്ങളുടെ കൂടെ പോരാടാൻ അവൻ തയ്യാറാണ്.
– ഷെരിദാൻ വോയ്സി
ചിന്തയ്ക്കായിട്ടുള്ളത്
എന്തെല്ലാം യഥാർത്ഥ ഭയങ്ങളാണ് നിങ്ങൾ നേരിടുന്നത്? അതിനെ നേരിടാൻ ദാവീദിന്റെ പ്രാർത്ഥന നിങ്ങളെ എങ്ങനെ സഹായിക്കും?
സ്നേഹമുള്ള ദൈവമേ, ഞാൻ ഭയപ്പെടുന്നു—അതിനാൽ ഇന്ന് ഞാൻ നിന്നിൽ ആശ്രയിക്കുന്നു. അങ്ങ് എനിക്ക് വേണ്ടി പോരാടുമ്പോൾ വെറും മനുഷ്യർക്ക് എന്നോട് എന്ത് ചെയ്യാൻ കഴിയും? വരാനിരിക്കുന്ന വിജയത്തിനു വേണ്ടി അങ്ങേയ്ക്ക് നന്ദി.
|
|
|